ഉന്മേഷത്തോടെയാണു നിങ്ങള്‍ ഉണരുന്നതെങ്കില്‍ അതൊരു നല്ല തുടക്കം തന്നെ. പക്ഷേ, ദിവസം പുരോഗമിക്കും തോറും, വിശ്രാന്തിയുടെ നിലവാരം കുറഞ്ഞു വരും തോറും, ആകെ ക്ഷീണവും പിരിമുറുക്കവും അനുഭവപ്പെടാന്‍ തുടങ്ങും. ജോലിയല്ല പിരിമുറുക്കത്തിനു കാരണം. വളരെ പ്രധാനമാണിത്. ജോലി, ഭാരമാണെന്നും പിരിമുറുക്കത്തിനു കാരണമാകുന്നുവെന്നുമാണ് എല്ലാവരുടെയും ധാരണ. ഒരു ജോലിയും ഭാരമല്ല, തീര്‍ച്ചയായും ജോലി നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തും. പ്രയാസമുള്ള സന്ദര്‍ഭങ്ങളുണ്ടാകും. കൊള്ളരുതാത്ത മേലുദ്യോഗസ്ഥനുണ്ടാകാം, ആത്മവിശ്വാസമില്ലാത്ത സഹപ്രവര്‍ത്തകരുണ്ടാകാം, കടുപ്പംപിടിച്ച സമയപരിധികളുണ്ടാകാം, അടിയന്തരസ്വഭാവമുള്ള പ്രവൃത്തികളുണ്ടാകാം- ചിലപ്പോള്‍ ഒരു യുദ്ധക്കളത്തിന്‍റെ നടുവില്‍ത്തന്നെ അകപ്പെട്ടതായി നിങ്ങള്‍ക്കു തോന്നിയേക്കാം. പക്ഷേ, ഇവയൊന്നും ജോലിയെ പിരിമുറുക്കമുള്ളതാക്കുന്നില്ല. അകപ്പെടുന്ന സന്ദര്‍ഭങ്ങളോടുള്ള നിര്‍ബന്ധപൂര്‍വമായ പ്രതികരണത്തിലാണു സമ്മര്‍ദം ഉളവാകുന്നത്. അത് ആന്തരികമായ ഒരു സംഘര്‍ഷമാണ്. ഈ ഘര്‍ഷണം ഒഴിവാക്കാന്‍ ആന്തരികമായ തയ്യാറെടുപ്പു കൊണ്ടും ജാഗ്രത കൊണ്ടും സാധിക്കും. നിങ്ങളുടെ ആന്തരിക പ്രതികരണ സംവിധാനങ്ങളെ നിയന്ത്രിക്കാനാകാത്തതാണ് ഈ സമ്മര്‍ദത്തിനും പിരിമുറുക്കത്തിനും കാരണം. സ്വന്തം ശരീരവും മനസ്സും വികാരങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പോകുന്നതാണു പ്രശ്‌നം.

ഉത്സാഹത്തിന്‍റെയും വിശ്രാന്തിയുടെയും സന്തോഷത്തിന്‍റെയും നിലവാരം രാവിലെ മുതല്‍ രാത്രിവരെ നിലനിര്‍ത്താന്‍ വേണ്ടി ആന്തരിക സംവിധാനങ്ങളെ സംഘര്‍ഷരഹിതമായി പരിരക്ഷിക്കുന്നത് എങ്ങനെയാണ്?

ഒരു സാധാരണമനുഷ്യന്‍റെ നാഡിമിടിപ്പ്, ആഹാരം കഴിക്കുന്നതിനു മുന്‍പ് എഴുപതും- എണ്‍പതുമായിരിക്കും. ധ്യാനം ശീലിക്കുന്നയാളിന്‍റെ നാഡിമിടിപ്പിന്‍റെ നിരക്കു മുപ്പതിനും നാല്‍പതിനുമിടയ്ക്കായിരിക്കും. നന്നായി ഭക്ഷണം കഴിച്ചാലും അത് അന്‍പതിനടുത്തായിരിക്കും. ശരീരം ഓരോ നിമിഷവും അനുഭവിക്കുന്ന വിശ്രാന്തിയുടെ തോതളക്കാനുള്ള ഒരു ഘടകം മാത്രമാണിത്. വിശ്രാന്തിയുടെ അവസ്ഥയെന്നതു ശരീരത്തിനു സ്വയം നവീകരിക്കാനും വീണ്ടെടുക്കാനുമുള്ള അവസരമാകുന്നു.

