എന്താണ് ഭയം ? എന്തുകൊണ്ടാണ് ഭയം മരവിപ്പിക്കുന്ന ഒരു വികാരമാകുന്നത്? യോഗിയും ആത്മജ്ഞാനിയുമായ സദ്ഗുരുവിൽ നിന്ന് പരിവർത്തനത്തിന് പര്യാപ്തമായ ഒരു ലേഖനം.  ഭയത്തെ മറികടന്ന് ജീവിതത്തെ എങ്ങനെ പൂർണ്ണമായി അനുഭവിക്കാം എന്നദ്ദേഹം നോക്കിക്കാണുന്നു.

എന്താണ് ഭയം?

സദ്ഗുരു : മനസ്സിൽ മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന ലളിതമായ കാരണമാണ് ഭയത്തിന്റെ അടിസ്ഥാനം. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് എപ്പോഴും നിങ്ങളുടെ ഭയം. അതിനർത്ഥം, ഭയം എപ്പോഴും, ഇല്ലാത്ത ഒന്നിനെ കുറിച്ചാണ്. ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം, നൂറുശതമാനവും ഭാവനാസൃഷ്ടിയാണ്. ഇല്ലാത്ത ഒന്നുമൂലം ദുരിതമനുഭവിക്കുന്നതിനെ, മതിഭ്രമം എന്നാണ്  ഞങ്ങൾ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് , മതിഭ്രമത്തിന്റെ സാമൂഹികാംഗീകാരമുള്ള വിവിധ നിലകളിലായിരിക്കാം മനുഷ്യർ. നിലവിലില്ലാത്ത ഒന്നിനെ നിങ്ങൾ ഭയപ്പെടുകയോ അത് നിങ്ങളെ ദുരിതത്തിലാഴ്ത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ആകെത്തുക മതിഭ്രമം എന്നത് തന്നെയാണ്. അല്ലേ ?  

എന്താണ് ഭയത്തിൻറെ  കാരണം ?

ഭയം നിങ്ങൾക്ക് ചുറ്റും അതിർത്തികൾ ഉയർത്തുന്നു. ഭയം മൂലമാണ് നിങ്ങൾ നിരന്തരം അതിരുകൾ കെട്ടുന്നത്. ജീവിതത്തിന് നിങ്ങൾ പരിധി നിർണ്ണയിക്കുമ്പോൾ നിങ്ങൾ സുരക്ഷിതനായേക്കാം പക്ഷേ പ്രശ്നം ആ  സുരക്ഷിതത്വം ജീവിതത്തിൽ നിന്നുകൂടിയാണ് എന്നുള്ളതാണ്. ജീവിതത്തിൽ നിന്നുതന്നെ നിങ്ങൾ സുരക്ഷിതനാക്കപ്പെട്ടിരിക്കുന്നു. സമ്പൂർണ സുരക്ഷിതത്വം.

