യോഗയ്ക്കും ധ്യാനത്തിനുമൊക്കെ എവിടെ സമയം?

ഞാന്‍ ദിവസവും പുലര്‍ച്ചെ ആറുമണിക്ക്‌ ഉണര്‍ന്ന്‍, തിരക്കിട്ട്‌ പാചകം പുര്‍ത്തിയാക്കി, കുട്ടികളെ ഒരുക്കി, 8.30ന്‌ ഓഫീസിലേക്ക്‌ പുറപ്പെടും. വൈകുന്നേരം 6.30ന്‌ മടങ്ങിയെത്തിയാല്‍ വീട്ടുകാര്യങ്ങളൊക്കെ നോക്കണം. ഇതിനിടയ്ക്ക് യോഗയ്ക്കും ധ്യാനത്തിനും ഒക്കെ എവിടെ സമയം?
 

सद्गुरु

ഭക്ഷണം കഴിക്കാന്‍ സമയമുണ്ട്‌, ജോലി ചെയ്യാന്‍ സമയമുണ്ട്‌, ഏഷണി പറയാന്‍ സമയമുണ്ട്‌, ടി വി കാണാന്‍ സമയമുണ്ട്, പ്രാധാന്യമര്‍ഹിക്കുന്നതും, പ്രാധാന്യമാര്‍ഹിക്കാത്തതും ആയ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയമുണ്ട്‌, സ്വയം ശ്രദ്ധിക്കാന്‍മാത്രം സമയമില്ല!

രാവിലെ തിരക്കോടു തിരക്ക്. വൈകുന്നേരം മടങ്ങിയെത്തി കുട്ടികളെ മേക്കഴുകിച്ചിട്ട്‌ ഞാനും മേക്കഴുകും. തുടര്‍ന്ന്‍ പ്രാര്‍ത്ഥനയും പാചകവും കഴിഞ്ഞ്‌ ഗൃഹപാഠംചെയ്യാന്‍ കുട്ടികളെ സഹായിക്കും. തിരക്കുപിടിച്ച ഈ ദൈനംദിനപരിപാടികള്‍ക്കിടയില്‍ എങ്ങിനെയാണ്‌ യോഗചെയ്യാനുള്ള സമയം കണ്ടെത്തുക?

സദ്‌ഗുരു: അപ്പോള്‍, നിങ്ങള്‍ പുലര്‍ച്ചക്ക്‌ ആറു മണിക്കാണ്‌ ഉണരുന്നത്‌ അല്ലെ? ഉറങ്ങാന്‍പോകുന്നത്‌ എപ്പോഴാണെങ്കിലും ശരി, നിങ്ങള്‍ ഉണരുന്നത്‌ വൈകിയാണെന്ന്‍ സാരം. തിരക്കുപിടിച്ച ദിവസങ്ങളാണത്രെ! പിന്നെ യോഗസാധനക്ക്‌ സമയം എവിടെയാണുപോലും!

ഭക്ഷണം കഴിക്കാന്‍ സമയമുണ്ട്‌, ജോലി ചെയ്യാന്‍ സമയമുണ്ട്‌, ഏഷണി പറയാന്‍ സമയമുണ്ട്‌, ടി വി കാണാന്‍ സമയമുണ്ട്, പ്രാധാന്യമര്‍ഹിക്കുന്നതും, പ്രാധാന്യമാര്‍ഹിക്കാത്തതും ആയ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയമുണ്ട്‌, സ്വയം ശ്രദ്ധിക്കാന്‍മാത്രം സമയമില്ല എന്നാണ് നിങ്ങളെന്നോടു പറഞ്ഞതിന്‍റെ പൊരുള്‍. നിങ്ങള്‍ സദാ രക്തസാക്ഷിയെപ്പോലെ വര്‍ത്തിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്‌ ഈ മനോഭാവം വിവക്ഷിക്കുന്നത്‌ – “എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് സമയമില്ല. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി എന്നെത്തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണ്,” ഇതല്ലേ നിങ്ങള്‍ പറഞ്ഞതിന്റെ ധ്വനി?

