"സ്നേഹം" - സ്വാര്‍ത്ഥത തീണ്ടാത്ത സ്നേഹം
സ്നേഹമുണ്ട്, അതിനോടൊപ്പം ഉപാധികളും ഉണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉപാധികള്‍ എവിടെയുണ്ടോ, ആ ബന്ധം ഒരു വ്യാപാരത്തിന്റെ നിലയിലാവുന്നു. സൌകര്യത്തിനുള്ള ഒരു കൈമാറ്റം, അല്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ ഒരു ഏര്‍പ്പാട് എന്നൊക്കെ പറയാം
 
 

सद्गुरु

സ്നേഹം - അത് ജീവന്റെ സ്വഭാവമാണ്, സഹജമായിട്ടുള്ള ഗുണവിശേഷമാണ്. എല്ലാ മനുഷ്യര്‍ക്കും സ്നേഹിക്കാന്‍ സാധിക്കും. എന്നെന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സവിശേഷ വികാരമായി എങ്ങിനെ നമുക്കതിനെ മാറ്റാം?

സദ്‌ഗുരു:- “പ്രേമത്തില്‍ വീഴുക" (falling in love)എന്നാണ് ഇംഗ്ലീഷില്‍ സാധാരണയായി പാറയാറുള്ളത്. അത് ശരിയുമാണ്. കാരണം, പ്രേമത്തില്‍ ആരും ഉയരുന്നില്ല, കയറിപ്പോകുന്നില്ല. പ്രേമത്തില്‍, നിങ്ങളുടേതായ എന്തോ ഒന്ന് നഷ്ടമാവുന്നു - പൂര്‍ണമായിട്ടല്ലെങ്കിലും, കുറച്ചെങ്കിലും. അപ്പോഴേ ഒരു പ്രേമബന്ധം ഉണ്ടാകുന്നുള്ളു. തന്റെ പ്രേമഭാജനത്തിനുവേണ്ടി സ്വന്തമായിട്ടുള്ളതെന്തെങ്കിലും കൈവിടാന്‍ നിങ്ങള്‍ തയ്യാറാവുന്നു. എന്നുവെച്ചാല്‍ അവനവനെക്കാള്‍ വലുതായി മറ്റൊരാളെ നിങ്ങള്‍ കാണാന്‍ തുടങ്ങുന്നു. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, ഇന്ന് പലരും പ്രേമത്തെ കാണുന്നത്, പരസ്പരനേട്ടമുള്ള ഒരു കാര്യം എന്ന രീതിയിലാണ്.

സ്നേഹപൂര്‍വ്വം എന്തിനെ നോക്കിയാലും അതിനു പ്രത്യേകിച്ചൊരു ഭംഗി കാണും. ആ സമയത്ത് ലോകം മുഴുവനും തന്നെ അതീവ സുന്ദരമായി തോന്നും, സ്നേഹം എന്നത് നമ്മള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല, അത് നമ്മള്‍ തന്നെയാണെന്നത് ബോദ്ധ്യമാവണം. എല്ലാ ബന്ധങ്ങളും ഒരു നിക്ഷിപ്ത താത്പര്യത്തോടുകൂടിയാണ് നമ്മള്‍ രൂപപ്പെടുത്തുന്നത്. ആ ചട്ടക്കൂടിനുള്ളില്‍ അത് സൌകര്യമുള്ളതും പ്രയോജനപ്രദവുമാണ്. എല്ലാവര്‍ക്കും പലതരത്തിലുള്ള ആവശ്യങ്ങളുണ്ട്. അത് ശാരീരികമോ, മാനസികമോ ആകാം, വൈകാരികമോ സാമ്പത്തികമോ ആകാം. സാമൂഹ്യപരമായും ധാരാളം ആവശ്യങ്ങളുണ്ട്. ഈ ആവശ്യങ്ങളൊക്കെ സാധിച്ചുകിട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, “ഞാന്‍ നിന്നെ സ്നേഹിക്കുന്നു"എന്ന് അയാളോട് അല്ലെങ്കില്‍ ആ സ്ത്രീയോട് പറയുകയാണ്‌. ഇത് സംഗതി സാധിച്ചു കിട്ടുവാനുള്ള ഒരു സ്വാര്‍ത്ഥ മന്ത്രമാണ്‌, അതില്‍ കൂടുതല്‍ അര്‍ത്ഥമൊന്നും അതിനില്ല.

