ഉറക്കം... എപ്പോള്‍, എത്ര നേരം?

രാത്രി നേരാംവണ്ണം ഉറങ്ങിയില്ലെങ്കില്‍, ദിവസം മുഴുവന്‍ ഉന്മേഷരഹിതമായിരിക്കും. അപ്പോള്‍, ഉറങ്ങിയൊ ഇല്ലയോ എന്നതല്ല പ്രധാനം, നന്നായി അലസലില്ലാതെ ഉറങ്ങുവാന്‍ സാധിച്ചുവൊ എന്നതാണ്‌.
 
 

सद्गुरु

ഒരു ജോലിയും ശരീരത്തിന്‍റെ സ്വാഭാവികാവസ്ഥയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിനു ക്ഷീണം തോന്നിയേക്കാം. അപ്പോഴും മനസ്സ്‌ സ്വസ്ഥമായിരിക്കണം.

 

സദ്‌ഗുരു: – രാത്രി നമ്മള്‍ സുഖമായി ഉറങ്ങുന്നു. രാവിലെ നമ്മള്‍ ഉന്മേഷ ത്തോടെ ഉണര്‍ഴുന്നേല്‍ക്കുന്നു. രാത്രി നേരാംവണ്ണം ഉറങ്ങിയില്ലെങ്കില്‍, ദിവസം മുഴുവന്‍ ഉന്മേഷരഹിതമായിരിക്കും. അപ്പോള്‍, ഉറങ്ങിയൊ ഇല്ലയോ എന്നതല്ല പ്രധാനം, നന്നായി ഉറങ്ങുവാന്‍ സാധിച്ചുവൊ ഇല്ലയൊ എന്നതാണ്‌. ശരീരത്തിനും മനസ്സിനും ബുദ്ധിയ്ക്കും വേണ്ടത്ര വിശ്രമം ഉറക്കത്തില്‍ നമുക്കു ലഭിക്കുന്നു. തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതം നല്ലൊരു ദിവസത്തിന്റെ മുന്നോടിയാണ്‌. ദിവസം നീളുന്തോറും, രാവിലെ തോന്നിയ ഉത്സാഹം ക്രമേണ കുറഞ്ഞുവരുന്നതായി തോന്നും. പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ അലട്ടാന്‍ തുടങ്ങും. എല്ലാവരും കരുതുന്നത്‌ ജോലിമൂലമാണ്‌ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നത്‌ എന്നാണ്‌. വാസ്‌തവത്തില്‍ ആ ധാരണ തെറ്റാണ്‌. ജോലിയല്ല, ജോലികള്‍ വേണ്ട വിധത്തില്‍ ചെയ്യാനുള്ള നിങ്ങളുടെ ശേഷിക്കുറവാണ്‌ സമ്മര്‍ദ്ദങ്ങള്‍ക്കു കാരണമാകുന്നത്‌.

ജോലിയല്ല, ജോലികള്‍ വേണ്ട വിധത്തില്‍ ചെയ്യാനുള്ള നിങ്ങളുടെ ശേഷിക്കുറവാണ്‌ സമ്മര്‍ദ്ദങ്ങള്‍ക്കു കാരണമാകുന്നത്

പിരിമുറുക്കങ്ങള്‍ എങ്ങിനെ ഒഴിവാക്കാം?

