ചോദ്യം: നമസ്തേ. ഒരാൾ അയാളുടെ തൊഴിലിൽ, ബിസിനസിൽ അല്ലെങ്കിൽ ജീവിതത്തിൽ പൊതുവെ ഒരു പുനർജന്മമെടുക്കുന്നതിനെ കുറിച്ച് ബോധപൂർവം ആഗ്രഹിക്കുമ്പോൾ, ഒരാൾ ശ്രദ്ധിക്കേണ്ട ചില പ്രായോഗിക വസ്തുതകൾ അല്ലെങ്കിൽ ചിന്തകൾ എന്തെല്ലാമാണ്?

സദ്ഗുരു: ഇത് അലബാമയിലെ ഒരു ഞായറാഴ്ച്ച സ്കൂളിൽ സംഭവിച്ചതാണ്. ഉത്സാഹിയായ ഒരു അദ്ധ്യാപകൻ കുട്ടികളോട് ചോദിച്ചു. "സ്വർഗത്തിലെത്തി ചേരുവാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?" ഒരുവൻ പറഞ്ഞു, "എല്ലാ ഞായറാഴ്ചയും, ഞാൻ പള്ളിയുടെ പടികൾ വൃത്തിയാക്കുകയാണെങ്കിൽ, എനിക്ക് സ്വർഗത്തിലെത്തുവാൻ കഴിയും." മറ്റൊരുവൻ പറഞ്ഞു, "ഞാൻ എന്‍റെ സുഹൃത്തിനെ അവന്‍റെ പരീക്ഷയിൽ സഹായിക്കുകയാണെങ്കിൽ, എനിക്ക് സ്വർഗത്തിലെത്തുവാൻ കഴിയും. ഓരോരുത്തരും ഓരോന്നു പറഞ്ഞു. അപ്പോൾ അവിടെ ഒരു ചെറിയ കുട്ടി അവസാനത്തെ ബെഞ്ചിൽ ശാന്തനായി ഇരിപ്പുണ്ടായിരുന്നു. അദ്ധ്യാപകൻ അവനോടും ചോദിച്ചു, "ഹേയ്, ടോമി. "സ്വർഗത്തിലെത്താൻ എന്തു ചെയ്യണമെന്നാണ് നീ കരുതുന്നത്?" "അവൻ പറഞ്ഞു, "നിങ്ങൾ ആദ്യം മരിക്കണം."

ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടില്ല. കമ്പോളത്തില്‍ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാൽ റെഡി മെയ്ഡ് പോയിന്‍റുകൾക്ക് പിറകെ പോകരുത്. നിങ്ങൾ “ബിസിനസ്സ് പുനർജന്മത്തെ” കുറിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ, പരാജയപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കാൻ എളുപ്പമാണ്. അത് അനിവാര്യവുമാണ്. എന്തായാലും അതു സംഭവിക്കും. എന്നാൽ വിജയകരമായ ഒരു കാര്യം ഉപേക്ഷിക്കുകയും അതിൽ നിന്ന് മറ്റെന്തെങ്കിലും പുനസൃഷ്ടിക്കുകയും ചെയ്യുവാൻ നിങ്ങൾക്ക് ദർശനവും, ധൈര്യവും കുറച്ചു ഭ്രാന്തും ആവശ്യമാണ്. ജീവിതത്തെ തീർത്തും വ്യത്യസ്തമായ തലത്തിൽ നോക്കി കാണുന്ന ഒന്നാണത്. മറ്റുള്ളവർക്ക് കാണാനാകാത്ത ചിലത് നിങ്ങൾക്ക് കാണാൻ കഴിയുന്നു. അപ്പോൾ മാത്രമേ നിങ്ങൾക്കത് ചെയ്യാൻ കഴിയുകയുള്ളൂ. അതിനാൽ, കാണാനുള്ള നിങ്ങളുടെ കഴിവിന് മൂർച്ച കൂട്ടേണ്ടതുണ്ട്. നേതൃത്വം ഒരു തരം ഉന്നത പീഠമാണ്. ഒരിക്കൽ നിങ്ങൾ ആ പീഠത്തിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് മറ്റ് ആളുകളേക്കാൾ നന്നായി കാണാൻ കഴിയും. നിങ്ങൾ കൂടുതൽ നന്നായി കാണുന്നില്ലെങ്കിൽ, നിങ്ങൾ ഒരു പരിഹാസപാത്രമായി മാറും.

നിങ്ങൾ മരിക്കാൻ തയ്യാറാണോ?

