ശരീരത്തിന്‍റെ പരിമിതികള്‍ക്കപ്പുറമാകുന്നതെങ്ങനെ

 
 

सद्गुरु

ആത്മീയപ്രക്രിയയുടെ അടിസ്ഥാനം തന്നെ ശരീരത്തിന്‍റെ സാധ്യതകളറിഞ്ഞ് അതിന്‍റെ പരിമിതികള്‍ക്കതീതമാകുക എന്നതാണ്.

ശരീരമെന്ന അത്ഭുതഉപകരണത്തിന്‍റെ പരിമിതികള്‍ മനസ്സിലാക്കുന്നതിന് ബുദ്ധിയും ജ്ഞാനവും ഒരളവുവരെ ആവശ്യമാണ്. ഉപകരണം അത്യുത്തമം തന്നെയാണ്. പക്ഷേ അതു നിങ്ങളെ ഒരിടത്തുമെത്തിക്കുകയില്ല. അതു വെറുതെ ഭൂമിയില്‍ നിന്ന് വെളിയിലേക്കു ചാടുകയും ഭൂമിയിലേക്കു തന്നെ തിരികെ എത്തിക്കുകയും ചെയ്യും. അതുമാത്രം മതിയോ? ശരീരത്തിന്‍റെ തലത്തില്‍ നിന്നു നോക്കുമ്പോള്‍ അതു ധാരാളം മതിയാകും. എന്നാല്‍ ഭൗതികമായ തലത്തിനുമപ്പുറത്ത് ഒരു അംശം എങ്ങനെയോ ഭൗതികത്തില്‍ കുടുങ്ങിപ്പോയിരിക്കുന്നു. ഏതൊരു അംശമില്ലെങ്കില്‍ ജീവിതം ഇല്ലയോ ആ അംശം ഭൗതികതലത്തില്‍ സ്വയം ലയിച്ചുചേര്‍ന്നിരിക്കുന്നു.
ജീവിതം ഒരു വസ്തുത, പക്ഷേ ജീവന്‍റെ പ്രഭവം മറ്റൊന്നാകുന്നു. ഓരോ ജീവിയിലും ഓരോ ചെടിയിലും ഓരോ വിത്തിലും ജീവന്‍റെ പ്രഭവം പ്രവര്‍ത്തിക്കുന്നുണ്ട് . പക്ഷേ മനുഷ്യജീവികളിലുള്ള ഈ പ്രഭവത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട് . ഈ പ്രത്യേകപ്രാമുഖ്യം കാരണമാണ് ഭൗതികമായി ലഭിക്കാവുന്ന നിസ്സാരമോ അത്ഭുതകരമോ ആയ വ്യത്യസ്തപദാര്‍ത്ഥങ്ങള്‍ പലര്‍ക്കും ഒരു പ്രത്യേക പരിധിക്കപ്പുറം ഗണനീയമല്ലാതായിത്തീരുന്നത്.
ഇക്കാരണത്താല്‍ മനുഷ്യന്‍ ഭൗതികതയുടെയും ഭൗതികാതീതകാര്യങ്ങളുടെയും ഇടയില്‍ നിരന്തരസമരത്തില്‍ ആയിരിക്കുന്നതായാണ് കാണപ്പെടുന്നത്. ഭൗതികകാര്യങ്ങളുടെ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ത്തന്നെ ഭൗതികജീവിയല്ല എന്ന ഒരു ബോധവും നിങ്ങള്‍ക്കുണ്ട് . നിങ്ങളുടെ ഉള്ളില്‍ ഈ രണ്ടു ബലങ്ങളും ഒരേസമയം പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു ശക്തികളും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായാണ് മിക്കവാറും പേര്‍ മനസ്സിലാക്കുന്നത്. സ്വയം സംരക്ഷിക്കുന്നതിനുള്ള വാസനയാണ് ഒന്ന്. നിങ്ങള്‍ക്കുചുറ്റും ഒരു സംരക്ഷണമതില്‍ നിര്‍മ്മിക്കുവാന്‍ അതു പ്രേരിപ്പിക്കുന്നു. മറ്റേ അംശം നിരന്തരമായി വളരുവാനും വികസിക്കുവാനും നിങ്ങളെ പ്രേരിപ്പിക്കുന്നു.

