ശിവന്‍.... അതെന്താണ്‌? ശിവന്‍ ആരാണ്‌?

ശിവന്‍ നിസ്സംഗനായ യോഗിയാണ്‌, പ്രണയപരവശനായ ഭര്‍ത്താവാണ്‌, സ്വന്തം ദൂതഗണങ്ങള്‍ക്കു നടുവില്‍ മദ്യലഹരിയില്‍ ഉന്മത്തനായിരിക്കുന്നവനാണ്‌.
 

നമ്മുടെ ശരീരത്തില്‍ അടിസ്ഥാനപരമായി രണ്ടു ശക്തികള്‍ നിലനില്‍ക്കുന്നുണ്ട്.  ഒന്ന് ജീവിതം നിലനിര്‍ത്തികൊണ്ടു പോകാനുള്ളതാണ്, രണ്ടാമത്തേത് എല്ലാ അതിരുകളും ലംഘിച്ച് ജീവിതത്തെ അനന്തമാക്കിത്തീര്‍ക്കാനുള്ള ത്വരയാണ്.

സദ്‌ഗുരു : ജീവിതത്തില്‍ നിങ്ങള്‍ വിലപ്പെട്ടതായി കരുതുന്ന എല്ലാത്തിനേയും അവന്‍ വലയം ചെയ്‌തിരിക്കുന്നു, അതുപോലെ തന്നെ, വെറുക്കുന്ന സകലതിലും അവനുണ്ട്. ഹിന്ദുമതത്തിലെ എണ്ണമറ്റ ദേവന്‍മാരില്‍ ഒരാളാണ്‌ ശിവന്‍. വിശ്വത്തെ സംഹരിക്കുകയാണ്‌ ശിവന്റെ ദൌത്യം. ഒരു കാലത്ത്‌ ഇന്ത്യയില്‍ ശിവക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാലാന്തരത്തിലാണ്‌ മറ്റു ദേവന്മാര്‍ക്കായും ക്ഷേത്രങ്ങള്‍ പണിയാന്‍ തുടങ്ങിയത്‌. പുരാതനകാലത്ത്‌ ജനങ്ങള്‍ ശിവനെ പ്രാര്‍ത്ഥിച്ചിരുന്നത്‌ രക്ഷയ്ക്കോ ഐശ്വര്യത്തിനോ വേണ്ടിയായിരുന്നില്ല, ശത്രുക്കളെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അവരുടെ കാഴ്ചയില്‍, പ്രധാന ശത്രു ഇഹലോകജീവിതം തന്നെയായിരുന്നു. അതില്‍നിന്നും മോചിപ്പിച്ച്‌ പരമമായ മുക്തി നല്‍കാനാണ്‌ അവര്‍ ശിവനെ ആരാധിച്ചിരുന്നത്‌. ശിവനെ തമോമയനായാണ്‌ അവര്‍ കണ്ടത്‌, ഇരുണ്ട നിറമുള്ളവന്‍. അനന്തമായ, തമോമയമായ ശൂന്യതയില്‍ നിന്നാണല്ലോ സൃഷ്‌ടിയുടെ ആരംഭം. ശിവന്‍ നിസ്സംഗനായ യോഗിയാണ്‌, പ്രണയപരവശനായ ഭര്‍ത്താവാണ്‌, സ്വന്തം ദൂതഗണങ്ങള്‍ക്കു നടുവില്‍ മദ്യലഹരിയില്‍ ഉന്മത്തനായിരിക്കുന്നവനാണ്‌. അവിടുത്തെ ആനന്ദ താണ്ഡവത്തില്‍ നിന്നാണ്‌ സര്‍വ സൃഷ്‌ടികളും ജാതമായിട്ടുള്ളത്‌.

ക്ഷേത്രം ഒരു ദ്വാരമാണ്. അതില്‍ക്കൂടി നമ്മള്‍ കടന്നുചെല്ലുക 'ഇല്ലാത്ത' ഒരിടത്തേക്കാണ്..

ശിവനെ എങ്ങനെയാണ്‌ നമ്മള്‍ കാണേണ്ടത്‌ നല്ലതായോ, ചീത്തയായോ? പലപ്പോഴും ശിവന്‍ സകല നന്മയുടേയും സാക്ഷാത്‌ സ്വരൂപമാണ്‌, ചിലപ്പോള്‍ വെറുപ്പും നിന്ദയും തോന്നിപ്പിക്കുന്ന ഭാവവും. ശിവന്റെ അരികിലേക്കു ചെല്ലാന്‍പോലും മനസ്സു മടിച്ചു നില്‍ക്കും. ഇതില്‍ നിന്നൊക്കെ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? ഒരേ സമയം എല്ലാ നന്മകളുടേയും, എല്ലാ തിന്മകളുടേയും മൂര്‍ത്തിമദ്‌ഭാവം!

