ശംഭോ: ശിവന്‍റെ സൗമ്യമായ രൂപം
അന്വേഷി: സദ്ഗുരു, അങ്ങുപറഞ്ഞു 'ശംഭോ' എന്നത് ശിവന്‍റെ ഒരു രൂപമാണെന്ന്. എന്താണതിന്‍റെ അര്‍ത്ഥം? എനിക്കു മനസ്സിലായതായി തോന്നുന്നില്ല. അങ്ങു പറഞ്ഞത് 'ശിവ' എന്നത് ഒരു മന്ത്രമാണ് എന്നാണ്. ശിവന്‍ ഒരു മന്ത്രമാണെങ്കില്‍, മന്ത്രത്തിന് എങ്ങനെ ഒരു രൂപമുണ്ടാകും? 'ശംഭോ' എന്നത് ശിവന്‍റെ രൂപമാണോ, ഒരു മന്ത്രമാണോ, അസ്തിത്വത്തിന്‍റെ ഒരു അവസ്ഥയാണോ?
 
 

സദ്ഗുരു: നോക്കൂ, നിങ്ങളുടെ അന്തിമമായ മോചനത്തെ അന്വേഷിക്കാന്‍ നിങ്ങളെ പ്രാപ്തനാക്കുന്നതിനുള്ള ഒരു ശാസ്ത്രമായിട്ടാണ് ഈ സംസ്‌കാരം സൃഷ്ടിക്കപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും - പാടുകയോ നൃത്തം ചെയ്യുകയോ ഭക്ഷണം കഴിക്കുകയോ പഠിക്കുകയോ - എന്തു ചെയ്യുമ്പോഴും മുക്തിയെ മാത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. നിങ്ങളുടെ മതം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങള്‍, വ്യാപാരം എന്നിങ്ങനെയുള്ള എല്ലാക്കാര്യങ്ങള്‍ക്കും രണ്ടാം സ്ഥാനമേയുള്ളൂ; നിങ്ങള്‍ക്കു പ്രസക്തമായിട്ടുള്ള ഒരേ ഒരു കാര്യം നിങ്ങളുടെ മുക്തിയാണ്. അത് അങ്ങനെയാണ് ആയിരിക്കേണ്ടത്, അല്ലേ? അതുകൊണ്ട് നിങ്ങള്‍ അന്വേഷിക്കുന്ന ഒരേയൊരു കാര്യം മുക്തിയാണെങ്കില്‍, മറ്റെല്ലാ കാര്യങ്ങളും അതിനെ ലക്ഷ്യമാക്കി ആയിരിക്കും.

നൃത്തം ഒരു വിനോദമല്ലായിരുന്നു. അതില്‍ ആഴത്തില്‍ മുഴുകുമ്പോള്‍, നിങ്ങള്‍ ധ്യാനനിമഗ്നനായിത്തീരുന്നു. അങ്ങനെയാണ് അതിന്‍റെ ഘടന. സംഗീതവും ഒരു വിനോദമല്ലായിരുന്നു: നിങ്ങളതിലേക്ക് ആഴത്തില്‍ മുഴുകുമ്പോള്‍, ധ്യാനനിരതനായിത്തീരുന്നു. അന്തിമമായ മോചനത്തിലേക്ക് നിങ്ങളെ കൊണ്ടുചെന്നെത്തിക്കത്തക്കവണ്ണം നിങ്ങളെ അപരിമിതനാക്കുന്നതിനാണ് അവ ലക്ഷ്യമിട്ടിട്ടുള്ളത്.

സ്ഥിരമായി മോക്ഷം ഇച്ഛിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന സുസ്ഥാപിതമായ ഒരു സമൂഹം - എത്രദശലക്ഷം വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് അവര്‍ ജനങ്ങളുടെ വികാസം സാധിച്ചത് എന്നു നിങ്ങള്‍ക്കറിയാമോ? മുഴുവന്‍ സമൂഹത്തിന്‍റെയും ധിഷണ ഒരേ ദിശയിലേക്ക് കേന്ദ്രീകരിച്ചിരുന്നതാണോ അതിനു കാരണം?