സ്വയം സംരക്ഷണത്തിനുവേണ്ടി ഇന്നു നിങ്ങള്‍ സൃഷ്ടിക്കുന്ന മതിലുകള്‍ നാളെ നിങ്ങളെ തടങ്കലിലാക്കുന്നു.

സ്വയം സംരക്ഷണത്തിനുവേണ്ടി ഇന്നു നിങ്ങള്‍ സൃഷ്ടിക്കുന്ന മതിലുകള്‍ നാളെ നിങ്ങളെ തടങ്കലിലാക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ സംരക്ഷണത്തിനുവേണ്ടി ഏര്‍പ്പെടുത്തുന്ന പല നിയന്ത്രണങ്ങളും നാളെ നിങ്ങളെ ഞെരുക്കുന്നു. നിങ്ങള്‍ നാളെ അവയെ ഭേദിക്കുവാന്‍ ശ്രമിച്ചു വലിയ ജയിലുകള്‍ നിര്‍മ്മിക്കുന്നു. അതും പരിമിതികളുള്ളതാണെന്നു തോന്നി അവ തകര്‍ത്ത് അടുത്തഘട്ടത്തിലേക്കു പോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. സംരക്ഷിക്കുന്നതിനും വികസിക്കുന്നതിനുമുള്ള ഈ ത്വരകള്‍ വിരുദ്ധ പ്രേരണകളല്ല. അവ നിങ്ങളുടെ തന്നെ വ്യത്യസ്ത ഭാവങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒന്നു ഭൗതികമായിട്ടുള്ളതും മറ്റേതു ഭൗതികത്തിനപ്പുറമുള്ളതുമായ ഭാവങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒന്ന് ഭൂമിയില്‍ വേരുറപ്പിക്കുന്നതിനു നിങ്ങളെ പ്രേരിപ്പിക്കുന്നു. മറ്റേത് അതിനുമപ്പുറം പോകുന്നതിനു പ്രേരകമാണ്. സ്വയം സംരക്ഷണം ശരീരത്തിന്‍റെ തലത്തില്‍ പരിമിതമാകാന്‍ പ്രേരിപ്പിക്കുന്നു. ഇവ രണ്ടും വേര്‍തിരിച്ചറിയാന്‍ കഴിവുണ്ടായാല്‍ ഭിന്നതയുണ്ടാവില്ല. ഈ രണ്ടു മൗലിക ശക്തികളെയും സഹകരിപ്പിച്ച് പ്രവര്‍ത്തിക്കാതെ, ഭൗതികതയില്‍ പരിമിതമായാല്‍ ഇവ രണ്ടും പരസ്പര ഭിന്നതയ്ക്കു കാരണമായിത്തീരുന്നു. താന്‍ ആത്മീയതയിലാണോ ഭൗതികതയിലാണോ നിലനില്‍ക്കേണ്ടത് എന്ന അറിവില്ലായ്മയാണ് മനുഷ്യരാശിയുടെ എല്ലാ ജീവിതകിടമത്സരങ്ങള്‍ക്കും കാരണം.

ആത്മീയത എന്നു പറയുമ്പോള്‍ ഭൗതികതയ്ക്കപ്പുറം എന്നാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. ആത്മീയമായ ത്വരയുടെ അടിസ്ഥാനം തന്നെ ഭൗതികതയുടെ പരിമിതികളെ അതിജീവിക്കുക എന്നതാണ്. എന്നാല്‍ നിങ്ങള്‍ക്കുചുറ്റും ഒരു മതിലില്ലെങ്കില്‍ നിങ്ങള്‍ സുരക്ഷിതനല്ല എന്ന് സ്വയം സംരക്ഷണത്തിനുള്ള വാസന നിങ്ങളോടു പറഞ്ഞുകൊണ്ടേയിരിക്കും. അതിനാല്‍ എല്ലായ്പ്പോഴും സ്വയം അറിയാതെ തന്നെ നിങ്ങള്‍ സംരക്ഷണമതില്‍ പണിതുകൊണ്ടിരിക്കും. നിങ്ങള്‍ നടത്തുന്ന ഈ പരിശ്രമമല്ലാതെ മറ്റൊരു വഴി തുറന്നു തരാന്‍ സൃഷ്ടികര്‍ത്താവ് വിമുഖനായതുകൊണ്ടല്ല ഇത്. നിങ്ങള്‍ നിരന്തരപരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്, നിങ്ങള്‍ക്കുചുറ്റും നിങ്ങള്‍ തന്നെ പണിതീര്‍ത്ത മതിലിനെ മറികടക്കുന്നതിനാണ്

