सद्गुरु

ആരോ ഒരാള്‍ നിങ്ങള്‍ക്ക് ദു:ഖങ്ങള്‍ തന്നു. അതുകൊണ്ട് അയാള്‍ നിങ്ങളുടെ ശത്രുവായി മാറി. അതേ അളവു ദു:ഖമെങ്കിലും അയാള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെട്ടു എന്ന് നിങ്ങള്‍ക്കു തോന്നും. അതുകൊണ്ട് ആ അപമാനം ഇല്ലാതാക്കാനായി അയാളോടു പകരം വീട്ടും എന്നു ശപഥം ചെയ്യുന്നു. അതിനു വേണ്ടി നിങ്ങളുടെ ശക്തി ചെലവാക്കുന്നു. അതാണു ധൈര്യം എന്നു നിങ്ങള്‍ ആഘോഷിക്കുന്നു.

ഒരു വ്യക്തിയില്‍നിന്നും തുടങ്ങുന്ന ഈ വിദ്വേഷം കുടുംബങ്ങള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, നാടുകള്‍ തമ്മില്‍, അങ്ങനെ പടര്‍ന്നു പോകുന്നു. പകവീട്ടുക എന്നത് അംഗീകരിക്കപ്പെട്ട ഒരു സംസ്ക്കാരമായി ഇന്ന് മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍, ആരാണ് കൂടുതല്‍ ശക്തിയോടെ കാണപ്പെടുന്നത്? നിങ്ങളോ, നിങ്ങളുടെ ശത്രു എന്ന് കരുതപ്പെടുന്ന ആളോ? ഒരുദിവസം മുഴുവന്‍ നിങ്ങള്‍ ആരെപ്പറ്റിയാണ് കൂടുതല്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ക്കു വേണ്ടപ്പെട്ട ആളിനെപ്പറ്റിയാണോ? ഇല്ലല്ലോ. നിങ്ങളുടെ ശത്രുവിനെയല്ലേ?

നിങ്ങളുടെ സന്തോഷത്തെ ഒരു ക്ഷണത്തില്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന അളവില്‍ നിങ്ങള്‍ അയാള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുകയല്ലേ? അയാളുടെ അടിമയായിപ്പോയതുപോലെ നിങ്ങളുടെ ചിന്ത എപ്പോഴും അയാളുടെ പുറകേ പോവുകയല്ലേ? നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ സ്ഥലം കൊടുത്തില്ലല്ലോ? നിങ്ങള്‍ ശത്രു എന്നു കരുതുന്ന ആള്‍ക്ക് നിങ്ങളുടെ മനസ്സില്‍ സിംഹാസനം നല്‍കി ഇരുത്തിയിരിക്കുകയല്ലേ?

അങ്ങനെ നിങ്ങളുടെ ശത്രുവിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് നിങ്ങള്‍തന്നെയാണ്. വേറെ ആരുമല്ല! അയാള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ സ്ഥലം കൊടുത്തതു കാരണം നിങ്ങള്‍ സ്വയം ദ്രോഹം ചെയ്തിരിക്കുകയാണല്ലോ. ആരോടു പകവീട്ടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അയാളാണ് സത്യത്തില്‍ ശാന്തമായി നിങ്ങളോടു പകവീട്ടിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?


അങ്ങനെ നിങ്ങളുടെ ശത്രുവിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് നിങ്ങള്‍തന്നെയാണ്. വേറെ ആരുമല്ല!

അന്യനാട്ടില്‍ ജോലി അന്വേഷിച്ചു പോയ ഒരു നേപ്പാളി, ഒരു പാക്കിസ്ഥാനി, ഒരു ഇന്ത്യക്കാരന്‍ എന്നീ മൂന്നുപേര്‍ ഒന്നിച്ച് താമസിച്ചിരുന്നു. ആ രാജ്യത്ത് മദ്യപാനം കര്‍ശനമായി നിരോധിച്ചിരുന്നു. ആ മൂന്നുപേരും രഹസ്യമായി മദ്യപാനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ പോലീസുകാര്‍ അവരെ പിടിച്ചു. നിയമം അനുസരിക്കാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഇരുപതു ചാട്ടവാറടികള്‍ കൊടുക്കാന്‍ നീതിപതി വിധിച്ചു. അതോടൊപ്പം "ഇന്ന് എന്‍റെ നാലാമത്തെ ഭാര്യയുടെ ജന്മദിനമാണ്. അതുകൊണ്ട് ശിക്ഷയില്‍ എന്തെങ്കിലും ഇളവുകള്‍ വേണമെങ്കില്‍ ചോദിക്കുക എന്നു പറഞ്ഞു.

ചാട്ടവാറുകൊണ്ട് അടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് എന്‍റെ പുറത്ത് തലയിണ വച്ചു കെട്ടാനുള്ള അനുവാദം തരണം" എന്നാവശ്യപ്പെട്ടു, നേപ്പാളി. എട്ടു ചാട്ടവാറടികള്‍ക്കു ശേഷം തലയിണ പിഞ്ഞിപ്പോയതു കാരണം അവന്‍റെ തൊലിയുരിഞ്ഞു. ഇതുകണ്ട് പാക്കിസ്ഥാനി "എന്‍റെ പുറത്ത് രണ്ടു തലയിണ വച്ചു കെട്ടാനനുവദിക്കൂ" എന്നാവശ്യപ്പെട്ടു. "നിനക്കെന്താണ് പറയാനുള്ളത്" എന്ന് ഇന്ത്യാക്കാരനോട് ചോദിച്ചപ്പോള്‍, "എന്‍റെ ശിക്ഷ ഇരട്ടിയാക്കൂ. പക്ഷേ എന്‍റെ പുറത്ത് ഈ പാക്കിസ്ഥാനിയെ കെട്ടിവയ്ക്കൂ" എന്ന് ആവശ്യപ്പെട്ടു.

