മനുഷ്യകർമങ്ങളുടെ പുനരാവർത്തന സ്വഭാവത്തെക്കുറിച്ച് സദ്ഗുരു പറയുന്നു
ആദ്ധ്യാത്മികപ്രക്രിയയെ സമീപിക്കാനുള്ള മൂന്ന് മാർഗ്ഗങ്ങളെക്കുറിച്ചും



സദ്ഗുരു: മനുഷ്യരിലെ കാർമികഘടന ചാക്രികമാണ്, എന്നുവെച്ചാൽ അടിസ്ഥാനപരമായി അത്  ആവർത്തനസ്വഭാവമുള്ളതാണ്. ഈ ആവർത്തനം ജന്മംതോറുമുള്ളത് മാത്രമാണെന്ന് കരുതരുത്. നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ, ആവർത്തനം ഓരോ പന്ത്രണ്ടേകാൽ മുതൽ പന്ത്രണ്ടര വർഷം വരെയുള്ള കാലയളവിൽ സംഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ പറ്റും. നിങ്ങൾ കുറെക്കൂടി ആഴത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ, ഈയൊരു കാര്യം ഒരു വർഷത്തിൽ തന്നെ പലതവണ ആവർത്തിക്കുന്നതായി കാണാൻ കഴിയും. നിങ്ങൾ അങ്ങേയറ്റം സൂക്ഷ്മമായി ശ്രദ്ധിക്കുകയാണെങ്കിൽ, ഈ ആവർത്തനചക്രം ഒരു ദിവസത്തിൽ തന്നെ നിരവധി തവണ സംഭവിക്കുന്നുണ്ടെന്ന് അറിയാൻ സാധിക്കും. കൃത്യമായി പറഞ്ഞാൽ ഓരോ നാല്പതു മിനിറ്റിലും ഈ ആവർത്തനം പ്രബലമാകുന്നുണ്ട്. അതായത്, ഓരോ നാല്പതുമിനിറ്റിലും നിങ്ങൾക്കു വേണമെങ്കിൽ ഈ ചാക്രികഘടനയെ തകർക്കാനുള്ള അവസരമുണ്ടെന്നർത്ഥം.
 

ഈ ചാക്രിക സ്വഭാവത്തെ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ജീവിതത്തിൽ ഓരോ നാല്പതുമിനിറ്റിലും നിങ്ങൾ ഒരേ വിഡ്ഢിത്തം തന്നെയാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞാൽ,ജീവിതം സംഭവിക്കുന്നത് ശരിയായ ദിശയിലല്ല എന്ന് രണ്ടുദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്കു മനസ്സിലാവും. എന്നാൽ പന്ത്രണ്ടുവർഷത്തിലൊരിക്കലേ നിങ്ങൾക്കത് തിരിച്ചറിയാനാവുന്നുള്ളൂവെങ്കിൽ ഇത് നല്ലതല്ലെന്നു തിരിച്ചറിയാൻ  ഇരുപത്തിനാലോ നാല്പത്തെട്ടോ വർഷങ്ങളെടുത്തേയ്ക്കാം. ജീവിതത്തിൽ ഒരിക്കൽ മാത്രമേ നിങ്ങൾക്ക് ആവർത്തനം ബോധ്യപ്പെടുന്നുള്ളൂവെങ്കിൽ, അത് നല്ലതല്ലെന്നു തിരിച്ചറിയാൻ നിങ്ങൾക്ക് പല ജന്മങ്ങൾ വേണ്ടിവന്നേയ്ക്കും.
 
ഈ ബോധ്യപ്പെടൽ നിങ്ങൾ എത്ര അവബോധത്തോടെയാണ് ജീവിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ കൂടുതൽ അവബോധത്തോടെ ജീവിക്കുകയാണെങ്കിൽ ആവർത്തനത്തിലെ അർത്ഥശൂന്യത നിങ്ങൾക്ക് വളരെ പെട്ടെന്നു തന്നെ ബോധ്യപ്പെടും. നിങ്ങൾ പൂർണ്ണമായ അവബോധത്തോടെ ജീവിച്ചാൽ ഓരോ നാല്പതുമിനിറ്റിലും അബോധപൂർവ്വമായ ആവർത്തനങ്ങളെ ഇല്ലാതെയാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. നിങ്ങൾ നിങ്ങൾക്കുചുറ്റുമുള്ള മതിലുകൾ തകർത്ത് പുറത്തുകടക്കേണ്ടതുണ്ട്

ആദ്ധ്യാത്മിക പ്രക്രിയയെ സമീപിക്കാനുള്ള  മൂന്ന് രീതികൾ

.

