യോഗാഭ്യാസംകൊണ്ടു മനസ്സിനെ കടിഞ്ഞാണിടാനാകുമോ?
നമ്മള്‍ എന്തിനെയാണോ തടയാന്‍ ശ്രമിക്കുന്നത്‌, അതുതന്നെയാണ്‌ മനസ്സിനുള്ളിലേക്ക് ഊഴ്‌ന്നിറങ്ങി വരുക. മനസ്സിന്‍റെ പ്രകൃതം അതാണ്‌, മനസ്സിന്‍റെ പൊതു സ്വഭാവമതാണ്.
 
 

सद्गुरु

ചോദ്യം : മനസ്സില്‍ പലവിധ ദുഷ്‌ചിന്തകളും രൂപംകൊള്ളുന്നു. ദേഷ്യം, വെറുപ്പ്‌, പക ഇങ്ങനെ പലതും. അവയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്തോറും എങ്ങനെയാണ്‌ സ്വന്തം മനസ്സിനെ പിടിയിലൊതുക്കേണ്ടി വയ്ക്കേണ്ടത്?

സദ്‌ഗുരു : നമ്മള്‍ എന്തിനെയാണോ തടയാന്‍ ശ്രമിക്കുന്നത്‌, അതുതന്നെയാണ്‌ മനസ്സിനുള്ളിലേക്ക് ഊഴ്‌ന്നിറങ്ങി വരുക. മനസ്സിന്‍റെ പ്രകൃതം അതാണ്‌, മനുഷ്യമനസ്സിന്‍റെ പൊതു സ്വഭാവമാണത്‌. യോഗവിദ്യയുടെ രൂപഘടനതന്നെ ഇതിനുള്ളതാണ്‌, മനസ്സിന്‍റെയും ശരീരത്തിന്‍റെയും സ്വഭാവങ്ങളിലേക്ക്‌ ആഴത്തില്‍ ഇറങ്ങിച്ചെല്ലുക, അവയുടെ പ്രവര്‍ത്തനരീതികളെ കുറിച്ച്‌ പഠനം നടത്തുക.

രാവിലെ നേരത്തേ എഴുന്നേറ്റ്‌ നിങ്ങള്‍ യോഗാസനങ്ങള്‍ പരിശീലിക്കാറുണ്ടല്ലോ. അധികംപേരും അതുചെയ്യുന്നത്‌ ശരീരത്തിനൊരു വ്യായാമം എന്നു കരുതിയാണ്‌. കൈയ്യും കാലും നല്ലവണ്ണം നീട്ടുകയും മടക്കുകയുമൊക്കെ വേണമെന്നതു ശരിതന്നെ, സന്ധികളും, മാംസപേശികളും എല്ലാം ഒന്നയഞ്ഞു കിട്ടും. അതിനെല്ലാം അപ്പുറം, യോഗവിദ്യ എന്നുപറയുന്നത്, സ്വന്തം ശരീരത്തേയും മനസ്സിനേയും കുറിച്ചുള്ള ഒരു സമഗ്രമായ പഠനമാണ്‌. ഈ ലോകത്തില്‍ ജീവിക്കാന്‍ രണ്ടുപാധികള്‍ കൂടാതെ കഴിയില്ല; ശരീരവും മനസ്സും. ഇവ രണ്ടിനേയും കുറിച്ച്‌ പക്ഷെ നമ്മള്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടില്ല. അതാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള അടിസ്ഥാനകാരണം.

ശരീരത്തിലുള്ള ഓരോ ചലനവും നിങ്ങളുടെ മനസ്സില്‍ ഓരോരോ പ്രതിചലനമുളവാക്കുന്നുണ്ട്‌.”

