വിഷാദത്തിനൊരു ഔഷധം

ലോകമെമ്പാടും വിഷാദരോഗം മനുഷ്യരെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. കുട്ടിക്കാലത്ത് പക്ഷേ ആഹ്ലാദം നമ്മില്‍ വളരെ സ്വാഭാവികമായൊരു അവസ്ഥയായിരുന്നില്ലേ എന്ന് സദ്ഗുരു നമ്മോട് ചോദിക്കുന്നു. വിഷാദത്തിന്‍റെ ഉറവിടവും അതിനെ ബാഹ്യവും ആന്തരികവുമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമാണ് ഗുരു ഇന്ന് സംസാരിക്കുന്നത്.
 

മനുഷ്യന്‍റെ സ്വാഭാവികമായൊരു വൈകാരിക ഭാവമായി വിഷാദം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിന്നെവിടേയും. ഒഴിഞ്ഞ് മാറാനാവാത്ത ഈ സാഹചര്യത്തോട് എങ്ങനെയാണ് നാം പൊരുത്തപ്പെടുക?

സദ്ഗുരു: വിഷാദം ഒരു സ്വാഭാവിക പ്രക്രിയയാണെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ പിന്നെ രക്ഷയില്ല. എന്നാല്‍ കുട്ടിക്കാലത്ത് എത്ര ആഹ്ലാദവാന്മാരായിരുന്നു നമ്മള്‍. വിഷാദം എന്തെന്നു പോലും അറിയാത്ത പ്രായം. അതുകൊണ്ട് അതൊരു സ്വാഭാവിക വികാരമാണെന്നും സ്വയം പ്രഖ്യാപിച്ചേക്കരുത്.

ജീവിതത്തിന്‍റെ സ്വാഭാവികമായ പ്രസരിപ്പിനെ നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് വിഷാദം. മനസ്സിലെന്ന പോലെ അത് ശരീരത്തിലും സംഭവിക്കാറുണ്ട്. വിഷാദവാനായിരിക്കെ ഒരാളുടെ ശരീരവും തളരുന്നു. നിങ്ങള്‍ക്കുള്ളില്‍ ജീവിതം പ്രസരിക്കുന്നില്ല. ജീവിതം കൊണ്ട് നേരായ കാര്യങ്ങളല്ല ചെയ്ത് കൊണ്ടിരിക്കുന്നത് എന്നാണ് അതിനര്‍ത്ഥം. ബാഹ്യമായ സംബ ന്ധങ്ങളെ ആവശ്യത്തിലധികം മനസ്സിലേക്ക് വലിച്ചിടുന്നതാണ് കാരണം. ജീവിതത്തെ ദൈവീകമായി ഊര്‍ജ്ജസ്വലമാക്കുവാന്‍ നിങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് സാരം.

വിഷാദത്തിന്‍റെ വേര്

വിഷാദം ഒരു വേദനയാണ്. നിങ്ങള്‍ ഒരു വേദനയാണെങ്കില്‍, ആനന്ദമല്ലെങ്കില്‍, നിങ്ങളുടെ ജീവിതോര്‍ജ്ജത്തിന്‍റെ നല്ലൊരു ഭാഗം വിനിയോഗിക്കപ്പെടുന്നത് നിര്‍ബന്ധപൂര്‍വ്വമാണ്. ബോധപൂര്‍വ്വമല്ല. ബാഹ്യ വിഷയങ്ങളോടുള്ള ഒരു പ്രതികരണമെന്ന നിലയിലാണത് സംഭവിക്കുന്നത്. നിര്‍ബന്ധപൂര്‍വ്വമായ ജീവിത പ്രക്രിയയില്‍ വിഷാദം വരുന്നത് വളരെ സാധാരണമാണ്. കാരണം ബാഹ്യ സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. ലോകത്ത് അനുനിമിഷം ഒരായിരം കാര്യങ്ങള്‍ സംഭവിക്കുന്നു. അതിനോടെല്ലാം നിര്‍ബന്ധപൂര്‍വ്വം പ്രതികരിച്ചാല്‍, സ്വയം തളര്‍ന്നു വീണതു തന്നെ. ജീവിതവുമായി കൂടുതല്‍ ഇടപഴകുന്തോറും നിങ്ങള്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നു.

ബാഹ്യലോകത്ത് ജീവിതത്തെ കൈകാര്യം ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ പലരും ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള പരിപാടികള്‍ നോക്കുകയായി. പക്ഷെ ആ പരിപാടിയും പാളിപ്പോവാറാണ് പതിവ്, അല്ലേ? നമ്മളിലൊക്കെ, ഒരു ഭാഗം വികസിക്കാനുള്ള വഴിയാണ് സദാ തേടുന്നത്. സ്വന്തം പ്രവര്‍ത്തനങ്ങളുടെ അതിരുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നാം കൊതിക്കുന്നു. എന്നാലോ, കാര്യങ്ങളൊന്നും വിചാരിച്ച പടി നടക്കാതെ വരുമ്പോള്‍ ആകെ വലഞ്ഞു പോകുന്ന മറ്റൊരു വശവും നമ്മളിലുണ്ട്. പൂവണിയാതെ പോയ പ്രതീക്ഷകളാണ് വിഷാദത്തിന്‍റെ വേരുകള്‍.

ഓഹരി വിപണി ഇന്ന് തകര്‍ന്നാല്‍,പലരുടേയും മനസ്സുകള്‍ അതിനൊപ്പം തകരുന്നു. ഓഹരിയില്‍ നിക്ഷേപിച്ച സ്വന്തം പണത്തെ കൈകൊണ്ട് ഇന്നോളം പലരും ഒന്നു തൊട്ടിട്ടു പോലും ഉണ്ടാവില്ല. എന്നാലും ഓഹരിയുടെ വില സൂചിക ഉയരുന്നതിലേക്ക് കണ്ണും നട്ട് ഇരിക്കും. അത് ഉയരുന്നതനുസരിച്ച് മനസ്സിന്‍റെ ഉന്‍മേഷവും കുത്തനെ ഉയരും.

അതുകൊണ്ട് ബാഹ്യലോകത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പോലെ ആന്തരിക ലോകത്തേയും നാം മികച്ചതാക്കാന്‍ യത്‌നിക്കണം. അപ്പോള്‍ ലോകം സുന്ദരമാകും. അദ്ധ്യാത്മിക സാധനകള്‍ എന്നൊക്കെ പറയുന്നത് ഇതിനുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല. അത് കേവലം നമ്മുടെ ജീവിതത്തിന്‍റെ വസ്തുതാപരമായ മെച്ചപ്പെടുത്തല്‍ മാത്രമല്ല നാം ആരാണ് എന്ന വിഷയപരമായ വികാസത്തിനുള്ള വഴികാട്ടിയാണത്. അത് നന്നായി പരിഗണിക്കപ്പെട്ടില്ലെങ്കില്‍ എല്ലാം ഉണ്ടെങ്കിലും നമുക്ക് ഒന്നും തന്നെയില്ലാത്ത അവസ്ഥയാകും.

 
 
 
 
  0 Comments
 
 
Login / to join the conversation1