ശ്രദ്ധ വ്യതിചലിക്കുന്നുവോ? പൂര്‍ണ്ണമായി മുഴുകൂ.
ജീവിതത്തില്‍ ഒന്നിലും ലയിച്ചു ചേരാന്‍ പറ്റാത്ത ഒരവസ്ഥയിലാണോ നിങ്ങള്‍? ഒന്നും തന്നെ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നില്ല എന്നാണോ? ഒന്നിലും ചേര്‍ന്നു നില്‍ക്കാതെ മനസ്സു പിടിവിട്ടു പോയി കൊണ്ടിരിക്കുകയാണോ? അതിനുള്ള പരിഹാരമായി സദ്ഗുരു നിര്‍ദ്ദേശിക്കുന്നത് പൂര്‍ണ്ണായ ലയനമാണ്. പതിവായി സിനിമക്കു പോകുന്നയാള്‍ എല്ലാം മറന്ന് വെള്ളിത്തിരയില്‍ കണ്ണും നട്ടിരിക്കുന്നതുപോലെ..... ജീവിതത്തിലെ ഏതു സംഗതിയും രസകരമാകും, മനസ്സറിഞ്ഞ് അതില്‍ മുഴുകാനായാല്‍.
 
 

ചോദ്യം: നമസ്‌കാരം സദ്ഗുരോ! പലപ്പോഴും ഒരു പണി തുടങ്ങുന്നതിനു മുമ്പായി ഞാന്‍ എന്നോടു തന്നെ പറയും. ''മനസ്സിരുത്തി ചെയ്യണം... ശ്രദ്ധ പാളിപ്പോകരുത്'' എന്നാല്‍ കുറച്ചുനേരം കഴിയുമ്പോഴേക്കും തന്നെ മറ്റു പല ചിന്തകളും മനസ്സിലേക്കു കടന്നുവരുന്നു. എന്‍റെ ശ്രദ്ധ വഴുതിപ്പോകുന്നു. എങ്ങനെയാണ് ഞാന്‍ മനസ്സ് ഏകാഗ്രമാക്കേണ്ടത്? ''വെറുതെ അടങ്ങിയിരിക്കൂ'' എന്നു അവിടുന്നു പറയുന്നു. അതും എനിക്കു സാധിക്കുന്നില്ല.

സദ്ഗുരു:- തല്‍ക്കാലം അടങ്ങിയിരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നില്ലായിരിക്കും. മനസ്സിരുത്താനോ ഏകാഗ്രത പുലര്‍ത്താനോ ഒന്നും ശ്രമിക്കേണ്ട. അതത്ര സുഖമുള്ള ഒരു സംഗതിയുമല്ല. എന്നാലും അതു വേണ്ടെന്നു വെക്കരുത്. അതു തന്നെ ചെയ്തു കൊണ്ടിരിക്കൂ. നിങ്ങള്‍ ഒരു സിനിമ കാണുന്നു. ശബ്ദവും വെളിച്ചവും ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു ദ്വിമാനസൂത്ര വിദ്യയല്ലേ സിനിമ! അതില്‍ ഗൗരവമേറിയ എന്തെങ്കിലുമുണ്ടോ? എന്നാല്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നയാള്‍ക്ക് അത് ജീവിതത്തിനേക്കാള്‍ വലിയ ഒരനുഭവമായിരിക്കും. സ്വന്തം വീട്ടുകാരോടുള്ളതിനേക്കാള്‍ സ്‌നേഹമാണ് പലര്‍ക്കും രജനീകാന്തിനോട്. മിക്കവരും അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല. സിനിമയില്‍ കാണുന്നതു പോലെയല്ല അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍. എന്നിട്ടും അദ്ദേഹത്തെ പ്രതി ജനമനസ്സുകളിലുള്ള ആരാധന അതിശയകരം തന്നെ. അതിനു കാരണം സിനിമയില്‍ അവര്‍ തീര്‍ത്തും മുഴുകുന്നു എന്നുള്ളതാണ്. വെള്ളിത്തിരയില്‍ പതിക്കുന്ന ഒരു നിഴലാണ് രജനീകാന്ത് എന്ന കാര്യം തന്നെ അവര്‍ മറക്കുന്നു. അവരുടെ മനസ്സില്‍ ആ നിഴല്‍ യാഥാര്‍ത്ഥ്യമായി മാറുന്നു. അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ശ്രദ്ധ കേന്ദ്രീകരിക്കാനും, ഏകാഗ്രത പുലര്‍ത്താനുമൊന്നും ശ്രമിക്കേണ്ട. വിഷയമേതായാലും അതില്‍ താല്‍പര്യത്തോടെ മുഴുകൂ. അതു താനേ നല്ലൊരനുഭവമായി മാറിക്കൊള്ളും.

