കഴിഞ്ഞ ഭാഗത്തില്‍, ശകുന്തള ദുഷ്യന്തനെ കണ്ടതും ഭരതന് ജന്മം നല്‍കിയതും നാം വായിച്ചു സദ്ഗുരു മഹാഭാരത കഥ തുടരുന്നു, അദ്ദേഹം ഭരതന്‍റെ വിവേകത്തെ കുറിച്ചും ശന്തനുവിന്‍റെ പിന്തുടര്‍ച്ചക്കാര്‍ എങ്ങനെ ഗംഗയെ കണ്ടുവെന്നും പറയുന്നു.

സദ്ഗുരു: ഭരതന് അനവധി പുത്രന്മാരുണ്ടായി. എന്നാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ ഭരതന്‍ പ്രഖ്യാപിച്ചു. ഇവരിലാരും തന്നെ തന്‍റെ ജനങ്ങള്‍ക്ക് യോജിച്ച രാജാവായി വാഴാന്‍ യോഗ്യരല്ല. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജാവ് ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിക്കുന്നത്. രാജവംശത്തില്‍ ജനിച്ചതു കൊണ്ടോ, നാടുവാഴുന്ന രാജാവിന്‍റെ മകനായി പിറന്നതു കൊണ്ടോ മാത്രം ഒരാള്‍ രാജപദവിക്ക് യോഗ്യനാവുന്നില്ല. അദ്ദേഹത്തിന്‍റെ ആ തീരുമാനം എല്ലാവരും ആദരിച്ചു. അദ്ദേഹത്തിന്‍റെ വിവേകം, സമചിത്തത, നീതിന്യായ ബോധം, പക്ഷഭേദമില്ലായ്മ, പൗരജനങ്ങളോടുള്ള പരിഗണന. ഇതെല്ലാം വളരെയധികം വാഴ്ത്തപ്പെട്ടു. ഈ ഗുണ വിശേഷങ്ങള്‍ കൊണ്ടു തന്നെയാണ് ഈ രാജ്യത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കപ്പെട്ടത്.

ഭരതന്‍റെ വിവേകം, സമചിത്തത, നീതിന്യായ ബോധം, പക്ഷഭേദമില്ലായ്മ, പൗരജനങ്ങളോടുള്ള പരിഗണന, ഇതെല്ലാം വളരെയധികം വാഴ്ത്തപ്പെട്ടു. ഈ ഗുണ വിശേഷങ്ങള്‍ കൊണ്ടു തന്നെയാണ് ഈ രാജ്യത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കപ്പെട്ടത്.

ഭരതചക്രവര്‍ത്തി വിതാതന്‍ എന്ന ബാലനെ കണ്ടെത്തി. അവന്‍ ബ്രഹ്മസ്പതിയുടെ സഹോദരന്‍റെ ഭാര്യയായ മമതയുടെ മകനായിരുന്നു. എന്നാല്‍ വിതാതന്‍റെ അച്ഛന്‍ ബൃഹസ്പതിയായിരുന്നു. അവിവേകത്തിന്‍റെ ഒരു നിമിഷത്തില്‍ മര്യാദവിട്ട് ബൃഹസ്പതി മമതയെ പ്രാപിച്ചതിന്‍റെ ഫലമായുണ്ടായ പുത്രന്‍. ഈ ബാലനെയാണ് തന്‍റെ അനന്തരാവകാശിയായി ഭരതന്‍ തെരഞ്ഞെടുത്തത്. വിതാതന്‍ മഹാനായൊരു രാജാവായി രാജ്യം ഭരിച്ചു. ആയുഷ്‌ക്കാലം മുഴുവന്‍ തികഞ്ഞ നീതിബോധവും, വിവേകവും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. വിതാതനു ശേഷം പതിനാലു തലമുറക്കിപ്പുറമാണ് ശാന്തനുവിന്‍റെ കാലം. അദ്ദേഹത്തിന്‍റെ കഥയാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്.

