കങ്കണ രണാവത്ത്: കൃഷ്ണന്‍, മുഹമ്മദ്, രാമന്‍, ക്രിസ്തു, ബുദ്ധന്‍ എന്നിങ്ങനെ ഈ ഭൂമുഖത്തുണ്ടായിരുന്നിട്ടുള്ള ഈശ്വരസാക്ഷാത്കാരം സിദ്ധിച്ച എല്ലാ വ്യക്തികളുടെയും ജനനത്തെയോ മരണത്തെയോ കുറിച്ച് ചിലതരം പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ശിവന്‍റെ കാര്യത്തില്‍ ഞാന്‍ വായിച്ചിട്ടുള്ളത് അവിടുന്ന് സ്വയംഭൂവാണെന്നാണ്. ശിവന്‍ ഒരു അന്യലോകസത്തയാണെന്ന വാദഗതിയുണ്ട്. ഒരു മനുഷ്യന്‍ അഭിമുഖികരിക്കുന്ന എല്ലാ കാര്യങ്ങളും - അത് ഒരു ആശയമോ ചിന്തയോ മറ്റെന്തെങ്കിലുമോ ആകട്ടെ - അയാളിലേക്കു വരുന്നത് ബാഹ്യമായ ഒരു ഇടത്തില്‍ നിന്നും, ബാഹ്യമായ ഒരു സത്തയില്‍ നിന്നുമാണെന്ന അനുമാനവുമുണ്ട്. പുറമെ നിന്നുമുള്ള സത്തകളാണോ നമ്മളെ പ്രവര്‍ത്തിപ്പിക്കുന്നത്?

സദ്ഗുരു: ശരിയാണ്. മനുഷ്യബുദ്ധിയില്‍ വിശ്വാസമില്ലാത്തവര്‍ ബുദ്ധി മറ്റെവിടെ നിന്നെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ മുകളിലേക്കു നോക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ തലമുറ പൊതുവെ മറന്നു പോയിരിക്കുന്ന വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, യോഗയില്‍ നമ്മള്‍ നട്ടെല്ലിനെ മേരുദണ്ഡം എന്നാണു വിളിക്കുന്നത്. പ്രപഞ്ചത്തിന്‍റെ അച്ചുതണ്ടെന്നാണ് ഇതിനര്‍ത്ഥം. ഇതൊരു അനന്തമായ പ്രപഞ്ചമാണെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നുണ്ട്. ഈ സംസ്‌കാരത്തില്‍ നമ്മളെപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്, ഇത് സദാ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചമാണെന്നാണ്.

അനുഭവകേന്ദ്രം

ഉപരിപ്ലവമായ അര്‍ത്ഥത്തില്‍, നിങ്ങളുടെ നട്ടെല്ല് പ്രപഞ്ചത്തിന്‍റെ അച്ചുതണ്ടാണെന്നു പറയുന്നത് പരിഹാസ്യമാണ്. പക്ഷെ, എന്തു കൊണ്ടാണ് നമ്മള്‍ അങ്ങനെ പറയുന്നത്? നിങ്ങള്‍ ചിന്തിക്കുന്നത് നിങ്ങളുടെ അനുഭവത്തിലുള്ള ഒരു പ്രപഞ്ചം മാത്രമാണു നിലവിലുള്ളതെന്നാണ്. നിങ്ങള്‍ക്ക് യാതൊന്നും കാണുവാനോ അനുഭവിച്ചറിയാനോ കഴിയുന്നില്ലെങ്കില്‍, ഒരു പ്രപഞ്ചമുണ്ടെന്നു നിങ്ങള്‍ക്കറിയാനാകില്ല. നിങ്ങളുടെ അനുഭവം ഹേതുവായി മാത്രമാണ് ഒരു പ്രപഞ്ചമുള്ളത്. നിങ്ങളുടെ അനുഭവത്തിന്‍റെ വിനിമയകേന്ദ്രം നിങ്ങളുടെ നട്ടെല്ലാണ്.

നിങ്ങളുടെ നട്ടെല്ലിലെ നാഡീഞരമ്പുകള്‍ മുറിച്ചു മാറ്റുന്ന പക്ഷം, ഒരു ശരീരമുണ്ടെന്ന അനുഭവം പോലും നിങ്ങള്‍ക്കുണ്ടാകില്ല - പിന്നെയാണോ പ്രപഞ്ചാനുഭവം. പ്രപഞ്ചത്തെ അനുഭവിച്ചറിയുന്നതിനുള്ള നിങ്ങളുടെ കഴിവ് വേരോടിയിരിക്കുന്നതും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതും നിങ്ങളുടെ നട്ടെല്ലിലായതിനാലാണ് നട്ടെല്ലിനെ നമ്മള്‍ പ്രപഞ്ചത്തിന്‍റെ അച്ചുതണ്ട് എന്നു വിളിക്കുന്നത്.

