വികാരങ്ങള്‍ ഇല്ലാത്തതാണോ നമുക്കു നല്ലത്?

നമുക്കു വികാരങ്ങളുടെ കടിഞ്ഞാണ്‍ നഷ്ടമാകുമ്പോള്‍ അവ നമുക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. വികാരങ്ങളില്ലാത്തത് മനുഷ്യനു നല്ലതാണോയെന്ന ചോദ്യം അന്വേഷകനില്‍ മുളപൊട്ടുന്നു. ഇതേക്കുറിച്ചുള്ള സദ്‌ഗുരുവിന്‍റെ പ്രതികരണമാണ് താഴെ.
 

ചോദ്യം: വികാരങ്ങള്‍ ഗുണപ്രദമെന്നതിനേക്കാള്‍ പ്രശ്നകരമായി കാണുന്നു. വികാരങ്ങളില്ലാത്തത് നമുക്കു നല്ലതാണോ?

സദ്ഗുരു: ഒരു മനുഷ്യനില്‍ അല്‍പം പോലും വികാരമില്ലെങ്കില്‍ അയാളെ മനുഷ്യനെന്നു വിളിക്കാന്‍ കഴിയില്ല. വികാരം മനുഷ്യജീവിതത്തിന്‍റെ മനോഹരമായ ഒരു സവിശേഷതയാണ്. അതിന്‍റെ അഭാവത്തില്‍ മനുഷ്യന്‍ ലക്ഷണം കെട്ടവനാകുന്നു. എന്നാല്‍ മറ്റേതു കാര്യത്തിലുമെന്ന പോലെ വികാരത്തിന്‍റെ നിയന്ത്രണം കൈവിട്ടാല്‍ അതു ഭ്രാന്തായി മാറുന്നു. കടിഞ്ഞാണ്‍ നഷ്ടമായാല്‍ വികാരവും ചിത്തരോഗമായി പരിണമിക്കുന്നു. വികാരമല്ല പ്രശ്നം

ആളുകള്‍ വികാരത്തെ ഒരു പ്രശ്നമായാണ് കാണുന്നത്. അവര്‍ക്കുള്ളത് വേദനാകരമായ വികാരങ്ങളാണെന്നതാണ് ഇതിനു കാരണം. ഹൃദയംഗമമായ വികാരങ്ങളാണ് തങ്ങള്‍ക്കുള്ളതെങ്കില്‍ അവര്‍ അവയെ പ്രശ്നമെന്നു വിളിക്കുമോ?

നിങ്ങളില്‍ നിറയെ ആനന്ദമാണെങ്കില്‍, സ്നേഹവും അനുകമ്പയുമാണെങ്കില്‍, അപ്രകാരമാണ് നിങ്ങളുടെ വികാരം രൂപമാര്‍ജ്ജിക്കുകയും ആവിഷ്കാരം കൊള്ളുകയും ചെയ്യുന്നതെങ്കില്‍, നിങ്ങളതിനെ പ്രശ്നമെന്നു വിളിക്കുമോ? ഇല്ല.

നിങ്ങളുടെ ശരീരം നല്ല പോലെ മികവോടെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതു നിങ്ങള്‍ ഒരു പ്രശ്നമായി കാണുമോ? ഇല്ല. അതിന് വേദനയോ രോഗമോ ഉണ്ടെങ്കില്‍ പ്രഭാതത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് ശരിക്കും വേദനാജനകമായിരിക്കും. അപ്പോള്‍ ശരീരം ഒരു പ്രശ്നമാണെന്ന്‍ നിങ്ങള്‍ ചിന്തിക്കും. അതു പോലെ വികാരം നിങ്ങളെ കുഴപ്പത്തിലാക്കിയിട്ടുള്ളത്‌ കൊണ്ടു മാത്രം തനിക്കു വികാരം വേണ്ടെന്നു നിങ്ങള്‍ പറഞ്ഞേക്കും. ജീവിതത്തെ ഒരു പൂവിനെ പോലെ മനോഹരമാക്കുന്ന, യഥാര്‍ത്ഥത്തില്‍ സുന്ദരമായ വികാരങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ വികാരങ്ങള്‍ വേണ്ടെന്ന് നിങ്ങള്‍ ചിന്തിക്കില്ലായിരുന്നു.

ഞാന്‍ നിങ്ങളോടു പറയുന്നത് വികാരങ്ങളെ കൈവിടാനോ അവയ്ക്ക് അപ്പുറം പോകാനോ അല്ല. ഞാന്‍ ആകെക്കൂടി പറയുന്നത്, നിങ്ങളുടെ ശരീരമോ മനസ്സോ ഊര്‍ജ്ജങ്ങളോ ആകട്ടെ, ഒന്നാമതായി വേണ്ടത് അവയെ വളരെ ആസ്വാദ്യകരമാക്കണമെന്നാണ്. ഈ നാലു തലങ്ങളാണല്ലോ ഇപ്പോള്‍ നിങ്ങളുടെ അനുഭവത്തിലുള്ളത്. ഒരിക്കല്‍ അവ ആസ്വാദ്യകരമായാല്‍ പിന്നെയൊരിക്കലും അവ ഒരു പ്രശ്നമാകില്ല.

