നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെകുറിച്ച് ഒരു പുനരോലോചന

 
 

सद्गुरु

ഈശയുടെ സ്വന്തം സ്കൂളിനെ കുറിച്ചും ഇന്നത്തെ വിദ്യാഭ്യാസരീതിയെ കുറിച്ചുമുള്ള ചില ചോദ്യങ്ങള്‍ക്ക് ഇവിടെ സദ്ഗുരു മറുപടി പറയുകയാണ്. ഓരോ കുഞ്ഞിനുമുണ്ട് അവന്‍റേതായ പ്രതിഭ. അതിന് വളരാനും വികസിക്കാനും വേണ്ട പശ്ചാത്തലമൊരുക്കാന്‍ നമുക്കു സാധിക്കുന്നുണ്ടൊ?

ചോദ്യം: നമ്മള്‍ പഠിച്ചതൊക്കെ വിട്ടുകളയണമെന്നു തോന്നുന്നുണ്ടൊ? ഇന്നത്തെ സാമാന്യ വിദ്യാഭ്യാസ രീതികള്‍ കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായി തോന്നുന്നില്ലേ? കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വളര്‍ത്താനും അവരെ മനുഷ്യനായി രൂപപ്പെടുത്താനും ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിവുണ്ടോ?

സദ്ഗുരു: നിങ്ങള്‍ക്കെന്തറിയാം എന്നത് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രശ്നമല്ല. എത്രത്തോളം അറിയുന്നുവോ അത്രത്തോളം പ്രയോജനമുണ്ടാവും. അതുകൊണ്ടാണല്ലോ നമ്മള്‍ കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്. അറിവല്ല ഇവിടെ പ്രശ്നം. ‘തന്‍റെ അറിവാണ് താന്‍’ എന്ന തെറ്റായ ധാരണയാണ് ഇവിടെ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്. ആ ധാരണയാണ് ആദ്യം ഇല്ലാതാവേണ്ടത്. ഒരുപാട് സംഗതികള്‍ നിങ്ങള്‍ക്ക് അറിയുമായിരിക്കും. അതില്‍ മഹത്തായ പല സംഗതികളുമുണ്ടാകും. രണ്ടും നമുക്ക് ജീവിതത്തില്‍ ഒരുപോലെ ആവശ്യമുള്ളവയാണ്. അറിവിനെ ഒരു ഭാരമായി കാണരുത്. നേടാനായ ഒരുപിടി അറിവ് അതാണ് താന്‍ എന്ന ചിന്ത, അപ്പോഴാണ് അത് ഒരു ഭാരമായി അനുഭവപ്പെടുന്നത്. കാരണം, അവനവന്‍റെ നന്നേ പരിമിതമായ അറിവിനോട് ബന്ധപ്പെട്ടാണ് നിങ്ങളുടെ വ്യക്തിത്വം നിലകൊള്ളുന്നത്.

ചോദ്യം: ഈശ ഹോം സ്കൂളുകളില്‍ എന്തെങ്കിലും പ്രത്യേക രീതികള്‍ പ്രായോഗികമാക്കിയിട്ടുണ്ടോ? കണക്കു പഠിച്ചാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ തോന്നുന്നു. കുട്ടിക്കാലത്ത് കണക്കിനോട് വലിയ ഭയമായിരുന്നു. അന്ന് വേറിട്ടൊരു രീതിയില്‍ സ്കൂളുകളില്‍ കണക്കു പഠിപ്പിച്ചിരുന്നുവെങ്കില്‍!

സദ്ഗുരു: അങ്ങനെ പ്രത്യേക രീതികളൊന്നും ഞങ്ങള്‍ പിന്‍തുടരുന്നില്ല. എനിക്കു തോന്നുന്നത് ഇപ്പോഴത്തെ രീതി വിവരങ്ങളും ഉള്‍പ്രേരണകളും തമ്മിലുള്ള ഒരേറ്റുമുട്ടലാണ് എന്നാണ്. ഇവിടെ ഞങ്ങള്‍ സഹജവാസനകള്‍ക്ക് ഊന്നല്‍ നല്‍കുന്നു. അതുകൊണ്ടാണ് ഉന്മേഷവാന്‍മാരായി ഇവിടത്തെ കുട്ടികള്‍ കാണപ്പെടുന്നത്. ശ്രദ്ധയുള്ള ഒരു മനസ്സുണ്ടെങ്കില്‍ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ ശേഖരിക്കാം. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച എല്ലാതരം വിവരങ്ങളും സ്വന്തം തലയ്ക്കകത്ത് കുത്തിനിറക്കേണ്ട ആവശ്യം ഇന്നില്ല. എല്ലാം ആ "വല" (Intranet)ക്കകത്തുണ്ട് ശ്രദ്ധയും താല്‍പര്യവുമുണ്ടെങ്കില്‍ ഏതുനേരത്തും അവ സ്വന്തമാക്കാം. ഈശാ ഹോം സ്കൂളിലെ കുട്ടികള്‍ പഠിത്തത്തില്‍ മുമ്പില്‍ത്തന്നെയാണ്.