രാവിലെ തോന്നിയ സുഖവും ശാന്തിയും വൈകുന്നേരംവരെ എങ്ങനെയാണ്‌ നിലനിര്‍ത്തിക്കൊണ്ടുപോരിക? ഭക്ഷണത്തിനു ശേഷം എന്റെ നാഡിമിടിപ്പുപരിശോധിച്ചാല്‍ അത്‌ ഏതാണ്ട്‌ 47 48 എന്ന തോതിലായിരിക്കും. എന്നാല്‍ വയറൊഴിഞ്ഞിരിക്കേ അത്‌ 35 നും 40നും ഇടയിലാകും. ആധുനിക വൈദ്യശാസ്ത്രം ഞാന്‍ സുഖനിദ്രയിലാണെന്ന് അനുമാനിക്കും. പക്ഷെ, അവരുടെ നിഗമനങ്ങള്‍ക്കെതിരെ ഞാന്‍ പൂര്‍ണമായും ഉണര്‍ന്നിരിക്കുകയായിരിക്കും. ഏതു പണിയും ചെയ്യാനുള്ള അവസ്ഥയിലുമായിരിക്കും. എന്റെ ശരീരം നിദ്രാവസ്ഥയിലാണെങ്കില്‍, യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും അതിനെ ബാധിക്കുന്നില്ല എന്നതാണ്‌ സത്യം.

ശരീരത്തെ സ്വാഭാവികമായ രീതിയില്‍ കൊണ്ടുനടത്താന്‍ ശ്രമിക്കുക. ഒരു ജോലിയും ശരീരത്തിന്‍റെ സ്വാഭാവികാവസ്ഥയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിനു ക്ഷീണം തോന്നിയേക്കാം. അപ്പോഴും മനസ്സ്‌ സ്വസ്ഥമായിരിക്കണം. ഇത്‌ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്‌. ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കേണ്ടത്‌ അവനവന്റെ കടമയാണ്‌. ജോലിത്തിരക്ക്‌ കൂടുതലുണ്ടെന്നു കരുതി ശരീരത്തിനെ ക്ലേശിപ്പിക്കുന്നത്‌ ശരിയായ രീതിയല്ല. അതേ സമയം, ഒരു പ്രവൃത്തിയും ചെയ്യാന്‍ തോന്നാത്തവിധം അലസമാകാന്‍ ശരീരത്തിനവസരം കൊടുക്കുകയുമരുത്‌.

ഇതെങ്ങിനെയാണ്‌ സാധിക്കുക? അതിനുള്ള മറുപടി യോഗശാസ്‌ത്രത്തിലുണ്ട്‌. ലഘുവായ ചില അഭ്യാസങ്ങള്‍, മൂന്നുനാലുമാസം കൃത്യമായി ചെയ്‌താല്‍ നാഡി മിടിപ്പ്‌ ഗണ്യമായി കുറയും. ഉണര്‍വ്വും ഉന്മേഷവും വര്‍ദ്ധിക്കും. പിരിമുറക്കങ്ങളൊന്നും കൂടാതെ അവനവന്റെ ജോലി കാര്യക്ഷമതയോടെ ചെയ്‌തു തീര്‍ക്കാനുമാകും. ഒരു അലാറം മണിയൊച്ച കേട്ടുകൊണ്ടല്ല നിങ്ങളുടെ ശരീരം ഉണരേണ്ടത്‌. സുഖമായൊരു ഉറക്കത്തിനുശേഷം സ്വാഭാവികമായി ജാഗരൂകനായി വേണം ശരീരം ഉണരാന്‍.

യഥാര്‍ത്ഥത്തില്‍ ശരീരത്തിനാവശ്യം ഉറക്കമല്ല സ്വസ്ഥതയാണ്‌, വിശ്രാന്തിയാണ്‌.