വെറുതെ, തമാശയ്ക്ക് വേണ്ടി ചമയ്ക്കപ്പെട്ട കഥയാണിത്, എന്നാല്‍ അന്യന്‍റെ വേദനയിലാണ് സ്വന്തം സന്തോഷം എന്നു ചിന്തിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ മാറിപ്പോകുന്നു എന്നു വിവരിക്കാനാണ് ഞാനിതു പറഞ്ഞത്. പക വീട്ടണം എന്ന വികാരം ഒരു രോഗമാണ്. ഉള്ളില്‍ കടന്നു കഴിഞ്ഞാല്‍ അത് നിങ്ങളെ ഭക്ഷിച്ച് നിങ്ങളെത്തന്നെ ഇല്ലാതാക്കും. ശത്രു പുറത്തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അയാളെ നേരിടാന്‍ സാധ്യതകള്‍ ഉണ്ട്, പക്ഷേ നിങ്ങളുടെ ഉള്ളില്‍തന്നെ താമസിച്ച് നിങ്ങളെ ഭരിക്കാന്‍ തുടങ്ങിയാല്‍, അതിനുശേഷം മലമുകളില്‍നിന്നും താഴേക്ക് ഉരുട്ടിവിടപ്പെട്ട കല്ലും നിങ്ങളുടെ ജീവിതവും ഒരുപോലെ ആകുന്നു. മലമുകളില്‍നിന്നും താഴേക്ക് ഉരുണ്ടുവീണ് അവിടെയുമിവിടെയും തട്ടി മറിഞ്ഞ് താഴ്ചയില്‍ പതിക്കുന്നു. പിന്നെ നിങ്ങളുടെ സന്തോഷം നശിപ്പിക്കാന്‍ പുറത്തുനിന്നും മറ്റൊരു ശത്രു എന്തിനാണ്. നിങ്ങള്‍ തന്നെ മതിയല്ലോ. മറിച്ച്, നിങ്ങളുടെ സന്തോഷം പുറമേയുള്ള സാഹചര്യങ്ങള്‍ക്കു പണയം വയ്ക്കാതെ ഉള്ളില്‍ ശാന്തതയോടെ ഇരിക്കാന്‍ പഠിച്ചുവെങ്കില്‍ നിങ്ങളുടെ കഴിവ് പൂര്‍ണ്ണമായും പുറത്തുവരും. വിജയം നിങ്ങളെ അന്വേഷിച്ചെത്തും.


നിങ്ങളുടെ സന്തോഷം പുറമേയുള്ള സാഹചര്യങ്ങള്‍ക്കു പണയം വയ്ക്കാതെ ഉള്ളില്‍ ശാന്തതയോടെ ഇരിക്കാന്‍ പഠിച്ചുവെങ്കില്‍ നിങ്ങളുടെ കഴിവ് പൂര്‍ണ്ണമായും പുറത്തുവരും. വിജയം നിങ്ങളെ അന്വേഷിച്ചെത്തും.

പ്രശ്നങ്ങളെ നേരിടുമ്പോള്‍ ലഭിക്കാത്ത പരിഹാരം പിന്നീട് ആലോചിക്കുമ്പോള്‍ ലഭിക്കുന്നുവല്ലോ. അതെങ്ങനെയാണ്?

എപ്പോള്‍ വിത്തു പാകണം, എപ്പോള്‍ ഉഴണം, എപ്പോള്‍ കളയെടുക്കണം, എപ്പോള്‍ കൊയ്യണം എന്ന് എല്ലാറ്റിനും ഒരു നിശ്ചിത സമയം ഉണ്ട്. അങ്ങനെ ചെയ്യേണ്ട സമയത്ത് ചെയ്യാതെ പിന്നീടെടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരുന്നാലും പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ല.

ഒരു പ്രശ്നത്തെ നേരിടുമ്പോള്‍ ബുദ്ധി സ്തംഭിച്ചു പോകുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കുക. നിങ്ങള്‍, മനസ്സ് എന്നാല്‍ ചിന്തിക്കുന്ന ഉപകരണം എന്നു തെറ്റിദ്ധരിച്ച് അതിനെ അങ്ങനെ തന്നെ വളരാനും അനുവദിച്ചു. സദാസമയവും അത് എന്തിനെക്കുറിച്ചെങ്കിലും ചിന്തിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ നൂറുകണക്കിന് ചിന്തകള്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രാണികള്‍ പറക്കുന്നതുപോലെ പല ദിശകളിലേക്കും പറന്നു കൊണ്ടിരിക്കുന്നു.

അത്തരത്തിലല്ലാതെ മനസ്സിനെ പൂര്‍ണ്ണബോധത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ ശീലിപ്പിച്ചുവെങ്കില്‍ ഇങ്ങനെയുള്ള കുഴപ്പങ്ങള്‍ ഉണ്ടാവില്ല. കണ്ണാടിയുടെ പുറത്ത് അഴുക്കു തേച്ചുപിടിപ്പിച്ചിട്ടു നോക്കിയാല്‍ പ്രതിബിംബം എങ്ങനെ തെളിവായിട്ടു കാണാന്‍ പറ്റും? മനസ്സിനെ കുഴപ്പമില്ലാതെ, തെളിഞ്ഞ നിലയില്‍ വയ്ക്കാന്‍ ഉള്ള ഒരേയൊരു മാര്‍ഗ്ഗം മുറപ്രകാരമുള്ള ധ്യാനമാണ്.