ശ്രദ്ധയുള്ള ഒരു മനസ്സുണ്ടെങ്കില്‍ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ ശേഖരിക്കാം.

ചോദ്യം: കൂടുതല്‍ സ്കൂളുകള്‍ തുടങ്ങണമെന്ന് ആലോചിക്കുന്നുണ്ടൊ?

സദ്ഗുരു: വെറുതെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയതുകൊണ്ട് ഇതുപോലെയൊരു സ്കൂള്‍ ഉണ്ടാവില്ലല്ലൊ. അതിന് അര്‍പ്പണബോധമുള്ള കുറെ പ്രവര്‍ത്തകര്‍ വേണം. അതാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകത്തില്‍ ഇന്നത്തെ കാലത്ത് ഏറ്റവും ദുര്‍ലഭമായ ഒരു വസ്തുവാണ്. "അര്‍പ്പണബോധം" ഈശയില്‍ അതിന് ക്ഷാമമുണ്ട് എന്നല്ല പറഞ്ഞുവരുന്നത്, പൊതുവെ ലോകത്തില്‍ അങ്ങനെയാണെന്ന് ഓര്‍ക്കുകയായിരുന്നു. എന്തുചെയ്യുമ്പോഴും ഓരോരുത്തരുടേയും മനസ്സിലുള്ള ചിന്ത ഇതുകൊണ്ട് എനിക്ക് എന്തു നേടാമെന്നാണ്. ആത്മാര്‍ത്ഥമായി ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ലഭിക്കുന്ന ആനന്ദം, ആരും അതു മനസ്സിലാക്കുന്നില്ല എന്നതാണ് സങ്കടം. അതുകൊണ്ടുതന്നെ അതിനു തയ്യാറുള്ള ആളുകളുടെ എണ്ണവും വളരെ വളരെ കുറവാണ്.
വിദ്യാഭ്യാസമെന്ന ഗൂഢാലോചന

ചോദ്യം: ലോകം മുഴുവന്‍ വിദ്യാഭ്യാസമെന്ന ഗൂഢാലോചനയുമായി പുറകെ നടക്കുമ്പോള്‍ ഏതു വിധത്തിലാണ് നമ്മള്‍ കുഞ്ഞുങ്ങളിലെ സഹജവാസനകളെ കാത്തു രക്ഷിക്കുക?