ഈ സംസ്‌കാരത്തിന്‍റെ കാഴ്ചപ്പാട് ഈ വിധത്തിലായിട്ട് ദീര്‍ഘകാലമായി. പതിനായിരമോ അതിലധികമോ വര്‍ഷങ്ങളായി, അതിന് ഒരു തടസ്സവും വന്നിട്ടില്ല. സ്ഥിരമായി മോക്ഷം ഇച്ഛിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന സുസ്ഥാപിതമായ ഒരു സമൂഹം - എത്രദശലക്ഷം വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് അവര്‍ ജനങ്ങളുടെ വികാസം സാധിച്ചത് എന്നു നിങ്ങള്‍ക്കറിയാമോ? മുഴുവന്‍ സമൂഹത്തിന്‍റെയും ധിഷണ ഒരേ ദിശയിലേക്ക് കേന്ദ്രീകരിച്ചിരുന്നതാണോ അതിനു കാരണം? നിങ്ങളുടെ ആന്തരിക പ്രകൃതിയെ അന്വേഷിച്ചു കണ്ടെത്താനുള്ള എല്ലാ മാര്‍ഗ്ഗങ്ങളേയും അതു പുറത്തുകൊണ്ടുവന്നു.

ഈ സംസ്‌കാരത്തിലെപ്പോലെ, ലോകത്തു മറ്റൊരിടത്തും ആളുകള്‍ മനുഷ്യന്‍റെ ആന്തരികാവസ്ഥ ഇത്രയേറെ വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ നിങ്ങളുടെ ഇഷ്ടംപോലെ നിങ്ങള്‍ക്ക് ഗവേഷണം നടത്തി നോക്കാം. വെറും ഉപരിതലത്തിലല്ല; ആന്തരികമായി വളരെ വളരെ ആഴത്തില്‍ വ്യക്തിയുടെ അടിസ്ഥാനതലം വരെ വീക്ഷിക്കാന്‍ അതിനു കഴിഞ്ഞു. ആത്മനിഷ്ഠാശാസ്ത്രങ്ങളായതുകൊണ്ടു മാത്രമാണ്, അവയെ യുക്തിപരമായി നിങ്ങള്‍ക്ക് ഒരിക്കലും തെറ്റായി വ്യാഖ്യാനിക്കാന്‍ കഴിയാത്തവിധം, പ്രത്യേകതരത്തില്‍, പ്രത്യേക സൂത്രങ്ങളായിട്ട് അവ ആവിഷ്‌കരിക്കപ്പെട്ടത്. തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത്രയേറെ ശ്രദ്ധ അവര്‍ ചെലുത്തിയിരുന്നു.

എന്നിട്ടും, കാലം കഴിയുമ്പോള്‍ സ്വാഭാവികമെന്ന വണ്ണം തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍ ഈ ശാസ്ത്രത്തെ വീണ്ടും ശുദ്ധീകരിച്ചു പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി നിങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുവാന്‍ കഴിവുള്ള വിവിധ ഊര്‍ജരൂപങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഊര്‍ജരൂപങ്ങളുടെ ഈ സൃഷ്ടി - ഒരാളിന്‍റെ വളര്‍ച്ചയും സ്വാസ്ഥ്യവും അയാള്‍ക്കു തനിയെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍ ശക്തിയുള്ള ഊര്‍ജരൂപങ്ങള്‍ - ഇത്തരത്തിലുള്ള മറ്റൊരു തലം ആയിരുന്നു. ഇതിനെ നമ്മള്‍ പ്രതിഷ്ഠ എന്നുവിളിക്കുന്നു.

