सद्गुरु

ശാരീരികമായി മാറ്റങ്ങള്‍ വരുത്തിയാല്‍ മറ്റുള്ളവര്‍ നിങ്ങളെ കാണുന്ന രീതിയില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ അനുഭവങ്ങള്‍ക്കു മാറ്റം വരണമെങ്കില്‍ നിങ്ങളുടെ ശരീരവും സൃഷ്ടിയുടെ ഉറവിടവും ഒരേ രേഖയില്‍ത്തന്നെ വന്നെത്തണം.

സദ്‌ഗുരു : വയറ് ഒഴിഞ്ഞിരുന്നതുകൊണ്ടുമാത്രം കാര്യമില്ല, ശരീരത്തില്‍ മലം കെട്ടികിടക്കുകയുമരുത്. അവസാനത്തെ ഭക്ഷണത്തിനുശേഷം പത്തോ പന്ത്രണ്ടോ മണിക്കൂറിനു ശേഷമേ ഹഠയോഗ ചെയ്യാന്‍ പാടുള്ളു. അങ്ങനെയാവുമ്പോള്‍ ദഹനത്തിന് വേണ്ടത്ര സമയം ലഭ്യമാവുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്വാഭാവികമായും മലശോധന ചെയ്യണമെന്ന തോന്നലുണ്ടാവുന്നു. വൈകി അത്താഴം കഴിക്കുകയും നേരത്തെ ഉറക്കമുണരുകയും ചെയ്യുമ്പോള്‍ ദഹനം പൂര്‍ണമാകുന്നില്ല. ഭാരതീയ വൈദ്യ സമ്പ്രദായത്തില്‍ ആയുര്‍വേദമായാലും സിദ്ധവൈദ്യമായാലും അവരാദ്യം ചെയ്യുന്നത് വന്‍കുടല്‍ ശുദ്ധമാക്കുകയാണ്. ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് ഏറ്റവും ആവശ്യമാണ്. ചില പ്രത്യേക തരം ഭക്ഷണം കഴിക്കുന്നവരുടേയും, ഇടക്കിടക്ക് എന്തെങ്കിലും കഴിക്കുന്നവരുടേയും വന്‍കുടല്‍ ശുദ്ധമായിരിക്കുക പ്രയാസമാണ്. പ്രത്യേകിച്ചും ക്ഷീരോല്‍പന്നങ്ങളും മാംസാഹാരവും ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ അവ കൂടുതല്‍ നേരം കുടലില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു. യോഗസാധനയെ കായിക വ്യായാമമായി കാണരുത്. നമ്മുടെ ശരീരഘടനയെ ദൃഢപ്പെടുത്താനും രൂപപ്പെടുത്താനുമുള്ള കൃത്യമായ ഒരു രീതിയാണിത്.

ശരീരത്തിന്‍റെ സഹജമായ പ്രകൃതത്തിന് അന്യമായിട്ടുള്ളതെല്ലാം പുറത്തേക്ക് തല്‍ക്ഷണം തള്ളപ്പെടണം. എങ്കില്‍ മാത്രമേ പ്രാണോര്‍ജത്തെ മുകളിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. യോഗസാധനയെ കായിക വ്യായാമമായി കാണരുത്. നമ്മുടെ ശരീരഘടനയെ ദൃഢപ്പെടുത്താനും രൂപപ്പെടുത്താനുമുള്ള കൃത്യമായ ഒരു രീതിയാണിത്. അവനവന്‍റെ ഇച്ഛക്കനുസരിച്ച് ഓരോരുത്തര്‍ക്കും സ്വന്തം ശരീരത്തെ രൂപപ്പെടുത്താനാവും. അതിനുള്ള ശ്രമമാണ് യോഗസാധനയിലൂടെ നിങ്ങള്‍ നടത്തുന്നത്. ഇതിനാവശ്യം നിങ്ങളുടെ ശരീരം മാത്രമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതില്‍ തെറ്റില്ല.