ആവശ്യങ്ങളൊക്കെ സാധിച്ചുകിട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, “ഞാന്‍ നിന്നെ സ്നേഹിക്കുന്നു"എന്ന് അയാളോട് അല്ലെങ്കില്‍ ആ സ്ത്രീയോട് പറയുകയാണ്‌. ഇത് സംഗതി സാധിച്ചു കിട്ടുവാനുള്ള ഒരു സ്വാര്‍ത്ഥ മന്ത്രമാണ്

നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഓരോ കാര്യനിര്‍വ്വഹണത്തിനുള്ളതാണ്. ഇതു മനസ്സിലാക്കാന്‍ സാധിച്ചാല്‍, സ്നേഹത്തെ നിങ്ങളുടെ സ്വാഭാവികമായ ഒരു സ്വഭാവഗുണമായി വളര്‍ത്തിയെടുക്കാന്‍ സാധിക്കും. എന്നാല്‍ അധികം ആളുകളും കാര്യസാദ്ധ്യത്തിനായി മെനെഞ്ഞെടുത്ത ബന്ധങ്ങളെ യഥാര്‍ത്ഥ സ്നേഹബന്ധങ്ങളായി തെറ്റിദ്ധരിക്കുന്നു. ഇതിനിടയിലും കറകളഞ്ഞ സ്നേഹത്തിന്റെ സ്പുരണങ്ങള്‍ തീര്‍ച്ചയായും കാണാം. അത് ഞാന്‍ നിഷേധിക്കുന്നില്ല, പക്ഷെ അതിനും ചില പരിമിതികള്‍ ഉണ്ട്. നിങ്ങള്‍ ഒരാളോട് ഒരായിരം തവണ "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പറഞ്ഞിട്ടുണ്ടാകും, എന്നാലും നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും നടക്കാതെ പോകുന്ന നിമിഷം, ആ സ്നേഹമെല്ലാം പാടെ തകര്‍ന്നു തരിപ്പണമാകും.

സ്നേഹം എന്നത് നിരുപാധികമായിരിക്കണം. വാസ്തവം പറഞ്ഞാല്‍ ഉപാധികളോടു കൂടിയതും, ഉപാധികള്‍ ഇല്ലാത്തതും എന്നിങ്ങനെ രണ്ടുതരത്തിലുള്ള സ്നേഹമില്ല. എന്നാല്‍ സ്നേഹമുണ്ട്, അതിനോടൊപ്പം ഉപാധികളും ഉണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉപാധികള്‍ എവിടെയുണ്ടോ, ആ ബന്ധം ഒരു വ്യാപാരത്തിന്റെ നിലയിലാവുന്നു. സൌകര്യത്തിനുള്ള ഒരു കൈമാറ്റം, അല്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ ഒരു ഏര്‍പ്പാട് എന്നൊക്കെ പറയാം. പലര്‍ക്കും അത് ജീവിതത്തില്‍ വളരെയധികം ഗുണപ്രദമായിട്ടുണ്ടാകാം, എന്നാലും അത് ഒരിക്കലും മനസ്സിന് ഒരു പൂര്‍ണ്ണത നല്‍കുന്നില്ല. “സൌകര്യത്തിനു വേണ്ടിയുള്ള ഒരേര്‍പ്പാട്"എന്ന മുഖഛായയ്ക്ക് മാറ്റവും വരുന്നില്ല.

സ്നേഹിക്കുക എന്നു പറയുമ്പോള്‍ അതിനെ ഒരു സൗകര്യം എന്ന നിലയില്‍ കാണരുത്. കാരണം,സൌകര്യത്തിനു വേണ്ടിയുള്ളതല്ല സ്നേഹം. സ്നേഹം ജീവിതമാണ്. അവനവനെ പൂര്‍ണമായും വിട്ടുകൊടുക്കാന്‍ തയ്യാറാവണം, അപ്പോഴേ ശരിയായ സ്നേഹം സംഭവിക്കുന്നുള്ളു. അതിനു പകരം അവനവന്റെ വ്യക്തിത്വത്തെ മുറുകെ പിടിച്ചുകൊണ്ടു നില്‍ക്കുകയാണെങ്കില്‍ - സ്നേഹം സൌകര്യത്തിനുമാത്രം വേണ്ടിയുള്ള ഒരേര്‍പ്പാടാകും. ഒരു വ്യക്തിയോട് തോന്നുന്ന വികാരം, അതുമാത്രമല്ല സ്നേഹം. ജീവിതത്തെ മൊത്തത്തില്‍ തന്നെ നിങ്ങള്‍ക്ക് പ്രണയിക്കാനാവും, അവിടെ വിശേഷിച്ച് ഒരുവ്യക്തി ഉണ്ടാവണമെന്നില്ല.

നിങ്ങള്‍ എന്തു ചെയ്യുന്നു, ചെയ്യാതിരിക്കുന്നു എന്നത് നിങ്ങളെയും അപ്പോഴത്തെ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് നമ്മുടെ പ്രവൃത്തികളിലേറെയും, എന്നാല്‍ സ്നേഹം തികച്ചും ആന്തരികമായ ഒരവസ്ഥയാണ്. അത് സ്വന്തം മനസ്സിനെ മാത്രം ആശ്രയിക്കുന്നതാണ്. അതുകൊണ്ട് അവനവന്റെ മനസ്സ് എങ്ങിനെയായിരിക്കണം - അതിന്റെ ഉള്ളിലുള്ള വികാരം എപ്രകാരം നടക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്.

