“ഈഷ" എന്ന വാക്കിന്റെ അര്‍ത്ഥം... ഈഷാംഗ എന്നാല്‍ എന്താണ്?
സൃഷ്ടിക്കാധാരമായിരിക്കുന്ന അരൂപമായ അവസ്ഥയാണ് ഈഷ, അനന്തവും അരൂപവുമായ ആ ശക്തിവിശേഷം. അംഗ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടിക്കാധാരമായിരിക്കുന്ന ആ ശക്തിയുടെ ഒരു ഭാഗമാകുക എന്നാണ്.

ജീവിതത്തില്‍ നിന്നും നമുക്ക് സരളമായ മൂന്നു ജീവിത പാഠങ്ങള്‍ പഠിക്കാം. അവ പ്രായോഗീകമാക്കാന്‍ ഒരു നിമിഷമേ വേണ്ടൂ. അതെ സമയം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ നിശ്ചയമായും അത് നല്ലൊരു തുടക്കമാകും
ചോദ്യം :- നമസ്കാരം സദ്ഗുരു, ഞാന്‍ ഈഷാംഗ അദ്ധ്യാപികയാവാന്‍ വേണ്ട പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈഷാംഗ എന്നാല്‍ എന്താണ്? അങ്ങ് ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണ്?
സദ്ഗുരു :- “ഈഷ" എന്ന വാക്കിന്റെ അര്‍ത്ഥം എല്ലാറ്റിനും ആധാരമായിട്ടുള്ളത് എന്നാണ്. എല്ലാറ്റിന്റേയും അടിസ്ഥാനം ശൂന്യതയാണ്. പ്രപഞ്ചം എന്നാല്‍ നിരവധി പ്രതിദ്ധ്വനികള്‍ എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത് എങ്കില്‍, എല്ലാറ്റിനും അടിസ്ഥാനമായിരിക്കുന്നത് നിശ്ശബ്ദതയാണ്. അതുപോലെ പ്രപഞ്ചമെന്നാല്‍ വിവിധ രൂപങ്ങള്‍ എന്നാണ് നിങ്ങള്‍ സങ്കല്പിക്കുന്നത് എങ്കില്‍, രൂപമില്ലായ്മയാണ് അതിനാധാരം. വൈവിദ്ധ്യമാര്‍ന്ന അളവുകളാണ് നിങ്ങളുടെ അഭിപ്രായത്തില്‍ ഈ ലോകമെങ്കില്‍, അനന്തതയാണ് അതിനാധാരം. അങ്ങിനെ എന്തെങ്കിലുമൊന്നാണ് നിങ്ങളുടെ മനസ്സില്‍ പ്രപഞ്ചം എങ്കില്‍ ഒന്നുമില്ലായ്മയാണ് അതിനാധാരം. സൃഷ്ടിക്കാധാരമായിരിക്കുന്ന അരൂപമായ ആ അവസ്ഥയാണ് ഈശ, അനന്തവും അരൂപവുമായ ആ ശക്തിവിശേഷം. അംഗ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടിക്കാധാരമായിരിക്കുന്ന ആ ശക്തിയുടെ ഒരു ഭാഗമാകുക എന്നാണ്.
എന്തായാലും പരമമായ ആ ചൈതന്യത്തിന്റെ ഒരംശമാണ് നിങ്ങള്‍. അത് സ്വയം അറിയുന്നില്ല എന്നുമാത്രം. മനുഷ്യബുദ്ധി അങ്ങിനെയാണ്; ഓരോ വ്യക്തിയും അവനു ചുറ്റും അവന്റെതായ ഒരു ലോകം ചമയ്ക്കുന്നു. ഓരോ മനുഷ്യനും അവന്റെതായ സൃഷ്ടിയായി തീരുമ്പോള്‍ ഓരോ പ്രവൃത്തിയും സങ്കീര്‍ണമായി മാറുന്നു. ലഘുവായ ജീവിത വ്യാപാരങ്ങള്‍ പോലും കനമേറിയതായി തീരുന്നു. അതുമാത്രമല്ല ഓരോരുത്തരും പ്രപഞ്ചത്തേക്കാള്‍ വലുതായി അവനവനെ കാണാന്‍ തുടങ്ങുന്നു. ആ വലുപ്പം കാരണം എവിടെ ചെന്നാലും, എങ്ങോട്ടു തിരിഞ്ഞാലും അവിടെ ഒരു ഏറ്റുമുട്ടല്‍ സംഭവിക്കുന്നു. അങ്ങിനെ ജീവിത യാത്ര തന്നെ അപകടം നിറഞ്ഞതാകുന്നു. ഈ അപകട സാദ്ധ്യതകളെ ആകാവുന്നത്ര കുറയ്ക്കുക. അതിനുള്ള പദ്ധതികളാണ് നമ്മള് ഇവിടെ ആവിഷ്കരിക്കുന്നത്. അതുവഴി എല്ലാവര്ക്കും അവനവന്റെ സാദ്ധ്യതകളെ കണ്ടെത്താനും അവയെ പൂര്‍ണമായി പ്രകടിപ്പിക്കാനും അവസരമുണ്ടാകണം.