പുരാതനകാലത്ത് ഭാരതത്തില്‍ നിര്‍മിക്കപ്പെട്ടിരുന്നത് ശിവക്ഷേത്രങ്ങള്‍ ആയിരുന്നു, വേറൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആയിരമാണ്ടുകള്‍ക്കിടയിലാണ് മറ്റു ക്ഷേത്രങ്ങള്‍ പണിയപ്പെട്ടിട്ടുള്ളത്. 'ശിവ' എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം 'ഇല്ലാത്തത്' എന്നാണ്. അങ്ങനെ ഇല്ലാത്ത ഒന്നിനുവേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. ഭൌതികമായി പ്രകടമാവുന്നതാണ് 'ഉള്ളത്.' ആ 'ഉള്ളതിനും' അപ്പുറത്തുള്ളതാണ് 'ഇല്ലാത്തത്' അതായത് ഭൌതിക പ്രപഞ്ചത്തിന് അപ്പുറത്തുള്ളത് എന്ന്‍ മനസ്സിലാക്കാം. ക്ഷേത്രം ഒരു ദ്വാരമാണ്. അതില്‍ക്കൂടി നമ്മള്‍ കടന്നുചെല്ലുക 'ഇല്ലാത്ത' ഒരിടത്തേക്കാണ്. നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് ശിവക്ഷേത്രങ്ങള്‍ ഉണ്ട്. അവയുടെ അകത്ത് വിശേഷിച്ച് പ്രതിഷ്ഠകള്‍ ഒന്നും കാണാനാവില്ല. ഒരു പ്രതീകം എന്ന നിലയില്‍ ലിംഗത്തെയാണ്‌ ശിവക്ഷേത്രങ്ങളില്‍ സാമാന്യമായി കണ്ടുവരുന്നത്.

മരണത്തിന്‍റേതായ ആ നിമിഷം - എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്ന ഭയം - മനുഷ്യമനസ്സിനെ ഏറ്റവുമധികം ആശങ്കാകുലമാക്കുന്ന ചിന്തയാണത്

ശ്മശാനവാസിയായാണ് ശിവനെ ചിത്രീകരിച്ചിട്ടുള്ളത്.

മരണത്തിന്‍റേതായ ആ നിമിഷം - എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്ന ഭയം - മനുഷ്യമനസ്സിനെ ഏറ്റവുമധികം ആശങ്കാകുലമാക്കുന്ന ചിന്തയാണത്. മനസ്സിനെ ഇത്രയും ആഗാധമായി തീവ്രമായി സ്പര്‍ശിക്കുന്ന വേറൊരു ചിന്തയില്ലതന്നെ. ദു:ഖമായാലും പ്രണയമായാലും ആനന്ദ നിവൃതിയായാലും, ഒന്നുംതന്നെ അതിനോടടുത്തെത്തുന്നില്ല. എല്ലാറ്റിലും ശക്തമാണ്, തീവ്രമാണ് മരണഭയം. അതുകൊണ്ടാണ് ശിവന്‍ ശ്മശാനത്തില്‍ ചെന്നിരിക്കുന്നത്. ശ്മശാനഭൂമിക്ക് കായാന്തമെന്നും പറയാറുണ്ട്. കായം ശരീരമാണ്, അന്തം എന്നാല്‍ അവസാനം എന്നാണര്‍ത്ഥം. അപ്പോള്‍ കായാന്തമെന്നാല്‍, ശരീരം അവസാനിക്കുന്ന ഇടം. അതുതന്നെയാണല്ലോ ശ്മശാനം.