നിങ്ങൾക്ക് ഇപ്പോൾ എന്താണോ ഉള്ളത് - അതൊരു വ്യക്തിയെന്ന നിലയിലോ അല്ലെങ്കിൽ ഒരു സ്ഥാപനമെന്ന നിലയിലോ ആവട്ടെ, അത് ഉപേക്ഷിക്കുവാൻ നിങ്ങൾക്ക് കഴിയുമോ എന്ന് നിങ്ങള്‍ നോക്കണം. സാഹചര്യത്തിന്‍റെ യാഥാര്‍ത്ഥ്യ എന്തെന്നറിഞ്ഞു കൊണ്ട്, നിങ്ങൾ പൂർണമായും മരിക്കാനും പുനഃസൃഷ്ടിക്കാനും ആണോ അല്ലെങ്കിൽ ഭാഗികമായി മരിക്കാനും പുനഃസൃഷ്ടിക്കാനും ആണോ ആഗ്രഹിക്കുന്നത് എന്ന തീരുമാനം ഒരുവൻ ഇവിടെ വച്ചു തന്നെ എടുക്കേണ്ടതുണ്ട്.

എടുത്തു ചാടും മുൻപ് നിങ്ങൾ ചിന്തിക്കുക

ഒരിക്കൽ നാം പുനർജനിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ - എന്തെങ്കിലും ഒന്നിനെ ഉപേക്ഷിച്ച് പുതിയ ഒന്നിനെ സൃഷ്ടിക്കുവാൻ തീരുമാനിച്ചു കഴിഞ്ഞാൽ - പല സാധ്യതകളും തുറക്കപ്പെടും. പല സാധ്യതകൾ എന്നാൽ എപ്പോഴും പ്രശ്‍നങ്ങൾ എന്നു തന്നെയാണ് അര്‍ത്ഥം. ഈ സാധ്യതകളിൽ ഏതിനോടൊപ്പമാണ് നിങ്ങൾ മുന്നോട്ട് പോകേണ്ടതെന്നത് നിങ്ങള്‍ ചിന്തിക്കേണ്ട കാര്യമാണ്. പ്രശ്നം എന്തെന്നാൽ ആളുകൾ എന്തിലേക്കെങ്കിലും എടുത്തു ചാടും, പിന്നീടാണ് അവർ അതിനെ പറ്റി ചിന്തിക്കുന്നത് - അങ്ങനെയാകരുത്. നിങ്ങൾ എന്തിലേക്കെങ്കിലും എടുത്തു ചാടും മുൻപ്, അത് ആവശ്യമായ ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്, എന്തെന്നാൽ നിങ്ങൾ എന്തിലേക്കെങ്കിലും ചാടി കഴിഞ്ഞാൽ പിന്നീടൊരു തിരിഞ്ഞു നോട്ടമില്ല. നിങ്ങൾ നിരന്തരമായി റിയർവ്യൂ മിറർ നോക്കിക്കൊണ്ടിരുന്നാൽ, നിങ്ങൾ മുന്നോട്ട് പോകാൻ പോകുന്നില്ല.

ഏറ്റവും മികച്ച കാര്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടരുത്

നിങ്ങൾ മനസ്സിലാക്കേണ്ടത്, നിങ്ങൾ എടുത്തു ചാടാന്‍ പോകുന്ന പാത ഏറ്റവും മികച്ചതല്ല എന്നതാണ്. നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച കാര്യം ചെയ്യാൻ കഴിയില്ല. നിങ്ങൾ എന്തിലേക്ക് എത്തിച്ചേർന്നാലും, നിങ്ങൾ നിങ്ങളുടെ ജീവിതം അതിൽ പൂര്‍ണ്ണമായും സമർപ്പിച്ചാൽ, അതൊരു മഹത്തായ കാര്യമായി മാറും. ഒരിക്കലും ഏറ്റവും മികച്ച കാര്യം ചെയ്യാൻ ശ്രമിക്കരുത്, കാരണം നിങ്ങൾ ഏറ്റവും മികച്ച കാര്യം ചെയ്യാൻ ശ്രമിച്ചാൽ, മറ്റൊരാളെക്കാളും മികച്ച കാര്യങ്ങള്‍ ചെയ്യാൻ ശ്രമിച്ചു കൊണ്ട് നിങ്ങൾ നിങ്ങളുടെ ജീവിതം പാഴാകും. അതൊരു നല്ല പാതയല്ല കാരണം നിങ്ങൾ നിങ്ങളുമായി താരതമ്യം ചെയ്യുന്ന വ്യക്തി ഒരു മുടന്തനായിരിക്കാം, അയാളെക്കാളും ഒരല്‍പം വേഗത്തിൽ ഓടാൻ നിങ്ങൾക്ക് കഴിയുന്നു എന്നതിനാൽ നിങ്ങൾ ഒരു ചാമ്പ്യൻ ആണെന്ന് നിങ്ങൾ കരുതുന്നു. നിങ്ങൾ ഒരാളേക്കാൾ നല്ലതോ മോശമോ ആണ് എന്ന ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ പോലും ഉണ്ടാകാൻ പാടില്ല. നിങ്ങൾ എന്താണെന്നത് പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടോ എന്നത് മാത്രമാണ് നിങ്ങൾ നോക്കേണ്ടത്. നിങ്ങൾ എന്തായിരുന്നാലും, ഉള്ളത് മുഴുവനായും ഉപയോഗിക്കുവാൻ നിങ്ങൾക്ക് കഴിയുമോ? ഇതാണ് യോഗ എന്നതിനർത്ഥം. നിങ്ങളുടെ ശാരീരിക, മാനസിക യാഥാര്‍ത്ഥ്യങ്ങളും, ആന്തരിക ഊർജ്ജങ്ങളും - നിങ്ങൾക്കാവശ്യമായ രീതിയിൽ അവയെ ഉപയോഗപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?