സൃഷ്ടിയുടെ ഉറവിടം ബോധമാണ്. ആ ബോധം തന്നെയാണ് ബുദ്ധിയായി ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായിരിക്കുന്നത്. നിങ്ങളുടെ സാധനയില്‍ പങ്കുവഹിക്കാത്ത ഏതൊരു വസ്തുവിനേയും ആ ബുദ്ധി അന്യമായി കരുതുന്നു. യോഗാഭ്യാസത്തിലൂടെ നിങ്ങള്‍ പ്രപഞ്ചസ്രഷ്ടാവുമായി ഒരു പങ്കുകച്ചവടം തുടങ്ങുകയാണ്. ഇതൊന്നും നിങ്ങള്‍ക്കു തനിയെ ചെയ്യാനാവുന്നതല്ല. എന്നാല്‍ അതിനുവേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍ നിങ്ങള്‍ക്കാവും. ശേഷിച്ച പണികള്‍ ചെയ്യാന്‍ സ്രഷ്ടാവുതന്നെ മുന്നോട്ടുവരികയും ചെയ്യും. സൃഷ്ടിയുടെ ഉറവിടമായ ബോധം സര്‍വ്വാത്മനാ നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നാണല്ലൊ നിങ്ങളാഗ്രഹിക്കുന്നത്. നിങ്ങളുടെ പിറവിയുടെ കാര്യമെടുക്കാം. അത് നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല, അത് നിങ്ങളുടെ അച്ഛനമ്മമാരുടെ തീരുമാനമായിരുന്നു. നിങ്ങളുടെ പിതാമഹന്മാര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു. അവരില്‍ കൂടിയാണ് നിങ്ങളുടെ ശരീരത്തിന്‍റെ ഘടനയും പ്രവര്‍ത്തനവുമെല്ലാം നിശ്ചയിക്കപ്പെട്ടത്. ഇതെല്ലാം പാരമ്പര്യ സ്മൃതിയുടെ ഫലമാണ്. ഭാരതീയ സംസ്കൃതിയില്‍ ജ്ഞാനികളായവരെ ദ്വീജന്മാര്‍ എന്നാണ് പറയുക. ദ്വീജന്മന്‍ എന്നുവെച്ചാല്‍ രണ്ടുതവണ ജനിച്ചവന്‍ എന്നര്‍ത്ഥം. ആദ്യത്തെ പിറവി സംഭവിച്ചുപോയതാണ്, അതില്‍ നമുക്ക് സ്വന്തം പങ്കില്ല. രണ്ടാമത്തെ ജന്മം സ്വന്തം ഇച്ഛാനുസരണം സ്വയം രൂപപ്പെടുത്തുന്നതാണ്. ഓരോ ചുവടായി സ്വയം രൂപകല്‍പന ചെയ്തെടുക്കുന്നു.

ദ്വീജന്മന്‍ എന്നുവെച്ചാല്‍ രണ്ടുതവണ ജനിച്ചവന്‍ എന്നര്‍ത്ഥം. ആദ്യത്തെ പിറവി സംഭവിച്ചുപോയതാണ്, അതില്‍ നമുക്ക് സ്വന്തം പങ്കില്ല. രണ്ടാമത്തെ ജന്മം സ്വന്തം ഇച്ഛാനുസരണം സ്വയം രൂപപ്പെടുത്തുന്നതാണ്.

മൂക്കിന്‍റെ വളവു നേരെയാക്കിയതുകൊണ്ടൊ, ശരീരത്തിലെ ഏതെങ്കിലുമൊരു ഭാഗം മാറ്റിവെച്ചതുകൊണ്ടൊ നിങ്ങളുടെ ജീവിതത്തിന് മാറ്റം സംഭവിക്കുന്നില്ല. നിങ്ങളുടെ ആന്തരീകമായ ഊര്‍ജ്ജത്തിന്‍റെ ഘടനയില്‍ മാറ്റം വരുമ്പോഴാണ്, നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ക്കു മാറ്റം വരുക. കാരണം നിങ്ങളുടെ ഊര്‍ജ്ജത്തില്‍ വരുന്ന മാറ്റം നിങ്ങളുടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നു. നിങ്ങളുടെ ചിന്തകള്‍, തോന്നലുകള്‍, പെരുമാറ്റം, ബാഹ്യലോകവുമായി പ്രതികരിക്കുന്ന രീതി എല്ലാം തന്നെ മാറ്റങ്ങള്‍ക്കു വിധേയമാവുന്നു. ശാരീരികമായി മാറ്റങ്ങള്‍ വരുത്തിയാല്‍ മറ്റുള്ളവര്‍ നിങ്ങളെ കാണുന്ന രീതിയില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ അനുഭവങ്ങള്‍ക്കു മാറ്റം വരണമെങ്കില്‍ നിങ്ങളുടെ ശരീരവും സൃഷ്ടിയുടെ ഉറവിടവും ഒരേ രേഖയില്‍ത്തന്നെ വന്നെത്തണം.