ഉദാഹരണത്തിന് ധ്യാനലിംഗം, ഒരു ഊര്‍ജരൂപമാണ്. പതിനെട്ട്-പത്തൊമ്പതു വര്‍ഷത്തെ തയ്യാറെടുപ്പും മൂന്നരവര്‍ഷത്തെ തീവ്രമായ പ്രതിഷ്ഠാകര്‍മ്മങ്ങളും അതിനുവേണ്ടിവന്നു. മൂന്നരവര്‍ഷക്കാലത്തെ ഈ സംഭവത്തിനു സാക്ഷ്യം വഹിച്ചവരാരും അതിനു ശേഷം പഴയപോലെ ആയിരുന്നില്ല. നൂറുകണക്കിനാളുകള്‍ ഇതിനു സാക്ഷ്യം വഹിച്ചു. അവര്‍ ദര്‍ശിച്ചത് അത്യത്ഭുതകരമായ സംഭവങ്ങളായിരുന്നു. അതിനെക്കുറിച്ച് അവര്‍ മറ്റാരോടെങ്കിലും പിന്നീട് പറഞ്ഞാല്‍ വെറും കെട്ടു കഥയാണെന്നേ ആളുകള്‍ ധരിക്കുകയുള്ളൂ. അത്തരത്തില്‍ സംഭവിക്കുമെന്ന് ആരും വിശ്വസിക്കില്ല. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് ആ ധ്യാനസ്ഥലത്തിനു ചുറ്റുമായി സംഭവിച്ചത്. ഒരു ഊര്‍ജരൂപം സൃഷ്ടിക്കുക എന്നതുകൊണ്ട് ഇതാണ് നാം അര്‍ത്ഥമാക്കുന്നത്.

കല്ലുകൊണ്ടുള്ള ഒരു ലിംഗത്തെയാണ് നിങ്ങള്‍ അവിടെ കാണുന്നത്. അതിന് അത്ര വളരെ പ്രാധാന്യമൊന്നുമില്ല. ഊര്‍ജരൂപം സൃഷ്ടിക്കുന്നതിനുള്ള ഒരു താല്‍ക്കാലിക ചട്ടക്കൂടായിട്ടു മാത്രമാണ് ഈ ശിലാലിംഗത്തെ ഉപയോഗിച്ചത്. ഊര്‍ജരൂപം സൃഷ്ടിച്ചു കഴിഞ്ഞ് ലിംഗത്തെ അവിടെ നിന്നും നീക്കം ചെയ്യാമായിരുന്നു. എന്നാലും ഒരു വ്യത്യാസവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ജനങ്ങള്‍ക്ക് അവരുടെ കണ്ണുകള്‍ കൊണ്ടു കാണാന്‍ കഴിയുന്ന എന്തെങ്കിലും വേണമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് കാര്യങ്ങളെ അവിടവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല കുറെ ധനം ചെലവഴിച്ചു നിര്‍മ്മിച്ചതാണ്, അതിനാല്‍ ശിലാലിംഗം ഞങ്ങള്‍ അവിടെനിന്നും നീക്കം ചെയ്യുന്നില്ല! പക്ഷേ, യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ അനുഭവത്തെയും അവിടത്തെ ഊര്‍ജത്തെയും സംബന്ധിച്ചിടത്തോളം ശിലാലിംഗം നീക്കം ചെയ്താല്‍ പോലും അനുഭവം ഒന്നുതന്നെയായിരിക്കും. അവിടെ ഒരു മാറ്റവും ഉണ്ടാകുകയില്ല.

പൊതുവെ 'ലിംഗം' എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് 'രൂപം' എന്നാണ്. നമ്മള്‍ ഇതിനെ 'രൂപം' എന്നു വിളിക്കുന്നതിനു കാരണം, ഓരോ താരസമൂഹത്തിന്‍റെയും കാതലായ കേന്ദ്രഭാഗത്തിന് അണ്ഡാകൃതിയാണെന്നാണ് ആധുനിക പ്രപഞ്ചവിജ്ഞാനികള്‍ പറയുന്നത്. അതു നിങ്ങള്‍ക്കറിയാമോ? ക്ഷീരപഥങ്ങളുടെയെല്ലാം കേന്ദ്രഭാഗത്തിന് എപ്പോഴും അണ്ഡജാകൃതിയാണ്. കൃത്യതയുള്ള ഒരു അണ്ഡജത്തിനെ ലിംഗമെന്നു പറയുന്നു. അണ്ഡജം എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു ത്രിമാന അണ്ഡവൃത്തമാണത്.

