യോഗയും ധ്യാനവും എന്തിനു വേണ്ടിയാണ് ?
എല്ലാ ഐശ്വര്യങ്ങളും തികഞ്ഞ ജീവിതം നയിക്കുമ്പോഴും എന്തോ ഒരു നഷ്ടബോധം മനുഷ്യനനുഭവപ്പെടുന്നു. എവിടെയൊക്കെയോ എന്തിന്റെയൊക്കെയോ കുറവുള്ളത് പോലെയുള്ള തോന്നല്‍, വിലമാതിക്കാനാവാത്തതെന്തോ കൈമോശം വന്നതു പോലെയുള്ള ഒരു വിമ്മിഷ്ടം.
 
 

सद्गुरु

ഓരോരുത്തരുടേയും മാനസികാവസ്ഥയെ പൂര്‍ണമായും അഭിജ്ഞമാക്കാനുതകുന്ന പരിശീലനങ്ങളാണ്  യോഗയും, ധ്യാനവും.

 

ഒരിക്കല്‍ ഒരു സന്യാസി ഗ്രാമാതിര്‍ത്തിയിലെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കുകയായിരുന്നു. നേരം പരപരാ വെളുക്കുന്നതേയുള്ളു, ഒരു ഗ്രാമവാസി ഓടിപ്പാഞ്ഞു സന്യാസിയെ കാണാനെത്തി. വലിയഭക്തനാണ്, കണ്ടാല്‍ തന്നെയറിയാം. കയറിച്ചെന്ന ഉടന്‍ തന്നെ അയാള്‍ സന്യാസിയുടെ കാല്‍ക്കല്‍ നമസ്കരിച്ച്, “എവിടെ ആ വജ്രം?” എന്നു വിനയപൂര്‍വ്വം ചോദിച്ചു.

അയാളെ സൂക്ഷിച്ചു നോക്കിയ സന്യാസി, “ഏതു വജ്രത്തെപ്പറ്റിയാണു നിങ്ങള്‍ പറയുന്നത്‌?” എന്നാരാഞ്ഞു.

“ഇന്നലെ എന്‍റെ സ്വപ്‌നത്തില്‍ സാക്ഷാല്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട്‌ ഗ്രാമാതിര്‍ത്തിയില്‍ താമസിക്കുന്ന സന്യാസിയെ കണ്ട്‌ വജ്രം ആവശ്യപ്പെടണമെന്നും, അദ്ദേഹം ഒരു വലിയ വജ്രം തരുമെന്നും, അതു വാങ്ങി ജീവിതം സമ്പൂര്‍ണ്ണമാക്കിക്കൊള്ളണമെന്നും പറഞ്ഞു. ആ വജ്രത്തെപ്പറ്റിയാണ് ഞാന്‍ ചോദിക്കുന്നത്‌. എവിടെയാണത്‌?” എന്നയാള്‍ ചോദിച്ചു.

പുഞ്ചിരിച്ചുകൊണ്ട്‌ സന്യാസി, “നിങ്ങള്‍ ഈ വജ്രമാണോ ചോദിക്കുന്നത്‌?” എന്നു ചോദിച്ചുകൊണ്ട്‌ തന്‍റെ അരികിലുണ്ടായിരുന്ന ഒരു സഞ്ചിയില്‍ നിന്നും വലിയ ഒരു വജ്രക്കല്ലെടുത്ത്‌ ഗ്രാമവാസിക്കു നല്‍കി.

വിറയ്ക്കുന്ന കരങ്ങളോടെ ഗ്രാമവാസി ആ വജ്രം വാങ്ങി. അയാളുടെ മനസ്സില്‍ ആഹ്ലാദത്തിന്‍റെ തിരമാലകള്‍ അലയടിച്ചുയര്‍ന്നു.