പ്രപഞ്ചത്തെ നിരീക്ഷിച്ചാല്‍ ബോദ്ധ്യമാവും, അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മഹാബോധത്തിന്‍റെ സര്‍ഗവൈഭവം. നിസ്സാരമായ ഒരിലയെ ശ്രദ്ധിച്ചു നോക്കൂ. അതിശയകരമായ ഒരഭൗമ ബുദ്ധിവിശേഷമല്ലെ അതിനെ സൃഷ്ടിച്ചിരിക്കുന്നത്! കാഴ്ചയില്‍ നിസ്സാരമെന്നു തോന്നാം. എന്നാല്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്ര അത്ഭുതാവഹമാണ്. ഒരു ചെടിയുടെ മുഴുവന്‍ ഊര്‍ജ്ജവും സൂക്ഷിക്കപ്പെടുന്നത് അതിന്‍റെ ഇലയിലാണ്. ആധുനിക ശാസ്ത്രജ്ഞന്മാരുടെ ഒരു സ്വപ്നമാണ് വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഇലയുടെ സൃഷ്ടി, ഊര്‍ജത്തിന്‍റെ ഒരു സ്രോതസ്സ്. അതില്‍നിന്നും നിങ്ങളുടെ വീട്ടിലേക്കാവശ്യമുള്ള വെള്ളവും, വെളിച്ചവും, കാറ്റും, ചൂടും, ഭക്ഷണം പാകം ചെയ്യാനുള്ള ഇന്ധനവും ലഭിക്കുന്നു. വര്‍ഷങ്ങളായി ശാസ്ത്രജ്ഞന്മാര്‍ ഇതിനായുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചെടിയുടെ ഇലപോലെ ഒന്ന് കണ്ടുപിടിക്കാന്‍. എന്തെല്ലാം കാര്യങ്ങളാണ് ഓരോ ഇലയും നിര്‍വഹിച്ചു വരുന്നത്, അതും ഒരേസമയം തന്നെ. അവിശ്വസനീയമായ കാര്യക്ഷമത! ഓരോ അണുവിലും ഉള്‍ചേര്‍ത്തിട്ടുണ്ട് അതിശയകരമായ, സഹജമായ ബുദ്ധിവൈഭവം. അതെല്ലാം വേണ്ടതുപോലെ വിലയിരുത്താന്‍ നമുക്കാവുന്നില്ല എന്നതാണ് സങ്കടം.

സ്രഷ്ടാവിന്‍റെ സ്വഭാവമാണ് ജ്ഞാനം. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ജീവിക്കാനാവശ്യം സ്നേഹവും, ധനവും, വസ്തുവകകളുമാണെന്ന്. അതൊന്നുമല്ല നമുക്കു വേണ്ടത്. നമുക്കാവശ്യം കുറച്ചുകൂടി ബോധമാണ്, അറിവാണ്. എത്രയോ തവണ ചുറ്റുമുള്ളവരെ നോക്കി നിങ്ങള്‍ പറഞ്ഞിട്ടുണ്ട് "ഇവര്‍ക്കൊക്കെ സ്വല്‍പംകൂടി ബുദ്ധിയും ബോധവും ഉണ്ടായിരുന്നെങ്കില്‍" എന്ന്. അങ്ങനെയുള്ള ബുദ്ധിയും ബോധവും നേടാനായാല്‍ അമ്പതുകൊല്ലം കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കാത്തത് അഞ്ചുകൊല്ലംകൊണ്ട് മനസ്സിലാക്കാന്‍ സാധിക്കും.

