സദ്ഗുരു: ഇക്കാലത്ത് ഭൂരിപക്ഷമാളുകളും, ചുരുങ്ങിയ പക്ഷം പടിഞ്ഞാറന്‍ നാടുകളിലെങ്കിലും, വിശ്വസിയ്ക്കുന്നത് ബുദ്ധമതത്തിന്‍റെ ഉത്ഭവം ടിബറ്റിലാണെന്നാണ്. എന്നാല്‍, ഗൗതമബുദ്ധന്‍ മുഖ്യമായും സഞ്ചരിച്ചിരുന്നത് ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ പ്രദേശങ്ങളിലാണ്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ബുദ്ധന്‍റെ മാര്‍ഗ്ഗം ബുദ്ധമതമായി മാറിയത് അദ്ദേഹത്തിന്‍റെ കാലശേഷം മാത്രമാണെന്നതാണ്. അദ്ദേഹത്തിന്‍റെ കാലത്ത്, രാജ്യത്തെ മറ്റനേകം ആത്മീയ പ്രസ്ഥാനങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഇതും.

        ഈ രാജ്യത്ത് വ്യാപകമായ രീതിയില്‍ ആത്മീയാന്വഷണത്തിന് വിത്തു പാകുവാന്‍ ഗൗതമ ബുദ്ധനാഗ്രഹിച്ചിരുന്നു. കാരണം, അദ്ദേഹം രംഗപ്രവേശം ചെയ്തപ്പേള്‍, ഒരു കാലത്ത് ഏറെ ആത്മീയോന്നതി കൈവരിച്ചിരുന്ന ഈ ദേശം ആചാരാനുഷ്ഠാനങ്ങളുടെ പിടിയിലമര്‍ന്നിരുന്നു. അതുകൊണ്ട്, പ്രസ്തുത സാഹചര്യത്തില്‍ ഒരു മാറ്റം കൊണ്ടു വരാന്‍ അദ്ദേഹം പ്രയത്‌നിച്ചു. പില്‍ക്കാലത്ത്, അദ്ദേഹത്തിന്‍റെ കൂടുതല്‍ ഭാവനാശാലികളായ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുപയോഗിച്ച് ബുദ്ധമതമെന്നു വിളിയ്ക്കുന്ന ഒരു''പാക്കേജി''നു രൂപം നല്കുകയാണുണ്ടായത്. എന്നാല്‍, വാസ്തവത്തില്‍, ഒരു മതമായി മെനഞ്ഞെടുക്കാവുന്ന യാതൊന്നും ഒരിയ്ക്കലും ബുദ്ധന്‍ പറഞ്ഞിട്ടില്ല.

വാസ്തവത്തില്‍, ബുദ്ധന്‍റെ മാര്‍ഗ്ഗവും പരമ്പരാഗത യോഗ സമ്പ്രദായങ്ങളും തമ്മില്‍ ഒരു തരത്തിലുള്ള വ്യത്യാസങ്ങളുമില്ല.

        വാസ്തവത്തില്‍, ബുദ്ധന്‍റെ മാര്‍ഗ്ഗവും പരമ്പരാഗത യോഗ  സമ്പ്രദായങ്ങളും തമ്മില്‍ ഒരുതരത്തിലുള്ള വ്യത്യാസങ്ങളുമില്ല. തന്‍റെ അന്വേഷണത്തിന്‍റെ എട്ടു വര്‍ഷക്കാലയളവില്‍ ഗൗതമബുദ്ധന്‍ പല യോഗികളെയും സന്ദര്‍ശിച്ചിരുന്നു. അതു കൊണ്ട്, ഇന്ത്യയില്‍, യോഗികളിലൊരാളായിട്ടാണ് ആളുകള്‍ അദ്ദേഹത്തെ നോക്കിക്കണ്ടിരുന്നത്. ഇക്കാരണത്താലാണ്, ബുദ്ധമതത്തിന് ഇന്ത്യയ്ക്കു വെളിയിലുണ്ടായതു പോലുള്ള വളര്‍ച്ച ഇന്ത്യയിലുണ്ടാകാകാതെ പോയത്.