പ്രശ്നങ്ങള്‍, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍, വികാരവൈരുദ്ധ്യങ്ങള്‍, ഇവയെല്ലാമല്ലേ കുടുംബത്തിനു നിങ്ങള്‍ മുറതെറ്റാതെ പകര്‍ന്നുകൊടുക്കുന്നത്?

എന്താണ്‌ നിങ്ങള്‍ വാസ്തവത്തില്‍ കൂടെയുള്ളവര്‍ക്ക് നല്‍കുന്നത്‌? പ്രശ്നങ്ങള്‍, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍, വികാരവൈരുദ്ധ്യങ്ങള്‍, ഇവയെല്ലാമല്ലേ കുടുംബത്തിനു നിങ്ങള്‍ മുറതെറ്റാതെ പകര്‍ന്നുകൊടുക്കുന്നത്? നിങ്ങള്‍ കുട്ടികളെക്കുറിച്ച്‌ ശരിക്കും സ്നേഹമുള്ള വ്യക്തിയാണെങ്കില്‍, അവര്‍ക്ക്‌ വിലപിടിപ്പുള്ള വസ്‌ത്രങ്ങളോ, വീഡിയോ ഗെയിമുകളോ വേറെ ഇലക്ട്രോണിക് സാമഗ്രികളോ വാങ്ങിക്കൊടുക്കുകയല്ല, മറിച്ച്‌ അവരുടെ വളര്‍ച്ചക്കുതകുംവിധം ആനന്ദവും സ്‌നേഹവും നിറഞ്ഞ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി, നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കഥയില്ലാത്ത വസ്തുക്കളേക്കാള്‍ പ്രധാനം, സ്‌നേഹവും ആനന്ദവും അവരെ വലയം ചെയ്തു നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ ഓരോ ദിവസവും, ഓരോ നിമിഷവും അവര്‍ക്കു ചുറ്റും ഒരുക്കുക എന്നുള്ളതാണ്‌.

ജീവിതത്തില്‍ എന്തിനാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌? സ്വന്തം ജോലിയേയും, കുട്ടികളേയുമൊക്കെ നന്നായി പാലിച്ചുകൊണ്ടു പോകാന്‍ കഴിയുന്നുവെങ്കില്‍, അതൊക്കെ ചെയ്‌തു കൊള്ളു. അതല്ല, നിങ്ങളെക്കൊണ്ടതിനു കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്കാവുന്നത്‌ ചെയ്യു. ഓരോ വ്യക്തിക്കും അവനവനെക്കൊണ്ടാകുന്നതേ ചെയ്യാനാവുകയുള്ളു. തനിക്ക്‌ എത്രത്തോളം ചെയ്യാനാവും എന്നത്‌ അവനവന്‍ സ്വയം തീരുമാനിക്കണം. ആറുമണിക്ക് ഉണര്‍ന്ന്‍ ഇക്കാര്യങ്ങളെല്ലാം ആഹ്‌ളാദത്തോടെ ചെയ്യാന്‍ കഴിയുന്നുണ്ടാകും ചിലയാളുകള്‍ക്ക്‌, മറ്റു ചിലര്‍ക്ക്‌ അതിനു കഴിയുന്നുണ്ടാവില്ല. അവര്‍ അതിനനുസരിച്ച്‌ സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തണം, അത്രതന്നെ.

