സൗഹൃദം – ജീവിതവുമായി പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരേട്
സൌഹൃദങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതല്ലാതെ സൌഹൃദത്തിന്റെ ആത്മാര്‍ത്ഥത നഷ്ട്പ്പെട്ടുപോയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌഹൃദത്തിന്റെ അര്‍ത്ഥം എന്താണ്? അതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്?
 
 

सद्गुरु

പലര്‍ക്കും സൗഹൃദം സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ചിട്ടുള്ളവയാണ്. സ്കൂളില്‍ പഠിക്കുമ്പോഴുള്ള കുറേ ചങ്ങാതിമാര്‍, കോളേജില്‍ ചേരുമ്പോള്‍ ഉള്ളവര്‍, തുടര്‍ന്നു ഔദ്യോകിക മേഖലയിലെ കൂട്ടുകാര്‍ - എല്ലാം തല്‍ക്കാലത്തേയ്ക്ക്.

 

സദ്‌ഗുരു : "ഇത് സോഷ്യല്‍ മീഡിയ"കളുടെ കാലമാണ്. ലോകത്തില്‍ ഏതു കോണിലുള്ള ആരുമായും എപ്പോള്‍ വേണമെങ്കിലും നമുക്ക് ബന്ധപ്പെടാമെന്ന അവസ്ഥ. ആശയവിനിമയ സൌകര്യങ്ങള്‍ സങ്കല്പാതീതമായ വിധത്തില്‍ തഴച്ചു വളര്‍ന്നിരിക്കുന്നു. ഒരു ബട്ടനമര്‍ത്തിയാല്‍ ഏതു ചങ്ങാതിയുമായും ആ നിമിഷം ബന്ധപ്പെടാം. അപ്പോഴപ്പോള്‍ എല്ലാ വര്‍ത്തമാനങ്ങളും കൈമാറാം. എന്തെല്ലാം സൌകര്യങ്ങളാണ് യഥേഷ്ടം തിരഞ്ഞെടുക്കാനായി നമ്മുടെ മുമ്പില്‍!

അങ്ങനെ സൌഹൃദങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനിടയില്‍, അതില്‍ അര്‍ത്ഥവത്തായി എന്തെങ്കിലുമുണ്ടോ എന്നുള്ളതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ സൗഹൃദം എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? സൌഹൃദത്തിന്റെ അര്‍ത്ഥം എന്താണ്?

എനിക്ക് മൂന്നോ നാലോ വയസ്സായിരുന്നപ്പോഴാണ് ആദ്യമായി ഒരു കൂട്ടുകാരനെ കിട്ടിയത്. അതായത് സ്കൂളില്‍ ചേന്നതിനുശേഷം. അവനുമായി വല്ലാതെ ഞാന്‍ അടുത്തു. ആ കാലത്ത് അവനായിരുന്നു എനിക്കെല്ലാറ്റിലും വലുത്. ഇപ്പോഴും അവന്റെ പേര് എനിക്കോര്‍മ്മയുണ്ട്. പക്ഷെ അവനിപ്പോള്‍ എന്നെ ഓര്‍ക്കുവാനിടയില്ല.

എന്റെ സുഹൃദ് ബന്ധങ്ങളെല്ലാം പൂര്‍ണത നിറഞ്ഞവയായിരുന്നു. കുറെ കഴിഞ്ഞ്, ജീവിതാനുഭവങ്ങള്‍ കൂടിക്കൂടി വന്നതിനോടൊപ്പം സൌഹൃദത്തെ ആ നിലയില്‍ കാണുന്നവര്‍ നന്നേ ചുരുക്കമാണെന്ന് എനിക്ക് മനസ്സിലായി.

എനിക്ക് നൂറു കണക്കിന് ചങ്ങാതിമാരുണ്ടായിരുന്നു, പലയിടങ്ങളിലായി, പലതരത്തിലുള്ളവര്‍. പക്ഷെ, ഇവിടെ ഞാന്‍ പറയുന്നത് യഥാര്‍ത്ഥ സൌഹൃദത്തെ കുറിച്ചാണ് - മാനസികമായുള്ള പൊരുത്തം, അത്തരത്തിലുള്ള വിശിഷ്ടബന്ധത്തെ കുറിച്ച്. എന്നെ സംബത്തിച്ചടത്തോളം എന്റെ സുഹൃദ് ബന്ധങ്ങളെല്ലാം പൂര്‍ണത നിറഞ്ഞവയായിരുന്നു. കുറെ കഴിഞ്ഞ്, ജീവിതാനുഭവങ്ങള്‍ കൂടിക്കൂടി വന്നതിനോടൊപ്പം സൌഹൃദത്തെ ആ നിലയില്‍ കാണുന്നവര്‍ നന്നേ ചുരുക്കമാണെന്ന് എനിക്ക് മനസ്സിലായി. പലര്‍ക്കും സൗഹൃദം സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ചിട്ടുള്ളവയാണ്. സ്കൂളില്‍ പഠിക്കുമ്പോഴുള്ള ചങ്ങാതിമാര്‍ ഒരു തട്ടില്‍, സ്കൂള്‍ പഠിത്തം കഴിയുന്നതോടെ അവരെല്ലാം കൊഴിഞ്ഞുപോകുന്നു. കോളേജില്‍ ചേരുമ്പോള്‍ അവിടെ പുതിയ ചങ്ങാതിമാരായി, തുടര്‍ന്നു ഔദ്യോകിക മേഖലയിലെ കൂട്ടുകാര്‍ - അതങ്ങനെ പോകുന്നു, സാഹചര്യങ്ങള്‍ക്ക് യോചിച്ച വിധത്തില്‍. എനിക്ക് സൌഹൃദത്തെ അങ്ങിനെ നോക്കിക്കാണാനാവില്ല. ഞാന്‍ കുറ്റം പറയുകയല്ല, സാമാന്യ ജനങ്ങളുടെ സ്വഭാവം അതാണെന്ന് പറയുകയാണ്‌.