ചില സംഗതികള്‍ അങ്ങനെയാണ്. യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ മഹത്തായി കാണപ്പെടുന്നു. പ്രപഞ്ചത്തില്‍ ഒന്നുകില്‍ എല്ലാം നിസ്സാരമാണ് അല്ലെങ്കില്‍ എല്ലാ അനത്യത്ഭുതകരമാണ്. ചിലര്‍ ഒരു ആറ്റം പരമാണുവിനെ നോക്കിയിരുന്ന് ജീവിതം മുഴുവന്‍ കഴിക്കുന്നു. അവരുടെ ശ്രദ്ധയും പ്രതിബദ്ധതയും കേവലമൊരു പരമാണുവിനെ അതിശയകരമായ ഒരു പ്രതിഭാസമാക്കി മാറ്റുന്നു. ചുറ്റും നോക്കുമ്പോള്‍ കാണുന്ന ഒരു വസ്തുവും ആശ്ചര്യം ജനിപ്പിക്കുന്നതായി തോന്നുന്നില്ലേ? ചിലര്‍ ഒരു ഭൂതകണ്ണാടിയിലൂടെ ഒരു പരമാണുവിനേയോ ഒരു ബാക്ടീരിയയോ മാത്രം നിരീക്ഷിച്ചു കാലം കഴിക്കുന്നു. അവര്‍ക്കതിനു സാധിക്കുന്നത് അവരുടെ പ്രതിബദ്ധതകൊണ്ടാണ്.

ശ്രദ്ധ കേന്ദ്രീകരിക്കാനും, ഏകാഗ്രത പുലര്‍ത്താനുമൊന്നും ശ്രമിക്കേണ്ട. വിഷയമേതായാലും അതില്‍ താല്‍പര്യത്തോടെ മുഴുകൂ. അതു താനേ നല്ലൊരനുഭവമായി മാറിക്കൊള്ളും. പിന്നെ നിങ്ങളെ അതില്‍ നിന്നും അടര്‍ത്തിയെടുക്കാനായിരിക്കും പ്രയാസം ഇന്നത്തെ ലോകത്തിന്‍റെ മനസ്സില്‍ ലക്ഷ്യം മാത്രമെയുള്ളൂ... അതു നേടിയെടുക്കണമെന്ന ചിന്തമാത്രം. മാമ്പഴം വേണം. പക്ഷെ മാവു വേണ്ട എന്ന മനോഭാവം. അതു ശരിയായ രീതിയല്ല. മാവില്‍ താല്‍പര്യമുണ്ടാകണം. അതിനെ നട്ടു നനച്ചു വളര്‍ത്തിയെടുക്കാന്‍ നിഷ്‌കര്‍ഷ കാണിക്കണം. എങ്കില്‍ മാമ്പഴം താനെ നിങ്ങളുടെ കാല്‍ച്ചോട്ടിലേക്കു വീണുകൊള്ളും. അതേറ്റവും രുചികരവുമായിരിക്കും. അതു പോലെത്തന്നെയാണ് ശ്രദ്ധയുടെ കാര്യവും. താല്‍പര്യം വളര്‍ത്തിയെടുക്കുക.... ഏകാഗ്രത താനേ പുറകിലെത്തിക്കൊള്ളും. എന്നാല്‍ മാവു നടാതെ മാമ്പഴം തിന്നാന്‍ ശ്രമിച്ചാല്‍ പണി പാളിപ്പോവുകയേയുള്ളൂ. താല്‍പര്യമില്ലാത്ത ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് നിഷ്ഫലമാണ് അത് അവനവനെ കൊല്ലുന്നതിനു സമമാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1