ചോദ്യം: ആളുകള്‍ തമ്മില്‍ അങ്ങേയറ്റം പ്രശ്നം സൃഷ്ടിക്കുന്നതിന് സ്നേഹ ബന്ധവും വിവാഹവും പലപ്പോഴും കാരണമാകുന്നത് എന്തുകൊണ്ടാണ്?

സദ്ഗുരു : സ്ത്രീയും പുരുഷനും ശാരീരികമായി വിപരീത ധ്രുവങ്ങളിലാണ്. പ്രത്യുല്പാദനം നടക്കുന്നതിനും അടുത്ത തലമുറ സാദ്ധ്യമാകുന്നതിനും പ്രകൃതിനമ്മെ അപ്രകാരമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊറ്റികള്‍ ആകാശത്തു നിന്നും കുട്ടികളെ ഇട്ടു തരുമായിരുന്നെങ്കില്‍ അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിന് സ്ത്രീയുടെയും പുരുഷന്‍റെയും ആവശ്യം വരുമായിരുന്നില്ല.രാസവസ്തുക്കളെ മാറ്റി മറിക്കുകയും നിങ്ങളെ മയക്കുകയും ചെയ്തുകൊണ്ട് ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പാദനവും, തുടര്‍ച്ചയും, നിലനില്പും എന്ന ലക്ഷ്യം പ്രകൃതി സാക്ഷാത്കരിക്കുന്നു.

പ്രത്യുല്പാദന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രകൃതി ഇപ്രകാരം നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ ആളുകള്‍ അതിന് മിനക്കെടുമായിരുന്നില്ല. തലച്ചോറിലെ കോശങ്ങള്‍ ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തേയും ഹോര്‍മോണുകള്‍ കീഴടക്കി നിങ്ങളെ ആ ലക്ഷ്യത്തിനായി നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനെ അതിജീവിക്കുന്നതിന് മനുഷ്യന് വളരെയേറെ ബുദ്ധിയുണ്ടെങ്കിലെ കഴിയൂ. അതില്ലെങ്കില്‍ ഇതാണ് ജീവിതമന്ന് തോന്നും, നിങ്ങളെ അതുപോലെ തോന്നിപ്പിക്കും.

പത്തോ പതിനൊന്നൊ വയസ്സാകുന്നതുവരെ നിങ്ങള്‍ക്ക് ഇങ്ങനെയൊരു വിചാരം പോലും വരില്ല. മറ്റുളള ആളുകള്‍ കാട്ടികൂട്ടുന്നത് ഒരു തമാശയായേ തോന്നു. പക്ഷേ, പെട്ടെന്ന് ഒരു പുതിയ രസതന്ത്രം നിങ്ങളുടെ ശരീരത്തെ കീഴടക്കുന്നു. ഇപ്പോള്‍ അതെല്ലാം ആണ് പരമമായ യാഥാര്‍ത്ഥ്യം!

നിങ്ങളില്‍ രാസവസ്തുക്കള്‍ കുത്തിവച്ച് എല്ലാം അട്ടിമറിച്ച് പ്രകൃതി അവളുടെ ലക്ഷ്യമായ ജീവിവര്‍ഗ്ഗങ്ങളുടെ പ്രത്യുല്പാദനവും, നിലനിര്‍ത്തലും, തുടര്‍ച്ചയും നിര്‍വ്വഹിക്കുന്നു. ഒരിക്കല്‍ ഇതു സംഭവിച്ചാല്‍ അപ്പോള്‍ ഏതോ വിധത്തില്‍ സ്ത്രീയും പുരുഷനും ഒന്നാകാന്‍ പ്രേരിപ്പിക്കപ്പെടുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഒരിക്കല്‍ ഈ പ്രേരണ ഉണ്ടായാല്‍ സ്വാഭാവികമായും ഇവിടെ നിന്നും എങ്ങനെ ഏറ്റവും സുന്ദരമായത് സ്വന്തമാക്കാമെന്നായിരിക്കും മനസ്സ് ചിന്തിക്കുക.

കൊടുക്കലും വാങ്ങലും

അടിസ്ഥാനപരമായി പരസ്പരം എങ്ങനെ ചൂഷണം ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ ആണ് നിര്‍ഭാഗ്യവശാല്‍ ഒരു ബന്ധം ആരംഭിക്കുന്നത്. അതൊരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ്. നിത്യവും കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ അതില്‍ ഒരാള്‍ക്ക് എപ്പോഴും തോന്നും,  “ഞാന്‍ കൂടുതലാണ് കൊടുക്കുന്നത്, അയാള്‍ കുറച്ചുമാത്രമാണ് തരുന്നത്.”

പ്രത്യേകിച്ചും ശരീരം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഒരാള്‍ക്ക് വളരെ എളുപ്പം താന്‍ മറ്റേ ആളാല്‍ ഉപയോഗിക്കപ്പെട്ടതായി തോന്നും. 