അപ്പോള്‍ ആദ്യത്തെ രൂപം - അസ്പഷ്ടമായതില്‍ നിന്നും സ്പഷ്ടമായതിലേക്ക് - സൃഷ്ടി നടക്കുന്നത് എപ്പോഴും അണ്ഡജാകൃതിയിലാണ്. പ്രപഞ്ചവിജ്ഞാനികള്‍ ഇപ്പോള്‍ അങ്ങനെയാണ് പറയുന്നത്. നമ്മുടെ അനുഭവത്തില്‍ നിന്നും നമുക്കറിയാം, നിങ്ങള്‍ നിങ്ങളിലെ ഊര്‍ജത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഒരു പ്രത്യേക വിതാനത്തിലെത്തിച്ചാല്‍, അനന്തതയില്‍ ലയിക്കുന്നതിനുമുന്‍പ് നിങ്ങളുടെ ചൈതന്യത്തിന്‍റെ അവസാനരൂപവും ഒരു അണ്ഡജത്തിന്‍റേ തായിരിക്കും. അതായത്, ആദ്യത്തെ രൂപം ലിംഗത്തിന്‍റേതാണ്; അന്തിമരൂപവും അതുതന്നെ. അതുകൊണ്ട് രണ്ടറ്റത്തു നിന്നും അപ്പുറത്തേക്കു കടക്കുന്നതിനുള്ള കവാടമായാണ് ലിംഗത്തെ കണക്കാക്കുന്നത്. കാരണം ആരംഭം മുതല്‍ അവസാനം വരെ സൃഷ്ടി നടക്കുന്നത് ലിംഗരൂപത്തിലാണ്. അപ്പുറം കടന്നുപോകാനുള്ള വഴിയും അതാണ്.

സൃഷ്ടി എന്നു വിളിക്കുന്ന ശബ്ദങ്ങളുടെ സങ്കീര്‍ണ്ണമായ ഈ ക്രമീകരണത്തില്‍, ചില സുപ്രധാന മര്‍മ്മശബ്ദങ്ങള്‍ ഉണ്ട്. ഈ മര്‍മ്മശബ്ദങ്ങള്‍ നിങ്ങള്‍ക്ക് പല തലങ്ങളും തുറന്നു തരും. അങ്ങനെയുള്ള ശബ്ദങ്ങളെയാണ് മന്ത്രങ്ങള്‍ എന്നു പറയുന്നത്.

'ശംഭോ' എന്ന വാക്ക് ഇതുമായി ബന്ധപ്പെട്ടതാണ്. അത് ഒരു മന്ത്രമാണോ? അതെ. മന്ത്രമെന്നാല്‍ എന്താണര്‍ത്ഥം? ഇപ്പോള്‍ ആധുനിക ശാസ്ത്രം പറയുന്നത് മുഴുവന്‍ അസ്തിത്വവും ഒരു പ്രകമ്പനം മാത്രമാണെന്നാണ്. അതായത് മുഴുവന്‍ അസ്തിത്വവും ശബ്ദം മാത്രമാണ്. നിങ്ങള്‍ സൃഷ്ടി എന്നു വിളിക്കുന്ന ശബ്ദങ്ങളുടെ സങ്കീര്‍ണ്ണമായ ഈ ക്രമീകരണത്തില്‍, ചില സുപ്രധാന മര്‍മ്മശബ്ദങ്ങള്‍ ഉണ്ട്. ഈ മര്‍മ്മശബ്ദങ്ങള്‍ നിങ്ങള്‍ക്ക് പല തലങ്ങളും തുറന്നു തരും. അങ്ങനെയുള്ള ശബ്ദങ്ങളെയാണ് മന്ത്രങ്ങള്‍ എന്നു പറയുന്നത്. ഏതൊരു ശബ്ദവും ഒരു മന്ത്രമാണ്. എന്നാല്‍ ചില ശബ്ദങ്ങളെ നാം മന്ത്രങ്ങളെന്ന് വിശേഷിച്ചു പ്രതിപാദിക്കുന്നു, കാരണം അവ താക്കോല്‍പോലെയാണ്.