ആഗ്രഹങ്ങളൊന്നും ഇല്ലാതെ തന്നെ ആളുകള്‍ക്ക് സന്തോഷത്തോടെയിരിക്കാന്‍ സാധിക്കണം. അപ്പോഴാണ് അതീതമാകാനുള്ള ആഗ്രഹം നാമ്പിടുന്നത്. വികാരങ്ങള്‍ ഒരു പ്രശ്നമല്ലാതായാല്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ. ഇവിടെയുമല്ല അവിടെയുമല്ല.

അല്ലാത്ത പക്ഷം നിങ്ങള്‍ അകെക്കൂടി ചെയ്യുന്നത് അതിജീവനത്തിനുള്ള പരിശ്രമമായിരിക്കും. ഈശ്വരനെ വിളിക്കുകയാണെങ്കില്‍ പോലും അതിജീവനത്തിനുള്ള ഒരു അപേക്ഷ മാത്രമായിരിക്കും അത്, അല്ലേ? ഇവിടെ നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അതു സാധിച്ചെടുക്കാമെന്നു നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. ഇവിടെ നിങ്ങള്‍ക്കത് കഴിയുന്നില്ലെങ്കില്‍ സ്വര്‍ഗത്തില്‍ അതിനു സാധിക്കുമെന്ന് എന്താണുറപ്പ്? കര്‍ണാടകയിലെ വിഖ്യാതനായ യോഗിയും മഹാകവിയുമായ ബസവണ്ണ പറയുന്നത്, “ഇല്ലി സല്ലദവരു അല്ലിയു സല്ലരയ്യ” എന്നാണ്. “ഇവിടെ അതിന് കഴിയാത്തവര്‍ക്ക് അവിടെയും അതിനു സാധിക്കില്ല” എന്നാണ് ഇതിനര്‍ത്ഥം. അതു കൊണ്ട് വികാരത്തിനപ്പുറം പോകുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നിങ്ങള്‍ നിശ്ചയമായും അപ്പുറം പോകണം. എന്നാല്‍, “അപ്പുറം” എന്നതു കൊണ്ടുദ്ദേശിക്കുന്നത് വികാരത്തിനോ മനസ്സിനോ മറ്റോ അപ്പുറമെന്നല്ല. ഇപ്പോള്‍ നിങ്ങളില്‍ പിടിമുറുക്കിയിരിക്കുന്ന പരിമിതിക്കപ്പുറമാണ് നിശ്ചയമായും നിങ്ങള്‍ പോകേണ്ടത്. ഇതിലേക്ക് വഴി തെളിക്കുന്ന ഉപായവും ഉപകരണവുമാകാന്‍ വികാരത്തിനും ചിന്തക്കും കഴിയും.

സ്വന്തം പരിമിതികള്‍ക്ക് അപ്പുറം പോകാന്‍ നിങ്ങള്‍ മനസ്സിനെ ഉപയോഗിച്ചാല്‍ അതിനെ ജ്ഞാന യോഗം എന്നു വിളിക്കുന്നു. പരിമിതികളെ കവിഞ്ഞു പോകാന്‍ വികാരത്തെ ഉപയോഗിക്കുന്ന പക്ഷം അതിനെ ഭക്തി യോഗം എന്നു വിളിക്കുന്നു. പരിമിതികളെ തരണം ചെയ്യാന്‍ ശരീരത്തെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനെ കര്‍മ്മയോഗം എന്നു വിളിക്കുന്നു. നമ്മുടെ ഊര്‍ജ്ജത്തെയാണ് പരിമിതികള്‍ക്കപുറം പോകാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ക്രിയായോഗം എന്നു വിളിക്കുന്നു. ഇവയോരോന്നും ഓരോ കവാടമാണ്. ഒരു കവാടം നിങ്ങളെ തടസ്സപ്പെടുത്തുകയോ അപ്പുറം കടത്തുകയോ ചെയ്യും. അതു കൊണ്ട് അപ്പുറം പോകുന്നതിന് സ്വന്തം വികാരങ്ങളോട് ഉപേക്ഷ കാണിക്കുകയോ അവയെ നിരസിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്കവയെ വേണ്ടെന്നു വെക്കാന്‍ കഴിയില്ല. നിങ്ങള്‍ വികാരശൂന്യരാകാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ ഉണ്ടാവുകയും നിങ്ങള്‍ ഒരു വരണ്ട മനുഷ്യനാവുകയും ചെയ്യുന്നു. സ്വന്തം വികാരത്തെ നിങ്ങള്‍ ആഴമാര്‍ന്ന ഒരു തലത്തില്‍ അംഗീകരിക്കേണ്ടതുണ്ട്. അപ്പോള്‍ അതു നിങ്ങളുടെ സുഹൃത്തായി മാറുന്നു. നിങ്ങള്‍ക്കു സന്തോഷം പകരുന്നവനാണ് സുഹൃത്ത്‌.

 
 
 
 
  0 Comments
 
 
Login / to join the conversation1