സരളമായ മൂന്നു ജീവിതപാഠങ്ങള്‍
ഒരു കാര്യം നമുക്ക് ഓര്‍മ്മ വെക്കാം - എന്തൊക്കെ സംഭവിച്ചാലും എല്ലാം കഴിയുമ്പോള്‍ തിരിഞ്ഞു നിന്ന് സ്വന്തം മണ്ടത്തരങ്ങളെ ഓര്‍ത്ത് മനസ്സ് തുറന്നു പൊട്ടിച്ചിരിക്കാന്‍ സാധിക്കണം. നമ്മുടെ പരിഹാസം ഒരിക്കലും ഇനിയൊരാളെ കുറിച്ചാകരുത്. ഇത് എല്ലാവര്ക്കും ചെയ്യാവുന്ന എളുപ്പമുള്ള ഒരു കാര്യമാണ്. എല്ലാം കഴിഞ്ഞു രാത്രി ഉറങ്ങും മുമ്പേ മെത്തയിലിരുന്നു അന്നത്തെ ദിവസത്തെ വിശദമായൊന്നു വിലയിരുത്തുക. രാവിലെ ഉറക്കമുണര്‍ന്നത് മുതല്‍ ആ നിമിഷംവരെയുള്ളതെല്ലാം ഓര്‍ത്തു നോക്കാം... അപ്പോള്‍ മനസ്സിലാകും ചെയ്ത കാര്യങ്ങളില്‍ തൊണ്ണൂറു ശതമാനവും ശുദ്ധ വിഡ്ഢിത്തരങ്ങളായിരുന്നു എന്ന്.
1. ചെറിയൊരു സ്ഥാനമോ, ചുമതലയോ കിട്ടുമ്പോഴേക്കും താന്‍ വലിയൊരു ആളാണെന്ന് നമ്മള് അഭിമാനിക്കാന്‍ തുടങ്ങുന്നു. അങ്ങിനെ എത്ര തവണ നമ്മള് ലോകത്തേക്കാള്‍ വലുതായി? ചിന്തിച്ചു നോക്കൂ... മനസ്സിലാകും, ഓരോ തവണയും താന്‍ തന്നെ സ്വയം ഊതിവീര്‍പ്പിക്കുകയായിരുന്നു എന്ന്.
2. എനിക്കൊരിക്കലും നാശമില്ല, ഞാന്‍ ഇവിടെ നിത്യനാണ് എന്ന മട്ടില്‍ എത്ര തവണ എന്തെല്ലാം ചെയ്തു! ഒരു നാള് ഈ ജീവിതം എന്തായാലും അവസാനിക്കും എന്ന ബോധം പലപ്പോഴും നമുക്ക് ഉണ്ടാവാറില്ല.
3. നമ്മളെല്ലാം ഒന്ന് എന്ന ഭാവന കൂടാതെ എത്ര തവണ നമ്മള് ചുറ്റുമുള്ള ആളുകളെയും വസ്തുക്കളെയും ഒക്കെ നോക്കിനിന്നിട്ടുണ്ട്. നമ്മള് ഒഴിച്ചുള്ളതെല്ലാം അന്യം എന്ന തോന്നലാണ് നമ്മുടെ സ്വതവേയുള്ള ശീലം.
ഈ മൂന്നു സംഗതികള്‍ ഓര്‍മ്മ വെക്കാനായാല്‍ രാത്രി മുഴുവന്‍ നിങ്ങള്‍ക്ക് കിടന്ന് ചിരിക്കാനുള്ള വകയായി. കരയരുത്, സ്വന്തം വിവരക്കേടുകള്‍ ഓര്‍ത്തു ചിരിക്കാന്‍ കഴിയണം . അതിനു സാധിച്ചാല്‍ മനസ്സിലെ അഹിതമായ തോന്നലുകളെല്ലാം അഴുകിപ്പോകും. അഴുകിയാല്‍ വളമായി. വളമാകട്ടെ, വളര്‍ച്ചക്ക് ഏറ്റവും ആവശ്യവുമാണ്.
