सद्गुरु

നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ വീട്ടിന്‍റെ മേല്‍ക്കൂര വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക.

സദ്‌ഗുരു : സൂര്യനില്‍ നിന്നും നിശ്ചിത ദൂരത്തില്‍ സ്വന്തമായി ഒരു ഭ്രമണപഥമുണ്ടാക്കി ഭൂമി സൂര്യനെ വലം വയ്ക്കുകയാണ്. ആ ഭ്രമണപഥത്തില്‍ നിന്നും അകന്നുപോകാതിരിക്കുവാനായി സൂര്യന്‍ മോഹത്തോടുകൂടി വലിച്ചു പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. എന്നെങ്കിലുമൊരിക്കല്‍ സൂര്യനു ഗ്രഹങ്ങളോടുള്ള മോഹം ഇല്ലാതായാല്‍ എന്താകും? ഒന്നാലോചിച്ചു നോക്കൂ. ആഗ്രഹങ്ങളില്ലെങ്കില്‍ ഈ പ്രപഞ്ചം തന്നെയും ഇല്ലാതാകും.

പിന്നെ, എന്തിനാണു നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു വലുതായിനില്‍ക്കട്ടെ. നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ വീട്ടിന്‍റെ മേല്‍ക്കൂര വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക. അത്യാഗ്രഹിയാവുക എന്നു ഞാന്‍ പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ.

രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.

അത്യാഗ്രഹിയാവുക എന്നു ഞാന്‍ പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളു.

ഒരിക്കല്‍ ശങ്കരന്‍പിള്ള തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും ശങ്കരന്‍പിള്ള താഴെയിറങ്ങി നില്‍ക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ ശങ്കരന്‍പിള്ള കയറും. ചെറിയ സ്റ്റേഷനെന്നോ വലിയ സ്റ്റേഷനെന്നോ ഒരു വ്യത്യാസവുമില്ല. രണ്ടു മിനിട്ടു നിന്നാലും മതി, അയാള്‍ ഇറങ്ങിക്കയറുമായിരുന്നു. മുന്‍വശത്തിരുന്ന സഹയാത്രികനു സസ്പെന്‍സ് സഹിക്കാനായില്ല. അയാള്‍ ചോദിച്ചു, "നിങ്ങളെ കണ്ടാല്‍ ക്ഷീണിതനായി തോന്നുന്നുവല്ലോ. നിങ്ങളുടെ കൂടെ വന്നവരാരെങ്കിലും കാണാതെ പോയോ? അല്ല വെള്ളമോ, പുസ്തകമോ മറ്റോ വാങ്ങേണ്ടതുണ്ടോ? എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇറങ്ങുകയും കയറുകയും ചെയ്യുന്നത്?"

"അങ്ങനെയൊന്നുമല്ല. അടുത്തിടെയാണ് എനിക്കു ബൈപാസ് സര്‍ജറി നടന്നത്. ദീര്‍ഘദൂര യാത്രകള്‍ പാടില്ല എന്ന് എന്‍റെ ഡോക്ടര്‍ ഉപദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാനീ ദീര്‍ഘദൂരയാത്രയെ ഹ്രസ്വദൂരയാത്രകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്."

എല്ലാറ്റിനും വേണ്ടി ആഗ്രഹിക്കുക എന്ന് സദ്‌ഗുരു തന്നെ പറഞ്ഞു കഴിഞ്ഞല്ലോ എന്നു വിചാരിച്ച് ആ വാക്കുകളെ മാത്രം എടുത്തുകൊണ്ട് ആഗ്രഹിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഡോക്ടര്‍ പറഞ്ഞതു മനസ്സിലാക്കിയ ശങ്കരന്‍പിള്ളയെപ്പോലെ ആയിപ്പോകും.

അങ്ങനെയാണെങ്കില്‍ ഏതാണ് ആഗ്രഹം? ഏതാണ് അത്യാഗ്രഹം? ഒരാള്‍ക്ക് ആഗ്രഹം എന്നു തോന്നുന്നത് മറ്റൊരള്‍ക്ക് അത്യാഗ്രഹമാണെന്ന് തോന്നും. സ്വന്തമായി മോട്ടോര്‍സൈക്കിള്‍ വച്ചിട്ടുള്ള ഒരാള്‍ ഒരു കാറു വാങ്ങാന്‍ ആഗ്രഹിച്ചാല്‍ അത് ആഗ്രഹം മാത്രമാണ്. പക്ഷേ പ്ളാറ്റ് ഫോറത്തില്‍ കിടക്കുന്ന ഒരാള്‍ കാറുവാങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാണെന്ന് നിര്‍വചിക്കാനേ സാധിക്കൂ. താരതമ്യപ്പെടുത്തി ദീര്‍ഘശ്വാസം വിടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ പ്രശ്നം തീരുകയേയില്ല.