അവനവന്‍റെ മനസ്സിനേയും ശരീരത്തേയും കുറിച്ച്‌ നിങ്ങള്‍ നേടിയിട്ടുള്ള അറിവിനെ ആശ്രയിച്ചായിരിക്കും ജീവിതയാത്ര സുഗമവും സുഖകരവും ആകുന്നതും, ആകാതിരിക്കുന്നതും. ഏതു യാത്രയും ക്ലേശകരമല്ലാത്തതാകണമെങ്കില്‍, യാത്ര ചെയ്യുന്ന വാഹനം യോഗ്യതയുള്ളതായിരിക്കണം. അതിനെ കുറിച്ചൊരു സാമാന്യബോധം യാത്രക്കാരനുണ്ടാവുകയും വേണം. ഇതിനെ ഒരു വിജ്ഞാനം എന്നതിനേക്കാളുപരി ഒരവശ്യ സാമഗ്രി എന്ന്‍ മനസ്സിലാക്കേണ്ടതുണ്ട്‌. അറിവില്ലായ്‌മ ഒരനുഗ്രഹമാണെന്ന്‍ (Ignorance is bliss) ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്‌ ശരിയായിരുന്നെങ്കില്‍, ഇതിനകം ഈ ലോകം അനുഗ്രഹവാരിധിയില്‍ പാടെ മുങ്ങിത്താഴേണ്ടതായിരുന്നു.

ഒന്നിനെക്കുറിച്ചും അറിയാതിരിക്കുകയാണ്‌ നല്ലത്‌, പ്രശ്നങ്ങളൊന്നും അറിയേണ്ടല്ലോ, അല്ലലില്ലാതെ ജീവിക്കാമല്ലോ, എന്നാണ്‌ നിങ്ങള്‍ കരുതുന്നതെങ്കില്‍, അത് നിങ്ങളുടെ സൗകര്യം. അങ്ങിനെയാണെങ്കില്‍തന്നെ, സ്വന്തം ശരീരത്തിന്‍റെയും മനസ്സിന്‍റെയും രൂപവും ഭാവവും മനസ്സിലാക്കാതെ, ഈ ലോകത്തില്‍ ജീവിച്ചുപോകാനാവില്ല, ഈ വസ്‌തുത മനസ്സിലാക്കാതെ, എന്തെങ്കിലും ചെയ്യാന്‍ മുതിര്‍ന്നാല്‍, അതപ്പാടെ പ്രശ്‌നമാവുകായും ചെയ്യും. യോഗവിദ്യ വെറുമൊരു വ്യായാമല്ല, അവനവന്‍റെ മനസ്സിനേയും ശരീരത്തേയും കുറിച്ചറിയാനുള്ള ഗൌരവപൂര്‍വമായ ഒരന്വേഷണമാണ്‌. സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലൂടെയുള്ള ഒരു തിരച്ചില്‍.
യോഗാഭ്യാസം :

ഒരു പ്രത്യേക രീതിയില്‍ വിരലുകള്‍ ചലിപ്പിച്ചാല്‍, നിങ്ങളുടെ മനസ്സും അതിനനുസൃതമായി പ്രവര്‍ത്തിക്കും. ശരീരത്തിലുള്ള ഓരോ ചലനവും നിങ്ങളുടെ മനസ്സില്‍ ഓരോരോ പ്രതിചലനമുളവാക്കുന്നുണ്ട്‌. ഇതൊന്നും പുസ്‌തകം വായിച്ചു മനസ്സിലാക്കാനാവില്ല, സ്വയം അനുഭവിച്ചറിഞ്ഞ്‌ കണ്ടത്തേണ്ടതാണ്‌. കണ്ണടച്ചിരുന്ന് മനസ്സില്‍ അപ്പോഴപ്പോള്‍ കടന്നുവരുന്ന ചിന്തകളെ ആട്ടിയകറ്റാമെന്നു വിചാരിക്കേണ്ട, അത്‌ വെറും വ്യാമോഹമാണ്‌, ഒരു പ്രയോജനവുമുണ്ടാവില്ല. മുറതെറ്റാതെയുള്ള യോഗാഭ്യാസം, മനസ്സിനെയും ശരീരത്തിനെയും നിങ്ങളുടെ അധീനതയില്‍ കൊണ്ടുവരും.