സ്വന്തം ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ ബോദ്ധ്യപ്പെടുക, ഈഷാംഗ എന്നതുകൊണ്ട് ലാക്ഷ്യമാക്കുന്നത് അതാണ്. ഈ മഹാപ്രപഞ്ചത്തിന്റെ തീരെ നിസ്സാരമായ ഒരംശമാണ് നിങ്ങള്‍. ഈ മഹാശൂന്യതയുടെ ഒരു ബിന്ദു. ഇതിനു മറ്റൊരു തലം കൂടിയുണ്ട്, ഞങ്ങള്‍ നിങ്ങളെ ഈശാംഗ എന്ന് വിളിക്കുമ്പോള്‍ നിങ്ങള്‍ ഈശാ ഫൌണ്ടേഷന്റെ ഒരു ഭാഗമായി തീരുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എന്റെ തന്നെ മറ്റൊരു കൈ. ഒരു ഈശാ അദ്ധ്യാപികയായി നിങ്ങള്‍ നില്ക്കുമ്പോള് സാധാരണ ഒരു വ്യക്തിയായല്ല ആളുകള്‍ നിങ്ങളെ കാണുന്നത് - സദ്ഗുരുവിന്റെ തന്നെ "ഒരാളാ"യിട്ടാണ്... സദ്ഗുരുവിന്റെ പ്രതിച്ഛായ. ഞാന്‍ ഒരിക്കലും മുഖം വീര്പ്പിക്കാറില്ല. ഞാന്‍ ആരെയും പരിഹസിക്കാറില്ല. അരുതാത്തത് പലതും പലരും എന്റെ നേരേ ചെയ്യാറുണ്ട്. അതൊന്നും കാര്യമാക്കാതെ ചിരിച്ചുകൊണ്ട് ഞാന്‍ എന്റെ ജീവിതം നയിക്കുന്നു. എന്റെ ചുറ്റുവട്ടത്തുള്ളതെല്ലാം നല്ലതുമാത്രം എന്ന് അതിനര്‍ത്ഥമില്ല. എന്റെ ഉള്ളിലുള്ളത് നല്ലത് മാത്രമാണെന്നേ അതിനര്‍ത്ഥമുള്ളൂ. ഞാന്‍ നല്ലതാണ് അതുകൊണ്ട് ഈ ലോകവും നല്ലതാണ്.
വിധി നിര്‍ണയങ്ങള്‍ വേണ്ട
ആളുകള്‍ നിങ്ങളെ കാണുന്നത് എന്റെതന്നെ ഒരു ഭാഗമായിട്ടാണ്. അതിനനുസരിച്ചു വേണം നിങ്ങള്‍ പെരുമാറാന്‍. ഏറ്റവും പ്രധാനപ്പെട്ട സംഗതി ആരെയും ഭേദ ദൃഷ്ടിയോടെ കാണരുത് എന്നതാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കരുത്. ആരെക്കുറിച്ചും നല്ലത് ചീത്ത എന്നീ വകതിരിവുകള്‍ വേണ്ട. ഇയാള്‍ കൊള്ളാം മറ്റെയാള്‍ കൊള്ളില്ല, ഈ സ്ത്രീക്ക് പണമുണ്ട് ആ സ്ത്രീ ദരിദ്രയാണ്, ഈ മാതിരി വിലയിരുത്തലുകള്‍ തീര്‍ത്തും ഉപേക്ഷിക്കണം. എല്ലാവരേയും സമദൃഷ്ടിയോടെ കാണാന്‍ പഠിക്കണം. നമ്മുടെ ചുറ്റും ആളുകള്‍ ഉള്ളപ്പോള്‍, നമ്മുടെ ജീവിതം നമ്മുടേത് മാത്രമല്ല. ആ ഓര്‍മ്മ എപ്പോഴും മനസ്സിലുണ്ടാവട്ടെ . ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കി കൊള്ളാം . അവനവനെ മാറ്റി നിര്‍ത്തി ചിന്തിക്കുവാന്‍ പഠിക്കുകയാണെങ്കില്‍, ഇഷ്ടാനിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയാണെങ്കില്‍, നിങ്ങളുടേതായ വിലയിരുത്തലുകള്‍ തീര്‍ത്തും ഉപേക്ഷിക്കുവാന്‍ കഴിയുമെങ്കില്‍, എന്റെ തന്നെ ഒരു ഭാഗമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറാണെങ്കില്‍… നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഞാന്‍ ഏറ്റെടുക്കാം.