ആദ്ധ്യാത്മിക പ്രക്രിയയെ സമീപിക്കാൻ മൂന്നു മാർഗ്ഗങ്ങളുണ്ട്. പല ജന്മങ്ങളിലൂടെ ശരിയായ കർമങ്ങളനുഷ്ഠിച്ച് മുന്നോട്ടുപോയാൽ സമയമെടുത്ത് നിങ്ങളവിടെ എത്തിച്ചേരും, ഇതാണ് ഒരു മാർഗ്ഗം. മറ്റൊന്ന്, നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ എങ്ങനെയായിരുന്നാൽ തന്നെയും, നിങ്ങൾക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ട് ആദ്ധ്യാത്മികപ്രക്രിയയ്ക്ക് സന്നദ്ധനായി ജാഗ്രതയോടെ ജീവിക്കുക. എങ്കിൽ ഈ ജീവിതത്തിന്റെ അവസാന മുഹൂർത്തത്തിൽ അതുസംഭവിക്കുന്നത് കാണാൻ കഴിയും.  മൂന്നാമതൊരു വഴി, നിങ്ങൾക്കത് ഇപ്പോൾ തന്നെ അറിയണമെന്നുള്ളതാണ്.  നിങ്ങൾക്ക് ഇപ്പോൾ തന്നെ എല്ലാ പരിമിതികളെയും ഇല്ലാതാക്കി അപരിമിതമായതിനെ പ്രാപിക്കണം. അങ്ങനെയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന പലതിനെയും അവഗണിക്കേണ്ടിവരും. കാരണം നിങ്ങളിൽ സംഭവിക്കുന്ന പല മാറ്റങ്ങളും ചുറ്റുമുള്ളവർക്ക് ഉൾക്കൊള്ളാനായെന്നു വരില്ല. സമൂഹമോ മററുള്ളവരോ അതൊരിക്കലും അംഗീകരിക്കില്ല. നിങ്ങളുടെ കുടുംബവും അതിനോടു യോജിക്കുകയില്ല. കാരണം, നിങ്ങൾ ഇത്തരക്കാരനായതുകൊണ്ടാണ് അവർ നിങ്ങളോട് ചേർന്നു നിൽക്കുന്നത്. നിങ്ങൾ മറ്റൊരു തരക്കാരനായാൽ അവർക്ക് നിങ്ങളോട് ചേർന്നുപോവാനാവില്ല.
 

3 ലളിതമായ ഒരു മാർഗ്ഗം പറയാം
നിങ്ങൾക്കിഷ്ടമില്ലാത്ത ഒരാളോട് സൌഹൃദത്തിലാവുക
അയാളോടൊത്ത് സ്നേഹത്തോടെയും ആന്ദത്തോടെയും കഴിയുക.
ഒരുപാട് കാര്യങ്ങളെ ഭേദിക്കാനാവും 
 

നിങ്ങളൊരാളെ വിവാഹം കഴിച്ചെന്നിരിക്കട്ടെ, ആ വ്യക്തി നിങ്ങളെ വിവാഹം ചെയ്തത് നിങ്ങൾ ആ വ്യക്തിക്കനുയോജ്യനായ തരക്കാരനായതുകൊണ്ടാണ്.  നിങ്ങൾ മറ്റൊരു തരക്കാരനായി മാറിയാൽ, അതെത്ര സുന്ദരമായ തലത്തിലേയ്ക്കായാലും, ആ വ്യക്തിയെ സംബന്ധിച്ച് നിങ്ങൾ അപരിചിതനാവുകയാണ്.  അതുവരെ ഉണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു അന്യഗ്രഹ ജീവി. അതവർക്ക് ഉൾക്കൊള്ളാൻ സാധിക്കുകയില്ല. അതിനു സാധിക്കണമെങ്കിൽ അവരുടെ കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ സംഭവിക്കണം. തന്റെ പങ്കാളി ഉയർന്ന തലങ്ങളിലേയ്ക്ക് മാറുന്നു എന്നും അത് നല്ലതാണെന്നും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ആ ബന്ധത്തിൽത്തന്നെ മാറ്റങ്ങൾ സംഭവിക്കും. അത് പിന്നീടൊരിക്കലും പഴയതുപോലെയായിരിക്കില്ല. അതുവരെ നിങ്ങൾക്ക് പരിചിതമായിരുന്ന ദാമ്പത്യമോ കുടുംബബന്ധമോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ ആയിരിക്കില്ല അത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അതുവരെ നിങ്ങൾ മൂല്യവത്തായി സങ്കല്പിച്ചിരുന്ന ചിലത് തകർന്നടിയും, ചിലപ്പോൾ ഭൌതികമായി തന്നെ. ഇനി നിങ്ങൾ അതേ ഭൌതിക സാഹചര്യങ്ങളിൽ ജീവിച്ചാലും നിങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുകതന്നെ ചെയ്യും. എന്നാൽ എത്രപേർ അത്തരം മാറ്റത്തിന് സന്നദ്ധരാകും?
 
