സൂര്യനമസ്കാരം - കാലചക്രത്തില്‍ നിന്നും മുക്തി നേടാനുള്ള ഒരുപാധി

നമ്മുടെ ശാരീരികമായ സ്വാസ്ഥ്യവും, മാനസികമായ സമനിലയും, ബുദ്ധിപരമായ ക്ഷമതയും പരിപാലിക്കുന്നതില്‍ സൂര്യന് വലിയൊരു പങ്കുണ്ട്. ശരീരത്തെ ഒരു വിലങ്ങുതടിയെന്ന നിലയില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഒരു ചവിട്ടു പടിയാക്കി മാറ്റാന്‍ സൂര്യനമസ്ക്കാരം നമ്മെ സഹായിക്കും.
 
 

सद्गुरु

സൂര്യനമസ്കാരം - ശരീരത്തിന് മുഴുവന്‍ ഗുണം ചെയ്യുന്ന ഒരു വ്യായാമ പദ്ധതിയാണത്. നിര്‍ബന്ധപൂര്‍വം എന്നോണം വിരസമായ രീതിയില്‍ നമ്മള്‍ പാലിച്ചു പോരുന്ന ജീവിതശൈലിയില്‍ നിന്നും, ചിട്ടവട്ടങ്ങളില്‍ നിന്നും സ്വതന്ത്രരാവാനുള്ള കരുത്ത് അത് നമുക്ക് നല്‍കുന്നു.

സദ്‌ഗുരു: സാമാന്യ ജനത്തിന്റെ ധാരണ സൂര്യനമസ്ക്കാരം കേവലം ശാരീരികമായ ഒരു വ്യായാമം മാത്രമാണെന്നാണ്. സൂര്യനമസ്ക്കാരം സമ്പൂര്‍ണ്ണമായ ഒരു വ്യായാമ പദ്ധതിയാണ്, പ്രത്യേകിച്ചൊരു ഉപകരണത്തിന്റെയും ആവശ്യവുമില്ല. രാവിലെ സൂര്യനെ നോക്കി ശിരസ്സ്‌ നമിക്കുക, അതാണ്‌ ലോപിച്ചു പറഞ്ഞാല്‍ സൂര്യനമസ്ക്കാരം. ഭൂമിക്ക് ആവശ്യമായ താപവും, ഊര്‍ജവും ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ്. ഭക്ഷണപാനീയങ്ങളിലും, ശ്വസിക്കുന്ന വായുവിലും സൂര്യന്റെ അംശം കലര്‍ന്നിട്ടുണ്ട്. സൂര്യനെ നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം. സൂര്യനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തെ വേണ്ടവിധം ഉള്‍കൊള്ളാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം പൂര്‍ണമായും നമുക്ക് ലഭിക്കുകയുള്ളൂ.

സൂര്യനെ നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം. സൂര്യനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തെ വേണ്ടവിധം ഉള്‍കൊള്ളാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്

ശരിക്കും പറഞ്ഞാല്‍, ഈ ശരീരം ഒരു ചവിട്ടുപടിയാണ്. ഇതില്‍ ചവിട്ടി നിന്ന്, ഉയര്‍ന്ന തലത്തിലുള്ള പലതും നമുക്ക് എത്തിപ്പിടിക്കാം. അത്രയും അതിശയകരമായ ഒരുപാധിയാണ്‌ നമ്മുടെ ശരീരം. എന്നാല്‍ പലരുടെയും കാര്യത്തില്‍ അതങ്ങിനെയല്ല, ശരീരം ഒരു "വഴിമുടക്കി"യാണ്. അവരുടെ ശരീരത്തിന്റെ സ്വാഭാവിക വാസനകള്‍ അതിനെ വേണ്ടവിധം മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ല. സൂര്യനുമായി സ്വയം ബന്ധപ്പെട്ടു ജീവിച്ചു നോക്കു. ശരീരത്തെ ഒരു വിലങ്ങുതടിയെന്ന നിലയില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഒരു ചവിട്ടു പടിയാക്കി മാറ്റാന്‍ സൂര്യനമസ്ക്കാരം നമ്മെ സഹായിക്കും. കാരണം, നമ്മുടെ ശാരീരികമായ സ്വാസ്ഥ്യവും, മാനസികമായ സമനിലയും, ബുദ്ധിപരമായ ക്ഷമതയും പരിപാലിക്കുന്നതില്‍ സൂര്യന് വലിയൊരു പങ്കുണ്ട്.

നിങ്ങളുടെ ശരീരത്തിന് സാമാന്യമായ ഉണര്‍വും, ഉന്മേഷവും, കാര്യക്ഷമതയുമുണ്ടെങ്കില്‍, ഊര്‍ജ്ജം സ്വീകരിക്കാനുള്ള കഴിവുണ്ടെങ്കില്‍, സ്വാഭാവികമായും നിങ്ങളുടെ ജീവിതചക്രം സൂര്യന്റെ ഗതിചക്രവുമായി ഇണങ്ങിയിട്ടുള്ളതായിരിക്കും. സൂര്യനമസ്ക്കാരം കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ജീവിതചക്രത്തെ സൂര്യന്റെ ചക്രഗതിയുമായി ഒന്നിച്ചു കൊണ്ടുപോവുക എന്നതാണ്. അത് ഏതാണ്ട് പന്ത്രണ്ടേകാല്‍ കൊല്ലമാണ്. സൂര്യനമസ്ക്കാരത്തിലും പന്ത്രണ്ട് ആസനങ്ങള്‍ ആണ് ഉള്ളത്. അത് ബോധപൂര്‍വം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