ഒന്നും ചെയ്യാതിരുന്നു നാഡിമിടിപ്പും മറ്റു ശരീരപ്രവര്‍ത്തനങ്ങളും മന്ദീഭവിപ്പിക്കാന്‍ സാധിക്കില്ല. പ്രവൃത്തികള്‍ ശരീരത്തെ ദുര്‍ബലപ്പെടുത്തുന്നില്ല എന്ന അവസ്ഥ നിലനിര്‍ത്തുകയാണു പ്രധാനം. ചിലപ്പോള്‍ ശാരീരികമായി ക്ഷീണിക്കാം. പക്ഷേ, അതു നമ്മളെ സമ്മര്‍ദത്തിലാക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഒരുപാട് ജോലി ചെയ്യുകയും സജീവമായിരിക്കുകയും അതേസമയം വിശ്രാന്തി അനുഭവിക്കുകയും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അതൊരു നേട്ടം തന്നെയാണ്. ചില ലളിതമായ യോഗ പ്രാക്ടീസുകളിലൂടെ നിങ്ങള്‍ക്കു മൂന്നോ നാലോ മാസംകൊണ്ടു നാഡിമിടിപ്പിന്‍റെ എണ്ണം പത്തോ ഇരുപതോ താഴേക്കു കൊണ്ടുവരാന്‍ സാധിക്കും. അപ്പോള്‍ ശരീരം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും വളരെ ആയാസരഹിതമായ അവസ്ഥയിലായിരിക്കുകയും ചെയ്യും.

ശരീരത്തിനാവശ്യം ഉറക്കമല്ല; സ്വാസ്ഥ്യമാണ്. ദിവസം മുഴുവന്‍ ശരീരം വളരെ വിശ്രാന്തിയിലാണെങ്കില്‍ ആവശ്യമായ ഉറക്കത്തിന്‍റെ തോതു കുറയും. നിങ്ങളുടെ ജോലിയും നടത്തവും കായികാഭ്യാസവും എല്ലാം നിങ്ങള്‍ക്കു വിശ്രാന്തി നല്‍കുമെങ്കില്‍ ആവശ്യമായ ഉറക്കത്തിന്‍റെ തോതു പിന്നെയും കുറയും.

ശരീരത്തിനാവശ്യം ഉറക്കമല്ല; സ്വാസ്ഥ്യമാണ്. ദിവസം മുഴുവന്‍ ശരീരം വളരെ വിശ്രാന്തിയിലാണെങ്കില്‍ ആവശ്യമായ ഉറക്കത്തിന്‍റെ തോതു കുറയും.

ഇപ്പോള്‍ ആളുകള്‍ക്ക് എല്ലാം കഠിനമായ വഴിയേതന്നെ ചെയ്യണമെന്നു നിര്‍ബന്ധമാണ്. പാര്‍ക്കിലൂടെ പ്രഭാതസവാരിക്കു വരുന്ന ആളുകള്‍ വലിയ സമ്മര്‍ദം അനുഭവിക്കുന്നതായി കാണാം. നടക്കുകയാണെങ്കിലും ഓടുകയാണെങ്കിലും അത് അനായാസമായി, സന്തോഷകരമായി ചെയ്യാവുന്നതാണ്. വലിയ സമ്മര്‍ദം അനുഭവിച്ചുകൊണ്ടു നിങ്ങള്‍ ഇതൊക്കെ ചെയ്യുകയാണെങ്കില്‍ ശരീരത്തിനു കൂടുതല്‍ ദോഷമാണു പലപ്പോഴും സംഭവിക്കുക. യുദ്ധത്തിനു പോകുന്ന മട്ടില്‍ നടക്കുകയാണെങ്കില്‍ എന്തു ഗുണമാണുണ്ടാവുക?