എപ്പോഴാണ്‌ നിങ്ങള്‍ ഉറങ്ങാന്‍ കിടക്കേണ്ടത്‌? അതാശ്രയിച്ചിരിക്കുന്നത്‌ നിങ്ങളുടെ ജീവിതശൈലിയേയാണ്‌. എത്ര മണിക്കൂര്‍ നേരത്തെ ഉറക്കമാണ്‌ ഒരാള്‍ക്കാവശ്യം? സാധാരണ പറയാറുള്ളത്‌ ദിവസവും എട്ട് മണിക്കൂര്‍ എന്നാണ്‌. യഥാര്‍ത്ഥത്തില്‍ ശരീരത്തിനാവശ്യം ഉറക്കമല്ല സ്വസ്ഥതയാണ്‌, വിശ്രാന്തിയാണ്‌. ദിവസം മുഴുവന്‍ ശരീരത്തെ ആയാസരഹിതമായി, കൊണ്ടുനടക്കാന്‍ കഴിഞ്ഞാല്‍, ജോലി സംബന്ധമായ ക്ലേശങ്ങളില്‍ നിന്ന്‍ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞാല്‍ അത്രയൊന്നും ഉറക്കത്തിന്റെ ആവശ്യം വരികയില്ല. നിങ്ങളുടെ പ്രവൃത്തികളെന്തായാലും അത്‌ ഭാരിച്ചതായി അനുഭവപ്പെടുകയില്ല. ഇന്നത്തെ കാലത്ത്‌ എല്ലാവര്‍ക്കും അവസാനിക്കാത്ത തിരക്കുകളാണ്‌. അതുമൂലമുണ്ടാകുന്ന പിരിമുറുക്കങ്ങളും. എല്ലാവരും എപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു വാക്കായിരിക്കുന്നു, ``ടെന്‍ഷന്‍.” ആരോഗ്യം നില നിര്‍ത്താന്‍ വേണ്ടി പതിവായി രാവിലെ നടക്കാനിറങ്ങുന്നവരുണ്ട്‌. ആ നടത്തത്തിനും നിങ്ങള്‍ക്കകമ്പടിയായി ``ടെന്‍ഷന്‍” കൂടെയുണ്ടെങ്കില്‍ അങ്ങനെയുള്ള നടത്തംകൊണ്ട് വിശേഷിച്ചു പ്രയോജനമൊന്നുമുണ്ടാകില്ല. ചെയ്യുന്ന കാര്യം വ്യായാമമായാലും വിനോദമായാലും അത്‌ ആയാസം കൂടാതെ സന്തോഷത്തോടെ ചെയ്യുക.

ജീവിതത്തെ ഒരു പോര്ക്കളമായി കാണേണ്ട കാര്യമില്ല. ജീവിതത്തെ സൌഹൃദപൂര്‍വം സമീപിക്കുക എന്നതാണ്‌ നല്ല രീതി. കളി, നടത്തം, നീന്തല്‍ എന്നിങ്ങനെ ലഘുവായ വ്യായാമങ്ങള്‍ ശീലമാക്കുക. ടെലിവിഷനും കണ്ട്, വെറുതെയിരുന്നു തിന്നുന്നതില്‍ മാത്രമാണ്‌ താല്‍പര്യമെങ്കില്‍ ശ്രദ്ധിക്കുക, അത്‌ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

നിങ്ങളുടെ അദ്ധ്വാനത്തിന്റെ തോതനുസരിച്ചിട്ടാണ്‌ നിങ്ങള്‍ എത്ര മണിക്കൂര്‍ ഉറങ്ങണമെന്ന്‍ നിശ്ചയിക്കേണ്ടത്. ഉറക്കമായാലും ആഹാരമായാലും തികച്ചും കൃത്യമായി ഒരളവ്‌ നിശ്ചയിക്കാനാവില്ല. ഇത്രത്തോളം ഉറങ്ങണം, അത്രത്തോളം ഭക്ഷണം കഴിക്കണം എന്നൊന്നും നിര്‍ബന്ധം വേണ്ട. കാര്യമായി പണിയെടുക്കാത്ത ദിവസം ഭക്ഷണം കുറച്ചുമതി എന്നു തോന്നും. നന്നായി ദേഹാദ്ധ്വാനം ചെയ്‌ത ദിവസം കൂടുതല്‍ ഭക്ഷണം കഴിച്ചുവെന്നുവരാം. അതുപോലെത്തന്നെ ഉറക്കത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുണ്ടാകും. കുറേ നേരം തുടര്‍ച്ചയായി നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍ പുലര്‍ച്ചയ്ക്കുതന്നെ ഉണരാനാവും. വേണ്ടത്ര വിശ്രമം കിട്ടിക്കഴിഞ്ഞാല്‍ ശരീരം താനെ ഉറക്കം മതിയാക്കിക്കൊള്ളും.