 

അതുകൊണ്ട്, ആദ്യം പറഞ്ഞ രണ്ട് മാർഗ്ഗങ്ങളാണ് ഭൂരിപക്ഷം ആളുകൾക്കും നന്നായിരിക്കുക. നിങ്ങൾ ശരിയായ രീതികൾ അനുവർത്തിക്കുകയും നിങ്ങളുടെ ഗുരുവിന് പ്രാപ്യമായിരിക്കുകയും ചെയ്താൽ അവസാന നിമിഷം വരുമ്പോൾ ഗുരു നിങ്ങളെ വേണ്ടവിധം നയിക്കും. എന്നാൽ നിങ്ങൾ അതിനുപോലും സന്നദ്ധനല്ലെങ്കിൽ, ഏതാനും ചെറിയ കാര്യങ്ങൾ മാത്രം ചെയ്യാൻ തയ്യാറാവുകയാണെങ്കിൽ, സ്വയം പരിപോഷിപ്പിക്കാനും വിദൂരഭാവിയിൽ എവിടെയെങ്കിലുമൊക്കെ നിങ്ങളെ എത്തിക്കാനും അവയ്ക്ക് കഴിയും. എന്നാൽ, നിങ്ങൾക്ക് അങ്ങനെ സംഭവിക്കണമെന്നല്ല ഞാനാഗ്രഹിക്കുന്നത്. ഒന്നുകിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ പരിമിതികളെ തകർത്തവിടേയ്ക്കെത്താം. അല്ലെങ്കിൽ ഈ ജീവിതത്തിന്റെ അവസാന നിമിഷത്തിലെങ്കിലും അത് സംഭവിച്ചിരിക്കണം. ഞാനത്രയ്ക്ക് ക്ഷമയുള്ളയാളല്ല. ജന്മാന്തരങ്ങളായി ഞാൻ അക്ഷമനാണ്. ആളുകൾ കരുതുന്നത് ഞാൻ അങ്ങേയറ്റം ക്ഷമാശീലനാണെന്നാണ്. ഞാനെന്തിനെയും അതേപടി സ്വീകരിക്കുന്നത് ക്ഷമാശീലമായാണ് ആളുകൾ ധരിക്കുന്നത്. എന്നാൽ ഞാനങ്ങനെയല്ല. ഞാൻ കാത്തിരിക്കാൻ തയ്യാറല്ല, എനിക്ക് എല്ലാം വേഗത്തിൽ ലഭിക്കണം. സാവകാശത്തിലുള്ള യാതൊന്നിനെയും ഞാനിഷ്ടപ്പെടുന്നില്ല.

 

അതീതമായതിനും നിങ്ങൾക്കുമിടയിൽ യാതൊന്നും തടസ്സമായിട്ടില്ല. ഏക തടസ്സം നിങ്ങൾ മാത്രമാണ്. നിങ്ങളുടെ ഇപ്പോഴത്തെ മനോഘടന മാത്രമാണ് ആ തടസ്സം. നിങ്ങൾക്കതു തകർക്കണമെങ്കിൽ പതിവായ കാര്യങ്ങളിൽ നിന്നും മാറി ചിലതു ചെയ്യേണ്ടിവരും.  ഒരു ചെറിയ കാര്യം നിങ്ങൾക്കിപ്പോൾ ചെയ്യാനാവുന്നത് ഇതാണ്- നിങ്ങൾക്കിഷ്ടമില്ലാത്ത ഒരാളോട് സൌഹൃദത്തിലാവുക, അയാളോടൊത്ത് സ്നേഹത്തോടെയും ആന്ദത്തോടെയും ഇരിക്കുക, ഒരുപാട് ബന്ധനങ്ങൾ സ്വയമേ തകരുന്നത് കാണാം. എന്നാൽ നിങ്ങളെപ്പോഴും നിങ്ങളിഷ്ടപ്പെടുന്നവരോടൊപ്പം മാത്രമായിരിക്കാൻ ആഗ്രഹിക്കുന്നു. അത് നിങ്ങൾക്ക് ഗുണം ചെയ്യുകയില്ല.

 

നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ഇപ്പോഴത്തെ വ്യക്തിഭാവത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയേയുള്ളൂ. എന്നാൽ നിങ്ങൾക്ക് പ്രിയങ്കരമല്ലാത്തത് ചെയ്തു ശീലിക്കുക, നിങ്ങൾക്കിഷ്ടമില്ലാത്തവരോടൊത്തു കഴിയുക. അപ്പോഴും സമചിത്തതയോടെയും സ്നേഹത്തോടെയും ആനന്ദത്തോടെയും ജീവിക്കുക- അപ്പോൾ എല്ലാ പരിമിതികളും ഇല്ലാതായിത്തുടങ്ങും.

Editor’s Note: Sadhguru delves deeper into the spiritual process and the role of a Guru in the ebook “A Guru Always Takes You For A Ride”, available at Isha Downloads. Pay what you wish and download it. Enter “0” or click “Claim for free” for a free download.