ഒരു താക്കോല്‍ കിട്ടിയാല്‍ നിങ്ങള്‍ക്ക് അതിനെ സ്‌നേഹിക്കാം, മുറുക്കിപ്പിടിക്കാം, ചുംബിക്കാം, പക്ഷേ അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. അത് എവിടെയാണ് കടത്തേണ്ടതെന്നും എങ്ങനെയാണു തിരിക്കേണ്ടതെന്നും മാത്രം മനസ്സിലാക്കിയാല്‍, അതിന് പൂര്‍ണ്ണമായ ഒരു ലോകത്തെ നിങ്ങള്‍ക്കുവേണ്ടി തുറന്നുതരാനുള്ള കഴിവുണ്ട്. മന്ത്രം എന്നാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രയോഗിക്കാന്‍ പഠിക്കേണ്ട ഒരു ഉപായമാണ്. ഒരു പ്രത്യേക മന്ത്രം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, ബോധപൂര്‍വ്വം നിങ്ങളത്, ഉപയോഗപ്പെടുത്തിയാല്‍, ജീവിതത്തിന്‍റെ ഒരു പുതിയ തലം നിങ്ങള്‍ക്കു വേണ്ടി തുറക്കാന്‍ അതിനു കഴിയും.

നിങ്ങള്‍ ഒരു മന്ത്രത്തോട് വൈകാരികമായി അടുത്തുപോയാല്‍ - നിങ്ങള്‍ക്കറിയാമല്ലോ? വൈകാരികമെന്നാല്‍ മധുരവും രസവും നല്‍കുന്നതാണ് - അത് നിങ്ങളെ ഒരിടത്തുമെത്തിക്കില്ല. അതിനാല്‍ മന്ത്രമെന്നു നിങ്ങള്‍ വിശേഷിപ്പിക്കുന്നത് അടിസ്ഥാനപരമായി ഒരു ഉപകരണം മാത്രമാണ്. അത് ഒരു രൂപമാണോ? അതെ, കാരണം ഓരോ ശബ്ദത്തിനും അതിനോടു ബന്ധപ്പെട്ട ഒരു രൂപമുണ്ട്. 'ശംഭോ' എന്ന പദത്തിനും അതിന്‍റേതായ രൂപമുണ്ട്. അതൊരു വ്യക്തിയാണോ? അതെ, അത് ജീവനുള്ള ഒരു വസ്തുവാണോ? തീര്‍ച്ചയായും, എന്തെന്നാല്‍ അസ്തിത്വത്തിലെ സര്‍വ്വവും സജീവമാണ്. ഒരു ചെറിയ പരമാണു, പാറ, വൃക്ഷം, ചെടി, മൃഗം എല്ലാം യഥാര്‍ത്ഥത്തില്‍ ജീവനുള്ളവയാണ്, അല്ലേ? ഇതു നിങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയുമോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്‌നം.

ഇപ്പോള്‍ തന്നെ, നിങ്ങള്‍ ശ്വസിക്കുന്നു; വായു ജീവനുള്ളതാണ്, അതുകൊണ്ടാണ് വായുവിന് നിങ്ങള്‍ക്കു ജീവന്‍ നല്‍കാന്‍ കഴിയുന്നത്, അല്ലേ? ഒരുപക്ഷേ അത് നിങ്ങളുടേതുപോലെയുള്ള ജീവന്‍ വഹിക്കുന്ന ഒന്നല്ലായിരിക്കാം, എങ്കിലും അത് അതിന്‍റേതായ രീതിയില്‍ ജീവനുള്ളതാണ്. ഇതുകൊണ്ടാണ് ഈ സംസ്‌കാരത്തില്‍ നാം ജീവിതത്തെ വ്യത്യസ്തമായ ഒരു രീതിയില്‍ വീക്ഷിക്കാന്‍ ആരംഭിച്ചത്. വൃക്ഷങ്ങളെയും നാം നടക്കുന്ന ഭൂമിയേയും കുടിക്കുന്ന വെള്ളത്തേയും കഴിക്കുന്ന ആഹാരത്തേയും ആരാധിക്കുന്ന സംസ്‌കാരമാണിത്.