വളരെ കുറച്ചുമാത്രം കൊടുക്കുകയും കൂടുതല്‍ കരസ്ഥമാക്കുകയും ചെയ്യുന്നതാണ് സാമര്‍ത്ഥ്യമെന്നാണ് സമൂഹം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഒരു വ്യാപാരസ്ഥലത്തായാലും വിവാഹത്തിലായാലും കണക്കുകൂട്ടലുകള്‍ ഒരേപോലെയാണ്. അതുകൊണ്ടാണ് സ്നേഹത്തെക്കുറിച്ച് വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്നത്. സ്നേഹത്തിലൂടെ ഈ കണക്കുകൂട്ടലുകളെ നിങ്ങള്‍ക്ക് അതിജീവിക്കാം. ആരെങ്കിലും നിങ്ങളെ വൈകാരികമായി കീഴടക്കുമ്പോള്‍ നിങ്ങള്‍ കണക്കുകൂട്ടലുകള്‍ക്ക് അതീതനാകും. അപ്പോള്‍ “ഞാന്‍ എന്ത് സ്വീകരിക്കുന്നു എന്നതിന് പ്രാധാന്യമില്ല, ഞാന്‍ എന്തു കൊടുക്കുന്നു എന്നതിനാണ് പ്രാധാന്യം” എന്നാകും.

ഇപ്രകാരം വൈകാരികമായ തീക്ഷ്ണതയില്‍ സ്നേഹബന്ധം വളരെ മനോഹരമായി മുന്നോട്ട് പോകും. ആ വൈകാരികമായ തീവ്രത കുറയുമ്പോള്‍ അതൊരു കൊടുക്കല്‍ വാങ്ങല്‍ മാത്രമായി തീരും. ബിസിനസ്സിലും, അയല്‍പക്കക്കാരുമായും, മറ്റ് ധാരാളം ആളുകളുമായും നിങ്ങള്‍ തീര്‍ച്ചയായും കൊടുക്കുകയും വാങ്ങുകയും തന്നെയാണ് ചെയ്യുന്നത്. പക്ഷേ ആ കൈമാറ്റങ്ങളെല്ലാം വളരെ കുറച്ചു സമയത്തേയ്ക്ക് മാത്രമാണ്. എന്നാല്‍ വിവാഹബന്ധത്തില്‍ ഈ കൊടുക്കല്‍ വാങ്ങല്‍ സ്ഥിരമാണ്. ഒരു പ്രത്യേക വ്യക്തിയുമായി ഒരു കൂട്ടില്‍ സ്ഥിരമായി അടയ്ക്കപ്പെടുകയാണ്.

അതിനാല്‍ സ്വാഭാവികമായും ഏതോ തരത്തില്‍ നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് നിങ്ങള്‍ക്ക് തോന്നും. ഇപ്രകാരം തോന്നി തുടങ്ങിയാല്‍ പിന്നീടങ്ങോട്ട് സമരം, സമരം തന്നെയാണ്. രതിയുടെ നിമിഷങ്ങളില്‍ മാത്രം സ്ത്രീയ്ക്കും പുരുഷനും യഥാര്‍ത്ഥത്തില്‍ ഒന്നാകാന്‍ കഴിയും. അതില്ലാതാകുമ്പോള്‍ വളരെ പ്രശ്നമാകും. ശാരീരികവും വൈകാരികവുമായ അവയുടെ തലങ്ങളും, പരസ്പരം പകുവച്ചുകൊണ്ടുളള ജിവിതവും ഒരു സമരം തന്നെയായി തീരും.

പ്രത്യേകിച്ചും ഇതില്‍ ഭൗതിക ശരീരവും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ താന്‍ മറ്റൊരാളാല്‍ ചൂഷണം ചെയ്യപ്പെടുന്നതായി ഒരാള്‍ക്ക് എളുപ്പം തോന്നാം. ഒരു വീടോ, കുറച്ചു പണമോ ആയിരുന്നെങ്കില്‍ ഒരു ഒത്ത്തീര്‍പ്പ് ആകാമായിരുന്നു, “ശരി, നീ വീടിന്‍റെ ആ ഭാഗം ഉപയോഗിക്കൂ, ഞാന്‍ ഈ ഭാഗം ഉപയോഗിക്കാം”. “നീ പാചകം ചെയ്യൂ, ഞാന്‍ ജോലി ചെയ്ത് വരുമാനമുണ്ടാക്കാം” , എന്നിങ്ങനെ. എന്നാല്‍ ശരീരമാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഒരാള്‍ക്ക് താന്‍ ഉപയോഗിക്കപ്പെട്ടതായി എളുപ്പം തോന്നും. അതുകൊണ്ട് പ്രശ്നങ്ങളും ഉണ്ടാകുന്നു.

ചോദ്യം : അങ്ങനെയാണെങ്കില്‍ എന്താണ് പരിഹാരം?