വളരെ അപൂര്‍വവും ലോകത്തില്‍ ലഭ്യമാകുന്ന വജ്രങ്ങളില്‍ വച്ച്‌ ഏറ്റവും വലുതിലൊന്നുമായിരുന്നു അത്. വിറയ്ക്കുന്ന കരങ്ങളോടെ ഗ്രാമവാസി ആ വജ്രം വാങ്ങി. അയാളുടെ മനസ്സില്‍ ആഹ്ലാദത്തിന്‍റെ തിരമാലകള്‍ അലയടിച്ചുയര്‍ന്നു. സന്യാസിയുടെ കാലില്‍ തൊട്ടു വന്ദിച്ചുകൊണ്ട് നമ്രശിരസ്കരനായി, ഭാവിയെക്കുറിച്ചുള്ള പുതിയതായി മെനഞ്ഞെടുത്ത സ്വപ്‌നങ്ങളോടും സങ്കല്‍പങ്ങളോടുംകൂടി അയാള്‍ സ്വന്തം ഭവനത്തില്‍ എത്തിച്ചേര്‍ന്നു. ഉള്ളില്‍ ഒരുതരം ആശങ്ക ഉണ്ടുതാനും. ഭാര്യയോടുപോലും അതിനെപ്പറ്റി ഒന്നും പറയാതെ വജ്രം എവിടെ ഭദ്രമായി സൂക്ഷിയ്ക്കും എന്നു ചിന്തിച്ചു ചിന്തിച്ച്‌, അവസാനം സ്വന്തം തലയണയുടെ അടിയില്‍ത്തന്നെ അയാളത്‌ ഒളിപ്പിച്ചുവച്ചു.

പരമശിവന്റെ അനുഗ്രഹത്താല്‍ കിട്ടിയതല്ലേ? ഏതുവിധേനയും വിലമതിക്കാനാകാത്തത്.

പക്ഷെ, തലയണയുടെ കീഴില്‍ ഒരു അമൂല്യ രത്‌നം സൂക്ഷിച്ചുകൊണ്ട്‌ ഒരാള്‍ക്ക്‌ എങ്ങനെ ഉറങ്ങാന്‍ സാധിക്കും? അയാള്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്നു. ഈ വജ്രത്തിന്‍റെ മൂല്യം കാരണം സ്വന്തം ഭാവി ശോഭനമാകാന്‍ പോകുന്നതിനെക്കുറിച്ചു ചിന്തിച്ച്‌ സന്തോഷിക്കണോ അതോ, ഈ വജ്രം ആരും മോഷ്‌ടിച്ചു കൊണ്ടു പോകാതെ സൂക്ഷിക്കേണ്ട ചുമതലയെക്കുറിച്ചോര്‍ത്തു ആശങ്കപ്പെടണോ, ചിന്താക്കുഴപ്പം കാരണം അയാള്‍ക്ക്‌ ഉറങ്ങാന്‍ സാധിച്ചതേയില്ല. അങ്ങനെ ചിന്താധീനനായി കിടന്നപ്പോള്‍ പെട്ടെന്ന്‍ അയാളുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി'

“ഞാന്‍ ആവശ്യപ്പെട്ട ഉടന്‍തന്നെ ഈ വജ്രമെടുത്ത്‌ ആ സന്യാസി സമ്മാനിച്ചുവല്ലോ. അതെന്തുകൊണ്ടാണ്? എന്താണ്‌, ഏതാണ്‌ എന്നൊന്നും അന്വേഷിക്കാതെ, ഞാന്‍ കണ്ട സ്വപ്‌നത്തേയും എന്‍റെ വാക്കുകളേയും വിശ്വസിച്ച്‌, ഒട്ടും സങ്കോചമില്ലാതെ എനിക്കതു തന്നുവല്ലോ. ഇത്രത്തോളം മഹാമനസ്‌കതയുള്ള അദ്ദേഹത്തിന്‍റെ പക്കല്‍ ഈ വജ്രത്തെക്കാളും വിലയേറിയ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കണം. അതെന്തായിരിക്കും?” അയാള്‍ യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ തുടങ്ങി.

അടുത്ത ദിവസം ഉണര്‍ന്ന പാടേ അയാള്‍ വീണ്ടും സന്യാസിയെ സന്ദര്‍ശിച്ച്‌, “ഞാന്‍ ആവശ്യപ്പെട്ട ക്ഷണം തന്നെ എനിക്ക് താങ്കള്‍ ആ വജ്രക്കല്ലു സമ്മാനിച്ചുവല്ലോ. അങ്ങനെയാണെങ്കില്‍ അതിനേക്കാളും വിലമതിപ്പുള്ളതെന്തോ ഒന്ന്‍ താങ്കളുടെ പക്കല്‍ ഉണ്ടെന്ന്‍ ഞാന്‍ അനുമാനിക്കുന്നു. അതെന്താണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്‌. അങ്ങേയ്ക്ക് വൈമനസ്യമില്ലെങ്കില്‍ അതെന്താണെന്നു പറഞ്ഞു തരാമോ?” എന്നു ചോദിച്ചു.