എന്റെ ജീവിതത്തില്‍ സൌഹൃദങ്ങള്‍ ഒരിക്കലും ഒരത്യാവശ്യ ഘടകമായി മാറിയിട്ടില്ല, എന്നാലും സൗഹൃദം ഉണ്ടായിക്കഴിഞ്ഞാല്‍ അത് പൂര്‍ണമായിരിക്കും, എന്നത്തേക്കുമുള്ളതായിരിക്കും. അവിടവിടെയായി ഞാന്‍ ചില സൌഹൃദങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്, എന്നാല്‍ സാഹചര്യങ്ങള്‍ മാറുന്നതോടെ അവരുടെ സമീപനവും പെരുമാറ്റവും മാറുന്നതായിട്ടാണ് എന്റെ അനുഭവം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും എന്റെ ഭാഗത്തുനിന്നു സംഭവിക്കാറില്ല.

അര്‍ത്ഥവത്തായ അഗാധമായ സൌഹൃദങ്ങള്‍ സ്ഥാപിക്കാന്‍ പലര്‍ക്കും ജീവിതത്തില്‍ സാധിക്കാറില്ല. വളരെയേറെ വേദനാജനകമായൊരു സംഗതി, അതിലേറെ ഖേദകരമായതും. അവനവന്റെ ആവശ്യങ്ങള്‍ സാധിക്കാനുള്ളതാണ് പലരുടെയും സൌഹൃദങ്ങള്‍. അതിനപ്പുറത്തേക്ക് കടക്കാന്‍ അവര്‍ക്കാവുന്നില്ല, അഥവാ അവരതിനുവേണ്ടി മെനക്കെടുന്നില്ല. സൌഹൃദത്തിനു മാത്രം വേണ്ടിയുള്ള സൗഹൃദം. അങ്ങനെയൊരു ചിന്ത വളരെ അപൂര്‍വമായേ കാണാറുള്ളു. കാര്യം നടക്കാനായി ആരോടെങ്കിലും കൂട്ടുകൂടുന്നു. ആവശ്യം സാധിച്ചു കഴിഞ്ഞാല്‍ തിരിഞ്ഞു നടക്കുന്നു. അതാണ്‌ ഇപ്പോഴത്തെ സാമാന്യ രീതി എന്ന് പറയാം.

തല്ക്കാലത്തേക്കുള്ള ഒരു സൌകര്യത്തിനു വേണ്ടിയുള്ളതല്ല ചങ്ങാത്തം, തനിക്ക് ലാഭകരമായി തോന്നുന്ന ഒരു കൊടുക്കല്‍ വാങ്ങലുമല്ല. എന്നെ സംബന്ധിച്ചിടത്തോളം സൗഹൃദം, ഏതോ ഒരു നിമിഷം ജീവിതത്തിലേക്ക് കടന്നുവന്ന്, അത് ജിവിതത്തില്‍ മൊത്തം വ്യാപിച്ചുകിടക്കുന്ന, എന്നെക്കൊണ്ട് തള്ളിക്കളയാനാവാത്ത ഒരു ഏടാണ്.

എപ്പോഴെങ്കിലും സ്കൂളില്‍ ഒപ്പമുണ്ടായിരുന്ന ഒരു ചങ്ങാതിയെ കണ്ടാല്‍ ഞാന്‍ പഴയ മട്ടില്‍ തന്നെ ഇപ്പോഴും അവനെ സമീപിക്കും. എന്നാല്‍ അയാള്‍ ആകെ മാറിയിട്ടുണ്ടാകും. ഒരു പക്ഷേ ജീവിതത്തോടൊപ്പം അവര്‍ മുന്നോട്ടു പോയിട്ടുണ്ടാകും. ഞാനോ - എന്നും എപ്പോഴും ഒരേയിടത്ത് തന്നെ. ജീവിതത്തില്‍ നിന്നും ഒരിത്തിരി പുറത്തേക്ക് നീങ്ങിയാണ്‌ എന്റെ നില്‍പ്പ്. അങ്ങിനെയാണ് ഞാന്‍ ജീവിതത്തെ വിലയിരുത്തുന്നത്. അതെപ്പോഴും അങ്ങിനെയായിരുന്നു. ഇന്നും ആ രീതി തന്നെ തുടരുന്നു.

