Q: പ്രിയപ്പെട്ട സദ്ഗുരു, എനിക്ക് ഒട്ടനവധി സംശയങ്ങളുണ്ട്. എങ്ങനെയാണ് എനിക്ക് വിശ്വാസം  വളർത്തിയെടുക്കാൻ കഴിയുക?

 

സദ്ഗുരു: വിശ്വാസം  നിങ്ങൾക്ക് വളർത്തിയെടുക്കാവുന്ന ഒന്നല്ല. അത് നിങ്ങളിൽ സംഭവിച്ചാൽ, സംഭവിക്കുന്നു, ഇല്ലെങ്കിൽ ഇല്ല. ഇതിനർത്ഥം വെറുതേ കാത്തിരുന്നാൽ മതി എന്നെങ്കിലും അത് സംഭവിക്കും എന്നാണോ? അല്ല. മറിച്ച്, ഈ അസ്തിത്വത്തിൽ ജീവിക്കുന്നതിന്റെ അടിസ്ഥാനതത്വങ്ങൾ നിങ്ങൾക്ക്  മനസ്സിലായിട്ടുണ്ടെങ്കിൽ, എന്ത് തന്നെ സംഭവിക്കണമെങ്കിലും, അതിനുവേണ്ട ശരിയായ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട് എന്നു മാത്രമാണ്.

 

വിശ്വാസം  നിഷ്കളങ്കർക്ക് വേണ്ടി മാത്രമുള്ളതാണ്. പക്ഷേ ആധുനിക വിദ്യാഭ്യാസം നിങ്ങളിൽ പ്രവേശിച്ച നിമിഷം മുതൽ, നിങ്ങളിൽ ചിന്തിക്കുന്ന, ചോദ്യം ചോദിക്കുന്ന, സംശയിക്കുന്ന ഒരു മനസ്സുണ്ടായി. അതുമായി നിങ്ങൾക്ക് വിശ്വാസത്തിന്റെ    പാതയിൽ സഞ്ചരിക്കുവാൻ കഴിയില്ല. നിങ്ങൾക്ക് പരുത്തി ആവശ്യമാണെന്നിരിക്കട്ടെ, പരുത്തിച്ചെടിയുടെ ചുവട്ടിലിരുന്ന് ദൈവത്തോട് പ്രാർഥിച്ചാൽ ചെടി പുഷ്‌പിക്കില്ല. പകരം പരുത്തിക്ക് വളരാൻ വേണ്ട ശരിയായ ഉപാധികൾ  എന്താണെന്ന് മനസ്സിലാക്കുക. എന്തു തരം വളമാണ് വേണ്ടത്? എങ്ങനെയുള്ള കാലാവസ്ഥയാണ് വേണ്ടത്, ഏതുവിധത്തിലുള്ള ജലമാണ് വേണ്ടത്? ഇത്തരം ഉപാധികൾ എന്താണെന്ന് മനസ്സിലാക്കുകയും, നടപ്പിലാക്കുകയും ചെയ്താൽ പരുത്തിചെടി വളരും

 

അസ്തിത്വത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന  എല്ലാറ്റിന്റെയും അടിസ്ഥാനം ഇതാണ്. നിങ്ങൾ ശരിയായ ഉപാധികളൊരുക്കിയാൽ, അത് സംഭവിക്കും. നിങ്ങൾ ശരിയായ ഉപാധികളൊരുക്കിയില്ലെങ്കിൽ, എത്രതന്നെ ബുദ്ധിമുട്ടിയാലും, അത് സംഭവിക്കുകയേയില്ല. അതായത് വിശ്വാസം  സംഭവിക്കണമെങ്കിൽ നിങ്ങൾ അതിനുവേണ്ട ശരിയായ
ഉപാധികളൊരുക്കണം.

 

നിങ്ങൾക്ക് വിശ്വാസിയാകാൻ കഴിയുമോ ?