ഭയത്തിന്റ നിഷേധാത്മക  ഫലങ്ങൾ 

നിങ്ങൾ ഇവിടെ വന്നത് ജീവിതത്തെ  അനുഭവിക്കാനാണോ അതിനെ നിഷേധിക്കാനാണോ എന്നതിൽ ഒരു തീരുമാനമുണ്ടാക്കുക. ജീവിതം അനുഭവിക്കാനാണ് നിങ്ങൾ വന്നതെങ്കിൽ അതിന് വേണ്ട ഒരുകാര്യം തീവ്രതയാണ്. തീവ്രത  നിങ്ങളിൽ ഇല്ലെങ്കിൽ ശുഷ്കിച്ച ഒരു ജീവിതമായിരിക്കും നിങ്ങൾ ജീവിക്കുക. സ്വയം സംരക്ഷിക്കാനുള്ള ഒരുപകരണമായി ഭയത്തെ ഉപയോഗിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ, നിങ്ങളിലെ തീവ്രത നഷ്ടപ്പെടും. അത് ഇല്ലാതായാൽ, ജീവിതത്തെ അനുഭവിക്കാനുള്ള നിങ്ങളുടെ കഴിവും നഷ്ടമാകും. നിങ്ങൾ ഒരു മാനസിക പ്രശ്നമായി കഴിഞ്ഞു. മനസ്സിൽ സംഭവിക്കുന്നവ മാത്രമെ പിന്നെ നിങ്ങളിലുണ്ടാകൂ . വിശിഷ്ടമായതോ നിർവൃതിദായകമായതോ  ഒന്നും തന്നെ ജീവിതത്തിൽ നിങ്ങൾക്ക് അനുഭവമാകില്ല, എന്തുകൊണ്ടെന്നാൽ ഭീതിയിലായിരിക്കുമ്പോൾ നിങ്ങൾക്ക് ത്യാഗത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകില്ല. നിങ്ങൾക്ക് പാടാൻ കഴിയില്ല, നൃത്തം ചെയ്യാൻ കഴിയില്ല, ചിരിക്കാൻ കഴിയില്ല, കരയാൻ കഴിയില്ല, ഒന്നും തന്നെ ചെയ്യാൻ കഴിയുകയില്ല അതാകുന്നു നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ആകെ കഴിയുക ജീവിതത്തെയും അതിലെ അപകടസാധ്യതകളെയും കുറിച്ച് സങ്കടപ്പെടുക മാത്രമാണ്. .

മനുഷ്യരുടെ ദുരിതം എല്ലായ്‌പ്പോഴും ഇന്നലെ സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, നാളെ സംഭവിച്ചേക്കാവുന്നതിനെക്കുറിച്ചോ ആണ്. അതായത് എപ്പോഴും, നിങ്ങളുടെ ദുരിതം  ഇല്ലാത്ത ഒന്നിനെക്കുറിച്ചാണ്. ലളിതമായി പറഞ്ഞാൽ നിങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമേയില്ല. നിങ്ങളുടെ അടിസ്ഥാനം എപ്പോഴും നിങ്ങളുടെ മനസ്സാണ്. മനസ്സ്- അതിന്റെ ഒരുഭാഗം ഓർമ്മയാണ്, മറ്റൊന്ന് ഭാവനയും. രണ്ടും ഒരുതരത്തിൽ ഭാവന തന്നെയാണ്, കാരണം അവ ഈ നിമിഷത്തിൽ നിലനിൽക്കുന്നില്ല. നിങ്ങൾ ഭാവനയിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു. ഇതാണ്  നിങ്ങളുടെ ഭയത്തിന്റെ മൂലകാരണം. നിങ്ങൾ യാഥാർഥ്യത്തിൽ അടിയുറച്ചു നിന്നിരുന്നു എങ്കിൽ ഭയം ഉണ്ടാകുമായിരുന്നില്ല

ഭയത്തെ എങ്ങനെ അതിജീവിക്കാം?

ഭയം ജീവിതത്തിന്റെ ഉല്പന്നമല്ല അത് മതിഭ്രമം ബാധിച്ച ഒരു മനസ്സിന്റെ ഉല്പന്നമാണ്. ഇല്ലാത്ത ഒന്ന് നിങ്ങളെ കഷ്ടപ്പെടുത്തുന്നതിന് കാരണം, നിരന്തരം ഭൂതകാലത്തെ ആഹരിക്കുകയും ഭാവിയെ വിസർജ്ജിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിലാണ്, യാഥാർഥ്യത്തിൽ അല്ല, നിങ്ങളുടെ നിലനിൽപ്പ് എന്നതാണ്. നിങ്ങൾക്ക് ഭാവിയെക്കുറിച്ച് ഒന്നുമറിയില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ ഭൂതകാലത്തിൽ നിന്ന് അൽപമെടുക്കുന്നു, അതിനെ അണിയിച്ചൊരുക്കുന്നു, അതാണ് ഭാവി എന്ന് ചിന്തിക്കുന്നു.