സദ്ഗുരു: അതെനിക്കു പിടിച്ചു (ഇഷ്ടപ്പെട്ടു) നിങ്ങളുടെ "വിദ്യാഭ്യാസമെന്ന ഗൂഢാലോചന" എന്ന പ്രയോഗം. വിദ്യാഭ്യാസ വിശാരദന്മാരെല്ലാവരും ഗൂഢാലോചനക്കാരാണ്. അവര്‍ക്കെല്ലാവര്‍ക്കുമുണ്ട് സ്വന്തമായ ഒരു പദ്ധതി, എന്നാല്‍ എന്‍റെ മനസ്സിലെ സങ്കല്‍പം വേറെയാണ്. കുട്ടികള്‍ക്ക് വളരാനും അറിയാനും ഏറ്റവും അനുയോജ്യമായ വിശാലവും സുരക്ഷിതവുമായ ഒരിടം, സഹജവാസനകള്‍കൊണ്ട് വളരാന്‍ പറ്റിയ ഒരന്തരീക്ഷം. അടുത്ത ഭാവിയിലൊന്നും ആ ആഗ്രഹം സഫലമാകുമെന്നു തോന്നുന്നില്ല. എന്നാല്‍ അങ്ങനെയൊരു അന്തരീക്ഷം സ്വന്തം വീട്ടില്‍ അവര്‍ക്കായി നമുക്കൊരുക്കാന്‍ സാധിച്ചാല്‍ മറ്റുള്ളവരുടെ സ്വാധീനങ്ങളില്‍നിന്നും നിര്‍ബന്ധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി അവനവന്‍റെ ഉള്‍പ്രേരണകൊണ്ട് വളരാനും, നൈസര്‍ഗികമായ കഴിവുകള്‍ വികസിപ്പിക്കാനും പറ്റിയ ഒരന്തരീക്ഷം, ഒരു നല്ല മനുഷ്യനായി സ്വയം രൂപപ്പെടാന്‍ സാധിക്കുന്ന സാഹചര്യം, അങ്ങനെയൊക്കെ സാധിക്കുമെങ്കില്‍ എത്ര നന്നായേനെ! ഞാന്‍ പറയും നമ്മുടെ നാട്ടില്‍ അതീവ പ്രതിഭാശാലികളായി ഏഴ് ദശകോടി ജനങ്ങളുണ്ട്‌ എന്ന്. എന്നാല്‍ എല്ലാവരേയും വീര്‍പ്പുമുട്ടിച്ചിരുത്തിയിരിക്കകയാണ്. സംഘടിതമായ ശക്തികളുടെ സമര്‍ദ്ദങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനായാല്‍ ഓരോ മനുഷ്യനും സാധിക്കും അതിശയകരമായ സൃഷ്ടികളുടെ ശില്‍പികളാവാന്‍. ഈശയില്‍ കാണുന്ന വസ്തുക്കളില്‍ വലിയൊരു വിഭാഗം ഇവിടെതന്നെ നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടത്തെ ശില്‍പികളും, കലാകാരന്‍മാരും, പ്രിന്‍റര്‍മാരും, ഒക്കെ ഇവിടെത്തന്നെയുള്ളവരാണ്. അവരാരും പ്രത്യേകം പഠിപ്പോ പരിശീലനമൊ നേടിയവരല്ല. എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനെകുറിച്ച് എല്ലാവരുടെ മനസ്സിലും ഒരു രൂപമുണ്ട്. ഈശാ കേന്ദ്രത്തിലുള്ളവരുടെ കലാബോധവും, സൗന്ദര്യാത്മകതയും പരക്കെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഏതു കൂട്ടത്തിലും അവ ഒന്നാന്തരമായി ഗണിക്കപ്പെടുന്നു. ഇവിടെനിന്നുള്ള കരകൗശലവസ്തുക്കള്‍ ഓരോന്നും ഏറ്റവും ഗുണമേന്മയുള്ളതാണ്. ഈ വക കാര്യങ്ങളൊന്നും ഈശയില്‍ ആരും ആരേയും പഠിപ്പിക്കുന്നില്ല. ഇതെല്ലാം എല്ലാവര്‍ക്കും കഴിയുന്ന കാര്യങ്ങളാണ്. അതിനുവേണ്ട സ്വാതന്ത്ര്യവും സാവകാശവും ഉണ്ടായിരിക്കണമെന്നുമാത്രം. ചുറ്റുപാടുകളുടെ വീര്‍പ്പുമുട്ടിക്കുന്ന സമര്‍ദ്ദങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള സാഹചര്യങ്ങളുണ്ടായിരിക്കണം.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സാമാന്യ വിദ്യാഭ്യാസം നല്‍കാത്ത പക്ഷം അവരില്‍ കുറെയധികം പേര്‍ക്കും പൊതു സമൂഹവുമായി ഇണങ്ങിച്ചേരാന്‍ സാധിച്ചെന്നുവരില്ല. അനേകം ചെറിയ ഘടകങ്ങളില്ലാതെ വലിയൊരു യന്ത്രം പ്രവര്‍ത്തിപ്പിക്കുക സാദ്ധ്യമല്ലല്ലൊ. സമൂഹവും അതുപോലെയാണ്. വെറുതെ, പറയുന്നതു കേട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള അനവധി പ്രവര്‍ത്തകരുണ്ടാകുമ്പോഴേ ഏതൊരു സ്ഥാപനവും സംഘടനയും മുന്നോട്ടുപോകൂ. എല്ലാവരും ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, ബുദ്ധിജീവികളുമായാല്‍ നാട്ടിലെ സാധാരണ കാര്യങ്ങള്‍ ആരാണ് ചെയ്യുക? അതുകൊണ്ട് പ്രത്യേക വൈഭവങ്ങളൊന്നുമില്ലാത്ത കുറേപേരേയും സമൂഹത്തിന്‍റെ നിലനില്‍പിനുവേണ്ടി തയ്യാറാക്കേണ്ടതുണ്ട്.