എന്താണ് വിശ്വാസിക്ക്  അവശ്യം വേണ്ട ഉപാധി? യേശു പറഞ്ഞു "എന്നെ പിൻതുടരുക" അതാണ് ഏറ്റവും അടിസ്ഥാന ശിക്ഷണം. അദ്ദേഹം അത് പറഞ്ഞപ്പോൾ, അക്കാലത്തെ മഹാപണ്ഡിതരോ, ബുദ്ധിജീവികളോ, വിദ്യാസമ്പന്നരോ, അധികാരവർഗ്ഗമോ അദ്ദേഹത്തെ പിൻതുടർന്നില്ല. മുക്കുവരും ,കർഷകരും മാത്രമായിരുന്നു  അദ്ദേഹത്തെ പിൻതുടർന്നവർ. ചിന്തിക്കുന്ന മനസ്സുകൾക്ക് ആരെയും പിൻതുടരാൻ കഴിയില്ല. ലളിതരും നിഷ്കളങ്കരുമായവർക്കേ അത് സാധിക്കൂ.

 

ഈ മുക്കുവർ - സാധാരണക്കാരുടെ ഈ കൂട്ടം - പോലും യേശുവിൽ നിന്ന് ചിലചുവടുകൾ പിന്നിൽ നടന്നു, അവരിൽ ഒരാൾ പറഞ്ഞു "എൻ്റെ അച്ഛൻ മരിച്ചിരിക്കുന്നു, ഞാൻ അദ്ദേഹത്തെ സംസ്കരിച്ച ശേഷം തിരികെയെത്താം" യേശു പ്രതിവചിച്ചു, "മരിച്ചവരെ മരിച്ചവർക്ക് വിടുക, നീ വരിക" മനസ്സിലാകാത്തവർക്ക് യേശു ഒരു ധാർഷ്ട്യക്കാരനാണ് എന്ന് തോന്നും. നിങ്ങളുടെ പിതാവ് മരണപ്പെടുമ്പോൾ പറയാവുന്ന ഒന്നാണോ ഇത്! പക്ഷേ അദ്ദേഹം അങ്ങനെയാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ വളരെ ലളിതരും നിഷ്കളങ്കരും മാത്രമേ അദ്ദേഹത്തെ പിൻതുടർന്നുള്ളൂ.


വിശ്വാസം നിഷ്കളങ്കർക്ക് വേണ്ടി മാത്രമുള്ളതാണ്. പക്ഷേ ആധുനിക വിദ്യാഭ്യാസം നിങ്ങളിൽ പ്രവേശിച്ച നിമിഷം മുതൽ, നിങ്ങളിൽ ചിന്തിക്കുന്ന, ചോദ്യം ചോദിക്കുന്ന, സംശയിക്കുന്ന ഒരു മനസ്സുണ്ടായി. അതുമായി നിങ്ങൾക്ക് വിശ്വാസത്തിന്റെ     പാതയിൽ ചരിക്കാൻ കഴിയില്ല.

ഇതിനർത്ഥം വിശ്വാസം  നിങ്ങൾക്ക് അസാധ്യമാണ് എന്നല്ല. നിങ്ങളിൽ ഇല്ലാത്ത ഒന്നിൽ നിന്നും തുടങ്ങരുത് എന്ന് മാത്രമാണ്. ഇപ്പോൾ നിങ്ങളിൽ ഉള്ള, പ്രബലമായിതന്നെയുള്ള, എന്തിലെങ്കിലും നിന്ന് ആരംഭിക്കുക. നിങ്ങൾ ചിന്തിക്കുന്ന ഒരാളാണെങ്കിൽ, അതുപയോഗിക്കുക. നിങ്ങൾ വളരെയധികം  ശാരീരികക്ഷമതയുള്ള  ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ  ഊർജ്ജം  ഇപ്പോഴും  ശക്തമായി  നിലനിൽക്കുന്നുണ്ടെങ്കിൽ  നിങ്ങളിൽ വൈകാരികത  തുളുമ്പി നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ഉപയോഗിക്കുക. പക്ഷേ ഇവ നാലിനെയും  ശരിയായ  നിലയിലാക്കിയതിനു ശേഷമേ  ഉപയോഗിക്കാവൂ .നാലും വളർത്തിയെടുക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