പരമാവധി, നിങ്ങൾ മരിച്ചുപോകും, അതിൽ കൂടുതലായി ഒന്നും തന്നെ സംഭവിക്കാനില്ല. മരിച്ചുപോകുന്നതിന് മുൻപ് ജീവിക്കുകയെങ്കിലും ചെയ്യുക, എന്തെന്നാൽ അന്തിമമായി നിങ്ങൾ മരിച്ചുപോകുക തന്നെ ചെയ്യും.

നിങ്ങൾക്ക്, നാളെയെ ആസൂത്രണം ചെയ്യാൻ കഴിയും, പക്ഷേ നാളെയിൽ ജീവിക്കാൻ കഴിയില്ല. ഈ നിമിഷത്തിൽ തന്നെ മനുഷ്യർ നാളെയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു, ഇതുകൊണ്ടാണ് അവിടെ ഭയമുള്ളത്. യാഥാർഥ്യത്തിലേക്ക് തിരികെവരിക എന്നത് മാത്രമാണ് ഇതുസംബന്ധിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം. നിലനിൽക്കാത്ത ഒന്നിനെ കുറിച്ചും സങ്കല്പിക്കാതെ, ഇപ്പോൾ ഇവിടെ ഉള്ളതിനോട് മാത്രം പ്രതികരിച്ചാൽ അവിടെ ഭയത്തിന് നിലനിൽക്കാനുള്ള ഇടമുണ്ടാകില്ല. വിഭ്രാന്തികൾ നിലച്ചാൽ, എവിടെയാണ് ഭയം? നിലവിൽ ഇല്ലാത്ത ഒന്നിനെക്കുറിച്ചും നിങ്ങൾ സങ്കൽപ്പിക്കില്ല, ഇപ്പോൾ ഇവിടെ നിലനിൽക്കുന്നവയോട് മാത്രം നിങ്ങൾ പ്രതികരിക്കും.

ദയവുചെയ്ത് ഇത് നോക്കിക്കാണുക, ആത്യന്തികമായി എന്താണ് സംഭവിക്കുക? പരമാവധി നിങ്ങൾ മരിച്ചുപോകും, അതിൽ കൂടുതലായി ഒന്നും തന്നെ സംഭവിക്കാനില്ല. മരിച്ചുപോകുന്നതിനുമുൻപ് ജീവിക്കാനെങ്കിലും ശ്രമിക്കുക. അന്തിമമായി നിങ്ങൾ മരിച്ചുപോകുക തന്നെ ചെയ്യും. നാമതിനെ  ക്ഷണിച്ചുവരുത്തുകയല്ല, വർഷങ്ങളോളം ജീവിക്കാനാണ് നാം പദ്ധതികൾ തയ്യാറാക്കുന്നത്, പക്ഷേ അത് സംഭവിച്ചേക്കാം, അല്ലേ ? ശരിക്കുപറഞ്ഞാൽ, ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല. എത്ര അനുഗ്രഹപൂർവ്വവും, സ്വാതന്ത്ര്യത്തോടെയും നിങ്ങളീ ജീവിതം ജീവിച്ചു തീർക്കുന്നു എന്നതുമാത്രമാണ് ചോദ്യം. നിങ്ങൾ ജീവിച്ചു എങ്കിൽ, മരിക്കുന്നത് മൂല്യവത്താണ്. അല്ലെങ്കിൽ ജീവിതം ഒരു ഖേദപ്രകടനമാണ്, മരണവും.  

 

Editor’s Note: Isha Kriya is a free, 12-minute guided meditation that can align the body and mind with your vision for life. Daily practice of this simple yet potent process brings health and wellbeing.

Try Isha Kriya Online

Images courtesy: The Scream by Edvard Munch from Wikipedia