        ഇന്ത്യന്‍ സംസ്‌കാരത്തിനു വെളിയില്‍, ഇത്തരമൊരു ജ്ഞാനസമ്പ്രദായത്തെക്കുറിച്ച് ആളുകള്‍ ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. അവര്‍ക്കിത് അത്ര മേല്‍ ജീവദായകവും പുതുമയാര്‍ന്നതുമായിരുന്നു. കാരണം, അവിടങ്ങളില്‍ ആളുകള്‍ അത്തരമൊരു മാര്‍ഗ്ഗം അതു വരെ പ്രയോഗിച്ചു നോക്കിയിരുന്നില്ല. അതു കൊണ്ട്, മുഴുവനാളുകളും ബുദ്ധന്‍റെ മാര്‍ഗ്ഗത്തിലേയ്ക്കു തിരിഞ്ഞു. മറിച്ച്, ഇന്ത്യയില്‍ ആളുകള്‍ക്കു തിരഞ്ഞെടുക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. അവയിലൊന്നു മാത്രമായിരുന്നു അവര്‍ക്കു ബുദ്ധന്‍റെ പാത.

സംസ്‌കാരങ്ങളുടെ കൂടിക്കലര്‍ച്ച

        ടിബറ്റന്‍ ബുദ്ധമതത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ യോഗ, തന്ത്ര സമ്പ്രദായങ്ങളില്‍ നിന്നുമുള്ളവയാണ്. പദ്മസംഭവനെപ്പോലുള്ള അതിന്‍റെ പരമഗുരുക്കന്‍മാരുടെ പാരമ്പര്യവും മറ്റൊന്നല്ല. പദ്മസംഭവന്‍ ടിബറ്റിലെത്തിയത് 1300 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. അപ്പോഴേയ്ക്കും, ഇന്ത്യയിലെ ബുദ്ധമതം യോഗ, തന്ത്ര സമ്പ്രദായങ്ങളെ കുറേയേറെ സ്വാംശീകരിച്ച് അവയുടെ ഒരു കലര്‍പ്പായി മാറിയിരുന്നു. കാരണം, ബുദ്ധമതം, സ്വതവേ, അതു തുടക്കത്തില്‍ പഠിപ്പിച്ചിരുന്ന രീതി നോക്കിയാല്‍, വളരെ ശുഷ്‌കമായിരുന്നു. അത് സന്ന്യാസിമാര്‍ക്കുള്ളതായിരുന്നു, പൊതുജനങ്ങള്‍ക്കുള്ളതായിരുന്നില്ല. അതു കൊണ്ട്, കാലക്രമേണ, ബോധോദയം സിദ്ധിച്ച ഏതാനും മനീഷികള്‍ യോഗ, തന്ത്ര സമ്പ്രദായങ്ങളുടെ മനോഹരമായ ഒരു കലര്‍പ്പു സൃഷ്ടിയ്ക്കുകയും, ബുദ്ധന്‍റെ പ്രബോധനങ്ങളെ ആസ്പദമാക്കിയുള്ള ഒരു ജീവിതശൈലി മെനഞ്ഞെടുക്കുകയും ചെയ്തു.

        പദ്മസംഭവന്‍ ടിബറ്റിലേയ്ക്കു വന്നപ്പോള്‍, അവിടെ പ്രചാരത്തിലിരുന്ന ബോണ്‍ മതത്തെ ഇതുമായി സമന്വയിപ്പിയ്ക്കുന്നതിനുള്ള അസാധാരണമായൊരു ശ്രമം നടത്തി. അക്കാലം വരെ ടിബറ്റില്‍ സജീവമായിരുന്ന ബോണ്‍ മതം മാന്ത്രിക കര്‍മ്മങ്ങള്‍ക്കു പ്രാധാന്യമുള്ള ഒന്നായിരുന്നു.