സ്ത്രീകള്‍ക്കുളള ഒരു പ്രത്യേകത, അവര്‍ ചന്ദ്രന്റെ ചക്രഗതിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ചന്ദ്രനും സൂര്യനുമായി സ്വന്തം ജീവിതം ഇണങ്ങിനില്‍ക്കുക, സ്ത്രീകള്‍ക്ക് പ്രകൃതിതന്നെ കനിഞ്ഞു നല്‍കിയിട്ടുള്ള ഒരു വരദാനമാണിത്. ചന്ദ്രനുമായി തങ്ങള്‍ക്കുള്ള ബന്ധം സ്ത്രീകള്‍ പൊതുവേ മനസിലാക്കിയിട്ടില്ല എന്നുവേണം കരുതാന്‍. കൂടുതലായി അനുവദിക്കപ്പെട്ടിട്ടുള്ള ഈ ഊര്‍ജ്ജം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അധികമാര്‍ക്കും അറിഞ്ഞുകൂടാ. പലരും അതിനെ ഒരു "ശാപ"മായിട്ടാണ് കാണുന്നത്. ചന്ദ്രന്റെ ചക്രം ചെറുതാണ്. ഇരുപത്തിയെട്ടു ദിവസമേയുള്ളൂ. സൂര്യന്റെതിനു ദൈര്‍ഘ്യമേറും. പന്ത്രണ്ടേകാല്‍ കൊല്ലമുണ്ട്.

ചക്രം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ആവര്‍ത്തനമാണ്. ആഴത്തില്‍ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമാകും. അതായത്, ജീവിതത്തില്‍ വന്നും പോയുമിരിക്കുന്ന സാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും, അനുഭവങ്ങളും, വിചാരവികാരങ്ങളുമൊക്കെ ഒരു നിശ്ചിത ക്രമത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു, ആറുമാസത്തില്‍ ഒരിക്കലാവാം, ആറു കൊല്ലം കൂടുമ്പോഴാകാം. പന്ത്രണ്ടു കൊല്ലം കൂടുമ്പോഴാണ് അത് ആവര്‍ത്തിക്കുന്നത് എങ്കില്‍, നിങ്ങള്‍ ശാരീരികമായും മാനസികമായും നല്ല നിലയിലാണ് എന്നാണര്‍ത്ഥം. നിങ്ങളുടെ മനസ്സും ശരീരവും സ്വീകരണ ക്ഷമതയുള്ളതാണെന്നും അത് സൂചിപ്പിക്കുന്നു.

പരിണാമ ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലെത്തിയവരാണ് മനുഷ്യര്‍. കേവലമായ നിലനില്‍പ്പിനപ്പുറത്തേക്കു കടക്കാന്‍ സ്വാഭാവികമായും അവര്‍ ആഗ്രഹിക്കുന്നു

ഈ അവസ്ഥ നിലനിര്‍ത്തികൊണ്ടുപോകാന്‍ ഏറ്റവും സഹായിക്കുന്ന ഒരു പദ്ധതിയാണ് സൂര്യനമസ്ക്കാരം. ഈ സാധന നിങ്ങളറിയാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ ചക്രങ്ങളില്‍ നിന്നും നിങ്ങളെ മുക്തരാക്കുന്നു. ആവര്‍ത്തിച്ചു വരുന്ന ഈ അനുഭവ മണ്ഡലത്തെയാണ് നമ്മള്‍ സംസാരം എന്ന് പറയുന്നത്‌. ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവമാണിത്. സൂര്യമണ്ഡലമായാലും വ്യക്തിജീവിതമായാലും ഈ ചാക്രിക പ്രകൃതത്തില്‍ ഉറച്ച് നില്‍ക്കുന്നത് ജീവിതത്തിനു കൂടുതല്‍ ദൃഢതയും, സുരക്ഷിതത്വവും നല്‍കുന്നു. പരിണാമ ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലെത്തിയവരാണ് മനുഷ്യര്‍. കേവലമായ നിലനില്‍പ്പിനപ്പുറത്തേക്കു കടക്കാന്‍ സ്വാഭാവികമായും അവര്‍ ആഗ്രഹിക്കുന്നു. അതു പക്ഷെ വ്യക്തിഗതമായ തീരുമാനമാണ്.

ഭൌതിക ജീവിതത്തിന്റെ അടിസ്ഥാനമാണീ ചക്രം തിരിച്ചില്‍. അവിരാമം തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലചക്രത്തില്‍ തന്നെ വേണമെങ്കില്‍ കുരുങ്ങികിടക്കാം. അതല്ല എങ്കില്‍, ഈ ചക്രഗതിയെ ഭൌതികമായ ക്ഷേമത്തിനായി പ്രയോജനപ്പെടുത്താം. അതിന്റെ സഹായത്തോടുകൂടിത്തന്നെ അതിനപ്പുറത്തേക്ക് കടക്കാനും ശ്രമിക്കാം. ഹഠയോഗത്തിന്റെ ഉദ്ദേശ്യം, ശരീരത്തെ ഒരു "വഴി മുടക്കി"എന്ന നിലയില്‍ നിന്ന് മാറ്റി, മുന്നോട്ടു കുതിക്കാനുള്ള ഒരു ചവിട്ടുപടി ആക്കി തീര്‍ക്കുക എന്നതാണ്, നിങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള സാദ്ധ്യതകളെ പരമാവധി വികസിപ്പിച്ചെടുക്കക എന്നതാണ്.

 
 
 
 
Login / to join the conversation1
 
 
7 മാസങ്ങള്‍ സമയം മുമ്പ്

വളരെ നല്ല ലേഘനം