മുത്തശ്ശിമാര്‍ കഥ പറഞ്ഞുതരുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ രാജകുമാരന്‍ തന്നെ എതിര്‍ക്കുന്നവരെ ശക്തിയായി നേരിട്ടു ജയിച്ച് ഏഴു സാഗരങ്ങളും, ഏഴു പര്‍വ്വതങ്ങളും കടന്നു പിന്നെയും പല സാഹസിക പ്രവൃത്തികളും ചെയ്തു സുന്ദരിയായ രാജകുമാരിയെ തുറുങ്കില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരും. പിന്നീട് അവര്‍ സുഖമായി ജീവിച്ചു,"എന്നു മുത്തശ്ശി കഥ ഉപസംഹരിക്കും. സന്തോഷമായിട്ടു ജീവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ കാര്യങ്ങളൊക്കെ ​അവസാനിച്ചുവല്ലോ, പിന്നെ പോരാടേണ്ട കാര്യമില്ലല്ലോ.

എന്നാല്‍ എന്താണു സന്തോഷം?

വിവാഹം കഴിഞ്ഞാല്‍ സന്തോഷമായി എന്നു നിങ്ങള്‍ കരുതിയിരുന്നു. പിന്നെയോ കുഞ്ഞുങ്ങള്‍ ഉണ്ടായാലേ ജീവിതം പൂര്‍ണ്ണതയിലെത്തുകയുള്ളൂ, അതാണ് സന്തോഷം എന്നു നിങ്ങള്‍ വിചാരിച്ചു. എന്നാല്‍ ഇന്നോ, "ഇന്ന് എന്‍റെ മനസ്സിന്‍റെ സ്വസ്ഥത നശിക്കാന്‍ കാരണം കുഞ്ഞുങ്ങളാണ്" എന്നു മനസ്സു നൊന്തു വിലപിക്കുന്നു.

ഒരു കോടി രൂപ കിട്ടിയാല്‍ സന്തോഷം എന്നു നിങ്ങള്‍ പറയുന്നു. കിട്ടി എന്നു സങ്കല്‍പ്പിക്കുക. എന്നാല്‍ ആ ഒരു കോടി രൂപ കൊണ്ടു ജീവിതം സുഖമായി ജീവിക്കാന്‍ സമയമില്ലാതെ റൊട്ടിക്കഷണങ്ങള്‍ കടിച്ചു തിന്നുകൊണ്ട് അടുത്ത ബിസ്സിനസ്സിന്‍റെ വിജയത്തിനായി ടെന്‍ഷനോടുകൂടി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കാറില്‍ യാത്ര ചെയ്യുന്നു.

മന്ത്രി പദവി ലഭിച്ചാല്‍ സന്തോഷം എന്നു നിങ്ങള്‍ പറയുന്നു. ലഭിച്ച ശേഷമോ? എപ്പോഴാണ് പദവി നഷ്ടപ്പെടുക, എപ്പോഴാണ് പോലീസ് വാറണ്ടോടുകൂടി വന്നു വാതിലില്‍ മുട്ടുക, എപ്പോഴാണ് ശത്രുവിന്‍റെ കൈയ്യിലെ അരിവാള്‍ വീശപ്പെടുക, എന്നു ഭയന്ന് ജീവന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടു നിങ്ങള്‍ നടക്കുന്നു.

ഇങ്ങനെ തന്നെയാണ് ശങ്കരന്‍പിള്ളയും ഒരു പ്രാവശ്യം കുരുക്കിലകപ്പെട്ടത്.

"ധാരാളം സൗകര്യങ്ങള്‍ ലഭിക്കും എന്നു പറയപ്പെടുന്നു" എന്നു വിശ്വസിച്ചാണ് ശങ്കരന്‍പിള്ള പട്ടാളത്തില്‍ ചേര്‍ന്നത്. അബദ്ധവശാല്‍ ചെറുതായ അളവിലുള്ള, അയാളുടെ കാലിനു പാകമാകാത്ത രണ്ടു ബൂട്സുകള്‍ അയാള്‍ക്കു ലഭിച്ചു. ദിവസേന ആ ബൂട്സുകളില്‍ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ വിരലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂടിചേര്‍ന്നിരിക്കും. ദിവസം മുഴുവന്‍ ആ ചെറിയ ബൂട്സുകള്‍ ഉപയോഗിക്കുമ്പോള്‍ അയാളുടെ വിരലുകള്‍ വല്ലാതെ വേദനിക്കും. വേദന വരുമ്പോള്‍ ശങ്കരന്‍പിള്ള മറ്റുള്ളവരെ ശപിച്ചുകൊണ്ടിരിക്കും.