ഇതിന്‍റെയടിസ്ഥാനത്തില്‍ മനുഷ്യനു വേണ്ടി നമ്മള്‍ സമ്പൂര്‍ണ്ണമായ ഒരു സാദ്ധ്യത വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ വെറുതെ വിശ്വസിക്കുകയെന്നതിനു പകരം ജീവത്തായ ഒരു അനുഭവമാക്കുകയെന്നതാണത്. ഇതില്‍ നിന്നുമാണു 'യോഗ'യെന്ന വാക്കുണ്ടായത്. നിങ്ങള്‍ സ്വന്തം വ്യക്തിത്വത്തിന്‍റെ അതിരുകളെ ഭേദിക്കുമ്പോള്‍ മാത്രമേ ഉള്‍ക്കൊള്ളല്‍ സംഭവിയ്ക്കൂ.

“ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഞാന്‍ നിങ്ങളെ കെട്ടിപ്പുണരുന്നു, നിങ്ങളെന്നെ കെട്ടിപ്പുണരുന്നു”വെന്നതു കൊണ്ട് നമ്മള്‍ ഉള്‍ക്കൊള്ളുന്നവരാകുന്നില്ല - ഇതെല്ലാം കുറച്ചു കാലത്തേക്കു മാത്രമേ നീണ്ടു നില്‍ക്കൂ. നാളെ, നിങ്ങള്‍ക്കിഷ്ടമില്ലാത്തതെന്തെങ്കിലും അവര്‍ ചെയ്യുന്ന പക്ഷം അതവസാനിക്കും. യോഗയെന്നതിനര്‍ത്ഥം ശരീരമുള്‍പ്പെടെയുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രകൃതത്തെ ഭേദിക്കുകയെന്നാണ്. നിങ്ങള്‍ ആരാണെന്നതിന്‍റെ അതിരുകളുമായി താദാത്മ്യപ്പെടാതെ എങ്ങനെ ഇവിടെ ഇരിക്കാനാകുമെന്ന് അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും.

ശി-വന്‍ - അല്ലാത്തതെന്തോ അത്

നിങ്ങളുടെ ശാരീരികഘടനയ്ക്കും മാനസിക ഘടനയ്ക്കും വൈകാരിക ഘടനയ്ക്കും ഓരോ അതിര്‍ത്തിയുണ്ട് - അത് വലുതോ ചെറുതോ ആകാം. എന്നാല്‍, അതിരുകളില്ലാത്ത തലങ്ങളുണ്ട്. അതിരുകളില്ലാത്ത ഏതൊരു സംഗതിയും പ്രകൃത്യാ അഭൗതികമായിരിയ്ക്കും. ഭൗതികമല്ലാത്ത ആ തലമാണ് എപ്പോഴും നമ്മുടെ ശ്രദ്ധാകേന്ദ്രമായിരുന്നിട്ടുള്ളത്. ഇക്കാരണത്താലാണ് ശിവന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിത്തീര്‍ന്നത്. കാരണം, ശി-വന്‍ എന്നതിനര്‍ത്ഥം 'അല്ലാത്തതെന്തോ അത്' എന്നാണ്, ഭൗതികമല്ലാത്തതെന്തോ അത്.

ഇപ്പോള്‍, നമ്മള്‍ സംസാരിക്കുന്ന യോഗിയുടെ കാര്യമെടുക്കുക. അദ്ദേഹം ഒരു മനുഷ്യനാണോ, അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും വന്നതാണോ? ഇത് ഒരു നീണ്ട കഥയാണ്.

ഇപ്പോള്‍, നമ്മള്‍ സംസാരിക്കുന്ന യോഗിയുടെ കാര്യമെടുക്കുക. അദ്ദേഹം ഒരു മനുഷ്യനാണോ, അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും വന്നതാണോ? ഇത് ഒരു നീണ്ട കഥയാണ്. നമുക്ക് ആദിയോഗിയെ കുറിച്ചുള്ള ഒരു പുസ്തകമുണ്ട്. അത് ഇക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഞാനതു വിശദീകരിക്കാം. ശിവനെക്കുറിച്ചു പറയുകയാണെങ്കില്‍, അദ്ദേഹത്തിനു മാതാപിതാക്കളില്ല. ജനനസ്ഥലമില്ല. അദ്ദേഹത്തിന്‍റെ ചെറു പ്രായമോ വളര്‍ച്ചയോ ആരു തന്നെ കണ്ടിട്ടിട്ടില്ല. ആളുകള്‍ അദ്ദേഹത്തെ കണ്ടപ്പോഴാകട്ടെ എല്ലായ്‌പ്പോഴും ഒരേ പ്രായം തന്നെയായിരുന്നു. അവിടുന്ന് എവിടെ വച്ചാണു മരിച്ചതെന്നു നമുക്കറിയില്ല. ഇത്രയും മാഹാത്മ്യമുള്ള ഒരു മനുഷ്യന്‍, അക്കാലത്താണെങ്കില്‍പ്പോലും, എവിടെയെങ്കിലും വച്ചു മരണപ്പെട്ടിരുന്നുവെങ്കില്‍, ആളുകള്‍ അവിടുന്നിനു വേണ്ടി ഒരു ക്ഷേത്രമോ എന്തെങ്കിലും തരത്തിലുള്ള സ്മാരകമോ നിര്‍മ്മിച്ചിട്ടുണ്ടാകണം - അത്തരത്തിലൊന്നും സംഭവിച്ചില്ല.

