ഉപഭോക്തൃസംസ്കാരവും പരിസ്ഥിതിയും
 
 

सद्गुरु

ചോദ്യകര്‍ത്താവ്: ഇന്നത്തെ ഉപഭോക്തൃസമൂഹത്തില്‍, വിഭവങ്ങളുടെയും വസ്തുക്കളുടെയും വളരെ നിരുത്തരവാദപരമായ ഉപയോഗവും പാഴ് ചെലവും നാം കാണുന്നു. പ്രകൃതി നമുക്ക് നല്കുന്ന വിഭവങ്ങളോടും, ഊര്‍ജ്ജത്തോടും ജനങ്ങള്‍ക്ക് അല്പമെങ്കിലും വിനയം ഉണ്ടാകേണ്ടതല്ലേ?

സദ്ഗുരു: നോക്കൂ, ഈ ഭൂമിയെ സൗമ്യതയോടെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് വിനയം ആവശ്യമില്ല. നിങ്ങള്‍ക്ക് അല്പം കൂടെ ബുദ്ധി വേണമെന്നേ ഉള്ളൂ, നാമുപയോഗിക്കുന്ന വിഭവങ്ങള്‍ വളരെ പരിമിതമാണെന്ന ബോധവും. ഈ ഭൂമിയില്‍ അപരിമിതമായ വിഭവങ്ങള്‍ ഒന്നുംതന്നെ ഇല്ല. നമുക്കിന്ന് ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്, അടുത്ത ഇരുപത്തിയഞ്ച് വര്‍ഷംകൊണ്ട് മുഴുവന്‍ ഭൂമിയെയും ഉപയോഗിച്ച് തീര്‍ക്കാന്‍ വേണ്ടത്ര കഴിവ് നാം ആര്‍ജ്ജിച്ചിട്ടുണ്ട്. നമുക്കതിനുള്ള കഴിവുണ്ട്. അതുകൊണ്ട് ശക്തി നമ്മുടെ കൈകളിലേക്ക് വരുന്നതോടൊപ്പം നമ്മുടെ തലയില്‍ ബുദ്ധിയുംകൂടി വരണം. അത് സംഭവിച്ചിട്ടില്ല. വീണ്ടും, ഇതിനു കാരണം, ഓരോ വ്യക്തയിലും നാം പ്രവര്‍ത്തിച്ചിട്ടില്ല എന്നതുതന്നെ.

നോക്കൂ, ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസരീതി മുഴുവനും വിവരങ്ങളെക്കുറിച്ചാണ്. ആധുനിക ശാസ്ത്രവും, സാങ്കേതികവിദ്യയുമെല്ലാംതന്നെ ഈ ഭൂമിയിലെ ഓരോ ജീവിയേയും നമ്മുടെ നന്മയ്ക്കായി, നമ്മുടെ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്. അങ്ങനെയല്ലേ? നാമതിനെ വളരെയധികം ഉപയോഗിച്ചു കഴിഞ്ഞു. കഴിഞ്ഞ നൂറ്റമ്പതു വര്‍ഷത്തിനുള്ളില്‍ നാം ഈ ഭൂമിയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തു. എന്നിട്ടും, ഇന്ന് മനുഷ്യര്‍ ഒരു നൂറുവര്‍ഷം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ സന്തോഷവാന്മാരാണോ? ഒന്നുംതന്നെ സംഭവിച്ചിട്ടില്ല.

മനുഷ്യവര്‍ഗ്ഗത്തിന്, മുമ്പെങ്ങുമില്ലാത്ത വിധം സുഖസൗകര്യങ്ങള്‍ വന്നിട്ടുണ്ട്, പക്ഷേ ക്ഷേമം വന്നിട്ടില്ല. ഇത്രയും സുഖമനുഭവിക്കുന്ന ഒരു തലമുറ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനുമുന്‍പൊരു തലമുറയും നിങ്ങളിന്നറിയുന്ന സൗകര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. പക്ഷെ, ഇതെല്ലാമായിട്ടും, ജനങ്ങള്‍ കൂടുതല്‍ സന്തോഷവാന്മാരല്ല, അവര്‍ കൂടുതല്‍ കൂടുതല്‍ നിരാശരാകുന്നു. മുമ്പെങ്ങുമില്ലാത്ത വിധം, മനുഷ്യര്‍ മാനസികരോഗങ്ങളും മനഃശാസ്ത്രപരമായ അസ്വാസ്ഥ്യങ്ങളും അനുഭവിക്കുന്നു, ജനങ്ങള്‍ സന്തോഷവാന്മാരല്ല എന്നതുകൊണ്ടു മാത്രം.