പാണ്ഡവന്‍മാരുടേയും, കൗരവന്‍മാരുടേയും മുത്തച്ഛന്‍റെ അച്ഛനായിരുന്നു ശന്തനു, പൂര്‍വ്വജന്മത്തില്‍ മഹാഭിഷേകന്‍ എന്നായിരുന്നു പേര്. ജീവിതം പൂര്‍ണ്ണമായും ജീവിച്ച് അദ്ദേഹം ദേവലോകം പൂകി. അദ്ദേഹം ഇന്ദ്രസദസ്സിലിരിക്കേ ഗംഗാദേവി അവിടേക്കു കടന്നു വന്നു. ഓര്‍ക്കാപ്പുറത്ത് ദേവിയുടെ ചേലത്തുമ്പ് മാറില്‍ നിന്നും ഊര്‍ന്നു വീണു. നഗ്നമായ മാര്‍വിടം കാണാനായി. എല്ലാവരും മര്യാദയോടെ മുഖം തിരിച്ചു. എന്നാല്‍ ദേവലോകത്തില്‍ നവാഗതനായ മഹാഭിഷേകന്‍ മാത്രം കണ്ണെടുക്കാതെ ദേവിയെ നോക്കിയിരുന്നു. ഈ അവിവേകം ഇന്ദ്രന്‍റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം മഹാഭിഷേകനെ ശപിച്ചു. “നീ ഇന്ദ്രസദസ്സിലിരിക്കാന്‍ യോഗ്യനല്ല. വീണ്ടും ഭൂമിയില്‍ മനുഷ്യനായി ജനിക്കുക.” അപ്പോഴാണ് ഇന്ദ്രന് മനസ്സിലായത്. മഹാഭിഷേകന്‍റെ നോട്ടം ഗംഗാദേവി സ്വയം ആസ്വദിക്കുകയായിരുന്നു. “നീ ചെയ്തത് വലിയ മര്യാദകേടായി. അന്യപുരുഷന്‍റെ കൗതുകം നിന്നെ ആകര്‍ഷിച്ചു. നീയും ഭൂമിയില്‍ മനുഷ്യസ്ത്രീയായി പിറക്കുക. മനുഷ്യനു വിധിച്ചിട്ടുള്ള എല്ലാ സുഖങ്ങളും ക്ലേശങ്ങളും അനുഭവിക്കുക. ഒടുവില്‍ അഹങ്കാരം നിശ്ശേഷം ശമിക്കുമ്പോള്‍ വീണ്ടും ദേവലോകത്തേക്ക് തിരിച്ചുവരാം.”

അങ്ങനെ മഹാഭിഷേകന്‍ ശന്തനുവായി വീണ്ടും ഭൂമിയില്‍ ജനിച്ചു. എന്നാല്‍ ഇന്ദ്രന്‍റെ ശാപത്തെ കുറിച്ചുള്ള ഓര്‍മ്മ ഉണ്ടായിരുന്നില്ല. തന്‍റെ ജീവിതത്തില്‍ ഗംഗയ്ക്കുള്ള സ്ഥാനത്തെകുറിച്ച് രാജാവ് ബോധവാനായിരുന്നില്ല. എന്നാല്‍ ഗംഗയ്ക്ക് അപ്പോഴും പൂര്‍വസ്മൃതി ഉണ്ടായിരുന്നു. അവള്‍ ശന്തനുവിനെ വശത്താക്കാനുള്ള ശ്രമം തുടങ്ങി. ശന്തനു രാജാവായതിനാല്‍ എല്ലാ ദിക്കിലും ചെന്നെത്തിയിരുന്നു. നായാട്ടിനും അതി സമര്‍ത്ഥനായിരുന്നു. അതിലദ്ദേഹം ആഴത്തില്‍ നിമഗ്നനായതിനാല്‍, ഒരു വിനോദമെന്നതിനേക്കാള്‍ ഉപരി അദ്ദേഹത്തിനതൊരു ആരാധനയായിരുന്നു.

ആ അവസരം നോക്കി ഗംഗ അതിസുന്ദരിയായൊരു യുവതിയായി അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ടതും ശന്തനു പ്രണയബദ്ധനായി.

ഒരിക്കല്‍ ആഴ്ചകളോളം നായാട്ടില്‍ വ്യാപൃതനായി ശന്തനു ഗംഗാ തീരത്തു താമസിച്ചു. എന്നാല്‍ നായാട്ടിലുള്ള താല്‍പര്യം കൊണ്ട് അദ്ദേഹം ഗംഗയെ ശ്രദ്ധിക്കുകയുണ്ടായില്ല. രാജാവല്ലേ.... വിശപ്പും ദാഹവും തീര്‍ത്തു കൊടുക്കാന്‍ എപ്പോഴും വേണ്ടത്ര പരിചാരകര്‍ ചുറ്റുമുണ്ടാകും. എന്നാല്‍ ഒരു ദിവസം വല്ലാതെ ദാഹം തോന്നിയ നേരം, സേവകരാരും അരികിലുണ്ടായിരുന്നില്ല. അദ്ദേഹം വെള്ളം കുടിക്കാന്‍ നദീ തീരത്തെത്തി. ആ അവസരം നോക്കി ഗംഗ അതിസുന്ദരിയായൊരു യുവതിയായി അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ടതും ശന്തനു പ്രണയബദ്ധനായി. തന്നെ വിവാഹം കഴിച്ച് കൂടെ പോരണമെന്ന് രാജാവ് അപേക്ഷിച്ചു. ഗംഗ സമ്മതിച്ചു. പക്ഷെ ഒരു വ്യവസ്ഥ. ഞാനെന്തു ചെയ്താലും. എന്തിനത് ചെയ്തു എന്നു ചോദിക്കരുത്.