യക്ഷസ്വരൂപന്‍: എവിടെ നിന്നോ വന്ന ഒരു സത്ത

ജനനമില്ല, മരണമില്ല, മാതാപിതാക്കളില്ല, സഹോദരങ്ങളില്ല - അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെന്നതിനു യാതൊരു തെളിവുമില്ല. ഇതിനര്‍ത്ഥം അവിടുന്നു വന്നത് മറ്റെവിടെ നിന്നോ ആണെന്ന് നമുക്ക് ഉറപ്പിക്കാമെന്നാണോ? അങ്ങനെ ചെയ്യണമെന്നില്ല. എന്നാല്‍, ഐതിഹ്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ശിവന്‍ വളരെ സാധാരണയായി 'യക്ഷസ്വരൂപന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നതായി മനസ്സിലാകും. 'യക്ഷന്‍' എന്നതിന് എല്ലായ്‌പ്പോഴും അര്‍ത്ഥം മനുഷ്യരല്ലാത്ത സത്തകള്‍, ജീവികള്‍ എന്നെല്ലാമാണ്. ഈ ഭൂതലത്തിന്‍റെ സ്വാഭാവിക ചുറ്റുപാടുകളില്‍ - കാടുകളിലും മറ്റിടങ്ങളിലും - ഇവ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പല സംഗതികളും ഇക്കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. എന്നാല്‍, മറ്റെവിടെ നിന്നോ ആണ് അദ്ദേഹം വന്നതെന്നതിന് കൃത്യമായ തെളിവില്ല.

ആധുനിക ശാസ്ത്രം പിന്നിലാണ്

യോഗയുമായി ബന്ധപ്പെട്ട ഐതിഹ്യ പ്രകാരം, ആദിയോഗി അഥവാ ശിവന്‍ 60,000 മുതല്‍ 75,000 വര്‍ഷം മുന്‍പ് ഈ ഭൂതലത്തില്‍ എവിടെയോ ജീവിച്ചിരുന്നതായും കാല്‍നടയായി സഞ്ചരിച്ചിരുന്നതായും കണക്കാക്കപ്പെടുന്നു. ഞാന്‍ ആദ്യം ഇതേക്കുറിച്ചു പറഞ്ഞപ്പോള്‍, എന്‍റെയത്രയും നിഷ്‌കളങ്കരല്ലാത്തവരും കൂടുതല്‍ വിവേകശാലികളുമായവര്‍ - കൂടുതല്‍ ബുദ്ധിയുള്ളവരും ചെറുപ്പക്കാരുമായ ആളുകള്‍ - പറഞ്ഞു; ''സദ്ഗുരു, അങ്ങ് 75,000 എന്നു പറയുന്ന പക്ഷം ആളുകള്‍ അങ്ങയെ ചീത്ത വിളിയ്ക്കും. ശിവന്‍ ജീവിച്ചിരുന്നുവെന്നതിന് ആകെക്കൂടിയുള്ള പുരാവസ്തുശാസ്ത്രപരമായ തെളിവ് ഏകദേശം 12,600 വര്‍ഷം മുന്‍പുള്ളതാണ്. ഏകദേശം 12,600, 13,000, അല്ലെങ്കില്‍ 14,000 എന്നു കരുതാം. “30,000-ലുമേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ രാജ്യത്തിന്‍റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സംസ്‌കാര സമ്പന്നമായ ഒരു സമൂഹം നിലനിന്നിരുന്നുവെന്നതിന് ഇപ്പോള്‍ പുരാവസ്തുശാസ്ത്രപരമായ തെളിവുകളുണ്ട്.

ഞാന്‍ പറയുന്നത് 15,000 ത്തിലുമേറെ വര്‍ഷങ്ങള്‍ക്കു മുന്‍പെന്നാണ്. കാരണം, അതു പാശ്ചാത്യര്‍ അംഗീകരിക്കും. ഞാന്‍ 75,000 എന്നു പറയുന്ന പക്ഷം അവര്‍ എതിര്‍ക്കും. കാരണം, ലോകത്തെക്കുറിച്ച് അവര്‍ക്കുള്ള സങ്കല്പം കേവലം ആറായിരം വര്‍ഷം മാത്രം പഴക്കമുള്ളതാണ്. സൃഷ്ടി സംഭവിച്ചത് ആറു ദിവസം കൊണ്ടാണെന്നും, അതിന് ആറായിരം വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളുവെന്നും അവര്‍ പറഞ്ഞു. ഇക്കാലമത്രയും അവര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴവര്‍ സാവധാനത്തില്‍ സ്വയം തിരുത്തിക്കൊണ്ടിരിക്കുകയാണ്. കാരണം, ശാസ്ത്രം തെളിയിക്കുന്നത് മറ്റെന്തോ ആണ്. അടുത്ത അന്‍പതു വര്‍ഷത്തിനുള്ളില്‍, ആയിരക്കണക്കിനു വര്‍ഷങ്ങളായി നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ആധുനികശാസ്ത്രം പറയുന്നത് നിങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയും.