സദ്ഗുരു: ലോകത്തില്‍ അനേകം പാരമ്പര്യങ്ങളുണ്ട്. എന്നാല്‍, നിങ്ങള്‍ ഏതെങ്കിലുമൊരു പാരമ്പര്യത്തിന്‍റെ ഉറവിടം തേടിച്ചെല്ലുകയാണെങ്കില്‍, ഒരു പ്രത്യേക വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ ആന്തരികാനുഭവത്തിന്‍റെ പ്രകടനമോ ആവിഷ്‌ക്കരണമോ മാത്രമാണ് അതെന്നു നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രസ്തുത അനുഭവത്തെ ക്രമപ്പെടുത്തുന്നതിനോ കൂടുതല്‍ പേര്‍ക്കു പകര്‍ന്നു നല്‍കുന്നതിനോ ആളുകള്‍ ശ്രമിക്കുമ്പോള്‍, അതൊരു സമ്പ്രദായവും, പിന്നീട്, പാരമ്പര്യവുമായിത്തീരുന്നു. പാരമ്പര്യം ചിലപ്പോഴൊക്കെ മതമായി മാറുന്നു. ചിലപ്പോഴൊക്കെ മറ്റു പല കാര്യങ്ങളുമായിത്തീരുന്നു.

ഇത്തരം കാര്യങ്ങളെല്ലാം തുടങ്ങുന്നത് ഒരു ആന്തരികാനുഭവത്തിലാണ്. അതിനു ശേഷമാണ് ക്രമരഹിതമായ ഒഴുക്കോ ക്രമീകൃതമായ നിര്‍വ്വഹണമോ സംഭവിക്കുന്നത്. അത് ക്രമരഹിതമായ ഒരൊഴുക്കാണെങ്കില്‍, പൊതുവേ പാരമ്പര്യമെന്നു പരാമര്‍ശിക്കപ്പെടുന്നു. കാരണം, അതൊരു അയവുള്ള ക്രമീകരണമാണ്. അത് കൂടുതല്‍ ക്രമീകൃതമായ ഒരാവിഷ്‌ക്കരണമാണെങ്കില്‍, അത് ഒരു സംഘടിത മതമായിത്തീരുന്നു. എന്നാല്‍ അടിസ്ഥാനപരമായി, നിങ്ങള്‍ പിന്നോട്ടു പോകുകയാണെങ്കില്‍, ഇവയെല്ലാം തന്നെ ക്രമീകൃതമായിരിക്കുന്നത് ഒരു നിശ്ചിത വ്യക്തിയുടെയോ ഒരു പറ്റം മനുഷ്യരുടെയോ ആന്തരികാനുഭവത്തിലാണെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും.

എങ്ങനെയാണ് സമയം പാരമ്പര്യത്തെ വികലമാക്കുന്നത്

നൂറോ ആയിരമോ പതിനായിരമോ വര്‍ഷത്തിനു മുന്‍പ് ആര്‍ക്കൊക്കെയോ ഉണ്ടായ ഏതെല്ലാമോ അനുഭവങ്ങളെ പ്രതി, അവര്‍ ആരാണെന്നതിന്‍റെ പേരില്‍ നമ്മള്‍ അവരെയെല്ലാം നമിക്കുന്നു. എങ്കില്‍പ്പോലും, ആരോ ഒരാള്‍ അനുഭവിച്ചത് നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രചോദനം പകരുന്ന ഒരു കഥ മാത്രമാണ്. നിങ്ങള്‍ സ്വയം അതനുഭവിച്ചറിയുന്നില്ലെങ്കില്‍, അതു യാഥാര്‍ത്ഥ്യമല്ല. ആ വ്യക്തിയുടെ ജീവിതവും അനുഭവവും ഒരു പ്രോത്സാഹനം മാത്രമേ ആകൂ. ഒരിക്കലും, യഥാര്‍ത്ഥത്തില്‍ അതിലേക്കുള്ള മാര്‍ഗ്ഗമാകില്ല. ഓരോ മനുഷ്യനും അതു സ്വയം അനുഭവിച്ചറിയുക എന്നതാണ് അതിനുള്ള ഒരേയൊരു വഴി. ഒരു പക്ഷേ, നിങ്ങള്‍ക്കു ലഭിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്തുത ദിശയില്‍ നിങ്ങള്‍ക്കു വഴി കാട്ടിയേക്കാം. എന്നാല്‍, നിങ്ങളിലേക്കെത്തുന്നതിനു മുന്‍പുള്ള അനേകം വര്‍ഷങ്ങളില്‍ അവ വളച്ചൊടിക്കപ്പെട്ടിട്ടുണ്ടാകാം.