ശ്മശാനം കായാന്തമാണ്; ജീവാന്തമല്ല. ഈ ഭൂമിയില്‍നിന്നും സ്വന്തമാക്കിയിട്ടുള്ളതൊക്കെ ഇവിടെത്തന്നെ വിട്ടിട്ടു പോകണം. ഈ ശരീരമാണ് സര്‍വ്വവും എന്ന ചിന്തയാണ് നിങ്ങളുടെ ജീവിതത്തെ ഇക്കാലമത്രയും മുന്നോട്ടു നയിച്ചിട്ടുള്ളത് എങ്കില്‍, അത് കൈവിട്ടുപോകുന്ന നിമിഷം അങ്ങേയറ്റം ദു:ഖകരമായിരിക്കും. പ്രകടമായ ശരീരത്തിനപ്പുറം എന്തോ ഒന്നുണ്ട് എന്ന ചിന്ത നിങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എങ്കില്‍, മരണം നിങ്ങളെ സംബന്ധിച്ചിടത്തോളം ദു:സ്സഹമായൊരു സംഭവമാവുകയില്ല. താന്‍ ആരാണ്, എന്താണ് എന്നതിനെകുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മരണത്തെ ഒരു മഹാദുരന്തമായി കാണാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം കായാന്തം മറ്റൊരു നിമിഷം മാത്രം!

നമ്മുടെ ശരീരത്തില്‍ അടിസ്ഥാനപരമായി രണ്ടു ശക്തികള്‍ നിലനില്‍ക്കുന്നുണ്ട്.  ഒന്ന് ജീവിതം നിലനിര്‍ത്തികൊണ്ടു പോകാനുള്ളതാണ്, രണ്ടാമത്തേത് എല്ലാ അതിരുകളും ലംഘിച്ച് ജീവിതത്തെ അനന്തമാക്കിത്തീര്‍ക്കാനുള്ള ത്വരയാണ്. ജീവിതത്തിന്‍റെ സുരക്ഷിതത്വം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനുള്ള ശക്തിയുടെ പ്രവര്‍ത്തനം എപ്പോഴും ഒരു ഒതുങ്ങിയ മട്ടിലായിരിക്കും, കാരണം, അപകടങ്ങളില്‍ ചെന്നുപെടാതെ ഒഴിഞ്ഞ് ഒതുങ്ങി നില്‍ക്കുക അതാണല്ലോ നിലനില്‍പിനാവശ്യം, എന്നാല്‍ അതിരുകള്‍ കടന്ന് അനന്തതയിലേക്ക് കൈ എത്തിക്കാനാണ് നിങ്ങളുടെ സഹജവാസന എങ്കില്‍, നിങ്ങളുടെ ആന്തരിക ഊര്‍ജം മുഴുവനായും അതില്‍ കേന്ദ്രീകരിച്ചിരിക്കും. അതുകൊണ്ടുതന്നെ ജീവിതം പൂര്‍ണമായും ഊര്‍ജസ്വലമായിരിക്കും.

ജനനവും മരണവുമാണ് ജീവിതത്തിലെ അതിപ്രധാന മുഹുര്‍ത്തങ്ങള്‍. അതുകൊണ്ടുതന്നെ ഈറ്റില്ലവും, ശ്മശാനവും തുല്ല്യ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം ഈ രണ്ടിടങ്ങളിലാണ് യഥാര്‍ത്ഥ നാടകങ്ങള്‍ അരങ്ങേറുന്നത്

ജനനവും മരണവുമാണ് ജീവിതത്തിലെ അതിപ്രധാന മുഹുര്‍ത്തങ്ങള്‍. അതുകൊണ്ടുതന്നെ ഈറ്റില്ലവും, ശ്മശാനവും തുല്ല്യ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം ഈ രണ്ടിടങ്ങളിലാണ് യഥാര്‍ത്ഥ നാടകങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ ഈറ്റില്ലാം തെല്ലു മുമ്പിലായി നില്‍ക്കുന്നു. ജീവിതത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ ഇടത്തിലാണ് ശിവന്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു ഇടം നിങ്ങളില്‍ ഭയം ജനിപ്പിക്കുന്നുവെങ്കില്‍, നിങ്ങളില്‍ മുറ്റിനില്‍ക്കുന്നത് നിലനില്‍പിനെകുറിച്ചും, സ്വന്തം സുരക്ഷിതത്ത്വത്തെകുറിച്ചുമുള്ള ആശങ്കയാണെങ്കില്‍ അങ്ങനെയൊരു പരിസരം തീര്‍ച്ചയായും നിങ്ങള്‍ക്ക് സുഖപ്രദമാവുകയില്ല. എന്നാല്‍ ശാരീരികമായ എല്ലാ പരിമിതികളും ലംഘിച്ച് ആത്മീയത എന്ന അനന്തതയെ പുല്‍കാനാണ് നിങ്ങളുടെ മനസ്സ് കുതിക്കുന്നത് എങ്കില്‍ അതിന് ഏറ്റവും പറ്റിയ പരിസരം ശ്മശാനഭൂമിയാണ്.