പൊതുവെ, ലോകത്ത് എല്ലായിടത്തും, ജനങ്ങളുടെ മുന്നില്‍ ആഹാരം ലഭിച്ചാല്‍ അതു തന്നതിനുവേണ്ടി, അവര്‍ കണ്ടിട്ടില്ലാത്ത ദൈവത്തോട് നന്ദിപറയാറുണ്ട്. ഇവിടെ നമുക്ക് അങ്ങനെയുള്ള ഭക്ഷണ മര്യാദകളൊന്നുമില്ല. നാം ആഹാരത്തെത്തന്നെ നമിക്കുന്നു. ഏതു ദൈവമാണ് ഇതു സൃഷ്ടിച്ചതെന്നു നമുക്കറിയില്ല. നിങ്ങള്‍ക്കറിയാമോ? തീര്‍ച്ചയായും നിങ്ങള്‍ക്കറിയില്ല, ഏതു ദൈവമാണ് അതു സൃഷ്ടിച്ചതെന്ന്. ആകെ നിങ്ങള്‍ക്കറിയാവുന്നത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ നിങ്ങള്‍ മരിച്ചു വീഴുമെന്നതാണ്. നിങ്ങളുടെ മുന്നില്‍ പാത്രത്തിലിരിക്കുന്ന ആഹാരം, അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ തന്നെ ആയി മാറാന്‍ പോകുകയാണ് എന്നു മാത്രമാണ് നിങ്ങള്‍ക്കറിയാവുന്നത്, അല്ലേ? ഇതാണ് നിങ്ങളുടെ ജീവനെ നിലനിര്‍ത്തുന്നത്.

അതിനാല്‍, കഴിക്കുന്ന ആഹാരത്തോട്, നിങ്ങള്‍ ആദരവുള്ളവനായിത്തീരുന്നു. ആദരത്തോടെ ഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ എന്തു കഴിച്ചാലും അത് അത്ഭുതകരമായി നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കുടിക്കുന്ന വെള്ളത്തോട്, നിങ്ങള്‍ക്ക് ആദരവുണ്ടാകുന്നു, ശരീരത്തിന്‍റെ എഴുപതു ശതമാനത്തിലധികം വെള്ളമാണ്. ശരീരത്തെ മൂല്യനിര്‍ണയം ചെയ്യുകയാണെങ്കില്‍, അതു രൂപപ്പെട്ടിരിക്കുന്ന ഘടകങ്ങള്‍ക്കും നിങ്ങള്‍ വില കല്‍പ്പിക്കേണ്ടി വരില്ലേ?

ഭര്‍ത്താവ്, ഭാര്യ, കുഞ്ഞ്, അമ്മ, അച്ഛന്‍ എന്നിവരെ നിങ്ങള്‍ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നില്ലേ? അവരെ നിങ്ങള്‍ സ്‌നേഹിക്കുകയാണെങ്കില്‍, അവരുടെ ശരീരങ്ങള്‍ രൂപപ്പെട്ട ഘടകപദാര്‍ഥങ്ങളേയും നിങ്ങള്‍ ആദരിക്കേണ്ടതല്ലേ? നിങ്ങളുടെ അമ്മയുടെ ശരീരത്തില്‍ ജലത്തിന്‍റെ അവസ്ഥ താറുമാറായാല്‍, അവരുടെ കാര്യം തീര്‍ന്നു, അല്ലേ? നിങ്ങളുടെ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ ശരീരത്തില്‍ വായു പ്രവര്‍ത്തിക്കാതായാല്‍ അവരുടെ കഥയും തീര്‍ന്നു. ഭൂമി, അഗ്നി എന്നിങ്ങനെ പഞ്ചഭൂതങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ താളം തെറ്റിയാല്‍ നിങ്ങളുടെ ഭാര്യ, ഭര്‍ത്താവ്, കുഞ്ഞ്, അമ്മ, അച്ഛന്‍ എല്ലാവരും അതോടെ ഇല്ലാതാകും, അങ്ങനെയല്ലേ?