സ്ത്രീകള്‍ പുരുഷന്‍മാരുടെ മുമ്പില്‍വെക്കുന്ന ഈ മാതിരി വ്യവസ്ഥകള്‍, അതൊരു ചരിത്രം തന്നെയാണ്. കുരുവംശത്തിലെ ആദ്യരാജാവായ പുരു ഉര്‍വശിയെ കണ്ട് പ്രേമ പരവശനായി. അദ്ദേഹത്തിന്‍റെ വിവാഹാഭ്യര്‍ത്ഥന അപ്‌സരസ്സായ ഉര്‍വശി സ്വീകരിച്ചു. പക്ഷെ രണ്ടു വ്യവസ്ഥകള്‍. “ഞാന്‍ ഏതാനും ആടുകളെ വളര്‍ത്തുന്നുണ്ട്. അവയുടെ ചുമതല അങ്ങേറ്റെടുക്കണം. അവര്‍ക്ക് അപായം സംഭവിക്കാതെ കാക്കണം. അവയുടെ സംരക്ഷണത്തിനായി സൈന്യത്തെ മുഴുവന്‍ ഉപയോഗിക്കേണ്ടി വന്നാലും മടിക്കരുത്. മറ്റൊരു വ്യവസ്ഥകൂടി അങ്ങ് പാലിക്കേണ്ടതുണ്ട്. അങ്ങയെ നഗ്നമായി വേറൊരാളും കാണരുത്.

കുറെക്കാലം പുരുവും ഉര്‍വശിയും ദമ്പതിമാരായി കഴിഞ്ഞു. ഉര്‍വശിക്ക് ദേവലോകത്തിലേക്കു മടങ്ങാനുള്ള സമയമായി. ദേവന്‍മാര്‍ വന്ന് ഉര്‍വശിയുടെ ആടുകളെ മോഷ്ടിച്ചു കൊണ്ടു പോയി. ആ സമയം ഉര്‍വശിയും പുരുവും കിടക്കുകയായിരുന്നു. “എന്‍റെ ആടുകളെ ആരോ കട്ടു കൊണ്ടു പോകുന്നു” ഉര്‍വ്വശി ഉറക്കെ നിലവിളിച്ചു. പുരു ഞെട്ടി എഴുന്നേറ്റ് കള്ളന്‍മാരുടെ പുറകെ ഓടി. ഇന്ദ്രന്‍ ആ തക്കം നോക്കി ഇടിമിന്നലുണ്ടാക്കി, ആ പരിസരം മുഴുവന്‍ മിന്നല്‍ വെളിച്ചം പരന്നു. എല്ലാവരും നഗ്നനായ പുരുവിനെ കണ്ടു. ഉര്‍വ്വശി കാത്തു നിന്നില്ല.” അങ്ങ് എന്‍റെ രണ്ടു വ്യവസ്ഥകളും തെറ്റിച്ചു. അതു കൊണ്ട് ഞാന്‍ ഇനി ഇവിടെ നില്‍ക്കുന്നില്ല, പോവുകയാണ്.” ഉര്‍വ്വശി ഇന്ദ്രലോകത്തേക്കു മടങ്ങി. പിന്നീട് തിരിച്ചു വന്നതുമില്ല.

ചരിത്രം കടന്നു പോകവേ എപ്പോഴോ എങ്ങനെയോ സ്ത്രീകള്‍ക്ക് ആ കഴിവു നഷ്ടമായി. യുക്തമായാലും, അയുക്തമായാലും പുരുഷനു മുന്നില്‍ വ്യവസ്ഥകള്‍ വെക്കാനുള്ള വൈഭവം. മഹാഭാരതത്തില്‍ തന്നെ ഇതിനുള്ള ദൃഷ്ടാന്തങ്ങള്‍ കാണാം. എങ്ങനെയാണ് സമൂഹം ക്രമത്തില്‍ മാറിയതെന്ന്, സ്ത്രീക്ക് പ്രാമുഖ്യം നല്കിയിരുന്ന അവസ്ഥയില്‍നിന്ന് പുരുഷമേല്‍ക്കോയ്മയിലേക്ക്.

നമുക്ക് ശന്തനുവിലേക്കു മടങ്ങാം. ഗംഗയോടു തോന്നിയ പ്രണയത്തിന്‍റെ തീവ്രത. അവള്‍ പറയുന്നതെന്തും അനുസരിക്കാന്‍ രാജാവ് തയ്യാറായി. അങ്ങനെ ഗംഗ ശന്തനുവിന്‍റെ പട്ടമഹിഷിയായി. അതിശയകരമായ സൗന്ദര്യവും, സൗശില്യവും ഒത്തിണങ്ങിയ ഒരു ഭാര്യ, പിന്നീട് അവള്‍ ഗര്‍ഭിണിയായി.

↢ ശാപവും അനുഗ്രഹവും↢ ശകുന്തളയുടെ കഥ

കൂടുതല്‍ മഹാഭാരത കഥകള്‍