സ്നേഹം - അത് ജീവന്റെ സ്വഭാവമാണ്, സഹജമായിട്ടുള്ള ഗുണവിശേഷമാണ്. എല്ലാ മനുഷ്യര്‍ക്കും സ്നേഹിക്കാന്‍ സാധിക്കും, എന്നാല്‍ പലരും സ്വന്തം മനസ്സിനെ പല വിധത്തില്‍ വികലമാക്കിയിരിക്കുന്നു. ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മറന്ന്, ബാഹ്യമായ മറ്റ് പലതിലും മനസ്സിരുത്തുന്നു. വിശ്വാസങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, അഭിപ്രായങ്ങള്‍, തത്വചിന്തകള്‍ അങ്ങിനെ പലതും അവരുടെ സ്വാഭാവികതയെ വളച്ചൊടിക്കുന്നു. സാധാരണയായി എല്ലാവരും പറയാറുണ്ട്‌, അവര്‍ ദൈവത്തെ സ്നേഹിക്കുന്നു, അല്ലെങ്കില്‍ ദൈവം അവരെ സ്നേഹിക്കുന്നതായി അവര്‍ വിശ്വസിക്കുന്നു എന്നൊക്കെ. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു വസ്തുവാണ് സ്നേഹം എന്ന് സാമാന്യമായ ഒരു ധാരണയുണ്ട്. ഈശ്വരന്‍ നമ്മെ സ്നേഹിക്കുന്നോ, ഇല്ലയോ എന്ന് ആര്‍ക്കാണ് തീര്‍ച്ച പറയാനാകുക? ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ആ മഹാശക്തിയെ നമ്മള്‍ പ്രണമിക്കുന്നു. നമ്മുടെ മനസ്സിനെ അത്ഭുതസ്തബ്ധമാക്കുന്ന ഒന്നല്ലേ ഈ കാണുന്ന പ്രപഞ്ചം. അതില്‍ കൂടുതലായി വിശ്വശില്പിയെ കുറിച്ച് നമുക്കെന്തറിയാം? അവിടുന്നു ശാന്തിയോ, സന്തോഷമോ, സ്നേഹമോ?

എല്ലാ മനുഷ്യര്‍ക്കും സ്നേഹിക്കാനാകും. എന്നാല്‍ ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ ജീവിതത്തില്‍ സുന്ദരമായിട്ടുള്ളതെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി അയക്കാനാണ് നമുക്ക് താല്പര്യം. എന്നിട്ട് ഈ ഭൂമിയില്‍ തോന്നിയതുപോലെ നമുക്ക് ജീവിക്കണം. കറ കളഞ്ഞ സ്നേഹം, സന്തോഷം, ധന്യത - ഇതെല്ലാം മനുഷ്യന് സാദ്ധ്യമായിട്ടുള്ളതാണ്. സ്നേഹം എന്നുപറഞ്ഞാല്‍, അത് രണ്ടുപേര്‍ തമ്മിലുള്ള ഒരു ഇടപാടല്ല. അത് നമ്മുടെ തന്നെ ഉള്ളില്‍ സംഭവിക്കുന്ന ഒന്നാണ്.

ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ ജീവിതത്തില്‍ സുന്ദരമായിട്ടുള്ളതെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി അയക്കാനാണ് നമുക്ക് താല്പര്യം. എന്നിട്ട് ഈ ഭൂമിയില്‍ തോന്നിയതുപോലെ നമുക്ക് ജീവിക്കണം

ദിവസത്തില്‍ പത്തോ പതിനഞ്ചോ മിനിറ്റ് താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നിന്റെ അരികെ ചെന്നിരിക്കുക - ഒരു മരമോ, ചെടിയോ, കല്ലോ, പുഴുവോ എന്തെങ്കിലുമാകട്ടെ - കുറെ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്വാഭാവികമായി തോന്നും അത് നിങ്ങള്‍ക്ക് വേണ്ടപ്പെട്ടതാണ് എന്ന്. ഭാര്യയോടും കുഞ്ഞിനോടും അമ്മയോടും അച്ഛനോടും ഒക്കെ തോന്നുന്ന അതേ അടുപ്പം ആ വസ്തുവിനോടും തോന്നിത്തുടങ്ങും. നിങ്ങളുടെ ഈ വികാരം ആ കല്ലോ കൃമിയോ മനസ്സിലാക്കുകയില്ല, എങ്കിലും സാരമില്ല, സ്നേഹത്തോടെ ഈ ലോകത്തെ നോക്കി കാണാനായാല്‍ ഇവിടെയുള്ളതെല്ലാം സൌന്ദര്യമുള്ളതായി നമുക്കനുഭവപ്പെടും. ഈ ഒരു പരീക്ഷണത്തില്‍ കൂടി നമുക്ക് ബോദ്ധ്യമാകും സ്നേഹം എന്നത് നമ്മള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല - അത് നമ്മുടെ സഹജസ്വഭാവമാണ് എന്ന്.

 
 
  0 Comments
 
 
Login / to join the conversation1