വാസ്‌തവത്തില്‍, നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു ജീവിതത്തില്‍ വന്നുപെട്ടത്‌, നിങ്ങള്‍ ഇങ്ങനെയൊക്കെ ആകണം എന്ന് മനസ്സുകൊണ്ടാഗ്രഹിച്ചിട്ടൊന്നും അല്ല. വേറെ ആരേയോ പോലെയാവാന്‍ ശ്രമിക്കുകയാണു നിങ്ങള്‍. മറ്റുള്ളവര്‍ ചെയ്യുന്നത് പോലെയൊക്കെ നിങ്ങളും ചെയ്യുന്നു, മറ്റുള്ളവര്‍ക്കെന്തൊക്കെയുണ്ടോ, മറ്റുള്ളവര്‍ വിശിഷ്ടമായി കാണുന്നതെന്തൊക്കെയോ, അതൊക്കെ നിങ്ങള്‍ക്കും ഉണ്ടായിരിക്കണം എന്നു നിങ്ങളാശിക്കുന്നു. വിവാഹം, ജോലി, കുഞ്ഞുങ്ങള്‍...  അതൊക്കെ ശരിക്കും നിങ്ങള്‍ക്ക് വേണ്ടതാണോ അല്ലയോ, നിങ്ങളുടെ നന്മയ്ക്കുതകുന്നതാണോ അല്ലയോ എന്ന്‍ നിങ്ങള്‍ക്കറിയില്ലതാനും. നിങ്ങളുടെ പ്രശ്‌നം മുഴുവന്‍ അതാണ്‌.

ഈ കര്‍മങ്ങളെല്ലാം മുറപോലെ അനുഷ്‌ടിച്ചിട്ട്‌ എന്താണ്‌ കിട്ടിയത്‌? കുട്ടികളെ, ഭര്‍ത്താവിനെ/ഭാര്യയെ അല്ലെങ്കില്‍ വേറെ എന്തെങ്കിലുമൊക്കെ, പക്ഷെ അത്‌ ഇപ്പോള്‍ നിങ്ങള്‍ക്ക്‌ രസം പകരുന്നേയില്ല. പിന്നെ ഇതിന്‍റെയൊക്കെ ആവശ്യമെന്ത്‌? ആനന്ദത്തിന്‍റെ സ്രോതസ്സാണെന്നു കരുതിയാണല്ലോ ഇക്കാര്യങ്ങളെല്ലാം പ്രാപ്യമാക്കിയത്. പക്ഷെ, ഇപ്പോള്‍ അവതന്നെ നിങ്ങളുടെ ആശങ്കയ്ക്കും വൈഷമ്യത്തിനും കാരണമായി മാറിയിരിക്കുന്നു. അപ്പോള്‍ ജീവിതത്തിന്‍റെ അടിസ്ഥാനഘടകങ്ങളെ ഒന്നുകൂടി നിരീക്ഷിക്കുന്നത്‌ നന്നായിരിക്കും, അല്ലെ?

പിറകിലോട്ടൊന്നു പോയി നോക്കു. പഠിച്ചുദ്യോഗം നേടി, വിവാഹിതയായി, സന്തതികളെ ഉല്‍പ്പാദിപ്പിച്ചു, ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നു?

പിറകിലോട്ടൊന്നു പോയി നോക്കു. പഠിച്ചുദ്യോഗം നേടി, വിവാഹിതയായി, സന്തതികളെ ഉല്‍പ്പാദിപ്പിച്ചു, ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നു? ഇതെല്ലാം നിങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും നിമിത്തമാവാന്‍ പോവുകയാണെന്ന്‍ നിങ്ങള്‍ വിചാരിച്ചു, പക്ഷെ, ഇപ്പോള്‍ അതൊക്കെ നിങ്ങളുടെ ജീവിതത്തെ കാര്‍ന്നെടുക്കുകയാണുതാനും. അങ്ങിനെയാണെങ്കില്‍, അക്കാര്യത്തെക്കുറിച്ചൊരു സൂക്ഷ്‌മ വിചിന്തനം നടത്തേണ്ടതല്ലേ? ഈ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ പ്രാപ്‌തയല്ലെങ്കില്‍, ഇതെല്ലാം ഒന്നൊന്നായി കൈവിടേണ്ടിവന്നേക്കാം.

എന്നാല്‍ സ്വന്തം കഴിവുകളെ മെച്ചപ്പെടുത്താനാവുമെങ്കില്‍, നിങ്ങള്‍ക്കിക്കാര്യങ്ങളൊക്കെ ഫലവത്തായി ചെയ്യാനാവും. അതിനാണ് യോഗ.