സദ്ഗുരു: നിങ്ങള്‍ എല്ലാ സമയവും സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ ആകുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറും പുരുഷത്വവും സ്ത്രീത്വവും വഹിക്കേണ്ട കാര്യമില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ജീവിതത്തിലെ ചില പ്രത്യേക കാര്യങ്ങളില്‍ നിങ്ങള്‍ ഒരു പുരുഷനോ സ്ത്രീയോ ആകേണ്ട ആവശ്യമുണ്ട്. ബാക്കി സമയങ്ങളില്‍ നിങ്ങള്‍ ഇതുരണ്ടും ആകേണ്ടതില്ല.

പക്ഷേ, സമൂഹം നിങ്ങളെ എപ്പോഴും ഇതുപോലെ ആകാന്‍ പരിശീലിപ്പി ച്ചിരിക്കുന്നു. നിങ്ങളുടെ വസ്ത്രധാരണം മുതല്‍, നിങ്ങളുടെ പ്രവര്‍ത്തന രീതികളില്‍, ചില പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായി നിങ്ങളെ പ്രത്യേക രീതിയില്‍ പരിശീലിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഒരിക്കല്‍ ഇരുപത്തിനാല് മണിക്കൂറും പുരുഷന്‍ അല്ലെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും സ്ത്രീ ആയി കഴിഞ്ഞാല്‍ നിങ്ങള്‍ പ്രശ്നങ്ങളില്‍പ്പെടും.

എന്നാല്‍ ജീവന്‍റെ വെറും ഒരു കണിക മാത്രമായി മാറാന്‍ നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു. നിങ്ങള്‍ ഒരു പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആകേണ്ട സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ റോള്‍ സുന്ദരമായി അവതരിപ്പിക്കാന്‍ നിങ്ങള്‍ക്കാകുന്നു. അതുകൊണ്ട് ഇക്കാര്യം ഓര്‍ത്തു വയ്ക്കൂ. ഇത് നിങ്ങള്‍ തെരുവില്‍ ചെന്ന് പ്രസംഗിക്കേണ്ടതില്ല. വെറും

ജീവന്‍റെ കണികയായി നടക്കൂകയും ജീവിക്കുകയും ചെയ്യൂ. നിങ്ങള്‍ ഇപ്രകാരമാണെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. രണ്ട് മനുഷ്യര്‍ വളരെ നല്ലരീതിയില്‍ ഒരുമിച്ച് ജീവിക്കും.

 

സമ്മര്‍ദ്ദങ്ങള്‍ക്ക് അപ്പുറം

‘പുരുഷനും സ്ത്രീയും’ രണ്ട് അപ്രതിരോധ്യമായ നിര്‍ബന്ധങ്ങളാണ്. രണ്ട് നിര്‍ബന്ധങ്ങള്‍ക്ക് ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ ആവില്ല. നിങ്ങള്‍ എത്രമാത്രം നിങ്ങളുടെ ലൈംഗികതയുമായി താദാത്മ്യം പ്രാപിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ നിര്‍ബന്ധശീലനാകും. നിര്‍ബന്ധ ശീലനാകുമ്പോള്‍ നിങ്ങള്‍ ധാരാളം ആളുകളെ ഭരിക്കും. അന്യോന്യം ഭരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രശ്നങ്ങളും തുടങ്ങും.

നിങ്ങള്‍ പുരുഷത്വം അല്ലെങ്കില്‍ സ്ത്രീത്വവുമായി താദാത്മ്യം പ്രാപിക്കാതെ ജീവന്‍റെ കണികയായി പാറി നടക്കുകയാണെങ്കില്‍, നിങ്ങള്‍ സ്ത്രീയാണോ, പുരുഷനാണോ എന്നത് നിങ്ങളുടെ ജീവിതത്തിലെ നിസാരമായ ഒരു കാര്യം മാത്രമാണെന്ന് തിരിച്ചറിയും. അതിനെ ചുറ്റിപ്പറ്റി നിങ്ങളുടെ ജീവിതം കരുപിടിപ്പിക്കേണ്ട ആവശ്യമേ വരുന്നില്ല.

ലൈംഗികതയുമായി നിങ്ങള്‍ താദാത്മ്യം പ്രാപിക്കാതിതുന്നാല്‍ മാത്രം മതി നിങ്ങളുടെ പരമാവധി കഴിവുകള്‍ പ്രകടമാകാന്‍. ആളുകള്‍ അവരുടെ ഭാവനയ്ക്കും അപ്പുറം വളരെയേറെ സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുളളവരും വിവിധ മേഘലകളില്‍ വളരെയേറെ കഴിവുളളവരുമായി മാറും.

 

എഡിറ്ററുടെ കുറിപ്പ്: ഫ്ളിപ് കാര്‍ട്ടിലും ആമസോണിലും ലഭ്യമായ സദ്ഗുരുവിന്‍റെ ഇമോഷന്‍: ദി ജ്യൂസ് ഓഫ് ലൈഫ്: ബോണ്ട് ഓര്‍ ബോന്‍ഡേജ് എന്ന ബുക്കില്‍ നിന്നുളള ഒരു ഭാഗത്തിന്‍റെ പരിഭാഷയാണ് മുകളില്‍