അതായത് ഓരോ നിമിഷവും ഈ പഞ്ചഭൂതങ്ങളാണ് നിങ്ങളെ നിലനിര്‍ത്തുന്നത്, പോഷിപ്പിക്കുന്നത്, എല്ലാ കാര്യങ്ങളും നടത്തുന്നത്. നിങ്ങള്‍ അവയോട് ആദരവുള്ളവരായിത്തീരുന്നു. മൊത്തം അസ്തിത്വത്തിലെ ഏതൊരു ഘടകത്തിനും നിങ്ങളുടെ ജീവിതത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ട്, അല്ലേ? ഒരു ചെറിയ താളപ്പിഴ ഏതെങ്കിലും നക്ഷത്രമണ്ഡലത്തില്‍ സംഭവിച്ചാല്‍ നിങ്ങള്‍ അപ്പോഴേ ആവിയായിത്തീര്‍ന്നുപോയേക്കാം.

സുസ്ഥാപിതവും ശക്തവും ആശ്രയിക്കാവുന്നതുമായ ചില രൂപങ്ങളെ ഈ പാരമ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. ചില യോഗസമ്പ്രദായങ്ങളില്‍ ആളുകള്‍ ഈ രൂപങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നു. നിങ്ങള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേട്ടിരിക്കും. ശ്രീരാമകൃഷ്ണപരമഹംസന്‍ അദ്ദേഹത്തിന്‍റെ സ്വന്തം കൈകള്‍കൊണ്ട് കാളിയെ ഊട്ടിയിട്ടുണ്ട്, കാളി അത് കഴിക്കുകയും ചെയ്തിരുന്നു. ഇത് നൂറുശതമാനവും യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ പറയുന്നു. യുക്തിപരമായി ചിന്തിക്കുന്ന ഏതൊരു മനസ്സിനും ഇത് ശുദ്ധവിവരക്കേടാണന്നേ തോന്നൂ, അല്ലേ? അദ്ദേഹം അപ്പോള്‍ മാനസിക വിഭ്രാന്തിയിലായിരുന്നു എന്നുതോന്നാം. എന്നാല്‍ അങ്ങനെ ആയിരുന്നില്ല. അദ്ദേഹം ചിന്തിക്കുകയും മാനിക്കുകയും ചെയ്യുന്ന ഏതു രൂപവും അപ്പോള്‍ അവിടെ സൃഷ്ടിക്കപ്പെടുന്ന തരത്തില്‍ സുവ്യക്തമായിരുന്നു, അദ്ദേഹത്തിന്‍റെ പ്രജ്ഞ.

അതായത് നിങ്ങള്‍ക്ക് കാളിയെ ആണ് ആവശ്യമെങ്കില്‍, കാളി തല്‍ക്ഷണം അവിടെ ഉണ്ടാകും. എന്തു വേണമെന്ന് ആഗ്രഹിച്ചാലും അത് അവിടെ ഉണ്ടാകും. കാരണം ഈ രൂപങ്ങളെല്ലാം തന്നെ സാധനയ്ക്കായി വളരെ മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടവയാണ്. വ്യത്യസ്തരായ യോഗികളും വ്യത്യസ്തമായ വ്യവസ്ഥകളും പലവിധ രൂപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ വളരെ സുന്ദരരൂപങ്ങളുണ്ട്, വളരെ ബീഭത്സരൂപങ്ങളുമുണ്ട്.

വളരെ മംഗളകരമായ രൂപങ്ങളിലൊന്നാണ് 'ശംഭോ'. അദ്ദേഹം ശിവന്‍റെ വളരെ അപൂര്‍വ്വമായ ഒരു സൗമ്യരൂപമാണ്.

ഇവയില്‍ വളരെ മംഗളകരമായ രൂപങ്ങളിലൊന്നാണ് 'ശംഭോ'. അദ്ദേഹം ശിവന്‍റെ വളരെ അപൂര്‍വ്വമായ ഒരു സൗമ്യരൂപമാണ്. ശിവന്‍ സാധാരണയായി കാടനും ഉന്മത്തനുമാണ്, പക്ഷേ ഇത് ശിവന്‍റെ വളരെ സൗമ്യമായ ഒരു രൂപമാണ് - ഒരു മനോഹരമായ രൂപം. മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ വേണ്ടിയാണ് ആളുകള്‍ ഈ രൂപങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. അവ എന്നെന്നും നിലനില്‍ക്കുന്ന രൂപങ്ങളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ ഒരുക്കമാണെങ്കില്‍, അവയെ ഇവിടെ നിങ്ങളുടെ അനുഭവത്തിലേക്കു കൊണ്ടുവരാന്‍ കഴിയും. ഇതു യാഥാര്‍ത്ഥ്യമാണോ? അവയൊക്കെ സൃഷ്ടിയില്‍ സ്വതേ ഉള്ളതാണോ? അല്ല, ഇവയൊക്കെ ആളുകളാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്; അവരവരുടെ അംഗഘടനയിലും ഊര്‍ജത്തിലും അവരവരുടെ സൃഷ്ടിയിലും ആധിപത്യമുള്ളവര്‍ സൃഷ്ടിച്ചവയാണ് ഇവയൊക്കെ.