ദിവസവും ഒരു 30 മിനിട്ടെങ്കിലും യോഗസാധനയ്ക്കുവേണ്ടി വിനിയോഗിച്ചാല്‍പോലും നിങ്ങള്‍ക്കു കൈവരുന്ന നേട്ടം അളവറ്റതായിരിക്കും; സമയത്തിന്‍റെ കാര്യം പരിഗണിച്ചാല്‍തന്നെ. ഉറക്കത്തിന്‍റെ ദൈര്‍ഘ്യം കുറയുമെന്നതാണ്‌ ആദ്യം സംഭവിക്കാന്‍ പോവുന്ന സംഗതി. ഇപ്പോള്‍ എന്നും 8 മണിക്കൂര്‍ ഉറങ്ങുന്നുണ്ടെങ്കില്‍, സ്വന്തം ജീവിതത്തിന്‍റെ മൂന്നിലൊന്നു സമയം ഉറങ്ങിക്കളയുകയാണെന്നു സാരം. ശരീരവും മനസ്സും കൂടുതല്‍ ഊര്‍ജം കൈവരിക്കുകയും സക്രിയമാകുകയും ചെയ്യുന്നതോടെ, ഉറക്കത്തിന്‍റെ ദൈര്‍ഘ്യം സ്വയമേവ കുറയും. ദിവസവും മൂന്നു മണിക്കൂര്‍വീതം ഉണര്‍വ്വോടെ കിട്ടുക വലിയ കാര്യമാണ്‌ അല്ലെ?

മാത്രമല്ല, ശരീരവും മനസ്സും കൂടുതല്‍ സുസജ്ജമാവുമ്പോള്‍ ആളുകളില്‍ ഞാന്‍ കണ്ടിട്ടുള്ള മാറ്റം, നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതത്തില്‍ കാണാനാവും. അതായത്, എട്ടു മണിക്കൂര്‍ കൊണ്ടുചെയ്‌തുപോന്ന കാര്യങ്ങള്‍ മൂന്നു മണിക്കൂര്‍കൊണ്ട് അനായാസം ചെയ്യാനാവുന്നവിധം കര്‍മശേഷിയുടെ വിതാനം ധാരാളം ആളുകളില്‍ വെറും എട്ട്‌ ആഴ്‌ചകള്‍ അനുവര്‍ത്തിച്ച യോഗ എന്ന പ്രക്രിയയിലുടെ ഉയര്‍ന്നു എന്നത്‌.

ഒരു പകല്‍ മുഴുവന്‍ നിങ്ങള്‍ സ്വയം നിരീക്ഷിക്കുകയാണെങ്കില്‍, അതായത്, നിങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടേയും ചിത്രം നിങ്ങളറിയാതെ വീഡിയോവില്‍ പകര്‍ത്തുകയാണെന്നു വയ്‌ക്കുക, എത്രയെത്ര അനാവശ്യ ചലനങ്ങളും, അനാവശ്യ വാക്കുകളും, അനാവശ്യ കര്‍മങ്ങളുമാണ്‌ ജീവിതത്തില്‍ ഉണ്ടാകുന്നതെന്ന്‍ നിങ്ങള്‍ക്കു ബോധ്യപ്പെടും. ഒരു ദിവസം അങ്ങനെ ചെയ്യുകതന്നെ വേണം – ഒരു വീഡിയോക്കാരനെ വാടകക്കെടുത്തിട്ട്‌ നിങ്ങളെ രഹസ്യമായി ചിത്രീകരിക്കാന്‍ ശട്ടം കെട്ടുക. ഓരോ ദിവസവും അനാവശ്യമായ എന്തെല്ലാം പ്രവൃത്തികളാണ്‌ നിങ്ങള്‍ ചെയ്യുന്നതെന്നും പറയുന്നതെന്നും അപ്പോള്‍ മനസ്സിലാകും.