ചിലര്‍ക്ക്‌ സ്വന്തം മെത്ത ഒരു ശവക്കല്ലറപോലെയാണ്‌. ചത്തതുപോലെയുള്ള ബോധംവിട്ട ഉറക്കം. ആരെങ്കിലും ബലമായി ഉണര്‍ത്തിയാലേ അവര്‍ ഉണരൂ. ഇതെല്ലാം ആശ്രയിച്ചിരിക്കുന്നത്‌ ജീവിതത്തെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ്‌. അസൌകര്യമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രവണതയുണ്ടെങ്കില്‍, അയാള്‍ക്ക്‌ ഉറക്കം നല്ലൊരു രക്ഷപ്പെടലാണ്‌. അങ്ങനെയുള്ളവര്‍ ഭക്ഷണവും വേണ്ടതിലധികം കഴിയ്ക്കും.

വേറെ ചിലരെ കണ്ടിട്ടുണ്ട് അമിതമായി ഭക്ഷണം കഴിച്ച്‌ ശരീരം തളര്‍ന്ന്‍ മന്ദഗതിയിലാവുമ്പോഴേ അവര്‍ക്കുറങ്ങാനാവു. സ്വയം വളര്‍ത്തിയെടുത്ത ഒരു മനോഭാവമാണത്‌. ഭക്ഷണം കഴിച്ചതിനുശേഷം അതിന്‌ ദഹിയ്ക്കാന്‍ വേണ്ട സമയം കൊടുക്കേണ്ടതുണ്ട്‌. ഉറങ്ങുന്നതിനുമുമ്പായി ആ പ്രക്രിയ നടന്നിരിക്കണം. ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂറെങ്കിലും കാത്തിരിക്കാതെ ഉറങ്ങാന്‍ കിടക്കുന്നവരില്‍ ദഹനപ്രക്രിയ യഥാവിധി നടക്കുകയില്ല. അവര്‍ കഴിക്കുന്ന ആഹാരത്തിന്റെ വളരെ വലിയൊരു ഭാഗം ദഹിയ്ക്കാതെ പാഴായിപോവുകയാണ്‌ ചെയ്യുന്നത്‌. വയറു നിറച്ചു ഭക്ഷണം കഴിക്കാതെ ഉറങ്ങാനാവുന്നില്ല എന്നതാണ്‌ സ്ഥിതിയെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്‌ടറെ കാണുകതന്നെ വേണം. ഈ പന്തികേട്‌ നിദ്രയെ സംബന്ധിക്കുന്നതല്ല. ഇവിടെ ശ്രദ്ധിക്കേണ്ടത്‌ നിങ്ങളുടെ മാനസി കാവസ്ഥയാണ്‌.

അവനവന്റെ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച്‌. ഭക്ഷണത്തിന്റെ കാര്യമായാലും, ഉറക്കത്തിന്റെ കാര്യമായാലും, എപ്പോള്‍ എത്രവേണമെന്ന്‍ തീരുമാനിക്കേണ്ടത് നിങ്ങളുടെ ശരീരമാണ്‌.

ഉറക്കം എത്രത്തോളം വേണം? അവനവന്റെ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച്‌. ഭക്ഷണത്തിന്റെ കാര്യമായാലും, ഉറക്കത്തിന്റെ കാര്യമായാലും, എപ്പോള്‍ എത്രവേണമെന്ന്‍ തീരുമാനിക്കേണ്ടത് നിങ്ങളുടെ ശരീരമാണ്‌. അതുകൊണ്ട് ശരീരത്തിന്റെ ഹിതമനുസരിച്ച്‌ ഉറങ്ങിക്കോളു. ആഹാരം കഴിച്ചോളു. കുറയ്ക്കണ്ട, കൂടുതലുമാക്കേണ്ട!

 
 
 
 
  0 Comments
 
 
Login / to join the conversation1