ഒരാള്‍ യോഗി എന്നുപറയുമ്പോള്‍ അയാള്‍ തലകുത്തി നില്‍ക്കുന്നവനെന്നോ, ശ്വാസംപിടിച്ചു നില്‍ക്കുന്നവനാണെന്നോ അര്‍ത്ഥമില്ല. യോഗിയെന്നാല്‍ അയാളുടെ സൃഷ്ടികളെ ശിഥിലീകരിക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യാന്‍ കഴിവുള്ള ആള്‍ എന്നാണര്‍ത്ഥം. ഇവയാണ് യോഗയുടെ അടിസ്ഥാനതത്ത്വങ്ങള്‍. ഭൂതശുദ്ധി എന്നുപറയുന്നതിലാണ് യോഗയുടെ അടിസ്ഥാനം. പഞ്ചഭൂതങ്ങളെ നിങ്ങള്‍ക്കറിയാമല്ലോ? പ്രകൃതിയിലെ അഞ്ച് അടിസ്ഥാന ഘടകങ്ങള്‍? അതായത്, ഏതു ഘടകങ്ങളാലാണോ നിങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ആ പഞ്ചഭൂതങ്ങളുടെ മേല്‍ പൂര്‍ണ്ണമായ ആധിപത്യം നേടുക എന്നതാണ് ഭൂതശുദ്ധികൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ഈ കഴിവുനേടിയാല്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ പൊളിച്ചുമാറ്റാം, പുനരേകീകരിക്കാം. അതാണ് യോഗ എന്നതിനര്‍ത്ഥം.

യോഗശാസ്ത്രം അറിയുക എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സൃഷ്ടിയുടെ സൂക്ഷ്മഘടകങ്ങള്‍ പോലും - നട്ടും ബോള്‍ട്ടും - അറിയാമെന്നാണ്. നിങ്ങള്‍ ആരാണ് എന്നതിന്‍റെ ആഴങ്ങളിലേക്കും എല്ലാ തലങ്ങളിലേക്കും നിങ്ങള്‍ കടന്നുചെല്ലുന്നു: ഭൗതികശരീരം, മനസ്സ്, ഊര്‍ജതലങ്ങള്‍, പിന്നെയും വളരെ ആഴത്തിലുള്ളവ അങ്ങനെ എല്ലാ തലങ്ങളിലേക്കും കടന്നുചെന്നിരിക്കുന്നു എന്നാണ്. നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം എങ്ങിനെയാണോ, അതെല്ലാം നിങ്ങള്‍ കണ്ടുകഴിഞ്ഞു. ആ പശ്ചാത്തലത്തിലാണ് നിങ്ങളുടെ നിലനില്‍പ്പ്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ 'ഞാന്‍' എന്നുപറയുന്നതു തന്നെ ഒരു ചെറിയ പ്രപഞ്ചമാണ്. നിങ്ങള്‍ ഇതറിയുമ്പോള്‍ (സ്വന്തം നെഞ്ചിലേക്കു ചൂണ്ടിക്കാണിക്കുന്നു), എല്ലാം അറിയും. അസ്തിത്വത്തില്‍ അറിയാന്‍ യോഗ്യമായ എല്ലാം അറിയാന്‍ കഴിയും, നിങ്ങള്‍ നിങ്ങളെ അറിയുന്ന ആ നിമിഷം തന്നെ.

 
 
 
 
  0 Comments
 
 
Login / to join the conversation1