അയാളെ നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ച്‌, “അല്‍പസമയം എന്‍റെയൊപ്പം ഇരിക്കു. ഞാന്‍ പറയാം” എന്നു പറഞ്ഞുകൊണ്ട്‌ സന്യാസി ഓരോരുത്തരുടേയും മാനസികാവസ്ഥയെ പൂര്‍ണമായും അഭിജ്ഞമാക്കാനുതകുന്ന ചില പരിശീലനങ്ങള്‍ പഠിപ്പിച്ചു കൊടുത്തു. ആ പരിശീലനമാണ്‌ യോഗയും, ധ്യാനവും!

ഈ ലൌകീക ജീവിതത്തില്‍ ധനം, പ്രശസ്‌തി, സ്വാധീനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നാം നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു. ഈ ഓട്ടത്തിന്‍റെ ഫലമെന്താണ്‌?

ഇപ്പോള്‍ നമ്മളില്‍ പലരും ആ ഗ്രാമവാസിയുടെ അവസ്ഥയിലാണുള്ളത്‌. ഈ ലൌകീക ജീവിതത്തില്‍ ധനം, പ്രശസ്‌തി, സ്വാധീനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നാം നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു. ഈ ഓട്ടത്തിന്‍റെ ഫലമെന്താണ്‌? ധാരാളം ധനം കൈവശമുണ്ടെങ്കിലും മനസ്സമാധാനമില്ല. ധനവും സമ്പത്തും നമ്മെ സന്തോഷത്ത്തിലേയ്ക്കും, അതുവഴി സംതൃപ്‌തിയിലേയ്ക്കും നയിക്കും എന്ന സങ്കല്പത്തിലാണ് നമ്മളിതെല്ലാം കുമിച്ചുകൂട്ടുന്നത്. പക്ഷേ ഫലത്തില്‍ നിരാശയാണുണ്ടാകുന്നത്‌. പലതരത്തിലുള്ള സുഖസൌകര്യങ്ങള്‍ ഉണ്ടായാല്‍പ്പോലും എന്തോ ഒരു നഷ്ടബോധം നമുക്കനുഭവപ്പെടുന്നു. എവിടെയോ ഒരു കുറവുള്ളതായി തോന്നുന്നു. പരിപൂര്‍ണ സംതൃപ്‌തി അനുഭവിക്കാന്‍ സമ്മതിക്കാതെ ജീവിതത്തില്‍ എന്തോ ഒന്ന് തടസ്സം നില്‍ക്കുന്നതുപോലെ.

അതെന്താണ്‌?

തൃപ്തിയില്ലായ്മ? നഷ്‌ടബോധം? മാനസികസമ്മര്‍ദ്ദം?

ശാരീരികവും മാനസികവുമായ ഉന്മേഷം അനുഭവവേദ്യമാകാതെ തടയുന്ന ഈ മാനസികാവസ്ഥയെ മാറ്റുന്നത്‌ എങ്ങനെ? പരന്നു കിടക്കുന്ന ആകാശത്തില്‍ ശുദ്ധവായുവില്‍ പറന്നു പറന്നു പോകുന്ന ഒരു തൂവലിന്‍റെ ഘനം മാത്രമുള്ള അവസ്ഥ ലഭിക്കണമെങ്കില്‍ എന്തു ചെയ്യണം? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തന്ന്‍ സഹായിക്കുന്നതാണ്‌ യോഗയും ധ്യാനവും!

******************************************************************************************************

വായനക്കാരുടെ താത്പര്യപ്രകാരം ബുധനാഴ്ച തോറും 'ധ്യാനലിംഗം' എന്ന പുതിയ പംക്തിക്കു തുടക്കം കുറിക്കുന്നു. ആനന്ദലഹരി എന്ന ഈ ബ്ലോഗ്‌ വിജയകരമായി മുന്നിലോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഞങ്ങളുടെ എല്ലാ വായനക്കാര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട്...

*****************************************************************************************************

[photocredithttps://en.wikipedia.org/wiki/Surya_Namaskara#/media/File:A_yoga_namaste_Hindu_culture_religion_rites_rituals_sights.jpg[/photocredit]

 
 
  0 Comments
 
 
Login / to join the conversation1