ജീവിതത്തില്‍ സ്രഷ്ടാവിന്‍റെ പങ്കാളിയാവുക എന്നു പറഞ്ഞാല്‍ ആ ജ്ഞാനസ്രോതസ്സില്‍നിന്നും വലിയൊരു പങ്ക് പകര്‍ന്നു കിട്ടുക എന്നതാണ്. ഒരുകാലത്തും നേടാനാകുമെന്ന് സങ്കല്‍പിക്കാനാവാത്തയത്ര അറിവ്. ഇത് സംഭവിക്കണമെങ്കില്‍ വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുകതന്നെ വേണം. ആ പരമമായ ബോധത്തിന്‍റെ സൃഷ്ടിയാണ് ഈ ശരീരം. നിങ്ങള്‍ കഴിക്കുന്ന ആഹാരമൊ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മലമൊ നിങ്ങളുടെ ഉടലിന്‍റെ ഭാഗങ്ങളല്ല. അതുകൊണ്ട് വയറും കുടലും ശൂന്യമായിരിക്കേണ്ടതുണ്ട്. നാലോ അഞ്ചോ മണിക്കൂര്‍ തുടര്‍ച്ചയായി യോഗ അഭ്യസിക്കുന്നുണ്ടെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുറച്ചു വെള്ളം കുടിക്കാവുന്നതാണ്. ഇളം ചടുള്ള വെള്ളമാണ് നല്ലത്. വെള്ളം തണുത്തതാണെങ്കില്‍ അത് ചൂടാക്കാന്‍ ദേഹത്തിലുള്ള ഊര്‍ജ്ജം എടുക്കേണ്ടിവരും. അത്രയും ഊര്‍ജ്ജം പാഴായിപോവുകയും ചെയ്യും. വെള്ളത്തിന്‍റെ താപനില ശരീരത്തിന്‍റെ താപനിലയേക്കാള്‍ കുറച്ചു മുകളിലൊ താഴെയോ ആയതുകൊണ്ട് വിരോധമില്ല. ശരീരം അതിനെ തന്‍റെ ഭാഗമായിത്തന്നെ പരിഗണിച്ചുകൊള്ളും.

നിങ്ങള്‍ കഴിക്കുന്ന ആഹാരമൊ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മലമൊ നിങ്ങളുടെ ഉടലിന്‍റെ ഭാഗങ്ങളല്ല. അതുകൊണ്ട് വയറും കുടലും ശൂന്യമായിരിക്കേണ്ടതുണ്ട്.

ഇളം ചൂടുള്ള വെള്ളവും തേനും ഉദരത്തില്‍ ഉണ്ടായിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. വേറൊന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. ശരീരം മാത്രം മതി, അന്യമായ ഒന്നും വേണ്ട. അങ്ങനെയായിരിക്കുമ്പോള്‍ മാത്രമേ സ്രഷ്ടാവ് തന്‍റേതായ ഇടപാടുകള്‍ നടത്തൂ. യോഗാസനത്തില്‍ പങ്കുവഹിക്കാത്ത ഏതൊരു വസ്തുവിനേയും, സൃഷ്ടിയുടെ സ്രോതസ്സായ ബോധം അല്ലെങ്കില്‍ ബുദ്ധി അന്യമായെ കാണുന്നുള്ളു. അതുകൊണ്ട് അതൊരു പ്രതിബന്ധവും വഴിമുടക്കിയുമാകും. നിങ്ങളുടെ അന്തര്‍ലീനമായിരിക്കുന്ന ബോധവും നിങ്ങള്‍ ചെയ്യുന്ന ആസനത്തില്‍ പങ്കാളിയാണ്. ആ പങ്കാളിത്തം കൂടി ചേരുമ്പോഴേ നിങ്ങള്‍ ചെയ്യുന്ന ആസനം യോഗാസനമാകുന്നുള്ളു. അല്ലാത്തപക്ഷം അത് വെറും ഒരു വ്യായാമമൊ ശരീരത്തിന്‍റെ ഒരു പ്രത്യേക നിലയൊ മാത്രമായിരിക്കും.