ആത്മസംരക്ഷണത്തിനുവേണ്ടി നിങ്ങള്‍ ഇന്നു നിര്‍മ്മിക്കുന്ന ചുമരുകള്‍ നാളെ നിങ്ങളുടെ ആത്മബന്ധനത്തിനുള്ള മതില്‍ക്കെട്ടുകളാണ്. അതിനാലാണ് യോഗ സമ്പ്രദായം ദൈവത്തെക്കുറിച്ച് സംസാരിക്കാത്തത്. അത് അന്തിമമായ അസ്തിത്വത്തെക്കുറിച്ചു പറയുന്നില്ല. അതു സ്രഷ്ടാവിനെക്കുറിച്ചും പറയുന്നില്ല. പരമമായതിനെക്കുറിച്ചു ഞങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ വിഭ്രാന്തിയിലാകുന്നു. നിങ്ങളെ തടസ്സപ്പെടുത്തുന്ന ഒന്നിനെക്കുറിച്ചു മാത്രമാണ് നിങ്ങള്‍ സംസാരിക്കുന്നത്. അക്കാര്യമാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ ബന്ധനത്തിന്‍റെ നൂറു ശതമാനവും നിങ്ങളുടെ സൃഷ്ടി തന്നെയാണ്. നിങ്ങളെ വരിഞ്ഞുകെട്ടുന്ന കയറുകള്‍, തടഞ്ഞുനിര്‍ത്തുന്ന മതിലുകള്‍, ഇവയൊക്കെത്തന്നെയാണ് ശ്രദ്ധിക്കേണ്ടത്. അസ്തിത്വത്തില്‍ നിങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യേണ്ടതില്ല. നിങ്ങള്‍ സ്വയം സൃഷ്ടിച്ച നിലനില്പിനെയാണ് മറികടക്കേണ്ടിവരുന്നത്.

സ്വയം നിങ്ങളുടെ ബന്ധനത്തിന്‍റെ നൂറു ശതമാനവും നിങ്ങളുടെ സൃഷ്ടി തന്നെയാണ്. നിങ്ങളെ വരിഞ്ഞുകെട്ടുന്ന കയറുകള്‍, തടഞ്ഞുനിര്‍ത്തുന്ന മതിലുകള്‍, ഇവയൊക്കെത്തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

താരതമ്യം ചെയ്തു നോക്കുകയാണെങ്കില്‍, വിപരീതങ്ങളിലെന്നപോലെ ആകര്‍ഷണവും അനുഗ്രഹവും നമുക്ക് ഇവിടെ കാണാന്‍ കഴിയും. മനുഷ്യനില്‍ ആത്മസംരക്ഷണത്തിനുള്ള മൗലികവാസനയുമായി ബന്ധപ്പെട്ട ഒരു ഘടകമാണ് ആകര്‍ഷണം അഥവാ ഗുരുത്വം. നാം ഈ ഗ്രഹത്തില്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ആകര്‍ഷണത്തിന്‍റെ ഫലമായാണ്. ആകര്‍ഷണം കൊണ്ടു മാത്രമാണ് നമുക്ക് ഇപ്പോള്‍ ഒരു ശരീരം ഉണ്ടായിരിക്കുന്നത്. ഈ ഗുരുത്വം നിങ്ങളെ താഴേക്കുവലിച്ചു പിടിക്കുന്നു. അനുഗ്രഹം നിങ്ങളെ ഉയര്‍ത്തുന്ന ഘടകമാണ്. നിലനില്പിന്‍റെ ഭൗതികഫലങ്ങളില്‍ നിന്നും നിങ്ങള്‍ക്കു വിടുതല്‍ ലഭിച്ചാല്‍ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരും.