യൂസേർസ് മാനുവൽ വായിക്കുക

മിക്ക ആളുകളുടെയും കുഴപ്പം അവരുടെ ചിന്തകളും വികാരങ്ങളും ഒരു വലിയ പ്രശ്നമാണ് എന്നതാണ്. നിങ്ങൾ സ്വയം ഒരു പ്രശ്നമായിരിക്കുമ്പോള്‍, നിങ്ങൾക്ക് മറ്റുള്ള പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകും? നിങ്ങളുടെ മാനസിക നാടകം അത്രയും വലിയൊരു ആഘാതം സൃഷ്ടിക്കുന്നു. പത്ത് വർഷം മുൻപ് സംഭവിച്ച കാര്യങ്ങള്‍ക്ക് ആളുകളെ ദുരിതത്തിലാക്കാൻ കഴിയുന്നുണ്ട്. മറ്റന്നാൾ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കും അവരെ, ഇപ്പോൾ തന്നെ ദുരിതത്തിലാക്കാൻ കഴിയുന്നുണ്ട്. അവരുടെ ഭൂതകാലവും ഭാവികാലവുമാണ് അവരെ കഷ്ടപ്പെടുത്തുന്നത് എന്നാണവര്‍ കരുതുന്നത്. എന്നാൽ, അവരെ ദുരിതത്തിലാക്കുന്നത് ഈ ഭൂഗോളത്തിൽ മനുഷ്യകുലത്തിന് മാത്രം ഉള്ള രണ്ട് കഴിവുകളാണ് - ഓർമ്മയും ഭാവനയും.

മിക്ക ആളുകളുടെയും കുഴപ്പം അവരുടെ ചിന്തകളും വികാരങ്ങളും ഒരു വലിയ പ്രശ്നമാണ് എന്നതാണ്. നിങ്ങൾ സ്വയം ഒരു പ്രശ്നമായിരിക്കുമ്പോള്‍, നിങ്ങൾക്ക് മറ്റുള്ള പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകും?

മിക്ക ആളുകൾക്കും അവരുടെ ഓർമ്മയും ഭാവനയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. ഇന്നലെ നടന്നത് അല്ലെങ്കിൽ പത്ത് വർഷം മുമ്പ് നടന്നത് ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? ഇല്ല. മറ്റന്നാൾ സംഭവിക്കാൻ പോകുന്നത് ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിലവിലില്ലാത്തെ ഒന്നാണ് നിങ്ങളെ ദുരിതത്തിലാക്കുന്നത്‌. അതിനെയാണ് ബുദ്ധിഭ്രമം എന്ന് വിളിക്കുന്നത്. ആളുകൾ പറയുന്നു, "ഇത് മനുഷ്യ പ്രകൃതിയാണ്." ഇത് മനുഷ്യ പ്രകൃതിയല്ല. ഇത് മനുഷ്യ പ്രകൃതിയുടെ ചുമതല ഏറ്റെടുക്കാത്ത ആളുകളുടെ സ്വഭാവമാണ്.