എപ്പോഴും യജമാനന്‍ ചമഞ്ഞിരുന്നിട്ടു പ്രയോജനമില്ല. അവശ്യാനുസരണം കുട്ടികളുടെ നിലയിലേക്കും മുതിര്‍ന്നവര്‍ക്കെത്താനാകണം.

എപ്പോഴും യജമാനന്‍ ചമഞ്ഞിരുന്നിട്ടു പ്രയോജനമില്ല. അവശ്യാനുസരണം കുട്ടികളുടെ നിലയിലേക്കും മുതിര്‍ന്നവര്‍ക്കെത്താനാകണം.

ഔപചാരികമായ വിദ്യാഭ്യാസം തീര്‍ത്തും വേണ്ടെന്നുവെക്കാം. അപ്പോള്‍ നമ്മള്‍ എത്തിച്ചേരുക തികച്ചും വ്യത്യസ്തമായ വേറൊരു ജീവിത ശൈലിയിലായിരിക്കും. അതിന് ഇനിയും കാലമായിട്ടില്ല. ചെറിയൊരു മട്ടില്‍ നമുക്കതിനായി ശ്രമിക്കാം. അതിനാദ്യം വേണ്ടത് – മക്കള്‍ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന വിചാരം മാതാപിതാക്കള്‍ ഒഴിവാക്കണം. അവര്‍ നിങ്ങളുടേതല്ല, നിങ്ങളിലൂടെ ഈ ഭൂമിയില്‍ വന്നെത്തിയര്‍ മാത്രമാണ്. അതൊരു ഭാഗ്യമല്ലേ. തനിക്കു കടന്നുവരാനുള്ള മാര്‍ഗമായി ഇനിയൊരു ജീവന്‍ നിങ്ങളെ തിരഞ്ഞെടുക്കുക! ഒരാള്‍ "ഞാന്‍ ഇവന്‍റെ അച്ഛനാണ്" എന്നു പറയുന്നതും മറ്റൊരാള്‍ ഞാന്‍ ഇയാളുടെ മേലധികാരിയാണെന്നു പറയുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല. അങ്ങനെ അധികാര ഭാവം കാട്ടുന്നതിനേക്കാള്‍ നല്ലത് കുട്ടികളോട് അവരുടെ നിലക്കൊത്ത് പെരുമാറുന്നതാണ്. ഞാന്‍ അതു പറയാന്‍ തക്കതായ കാരണമുണ്ട്. ഒരച്ഛനേയും മകനേയും താരതമ്യം ചെയ്തു നോക്കു. അച്ഛനേക്കാള്‍ എന്തുകൊണ്ടും സന്തോഷവും ഉത്സാഹവും മകനില്‍ കാണുന്നില്ലേ? അങ്ങനെയാണ് എങ്കില്‍ ജീവിതത്തില്‍ ആര് ആരേയാണ് കണ്ടുപടിക്കേണ്ടത്? കാര്യമായൊന്ന് ആലോചിക്കേണ്ടതാണ് ഈ വിഷയം.

ഒരു കുഞ്ഞ് നിങ്ങളുടെ ജീവിതത്തില്‍ പ്രവേശിക്കുന്നതോടെ ജീവിത തിരക്കുകള്‍ക്കിടയില്‍ മറന്നുപോയ പലപല നല്ല കാര്യങ്ങളും വീണ്ടും നിങ്ങളുടെ ഓര്‍മ്മയിലെത്തുന്നു. സ്വയമറിയാതെ നിങ്ങള്‍ ആടാനും, പാടാനും, ചിരിക്കാനും, കളിക്കാനുമൊക്കെ തുടങ്ങുന്നു. ചാടിത്തുള്ളാനും മേശക്കടിയിലൂടെ മുട്ടുകുത്തി ഇഴയാനും നിങ്ങള്‍ മടിക്കുന്നില്ല. ഒരു കുഞ്ഞുപിറക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കോര്‍ക്കാം, പഴയ പാഠങ്ങള്‍ ഓര്‍ക്കാനും പോയ്പോയ സന്തോഷം തിരിച്ചു കൊണ്ടുവരുവാനുമുള്ള സമയമാണിത്. നമ്മള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിലേറെ നമുക്ക് അവരില്‍നിന്നും പഠിക്കാനുണ്ട്.

ജീവിതം കൂടുതല്‍ സര്‍ഗാത്മകമാകുന്നു. എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട് എന്ന ഉത്സാഹം മനസ്സില്‍ നിറയുന്നു.

 
 
  0 Comments
 
 
Login / to join the conversation1