സംഹാരകന്‍ എന്ന നിലയിലാണ് ശിവന്‍ വാഴ്ത്തപ്പെട്ടിരിക്കുന്നത്. എല്ലാം സംഹരിക്കുന്നവന്‍ എന്ന് അതിന് അര്‍ത്ഥം കല്‍പിക്കേണ്ടതില്ല. ശ്മശാനത്തില്‍ അവിടുന്ന് കാത്തിരിക്കുകയാണ് ശരീരത്തിന്‍റെ നാശത്തിനുവേണ്ടി. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിക്കുമ്പോള്‍, ചിലര്‍ ശവശരീരത്തിനെ കെട്ടിപ്പിടിച്ച് മുറവിളി കൂട്ടുന്നതുകാണാം. എങ്ങനെയെങ്കിലും അതിന് ജീവന്‍ വീണ്ടുകിട്ടാന്‍ വേണ്ടി പലവിധത്തില്‍ അവര്‍ ബദ്ധപ്പെടുന്നു, എന്നാല്‍ ശവത്തിനു തീ കൊടുത്തു കഴിഞ്ഞാലോ, ആരും മുന്നോട്ടുചെന്ന് ആ അഗ്നിജ്വാലകളെ പുണരാറില്ല. അപ്പോള്‍ സ്വരക്ഷയുടേതായ സഹജവാസന ശക്തിയായി വിലക്കുന്നു, "അരുത് അടുത്തു ചെല്ലരുത്, പൊള്ളും."

ഇവിടെ ശരിതെറ്റുകളുടെ പ്രശ്നമില്ല. പരിമിതമായ ബോധവും പരമമായ ബോധവും തമ്മിലാണ് ഇവിടെ വടംവലി. പൊതുവെ എല്ലാവരും ഈശ്വരനെകുറിച്ചു സംസാരിക്കുമെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ഈശ്വരനെ സ്മരിക്കുന്നത് ജീവിതത്തിന്‍റെ താളം തെറ്റുമ്പോഴാണ്, ചുവടുകള്‍ പിഴക്കുമ്പോഴാണ്. ആലോചിച്ചുനോക്കൂ വീട്ടിലെ കുളിമുറിയില്‍ പാകത്തിനു ചൂടുള്ള വെള്ളത്തില്‍ സ്വൈരമായി കുളിക്കുമ്പോള്‍ അറിയാതെ നമ്മള്‍ പാടിപോകാറുണ്ട് ഏതെങ്കിലും സിനിമാഗാനമായിരിക്കും – എന്നാല്‍ ഹിമാലയത്തിലെ തണുതണുത്ത തീര്‍ത്ഥങ്ങളിലേക്കിറങ്ങുമ്പോള്‍ എവിടെനിന്നോ നമ്മുടെ ചുണ്ടുകളിലേക്കു പറന്നെത്തും, "ശിവ, ശിവ.”

താന്‍ ജീവനുള്ള ശരീരം എന്ന ബോധം മറന്ന്, ആ ശരീരത്തെ സജീവമാക്കുന്ന ജീവനാണ് താന്‍ എന്ന ബോധം തെളിഞ്ഞാല്‍ പിന്നെ മരണമില്ല; അമരത്വം മാത്രം. അതാണ് സഹജമായിട്ടുള്ള അവസ്ഥ. പിന്നോക്കം തിരിഞ്ഞു നടക്കാന്‍ ശ്രമിക്കരുത്. അത് നിങ്ങളെ എവിടേയും കൊണ്ടെത്തിക്കുകയില്ല. ഏതു ദിശയിലേക്കായാലും ഗതി മുമ്പോട്ടായിരിക്കണം. ആഗ്രഹംപോലെ എന്തും ചെയ്യാം പാടാം ആടാം, ധ്യാനിക്കാം, കരയാം, ചിരിക്കാം എന്തുചെയ്യുമ്പോഴും അത് ജിവിതത്തെ അല്‍പമെങ്കിലും മേലോട്ടു കൊണ്ടുപോകുന്നതായിരിക്കണം മനസ്സുവെച്ചാല്‍ ആര്‍ക്കും അത് സാധിക്കും.

ശിവന്റെ ചില സവിശേഷ ചിഹ്നങ്ങള്‍ - നാളത്തെ ബ്ലോഗില്‍...
നന്ദി, തൃക്കണ്ണ്, ചന്ദ്രന്‍, സര്‍പ്പം, ത്രിശൂലം എന്നിവയെക്കുറിച്ച്