അടിസ്ഥാനപരമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സംഗതിയാണിത്‌. ഇതു മനസ്സിലാക്കാത്തിടത്തോളം കാലം, ജീവിതത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ക്ക് അറുതിവരുമെന്ന്‍ കരുതേണ്ട. സ്വതവേ ബുദ്ധിയും വിവരവുമുള്ള തരക്കാരനാണെങ്കില്‍, കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരും. ആര്‍ക്കെങ്കിലും നിങ്ങളെ രക്ഷിക്കാന്‍ കൈ എത്തിച്ചുതരാന്‍ കഴിയുന്നതിനു മുമ്പേ നിങ്ങള്‍ തളര്‍ന്നുപോവുകയും ചെയ്യും. അങ്ങനെയുള്ള കുറെ ഏറെ പേര്‍ നിത്യേനയെന്നോണം എന്നെ സമീപിക്കാറുണ്ട്‌.
“സദ്‌ഗുരു അവിടുന്നെനിക്ക്‌ ജ്ഞാനമാര്‍ഗം അരുളിചെയ്‌താലും” അതാണ്‌ അവരുടെ അഭ്യര്‍ത്ഥന.

ആദ്യം വേണ്ടത്‌ സംഭവിച്ചുകഴിഞ്ഞ മുറിപ്പാടുകള്‍ ഉണക്കുകയാണ്‌. കൂടുതല്‍ മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം, കാരണം നിങ്ങളുടെ കൈവശമുള്ള കത്തിക്ക്‌ (ബുദ്ധിക്ക്) നല്ല മൂര്‍ച്ചയുണ്ട്‌. ഒട്ടുമിക്ക പുരുഷന്മാര്‍ക്കും ബ്ലേഡ്‌കൊണ്ട് താടി വടിക്കുമ്പോള്‍ മുറിവുപറ്റാറുണ്ട്‌. രോമം തീര്‍ത്തും വടിച്ചുകളയാനുള്ള ശ്രമത്തിനിടയില്‍ അറിയാതെ ബ്ലേഡിനെ സ്വാധീനിക്കുന്ന കൈകളുടെ ചലനം പിഴയ്ക്കുന്നു, കുറച്ചു കൂടുതല്‍ ആഴത്തിലേയ്ക്കു പോകുന്നു, രക്തം പൊടിയുന്നു.

മനസ്സിന്‍റെ പ്രവര്‍ത്തനവഴികള്‍, അതിന്‍റെ അടിസ്ഥാനസ്വഭാവങ്ങള്‍, ഇതെല്ലാം ബുദ്ധിപരമായ വിശകലനംകൊണ്ട്‌ മനസ്സിലാക്കാനാവില്ല. അതെല്ലാം അറിയണമെങ്കില്‍ ആന്തരികമായ അന്വേഷണംതന്നെ വേണം. ശരീരം തീര്‍ത്തും നിശ്ചലമായിരിക്കണം. എന്നിട്ട്‌ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കൂ, എങ്ങനെയാണു മനസ്സ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‍. ഇനി നിങ്ങളുടെ നിലയൊന്ന്‍ മാറ്റൂ, എന്നിട്ടു വീണ്ടും ശ്രദ്ധിക്കൂ, ഇപ്പോഴത്തെ മനസ്സിന്‍റെ പെരുമാറ്റം എങ്ങനെയാണെന്ന്‍. യോഗാസനകള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നതിതാണ്‌, മനസ്സിന്‍റെയും ശരീരത്തിന്‍റെയും സഞ്ചാരവഴികളിലൂടെയുള്ള നിരീക്ഷണം.

ഒരു പരീക്ഷണമെന്ന നിലയില്‍, ഇഷ്‌ടമുള്ള വസ്‌തുക്കളില്‍ നിന്ന്‍ ഒന്നൊഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചുനോക്കൂ, അത്‌ കൂടുതല്‍ ശക്തിയോടെ നിങ്ങളുടെ മനസ്സിനെ കീഴടക്കും.