ജീവിതവുമായി പോരാടേണ്ടതില്ല. നിങ്ങള്‍ ജീവിതവിരുദ്ധരല്ല. നിങ്ങള്‍തന്നെ ജീവിതമാകുന്നു. അതുമായി സമരസപ്പെടുക. അങ്ങനെ സമരസപ്പെട്ടുകഴിഞ്ഞാല്‍ ജീവിതത്തിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയും. ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ടി നടത്തുന്ന അഭ്യാസങ്ങള്‍ യുദ്ധസന്നദ്ധതയോടെ ആകണമെന്നില്ല. ആസ്വദിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക; എന്തെങ്കിലും കളിക്കുക, നീന്തുക, നടക്കുക, ഓടുക എന്തും. പക്ഷേ, ഒന്നും ചെയ്യാതെ രാവിലെമുതല്‍ വീട്ടിലിരുന്നു ചീസ്‌കേക്കു തിന്നാന്‍ മാത്രമാണു താത്പര്യമെങ്കില്‍ അതൊരു പ്രശ്‌നംതന്നെയാണ്. അല്ലാതെ ഒരേസമയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും വിശ്രാന്തി അനുഭവിക്കുകയും ചെയ്യുന്നതില്‍ വൈരുധ്യം ഒന്നുമില്ല.

ശരീരത്തിന് എത്ര ഉറക്കം വേണം? എന്തുമാത്രം ശാരീരികപ്രവൃത്തികള്‍ ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിനുള്ള ഉത്തരം. ഭക്ഷണത്തിന്‍റെയോ ഉറക്കത്തിന്‍റെയോ അളവു മുന്‍കൂട്ടി നിശ്ചയിക്കേണ്ടതില്ല. ഭക്ഷിക്കേണ്ട ഭക്ഷണത്തിന്‍റെ കലോറിയും ഉറങ്ങേണ്ട മണിക്കൂറുകളുടെ ദൈര്‍ഘ്യവും ഒക്കെ അളന്നു തിട്ടപ്പെടുത്തുന്ന രീതി ജീവിതത്തോടു പുലര്‍ത്തുന്ന മൂഢമായ മനോഭാവമാണ്. ഇന്ന് എത്രമാത്രം ഭക്ഷിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട; ശരീരം തീരുമാനിക്കട്ടെ. ഇന്നു നിങ്ങളുടെ അധ്വാനം കുറവായിരുന്നതുകൊണ്ട് ആഹാരം കുറയ്ക്കുന്നു. നാളെ അധ്വാനം കൂടുതലായിരിക്കും. അപ്പോള്‍ ഇത്തിരി കൂടുതല്‍ ഭക്ഷിക്കുന്നു. ഉറക്കവും അങ്ങനെതന്നെ. ആവശ്യത്തിനു വിശ്രാന്തിയുണ്ടെങ്കില്‍ നേരത്തേ ഉണരുന്നു. ആവശ്യമായ വിശ്രമം കിട്ടിക്കഴിഞ്ഞാല്‍ ശരീരം അപ്പോള്‍ത്തന്നെ ഉണരും. അതു മൂന്നുമണിയായാലും നാലുമണിയായാലും എട്ടു മണിയായാലും. ആഹാരത്തിന്‍റെയും ഉറക്കത്തിന്‍റെയും കാര്യത്തില്‍ ശരീരംതന്നെയാണ് അതു നിര്‍ണയിക്കേണ്ടത്.

ശരീരത്തിന് ഒരു നിശ്ചിത അളവിലെ ഉണര്‍വും ജാഗ്രതയും ഉണ്ടെങ്കില്‍, ആവശ്യമായ വിശ്രമത്തിനുശേഷം അത് അപ്പോള്‍ത്തന്നെ ഉണരും. ജീവിതത്തിലേക്കു പ്രവേശിക്കാന്‍ ശരീരത്തിനു തിടുക്കമാണ്. പക്ഷേ, ആരെങ്കിലും കിടക്കയെ ശവമാടംപോലെ ഉപയോഗിക്കുകയാണെങ്കില്‍ അതൊരു പ്രശ്‌നംതന്നെയായിരിക്കും. ശരീരത്തെ സജ്ജമാക്കി വെക്കുക; അതൊരിക്കലും ജീവിതത്തെ ഒഴിവാക്കാനോ ജീവിതത്തില്‍നിന്നു രക്ഷപ്പെടാനോ ശ്രമിക്കാതിരിക്കട്ടെ. ഉണരാന്‍വേണ്ടി വെമ്പല്‍കൊള്ളുന്ന വിധത്തില്‍ ശരീരത്തെ പരിപാലിക്കണം.