അതു കൊണ്ട്, ഈ രാജ്യത്ത് നമ്മളൊരു പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നു. എല്ലാം അതിന്‍റെ പരമാവധി വിശുദ്ധിയോടെ പകര്‍ന്നു നല്‍കുന്ന ഒരു ശാസ്ത്രമാണത്. ഈ പാരമ്പര്യം ഗുരുശിഷ്യ പാരമ്പര്യം എന്നറിയപ്പെടുന്നു.

ഉദാഹരണത്തിന്, ഇന്നു നിങ്ങള്‍ കണ്ട ഒരു കാര്യത്തെക്കുറിച്ച് ആരോടെങ്കിലും പറയുകയാണെങ്കില്‍, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍, അത് വ്യത്യസ്തരായ ഇരുപത്തിയഞ്ചു പേരുടെ കാതുകളിലൂടെ കടന്നു തിരിച്ചെത്തുകയാണെങ്കില്‍, അതു നിങ്ങള്‍ക്കു തിരിച്ചറിയാന്‍ പോലും കഴിയില്ല. തലമുറകളില്‍ നിന്നും തലമുറകളിലേക്കു കൈമാറപ്പെടുന്ന ഏതൊരു കാര്യത്തെയും മനുഷ്യമനസ്സുകള്‍ വലിയ തോതിലുള്ള വളച്ചൊടിക്കലുകള്‍ക്കു വിധേയമാക്കുന്നു. അതാണു മനുഷ്യമനസ്സിന്‍റെ പ്രകൃതം. കാരണം, ഭൂരിപക്ഷമാളുകളും തങ്ങളുടെ മനസ്സില്‍ മാറ്റം വരുത്തുന്നതിന് യാതൊന്നും ചെയ്തിട്ടില്ല.

ഭൂരിഭാഗമാളുകളെ സംബന്ധിച്ചും, അവരുടെ മനസ്സ് ഓര്‍മ്മകളില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ മനസ്സിലുള്ള ഓര്‍മ്മകള്‍ക്കനുസരിച്ച്, നിങ്ങളുടെ മനസ്സും അത്തരത്തില്‍ മലിനമാകുന്നു, ഇത് നിങ്ങള്‍ക്ക് നല്‍കപ്പെട്ട കാര്യത്തേയും ബാധിക്കുന്നു. അതു കൊണ്ട്, ഈ രാജ്യത്ത് നമ്മളൊരു പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നു. എല്ലാം അതിന്‍റെ പരമാവധി വിശുദ്ധിയോടെ പകര്‍ന്നു നല്‍കുന്ന ഒരു ശാസ്ത്രമാണത്. ഈ പാരമ്പര്യം ഗുരുശിഷ്യ പാരമ്പര്യം എന്നറിയപ്പെടുന്നു.

വാമൊഴിയിലൂടെ കൈമാറ്റം ചെയ്യുന്ന പാരമ്പര്യം

ഈ പാരമ്പര്യമനുസരിച്ച്, ആന്തരികമായി അനുഭവിക്കുന്ന ഏതൊരു കാര്യവും എഴുതി വെക്കാന്‍ പാടുള്ളതല്ല, വാമൊഴിയായി പകര്‍ന്നു നല്‍കുകയേ പാടുള്ളൂ. അതിലുള്ള ഒരു അക്ഷരത്തിനു പോലും മാറ്റം വരുത്താന്‍ ആര്‍ക്കുമവകാശമില്ല. അതു നിശ്ചയമായും അതേ വിധത്തില്‍ത്തന്നെ, യാതൊരു വിധ വ്യാഖ്യാനങ്ങളും കൂടാതെ, കൃത്യമായി അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കിയേ മതിയാകൂ. അതിന് ആരും തന്നെ വ്യാഖ്യാനങ്ങളെഴുതേണ്ടതില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി നമ്മളിതു നിര്‍വ്വഹിച്ചു പോരുന്നു.

ആരെങ്കിലുമൊരാള്‍ എന്തെങ്കിലും അനുഭവിച്ചറിയുമ്പോള്‍, അയാളതു മറ്റൊരാള്‍ക്കു പകര്‍ന്നു നല്‍കുന്നു. സ്വീകര്‍ത്താവാകട്ടെ, അതു തന്‍റെ ജീവന്‍റെ ഭാഗമായല്ല, അതിനുമുപരിയായിക്കരുതുന്ന ഒരാളായിരിക്കും. അയാള്‍ക്കത് ഒരു തൊഴിലോ നേരമ്പോക്കോ ആയിരിക്കില്ല. അയാള്‍ക്കതു സ്വന്തം ജീവിതത്തേക്കാള്‍ വലുതായിരിക്കും. ഈ വ്യക്തി അത് അടുത്ത തലമുറയിലുള്ളവര്‍ക്കു പകര്‍ന്നു നല്‍കുന്നു. അത് അയാളുടെ അനുഭവമല്ലെങ്കില്‍പ്പോലും, അയാളത് അതേ രൂപത്തില്‍ത്തന്നെ അടുത്ത തലമുറക്കു കൈമാറുന്നു. ഇത് വളരെ ആശ്ചര്യകരമായ ഒരു സമ്പ്രദായമാണ്. എന്നാല്‍ അക്കാലം പൊയ്‌പ്പോയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഈ കാലഘട്ടത്തില്‍ പ്രസ്തുത പാരമ്പര്യം വക്രീകരിക്കപ്പെട്ടിരിക്കുന്നു.