ഏതെങ്കിലും ഒരാസനത്തിലിരിക്കുന്നു, സ്വാഭാവികമായി ശ്വസിക്കുന്നു, ധ്യാനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പാണ്‌. പക്ഷെ, ആ സമയം മനസ്സ്‌ തോന്നിയ വഴിയേ പോകുന്നു.വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഉച്ചിയിലെത്താന്‍ ശ്രമിച്ചാല്‍, മിക്കവാറും ലക്ഷ്യത്തിലെത്താനാവാതെ നിലംപൊത്തി വീഴുകയേയുള്ളൂ. ശാരീരികമായ തയ്യാറെപ്പുകളൊന്നും കൂടാതെ അധികം പേര്‍ക്കും ധ്യാനിക്കാന്‍ സാധിക്കുകയില്ല. ഒരാള്‍ ഇരിക്കുന്ന വിധം, ശരീരത്തിന്‍റെ ചലനങ്ങള്‍, ഇതെല്ലാം കണ്ടാല്‍ത്തന്നെ അറിയാം, ധ്യാനം ശരിയായ രീതിയിലല്ല എന്ന്‍. എത്രയൊക്കെ ശ്രമിച്ചാലും അവരതില്‍ വിജയിക്കുകയുമില്ല. മനസ്സിന്‍റെ എകാഗ്രതക്ക്‌ ശാരീരികമായ സ്വാസ്ഥ്യം വളരെ ആവശ്യമാണ്‌, കാരണം, രണ്ടും രണ്ടു വിഭിന്ന വസ്‌തുക്കളല്ല. ശരീരത്തിനകത്തല്ല തലച്ചോറ്‌ എന്ന്‍ നിങ്ങള്‍ക്കു പറയാനാവില്ലല്ലോ.

ചെറുവിരലിനു പറ്റുന്ന ഏറ്റവും ചെറിയ മുറിവും തലച്ചോറിനെ ബാധിക്കുന്നുണ്ട്‌, അതുപോലെ തിരിച്ചും. തലച്ചോറ്‌ എന്നു പറയുന്നത്‌ സ്വതന്ത്രമായ ഒരു അവയവമല്ല. ഡോക്‌ടര്‍മാര്‍ ശവശരീരങ്ങള്‍ കീറിമുറിച്ച്‌ അതിന്‍റെ ആന്തരികഘടന മനസ്സിലാക്കുന്നു. ഒരു ശവശരീരം മുറിച്ച്‌, അതിലെ ആന്തരിക അവയവങ്ങള്‍ എടുത്തുമാറ്റി അവ വെവ്വേറെ സ്ഥലങ്ങളിലായി വെയ്ക്കുന്നു. ഇപ്പോള്‍ ഓരോന്നും വ്യത്യസ്‌തമായ വസ്‌തുക്കളാണ്‌, എന്നാല്‍ ജീവനുള്ള ശരീരത്തിന്‍റെ കാര്യം അങ്ങനെയല്ല. അത്‌ ഒന്നാണ്‌ - ഒന്ന്. വേര്‍തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക്‌, ഓരോ അവയവവും വേറെ വേറെ കാണാം, എന്നാല്‍ ഒരു ജീവനെ സംബന്ധിച്ചിടത്തോളം, എല്ലാ അവയവങ്ങളും ഒന്നുചേര്‍ന്നതാണ്‌ ഒരു ശരീരം. അതുകൊണ്ടാണ്‌ യോഗശാസ്‌ത്രവും ഈ മട്ടില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌.