 

അലിഞ്ഞു  ചേരൽ  

ഭക്തനാവാനായി ശ്രമിച്ചാൽ നിങ്ങൾ വഞ്ചിക്കപ്പെടും. പക്ഷേ അനുഭവത്തിന്റെ ഒരു തലത്തിൽ  നിങ്ങൾ എത്തിക്കഴിഞ്ഞാൽ, ഭക്തി നിങ്ങളിലെ ഒരു സ്വാഭാവിക ഭാഗമായി മാറുന്നു. വിശ്വാസം  നിങ്ങളുടെ ഉള്ളിൽ ഉളവാകുന്ന ഒന്നാകുന്നു. അത് നിങ്ങളുടെ ഗുണമാകുന്നു, നിങ്ങൾ ആയിത്തീരുന്ന ഒന്ന്, നിങ്ങൾ വിശ്വസിക്കുന്ന ഒന്നല്ല. അസ്തിത്വത്തിന്റെ ആഴത്തിലേക്കുള്ള  ഒരുമടക്കയാത്ര . നിങ്ങളുടെ വ്യക്തിത്വം തകർന്നടിഞ്ഞിരിക്കുന്നു. നിങ്ങൾ അസ്തിത്വത്തോടൊപ്പമുള്ള കേവലമായ ഒരു ചെറിയ തിരമാല മാത്രമായിക്കഴിഞ്ഞു. ഈ നിമിഷത്തിൽ അതുയർന്നു, അടുത്ത നിമിഷത്തിൽ അത് താഴേക്ക് പോകും. നിങ്ങൾ ഇവിടെയുള്ള  തീരെ ചെറിയ ഒരു പ്രതിഭാസം മാത്രമാണെന്ന് മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തു കഴിഞ്ഞു. ഇത് ബുദ്ധിപരമായ ഒരു മനസ്സിലാക്കൽ അല്ല. ഭൂമിയിലെ ചെറിയ ഒരു മുളപൊട്ടൽ മാത്രമായി നിങ്ങളെ  സ്വയം നോക്കിക്കാണുന്ന ജീവസ്സാർന്ന ഒരനുഭവമാണ്. ഇത് നിങ്ങളിൽ ജീവിക്കുന്ന ഒരനുഭവമാകുമ്പോൾ, നിങ്ങൾ വിശ്വാസിയായിത്തീരും . അതുവരെ വിശ്വാസത്തെ  കുറിച്   സംസാരിക്കുന്നതിൽ ഒരർഥവുമില്ല.


നിങ്ങൾ സംസാരിക്കുന്ന വിശ്വാസം , കൂറ് മാത്രമാണ്. കൂറിനെക്കുറിച്ചു സംസാരിക്കുന്നർ എപ്പോഴും  നിങ്ങളിൽ എങ്ങനെ പിടിമുറുക്കാം എന്ന ലാഭക്കണ്ണുള്ളവരുമായിരിക്കും. വിശ്വാസം  നിങ്ങളെ തടവിലാക്കാനുള്ള ഒരുപകരണമല്ല. വിശ്വാസം  നിങ്ങളെ സ്വതന്ത്രനാക്കുന്നതിനെ കുറിചുള്ളതാണ്. വിശ്വാസം ഏതെങ്കിലും ഒരു സംഘത്തിന്  വേണ്ടി നിലകൊള്ളുന്നതിനെക്കുറിച്ചുള്ളതല്ല. ഈ അസ്തിത്വത്തിന്റെ തന്നെ ഒരു ഭാഗമായി മാറാനുള്ളതാണ്. അത് നിങ്ങൾ ചെയ്യുന്ന ഒന്നല്ല, അത് നിങ്ങൾ ആയിത്തീരുന്ന ഒന്നാണ്.