ആകര്‍ഷണഗുരുത്വം പ്രവര്‍ത്തനക്ഷമമായിരിക്കുന്നതുപോലെ അനുഗ്രഹവും സ്ഥിരമായി പ്രവര്‍ത്തനക്ഷമമായിരിക്കും. അതു ലഭിക്കാന്‍ നിങ്ങള്‍ തന്നെയാണ് നിങ്ങളെ പ്രാപ്യമാക്കേണ്ടത്. ഗുരുത്വത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് അങ്ങനെ തെരഞ്ഞെടുക്കാനൊന്നും സാധ്യമല്ല, നിങ്ങള്‍ അതില്‍തന്നെയാണ് സ്ഥിതിചെയ്യുന്നത്. അനുഗ്രഹം ലഭിക്കണമെങ്കില്‍, നിങ്ങള്‍ അതു സ്വീകരിക്കാന്‍ തയ്യാറാകണം. ഭൗതികകാര്യങ്ങളിലാണ് നിങ്ങള്‍ക്കു കൂടുതല്‍ താല്പര്യമെങ്കില്‍ ഗുരുത്വം മാത്രമേ നിങ്ങള്‍ക്ക് അറിയാന്‍ കഴിയുകയുള്ളൂ.

ഭൗതികത്തിനപ്പുറമുള്ള എന്തെങ്കിലുമായുള്ള ബന്ധം അനുഗ്രഹം കൊണ്ടുതന്നെയാണുണ്ടാകുന്നത്. ഭൗതികതയുടെ പരിമിതികള്‍ക്കതീതമായുള്ള അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് അനുഗ്രഹം ലഭ്യമായതായി കരുതാം. ഉടന്‍തന്നെ നിങ്ങള്‍ മായാജാലത്തിലെന്നപോലെ പ്രവര്‍ത്തിക്കുന്നതായി കാണാം. സൈക്കിള്‍ ഓടിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയാണ് നിങ്ങള്‍ എന്നതുപോലെയാണത്. സൈക്കിള്‍ ഓടിക്കാന്‍ കഴിയാത്ത മറ്റെല്ലാവരും നിങ്ങളെ അത്ഭുതകഴിവുള്ളവനായികണക്കാക്കും. പക്ഷേ നിങ്ങള്‍ക്കറിയാം അതില്‍ യാതൊരു അത്ഭുതവുമില്ല എന്ന്. ജീവിതത്തിലെ വ്യത്യസ്തമായ ഒരു തലം നിങ്ങള്‍ സ്വായത്തമാക്കി എന്നേയുള്ളൂ. ഈ സാധ്യത എല്ലാവരുടെയും മുന്‍പില്‍ വിശാലമായി തുറന്നു കിടക്കുകയാണ്. ആര്‍ക്കും ആ തലത്തിലെത്താവുന്നതേയുള്ളു.

ജീവിതം നിങ്ങള്‍ക്കായി എല്ലാം നല്‍കിയിട്ടുണ്ട് . അസ്തിത്വം ആരില്‍നിന്നും ഒന്നും തടഞ്ഞുവച്ചിട്ടില്ല. നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഈ പ്രപഞ്ചമാകെ നിങ്ങളുടെ പരിധിയില്‍ കൊണ്ടുവരാം. 'മുട്ടുവിന്‍ തുറക്കപ്പെടും' എന്ന് പറയപ്പെട്ടിട്ടുണ്ട് . നിങ്ങള്‍ മുട്ടുകയൊന്നും വേണ്ട. കാരണം അവിടെ കതകില്ല. തുറന്നുകിടക്കുകയാണ്. നിങ്ങള്‍ അതിലൂടെ കടന്നു പോകണം, അത്ര മാത്രം.

 
 
  0 Comments
 
 
Login / to join the conversation1