ഒരു പരീക്ഷണമെന്ന നിലയില്‍, ഇഷ്‌ടമുള്ള വസ്‌തുക്കളില്‍ നിന്ന്‍ ഒന്നൊഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചുനോക്കൂ, അത്‌ കൂടുതല്‍ ശക്തിയോടെ നിങ്ങളുടെ മനസ്സിനെ കീഴടക്കും. സംഗതികള്‍ ഇന്നമാതിരി സംഭവിക്കണമെന്ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്‌ നടക്കാതിരിക്കാന്‍ ശ്രമം നടത്തൂ, നിങ്ങളുടെ ആഗ്രഹംപോലെ അത്‌ സംഭവിച്ചേക്കാം. കാരണം, മനസ്സിനെ ഒന്നാമത്തെ ഗിയറിലിടാന്‍ ശ്രമിക്കുമ്പോള്‍, അത്‌ പോകുന്നത്‌ റിവേര്‍സ് (reverse) ഗിയറിലേക്കാണ്‌. ഇത്‌ ശരിയായ രീതിയല്ല, എങ്കിലും ഒരു പരീക്ഷണം എന്ന നിലയ്ക്ക് ശ്രമിച്ചുനോക്കാം; കാര്യങ്ങളുടെ പോക്ക്‌ ഏതു വിധത്തിലാണെന്ന്‍ അറിയാന്‍വേണ്ടിമാത്രം. സാമാന്യമായി പറയാം – ജീവിതത്തില്‍ എന്തിനെയാണൊ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്‌, അതായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിക്കുക.
സാധന:

നാളെമുതല്‍ രാവിലെ അഞ്ചുമണിക്കെഴുന്നേല്‍ക്കൂ, തണുത്ത വെള്ളത്തില്‍ കുളിച്ച്‌ അഞ്ചരമണിയോടെ സാധന ആരംഭിക്കൂ. ഇത്‌ ദിവസേനയുള്ള ഒരു പതിവായി മാറട്ടെ. കുറച്ചു ദിവസം കഴിഞ്ഞാല്‍ കാണാം, അത്രയും നാളായി മനസ്സിനെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ പലതും തനിയെ കൊഴിഞ്ഞുപോയിരിക്കുന്നു! ദിവസം ഒരു മണിക്കൂര്‍ നേരത്തെ സാധന അഭൂതപൂര്‍വമായ ഫലം തരും.

എന്നാല്‍ അതെങ്ങനെയാണ്‌, എന്തുകൊണ്ടാണ് സംഭവിക്കുന്നത്‌, ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ കുറച്ചൊന്നു മിനക്കെടണം. അതിനുമാത്രമായി സമയം കണ്ടെത്തുകയും വേണം. ഓരോ ആസനയും എതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ ഉളവാക്കുന്നു, ഏതു വിധത്തില്‍, ഏതാസന പ്രത്യേക തരത്തിലുള്ള ഫലം തരുന്നു, എന്നൊക്കെ അറിയാന്‍ ദീര്‍ഘകാലത്തെ പരിശീലനം ആവശ്യമാണ്‌. എന്നാല്‍ അത്‌ സംഭവ്യമാക്കാന്‍ ഗഹനമായ പഠനത്തിന്റെയൊന്നും ആവശ്യമില്ല, യോഗശാസ്‌ത്രത്തിന്‍റെ സാങ്കേതികവശം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ അത്‌ വേണ്ടവിധത്തില്‍ അഭ്യസിക്കാന്‍ മാത്രം പരിശീലിച്ചാല്‍ മതിയാകും.

എന്റെ ഊഹം ശരിയാണെങ്കില്‍, നിങ്ങള്‍ എന്നേക്കാള്‍ മിടുക്കരാണ്‌. കാരണം, എന്‍റെ ഭാഗത്തുനിന്നും ഒരു മധുരമായ വാക്കോ, സ്വര്‍ഗ്ഗത്തിലെത്തിക്കാമെന്ന ഉറപ്പോ, ഏതെങ്കിലും തരത്തിലുള്ള അത്ഭുതപ്രകടനമോ, ഉപഹാരമോ, എന്തിന്‌, ഒരു ആലിംഗനംപോലും നിങ്ങള്‍ക്കു കിട്ടുന്നില്ല. എന്നിട്ടും എന്നെത്തേടി നിങ്ങള്‍ ഇവിടെ വരുന്നു. അതുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നേക്കാള്‍ ബുദ്ധിമാന്‍മാരാണ്‌. അത്‌ മനസ്സില്‍ വെച്ചുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്, യോഗസാധന ഒന്നോ രണ്ടോ ദിവസത്തേക്കുള്ളതല്ല, ഒരായുഷ്‌ക്കാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ടതാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1