        തദ്ദേശീയരെ പുതിയതായി എന്തെങ്കിലും പഠിപ്പിയ്ക്കാന്‍ പദ്മസംഭവന്‍ തുനിഞ്ഞില്ല. പകരം, ബോണ്‍ മതത്തെ ഒരു അടിത്തറയായി സ്വീകരിച്ചു കൊണ്ട് ബുദ്ധിസ്റ്റ് താന്ത്രിക് യോഗ സമ്പ്രദായത്തെ അതിന്മേല്‍ പ്രതിഷ്ഠിയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇത് മികവാര്‍ന്ന ഒരു മെനഞ്ഞെടുപ്പായിരുന്നു. ഇപ്പോഴത്തെ ടിബറ്റന്‍ ബുദ്ധമതം ഈ ബഹുവിധ ഘടകങ്ങളുടെ ഒരു കൂടിക്കലര്‍പ്പാണ്.

തുണ്ടുകളും കഷണങ്ങളും

        പല പില്‍ക്കാല ഗുരുക്കന്മാരുടെയും ടിബറ്റിലേയ്ക്കുള്ള പ്രയാണം മുഖ്യമായും സ്വമനസ്സാലെയായിരുന്നില്ല. വടക്കേ ഇന്ത്യയില്‍ ഇസ്ലാമികാധിനിവേശമുണ്ടായപ്പോള്‍, ആദ്യമായി ആക്രമിയ്ക്കപ്പെട്ടത് ആത്മീയപ്രാധാന്യമുള്ള സ്ഥലങ്ങളാണെന്നതായിരുന്നു അതിനുള്ള മുഖ്യ പ്രേരണ.

        അങ്ങനെ, ആളുകള്‍ ഹിമാലയത്തിലേയ്ക്കും, ദൂരത്തുള്ള ടിബറ്റന്‍ പീഢഭൂമിയിലേയ്ക്കും പോയി. നിങ്ങള്‍ ടിബറ്റന്‍ ബുദ്ധമതത്തെക്കുറിച്ചു പഠിയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു തന്ത്ര എന്തെന്നു മനസ്സിലാകണമെന്നില്ല. എന്നാല്‍, അവിടത്തെ പെയിന്‍റിങ്ങുകളും “മണ്ഡല”കളും  മന്ത്രങ്ങളും സൂക്ഷമമായി നിരീക്ഷിയ്ക്കുകയാണെങ്കില്‍, അവ താന്ത്രിക് രീതിയില്‍ നിന്നും, പ്രത്യേകിച്ചും കാശ്മീരി ശൈവപാരമ്പര്യത്തില്‍ നിന്നും, പ്രചോദനം കൊണ്ടതിന്‍റെ തുണ്ടുകളും കഷണങ്ങളുമാണെന്നു കാണാന്‍ കഴിയും. യോഗ, തന്ത്ര സമ്പ്രദായങ്ങളുടെ വളരെ വികസിതമായ ഒരു രൂപമാണ് കാശ്മീരി ശൈവസമ്പ്രദായം.

അവര്‍ ഈ തുണ്ടുകളും കഷണങ്ങളും കൈക്കൊണ്ടു. കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മാത്രമാണ് അവര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ പര്യവസാനിച്ചത് ആകാശവാഹനത്തിന്‍റെ നിര്‍മ്മാണത്തിലും. അതാണു ടിബറ്റന്‍ ബുദ്ധമതത്തിന്‍റെ മനോഹാരിതഅതിന്‍റെ ലാളിത്യം. പോരായ്മയും മറ്റൊന്നല്ല. എങ്കിലും, പല വിധത്തിലും തികച്ചും മൗലികതയാര്‍ന്നതാണു ടിബറ്റന്‍ ബുദ്ധമതം.