ഭൂഗോളത്തിലെ ഏറ്റവും സങ്കീർണമായ ഉപകരണമാണ് മനുഷ്യ ശരീരം. ഇതൊരു "സൂപ്പർ സൂപ്പർ കമ്പ്യൂട്ടർ" ആണ്. എന്നാൽ നിങ്ങൾ യൂസേർസ് മാനുവൽ വായിച്ചിട്ടുണ്ടോ? ഇപ്പോൾ, നിങ്ങൾ അത് ഒരു വിധത്തിൽ ഉപയോഗിക്കുന്നു. നിങ്ങൾ കാര്യങ്ങൾ "ഒരു വിധത്തിൽ" ചെയ്‌താൽ, ജീവിതം ആകസ്മികമായി സംഭവിക്കും.

എല്ലാത്തിനെയും പുതുതായി കാണുക

നിങ്ങൾ "പുനർജ്ജന്മം" എന്ന് പറഞ്ഞു. നിങ്ങൾ പുതുതായി ജനിക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ഒന്നിനെക്കുറിച്ചും നിഗമനങ്ങൾ ഇല്ല എന്നാണ്. ഒരു നവജാത ശിശുവിനെ പോലെ എല്ലാത്തിനെയും നോക്കി കാണുവാൻ നിങ്ങൾ തയ്യാറാണ്. നിങ്ങൾ ഇത് ചെയ്താൽ, നിങ്ങൾ ജീവിതത്തിലൂടെ സ്പർശമേൽക്കാതെ നടക്കും. ഒരു കൊച്ചു കുഞ്ഞു പോലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തനിക്ക് ചിലതൊക്കെ അറിയാമെന്ന് ചിന്തിച്ചു തുടങ്ങുന്നു. നിങ്ങൾക്കറിയാമെന്ന് നിങ്ങൾ ചിന്തിച്ചു തുടങ്ങുമ്പോൾ, നിങ്ങൾ വിക്കാനും, മൂളാനും തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ നിമിഷവും, നിങ്ങൾ എല്ലാത്തിനെയും ഒരു നവജാത ശിശുവിനെ പോലെ നോക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാം വളരെ വ്യക്തമായി കാണും. നിങ്ങൾ കാര്യങ്ങൾ വ്യക്തമായി കാണുമ്പോൾ, നിങ്ങൾ സാഹചര്യങ്ങളിലൂടെ സുഖകരമായി സഞ്ചരിക്കുന്നു.

നേതൃത്വം എന്നതിന്‍റെ അടിസ്ഥാനപരമായ അർത്ഥം നിങ്ങൾ സൃഷ്ടിക്കുന്ന എല്ലാ ചിന്തകളും അല്ലെങ്കിൽ വികാരങ്ങളും, നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ദശലക്ഷക്കണക്കിന് ആളുകളെയാണ് സ്വാധീനിക്കുന്നത് എന്നതാണ്.

നേതൃത്വം എന്നതിന്‍റെ അടിസ്ഥാനപരമായ അർത്ഥം നിങ്ങൾ സൃഷ്ടിക്കുന്ന എല്ലാ ചിന്തകളും അല്ലെങ്കിൽ വികാരങ്ങളും, നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ദശലക്ഷക്കണക്കിന് ആളുകളെയാണ് സ്വാധീനിക്കുന്നത് എന്നതാണ്. നിങ്ങൾക്ക് അത്രയും വലിയൊരു ഭാഗ്യം ഉണ്ടെങ്കിൽ, നിങ്ങൾ ശാരീരികമായി മാത്രമല്ല, മറ്റെല്ലാ വിധത്തിലും നിങ്ങളെ നല്ല രൂപത്തിൽ നിലനിർത്തുന്നത് പ്രധാനമാണ്. നിങ്ങൾ ബിസിനസ്സിലാണെങ്കിൽ അല്ലെങ്കിൽ പല ആളുകളുടെയും ജീവിതവും, ക്ഷേമവും, ഭാവിയും കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളിൽ തന്നെ പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ചെയ്യുന്ന ജോലി പ്രധാനമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിൽ, നിങ്ങൾ തുടർച്ചയായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ് - നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുവാൻ അല്ലെങ്കിൽ ഒരു സർവകലാശാലയിൽ പഠിക്കുവാൻ വേണ്ടി മാത്രമല്ല, മറിച്ച് "ഞാൻ" എന്ന് നിങ്ങൾ സൂചിപ്പിക്കുന്ന ജീവന്‍റെ ഈ ചെറുകണത്തെ സാധ്യമായതിൽ വച്ചേറ്റവും ഉയർന്ന തലത്തിൽ എത്തിക്കുവാൻ.