വർത്തമാനകാലം നന്നാക്കുക ഭാവി ശോഭിക്കും

അവരുടെ സ്കൂൾ ദിവസങ്ങളുടെ അവസാനത്തോടടുക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് ഭാവിയിലേക്കുള്ള ഒരു വഴി തിരഞ്ഞെടുക്കാൻ സമ്മർദ്ദം അനുഭവപ്പെടുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ഇഷാ ഹോംസ്‌കൂൾ വിദ്യാർത്ഥി സദ്ഗുരുവിനോട് ചോദിക്കുന്നു.
വർത്തമാനകാലം നന്നാക്കുക ഭാവി ശോഭിക്കും
 

വിദ്യാർത്ഥി: സദ്ഗുരു ഞാൻ പത്താം ക്ലാസ്സിലാണ്. എല്ലാവരും പറയുന്നു ഈ പ്രായത്തിലെങ്കിലും ഞാൻ ഭാവിയിൽ എന്തുചെയ്യണമെന്നുള്ള ഒരു ഏകദേശ ധാരണ എനിക്ക് ഉണ്ടായിരിക്കണമെന്ന്. ഞാൻ ചില കാര്യങ്ങൾ ചെയ്യുന്നയതിനെക്കുറിച്ചൊക്കെ ആലോചിച്ചു. പക്ഷെ അത് തന്നെയാണോ ഞാൻ ശരിക്കും ചെയ്യേണ്ടത് എന്ന്‌ എനിക്ക് ഉറപ്പില്ല. ഈ ഒരു അവസ്ഥയെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യും?

സദ്ഗുരു: ഭാവിയെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നവർ ഭാവിയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ഇപ്പോഴത്തെ സമയം നന്നായി വിനിയോഗിച്ചാൽ ഭാവി നിങ്ങൾക്ക് വന്ന് ചേരും. നിങ്ങൾ ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയാണെങ്കിൽ ഭാവിയെ നിങ്ങൾ നീട്ടിക്കൊണ്ടുപോകും. ഒടുവിൽ അവസാനത്തെ ഭാവി വന്നു ചേരും. അതായത് ശവസംസ്‌കാരം.

നിങ്ങൾ നിങ്ങളെ സജ്ജരാക്കുക

നിങ്ങളുടെ ജീവിതത്തിലെ പരിമിതമായ അനുഭവങ്ങൾകൊണ്ട് നിങ്ങൾ ഇപ്പോൾതന്നെ ഒരു തീരുമാനം എടുക്കേണ്ടതില്ല. നിങ്ങൾ നിങ്ങളെ സജ്ജരാക്കുകയാണ് വേണ്ടത്- നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും വളർത്തുക പിന്നെ കാര്യങ്ങൾ ഉയർന്നരീതിയിൽ ഗ്രഹിക്കുവാനുള്ള നിങ്ങളുടെ കഴിവിനെയും വളർത്തുക. നമ്മുടെ മുന്നോട്ടുള്ള വഴിയിൽ എന്താണ് വരുക എന്ന്‌ നമുക്കറിയില്ല. ഒന്നും നമ്മുടെ വഴിയിൽ വരണം എന്നില്ല. ഒരുപക്ഷേ ആരും ഇന്നുവരെ ചെയ്യാത്തത് നമ്മൾ സൃഷ്ടിച്ചെന്നുവരാം.

നിങ്ങൾ ഇപ്പോൾ ഞാൻ ഭാവിയിൽ എന്തുചെയ്യുമെന്ന്‌ ചിന്തിച്ചു തുടങ്ങിയാൽ നിങ്ങൾ നിസ്സാരമായതെന്തെകിലും ചെയ്യും അത് മുൻപാരെങ്കിലും ചെയ്തതുമായിരിക്കും. ഞാനൊരു ഡോക്ടറാകും ഞാനൊരു എഞ്ചിനീറാകും എന്നതാകും ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ധാരണ. ഇത് എനിക്ക് കൂടുതൽ മെച്ചപ്പെട്ട ഒരു ഉപജീവനമാർഗ്ഗം ഉണ്ടാവുക എന്ന ഉദ്ദേശമാണ്. എന്റെ ആവശ്യം ഈ വിദ്യാലയത്തിൽ വളരുന്ന ഓരോ കുട്ടികളും ഉപജീവനമാർഗത്തെപ്പറ്റി ഒരിക്കലും വിഷമിക്കരുത് എന്നാണ്. നിങ്ങൾക്ക് ആവശ്യത്തിന് തലച്ചോറുണ്ട് നിങ്ങളുടെ ഉപജീവനമാർഗത്തെക്കുറിച്ച്‌ നിങ്ങൾക്ക് വിഷമിക്കേണ്ടിവരില്ല. നിങ്ങൾക്ക് ലോകത്ത് ഉപജീവനം സാധ്യമായില്ലെങ്കിൽ എന്റടുത്തേക്കു തിരികെ വരൂ. നിങ്ങളെ ഞാൻ സംരക്ഷിച്ചുകൊള്ളാം. നിങ്ങൾക്ക് എന്തെങ്കിലും മനോഹരമായത് ചെയ്യാൻ ഞാൻ തരാം.

ഇന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏതു തരത്തിലുള്ള പ്രതിഭകളോടും നിർവികാരപരമായ സമീപനമാണ്. നിങ്ങൾ എന്തു കഴിവ് കാണിച്ചാലും അത് അവർക്ക് ഇഷ്ടമല്ല. അവർക്ക് നിങ്ങൾ അവർ ഉദ്ദേശിച്ച കാര്യം മാത്രമെ ചെയ്യാൻ പാടുകയുള്ളു. നിങ്ങൾ വേറെന്തെങ്കിലും ചെയ്താൽ അവർ വേണ്ട എന്നു പറയും. നിർഭാഗ്യവശാൽ ഭൂമിയിൽ അവിശ്വസനീയമായ കാര്യങ്ങൾ ചെയ്ത ഒരുപാട് പേർ സ്‌കൂൾ വിദ്യാഭ്യാസം നിർത്തിപോയവരാണ്. ഇത് അവർക്ക് സ്കൂളിനോട് നീരസമുള്ളതുകൊണ്ടല്ല മറിച്ച് സ്കൂളിന് പ്രതിഭകളോട് നീരസമുള്ളതുകൊണ്ടാണ്.

ഞങ്ങൾ ഈശ ഹോം സ്കൂൾ തുടങ്ങിയപ്പോൾ ഞാൻ നൽകിയ അടിസ്ഥാനപരമായ നിർദേശം ഇതാണ് "നിങ്ങൾ പ്രതിഭയുള്ളവരെ തിരിച്ചറിയണം". ലൗകീകമായ കാര്യങ്ങൾ എങ്ങനെയായാലും സംഭവിക്കും. എങ്ങനെയും എല്ലാവരും ഒരു ജോലി കണ്ടെത്തും. ഇതിലില്ല കാര്യം. ഒരു ജീവൻ എന്ന നിലയിൽ എന്തെല്ലാം വലിയ കാര്യങ്ങളാണ് ഈ ജീവന് സംഭവിച്ചിട്ടുള്ളത് എന്നതിലാണ് കാര്യം.

നിങ്ങളുടെ ഭാവിയെക്കുറിച്ച് വിഷമിക്കരുത്. ഇപ്പോഴത്തെ സമയം വളരെ നന്നായി വിനിയോഗിച്ചാൽ നിങ്ങളുടെ ഭാവി ശോഭിക്കും.