പാരമ്പര്യത്തിനു സ്വയമേ പ്രാധാന്യമില്ല

പാരമ്പര്യം സ്വയമേ പ്രാധാന്യമുള്ള ഒരു സംഗതിയല്ല. ഒരു നിര്‍ദ്ദിഷ്ട പാരമ്പര്യത്തിന്‍റെ മഹത്വപൂര്‍ണ്ണമായ ഉത്ഭവകാരണത്തെ പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് അനുഭവിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലക്കു മാത്രമാണ് പ്രസ്തുത പാരമ്പര്യത്തിനു പ്രസക്തിയുള്ളത്. ദൗര്‍ഭാഗ്യവശാല്‍, ആയിരത്താണ്ടുകള്‍ക്കു മുന്‍പു സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍, ഇപ്പോഴുള്ളതിനേക്കാള്‍ നല്ലതാണെന്ന ഒരു മനസ്ഥിതി നമുക്ക് വന്നു ചേര്‍ന്നിരിക്കുന്നു. എന്നാല്‍, അതങ്ങനെയല്ല. ആയിരം വര്‍ഷം മുന്‍പു പോലും, നിങ്ങളെയും എന്നെയും പോലുള്ള ആളുകളുണ്ടായിരുന്നു, സംഘര്‍ഷങ്ങളുണ്ടായിരുന്നു, പ്രശ്‌നങ്ങളുണ്ടായിരുന്നു, അസംബന്ധങ്ങളരങ്ങേറിയിരുന്നു, എല്ലാ കാര്യങ്ങളുമുണ്ടായിരുന്നു.

ആളുകള്‍ ഏതാനും വ്യക്തികളുടെ മഹിമയാര്‍ന്ന ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകളെ കൊണ്ടു നടക്കുന്നുവെന്നു മാത്രം. അക്കാലത്തുണ്ടായിരുന്ന എല്ലാവരും ആ ഏതാനും വ്യക്തികളെ പോലെയാണെന്ന് അവര്‍ ചിന്തിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ല. അക്കാലത്തെ ഏതാനുമാളുകള്‍ അവരെപ്പോലെയായിരുന്നു. ഇക്കാലത്തു പോലും കുറച്ചു പേര്‍ അവരെപ്പോലെയാണ്. പാരമ്പര്യം ചൈതന്യമാര്‍ജ്ജിക്കേണ്ടത് വ്യക്തിപരമായ അനുഭവത്തിലൂടെയാണ്. അപ്പോള്‍ മാത്രമേ പാരമ്പര്യം ജീവത്തായ ഒരു പ്രക്രിയയാകൂ. അല്ലാത്ത പക്ഷം അതൊരു അടിച്ചേല്‍പ്പിക്കല്‍ മാത്രമായിത്തീരുന്നു. ഒരു തലമുറയോ അതിനടുത്ത തലമുറയോ അതു കയ്യൊഴിയും.

പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനു പ്രസക്തിയുണ്ടോ?

ഫലം ചെയ്യാതെ വരുമ്പോള്‍ എല്ലാ പാരമ്പര്യങ്ങളും തച്ചുടക്കപ്പെടും. ഏതെങ്കിലുമൊരു സംഗതി ഒരു നിര്‍ദ്ദിഷ്ട തലമുറയെ സംബന്ധിച്ചിടത്തോളം ഫലം ചെയ്യുന്നതല്ലെങ്കില്‍, അത് എത്ര മേല്‍ പവിത്രമാണെന്നു നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ പോലും, അവരുടെ മേല്‍ അതടിച്ചേല്‍പിക്കേണ്ടതില്ല. അതു കൊണ്ട്, ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം, നിങ്ങളുടെ പാരമ്പര്യത്തിലൂടെ പിന്നോട്ടു സഞ്ചരിച്ച് അതിന്‍റെ ഉറവിടം കണ്ടെത്തുകയും, പ്രസ്തുത അനുഭവം ഇവിടെയിരിക്കുന്ന ആളുകള്‍ക്ക് പകര്‍ന്നു നല്കാന്‍ കഴിയുമോയെന്നു പര്യാലോചിക്കലുമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് ഇവിടെയിരിക്കുന്നവരോട്,''ദയവായി ഈ പാരമ്പര്യം കാത്തു സൂക്ഷിക്കുക'' എന്നു പറയേണ്ടി വരില്ല. അവരത് ഏതുവിധേനയും നിലനിര്‍ത്തിക്കൊള്ളും.