ജനങ്ങള്‍ അവര്‍ക്കുള്ളില്‍ തന്നെ സ്വസ്ഥതയുള്ളവരല്ല, കാരണം നാം ആ ഒരു തലത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടില്ല.

ജനങ്ങള്‍ അവര്‍ക്കുള്ളില്‍ തന്നെ സ്വസ്ഥതയുള്ളവരല്ല, കാരണം നാം ആ ഒരു തലത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടില്ല. നാം എപ്പോഴും വിശ്വസിക്കുന്നത് ബാഹ്യസാഹചര്യങ്ങള്‍ നേരെയാകുമ്പോള്‍ നമ്മുടെ ജീവിതവും നേരെയാകും എന്നാണ്, പക്ഷേ അത് ശരിയല്ല. ആന്തരിക സാഹചര്യങ്ങള്‍ക്കുവേണ്ടിയും നമുക്കെന്തെങ്കിലും ചെയ്തേ പറ്റൂ. സമാധാനവും സന്തോഷവും നമുക്കുള്ളിലുണ്ടെങ്കില്‍, നാം വേണ്ടതു ചെയ്യും. പക്ഷെ ഇന്ന് മുഴുവന്‍ മനുഷ്യവര്‍ഗ്ഗവും സന്തോഷം തേടുകയാണ്. സന്തോഷത്തിന്‍റെ പുറകെ പോകുമ്പോള്‍, നിങ്ങള്‍ ഗതികെട്ട പ്രവൃത്തികളിലേര്‍പ്പെടും. നിങ്ങള്‍ ഗതികെട്ട പ്രവൃത്തികളിലായിരിക്കുമ്പോള്‍, 'ഇത് ചെയ്യരുത്, അത് ചെയ്യരുത്' എന്ന് നിങ്ങള്‍ക്ക് ഒരാളോട് പറയാനാകില്ല. അയാളത് ചെയ്യാന്‍ വളഞ്ഞ വഴികള്‍ കണ്ടുപിടിക്കും.

മനുഷ്യര്‍ അവര്‍ക്കുള്ളില്‍തന്നെ സമാധാനവും സന്തോഷവുമുള്ളവരാകുമ്പോള്‍, അവര്‍ ആവശ്യമുള്ളതു മാത്രമേ ചെയ്യുകയുള്ളൂ, ഒട്ടും കുറവുമല്ല, കൂടുതലുമല്ല. പക്ഷെ, ഇന്ന് നമ്മള്‍ എല്ലാകാര്യങ്ങളും അധികമായി ചെയ്യുന്നു, കാരണം നമ്മുടെ സന്തോഷം 'പുറത്ത് അവിടെയാണ്', നാം പോയി അതെടുക്കണം. നമ്മുടെ മുഴുവന്‍ സന്തോഷവും മറ്റാരെയെങ്കിലും ജയിക്കുന്നതിലാണ്. നമ്മള്‍ ഇങ്ങനെയുള്ള ഒരു ഓട്ടമത്സരത്തിലാണെങ്കില്‍, ആ ഓട്ടം നിര്‍ത്താന്‍ പറ്റില്ല. ഇങ്ങനെ മത്സരിക്കുന്നവരോട്, 'ഓടരുത്, ഇത് പരിസ്ഥിതിയെ നശിപ്പിക്കും!' എന്നു നിങ്ങള്‍ക്ക് പറയാനാവില്ല. നിങ്ങളവരോട് ഇതു പറഞ്ഞാല്‍ അത് അനീതിയാകും.

ഇതാണ് ഇന്നത്തെ ലോകത്തില്‍ നടക്കുന്നത്. ശക്തിയും, കഴിവുമുള്ള രാജ്യങ്ങള്‍ എന്തും ചെയ്യുന്നു; എന്നിട്ട് ഈ ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങളോട് 'പരിസ്ഥിതി സംരക്ഷിക്കുക' എന്നു പറയുന്നു. ഇതാണ് അന്തര്‍ദ്ദേശീയമായി സ്വീകരിച്ചിട്ടുള്ള നയം. ഇതാണ് നഗരത്തിലെ നയം, ഇതാണ് നമ്മുടെ സമൂഹത്തിലെയും നയം. അധികാരവും സ്വത്തും ഉള്ളവര്‍ക്ക്, അവര്‍ക്ക് വേണ്ടതെല്ലാം ഉണ്ട്. എന്നാല്‍ അവര്‍ മറ്റുള്ളവരോട് ഭൂമിയിലെ വിഭവങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഇത് പ്രാവര്‍ത്തികമാകില്ല. ഇത് ജനങ്ങളില്‍ അമര്‍ഷം ഉണ്ടാക്കുകയേ ഉള്ളൂ, അല്ലേ?

 
 
 
 
  0 Comments
 
 
Login / to join the conversation1