മനസ്സ്‌ സുസജ്ജമായി മാറിയാല്‍, ഈ അനാവശ്യ സംഭാഷണങ്ങളും അനാവശ്യ കര്‍മങ്ങളുമൊക്കെ അപ്രത്യക്ഷമാകും. ഒരിക്കല്‍ അവ പോയിക്കിട്ടിക്കഴിഞ്ഞാല്‍ സമയം ആവശ്യത്തിലധികമാകും. നിങ്ങള്‍ക്കു ജീവിക്കാന്‍ നിങ്ങളുടെ കൈവശം ഇരുപത്തിനാലു മണിക്കൂറുണ്ട്‌. അതിനെ മുപ്പതു മണിക്കൂറായി മാറ്റേണ്ട ആവശ്യമില്ല, പത്ത് പന്ത്രണ്ടു മണിക്കൂറു തന്നെ ധാരാളം. മനസ്സിരുത്തി ചെയ്യുകയാണെങ്കില്‍ ഈ നേരംകൊണ്ട് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവും; നിങ്ങള്‍ സുസജ്ജരും ഏകാഗ്രചിത്തരുമാണെങ്കില്‍ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാവും. സുസജ്ജരും ഏകാഗ്രചിത്തരുമല്ലെങ്കിലോ, സമയമേയില്ല എന്നാവും നിങ്ങള്‍ കരുതുക. നിങ്ങളില്‍പലരും യഥാര്‍ത്ഥത്തില്‍ തിരക്കുള്ളവരല്ല, ആവശ്യമില്ലാത്ത ചില കാര്യങ്ങളില്‍ വ്യാപൃതരാണെന്നുമാത്രം. ഈ കൃത്യാന്തര വ്യാപൃതത്വത്തില്‍ അധികവും മനസ്സിന്‍റെ തലത്തിലാണ്‌ നടക്കുന്നത്‌.

നിങ്ങള്‍ക്കു ജീവിക്കാന്‍ നിങ്ങളുടെ കൈവശം ഇരുപത്തിനാലു മണിക്കൂറുണ്ട്‌. അതിനെ മുപ്പതു മണിക്കൂറായി മാറ്റേണ്ട ആവശ്യമില്ല, പത്ത് പന്ത്രണ്ടു മണിക്കൂറു തന്നെ ധാരാളം.

അതുകൊണ്ട്‌, ദിവസവും അര മണിക്കൂര്‍ യോഗയ്ക്കായി ഉപയോഗിക്കൂ. പുലര്‍ച്ചെ 5.30ന്‌ ഉണര്‍ന്നുകൂടെ? അര മണിക്കൂര്‍ നേരത്തേ ഉണര്‍ന്നാല്‍, പൊടുന്നനെ, സ്വന്തം ജീവിതത്തിന്‍റെ നിലവാരം പാടെ മാറുന്നത്‌ നിങ്ങള്‍ക്കു കാണാനാവും. അതസാധ്യമാണോ? അര മണിക്കൂറത്തെ ഉറക്കം വേണ്ട എന്നുവച്ചാല്‍, ദിവസം മുഴുവന്‍ ശോഭനമാകുമെന്നുണ്ടെങ്കില്‍, എന്തിനമാന്തം കാണിക്കണം. “എനിക്ക്‌ സമയമില്ല” എന്ന വാദഗതിയോടെ മുന്നോട്ടു പോകരുത്‌. സമയം ഉണ്ടാക്കിയതിനുശേഷം നിരീക്ഷിച്ചുനോക്കൂ, വളരെ വിശാലമായിരിക്കും, അപ്പോള്‍ ഉളവാകുന്ന അന്തരം. അതോടുകൂടി, യോഗയ്ക്കുവേണ്ടി നിങ്ങള്‍ സ്വയം സമയം കണ്ടെത്തിയിരിക്കും.

 

Photo credit to :https://www.flickr.com/photos/adavey/3557897517<photo

 
 
  0 Comments
 
 
Login / to join the conversation1