"മേലധികാരികളോടു കാര്യം പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ കാലുകളുടെ അളവനുസരിച്ചുള്ള ബൂട്സ് തരുമല്ലോ സ്നേഹിതാ, എന്തിനാണു നിങ്ങളിങ്ങനെ വിഷമിക്കുന്നത്?" എന്നു സഹപ്രവര്‍ത്തകര്‍ ചോദിച്ചു. ശങ്കരന്‍പിള്ള ദേഷ്യത്തിലാണു മറുപടി പറഞ്ഞത്. "നീ തന്നെ കാണുന്നില്ലേ, ദിവസേന എന്തെല്ലാം കടുത്ത പരിശീലനങ്ങള്‍! എല്ലുകളൊക്കെ നുറുങ്ങിപ്പോകുന്നത്രയ്ക്കു ജോലികള്‍! ഏതില്‍ നിന്നെങ്കിലും സന്തോഷം കിട്ടുന്നുണ്ടോ? രാത്രി ഈ ബൂട്സുകള്‍ അഴിച്ചുകളയുമ്പോള്‍, ഹാ എത്ര സന്തോഷമാണ് ലഭിക്കുന്നത് എന്നറിയാമോ? പട്ടാളത്തില്‍ ചേര്‍ന്നതിനുശേഷം എനിക്കു കിട്ടുന്ന ഈ ഒരേ ഒരു സന്തോഷത്തെയും നഷ്ടപ്പെടുത്തണമെന്നാണോ നീ പറയുന്നത്?"

ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ടു പറയു, ശങ്കരന്‍പിള്ളയെപ്പോലെ സന്തോഷത്തെ പണയം വച്ചുകൊണ്ട് 'എപ്പോഴാണു ബൂട്സ് ഊരിക്കളയാന്‍ പറ്റുക' എന്നു നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? സന്തോഷമായിട്ടു ജീവിക്കണം എന്നതാണല്ലോ എല്ലാവരുടെയും ആഗ്രഹം. നിങ്ങള്‍ ചെയ്യുന്നതെന്തായാലും അതു നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണ്. പത്രവൃത്താന്തങ്ങള്‍ വായിക്കുമ്പോള്‍ കൊലപാതകം, കൊള്ള, ബലാല്‍സംഗം എന്നിവയൊക്കെ ആണല്ലോ കൂടുതലായിട്ടു കാണപ്പെടുന്നത്, അതെന്തുകൊണ്ടാണ്?

സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്നവര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ഒരു ബസ്സിലെ പോക്കറ്റടിക്കാരന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും എല്ലാം ഈ കാലഘട്ടത്തിന്‍റെ വൃത്തികേടുകളാണ്

രാജ്യം മുഴുവന്‍ പല നല്ല കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടുതന്നെയിരിക്കുകയാണ്. പക്ഷേ അവയ്ക്കു പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ആരും ശ്രദ്ധിക്കുന്നില്ല. സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്നവര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ഒരു ബസ്സിലെ പോക്കറ്റടിക്കാരന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും എല്ലാം ഈ കാലഘട്ടത്തിന്‍റെ വൃത്തികേടുകളാണ്. ചരിത്ര പുസ്തകങ്ങള്‍പോലും യുദ്ധങ്ങളെപ്പറ്റിയും ഹിറ്റ്ലര്‍ പോലുള്ളവരെപ്പറ്റിയും പറയുന്ന അത്രയ്ക്ക് ബുദ്ധനെപ്പറ്റിയും മഹാവീരനെപ്പറ്റിയും പറയുന്നില്ല. മറക്കപ്പെടേണ്ട വ്യക്തികളെപ്പറ്റി സമൂഹം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട വ്യക്തിങ്ങളെപ്പറ്റി ആരും വേവലാതിപ്പെടുന്നില്ല. ഇത്തരം തെറ്റായ സമീപനങ്ങളെ നമ്മള്‍ മാറ്റേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ സമൂഹം മേന്മയുള്ളതാകൂ.

https://upload.wikimedia.org/wikipedia/commons/5/5d/Kalpataru,_Kinnara-Kinnari,_Apsara-Devata,_Pawon_Temple.jpg