എന്റെ കാര്യത്തില്‍ ജീവിതം ആശ്ചര്യകരമായ വിധത്തില്‍ ഉദാരമായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭൌതികമായ സുഖസൌകര്യങ്ങളെയല്ല ഞാന്‍ ഇവിടെ "ഉദാരത" എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചെല്ലുന്നിടത്തെല്ലാം ഉദാരത എനിക്ക് സമൃദ്ധമായി ലഭിക്കുന്നു എന്നത് സത്യം തന്നെയാണ്. ജീവിതം എന്നും എന്നോട് ഏറ്റവും സ്നേഹപൂര്‍വമായാണ് പെരുമാറിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു പ്രയത്നവും കൂടാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എവിടെയാണെങ്കിലും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരാന്‍ എനിക്ക് അനായാസം സാധിക്കുന്നു. അതുകൊണ്ടാകാം ജീവിതം അതിന്റെ രഹസ്യങ്ങളെല്ലാം എന്റെ കൂടെ പങ്കുവെയ്ക്കാന്‍ തയ്യാറാവുന്നത്. ജീവിതത്തെ ഞാന്‍ സമീപിക്കുന്നത് ഭയത്തോടയല്ല, ഉത്കണ്ഠയോടു കൂടിയുമല്ല, അതുകൊണ്ട് തന്നെ ജീവിതവും എന്റെ മുന്നില്‍ തെളിവാര്‍ന്നു തുറന്ന് നില്‍ക്കുന്നു.

എവിടെയാണെങ്കിലും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരാന്‍ എനിക്ക് അനായാസം സാധിക്കുന്നു. അതുകൊണ്ടാകാം ജീവിതം അതിന്റെ രഹസ്യങ്ങളെല്ലാം എന്റെ കൂടെ പങ്കുവെയ്ക്കാന്‍ തയ്യാറാവുന്നത്.

വളരെ നിസ്സാരമായ - അചേതനമായ ഒരു വസ്തുവിന്റെ അരികില്‍ ചെന്നിരിക്കുമ്പോഴും, ഞാന്‍ അതുമായി എന്തോ ഒരു ആത്മബന്ധം ഇണക്കിയെടുക്കുന്നു. ഉദാഹരണത്തിന് മൈസൂരിനെ കുറിച്ച് പറയാം. ഞാന്‍ ജനിച്ചു വളര്‍ന്ന പ്രദേശമാണത്. അതുകൊണ്ട് തന്നെ അതിനോടെനിക്ക്‌ പ്രത്യേകമായി ഒരു മമതയുണ്ട്. സാധാരണ എല്ലാവരും പറയുന്നതുപോലെയുള്ള വൈകാരികമായ ഒരു ബന്ധമല്ല ഞാന്‍ ഉദ്ദേശിച്ചത്. അവിടെയുള്ള മരങ്ങളും മലകളും എന്റെതാണെന്ന ഒരു തോന്നല്‍. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ മൈസൂരില്‍ പലപല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാലും ഇന്നും പഴയ കാലത്ത് ഞാന്‍ ചുറ്റി നടന്നിരുന്ന ഇടങ്ങള്‍ പലതും അതുപോലെതന്നെ അവിടെ കാണാം. എത്ര ശ്രദ്ധാപൂര്‍വമാണ് ഞാന്‍ അവയെല്ലാം നോക്കിക്കണ്ടിരുന്നത്. എത്ര ആയിരം ചോദ്യങ്ങള്‍ മൈസൂരിലെ എത്ര ആയിരം ഇടങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്? തികച്ചും വ്യത്യസ്ഥമായൊരു ബന്ധമാണ് എനിക്കും മൈസൂരിനും തമ്മിലുള്ളത്. അടക്കാനാവാത്ത ഒരു അന്വേഷണ ത്വര മനസ്സിലുണര്‍ത്തിയത് മൈസൂരാണ്.

മൈസൂര്‍ എന്റെ ഉള്ളിലെ ആയിരമായിരം ചോദ്യങ്ങള്‍ക്ക് തുടക്കം കുറിച്ച ഇടമാണ്. അതോടൊപ്പം അവിശ്വസനീയമാം വിധം അതിനുള്ള ഉത്തരങ്ങളും നല്‍കിയ ഇടമാണ്. അതുപോലെ തന്നെയാണ് എനിക്ക് സൌഹൃദങ്ങളും, ആരുടെയെങ്കിലും കൂടെ ചിലവഴിച്ച നിമിഷങ്ങള്‍, അതില്‍ പ്രത്യേകിച്ച് വൈകാരികതയൊന്നും ഉണ്ടാവാറില്ല, അത് എന്റെ പ്രകൃതവും ആയിരുന്നില്ല, എന്നാലും അറിഞ്ഞോ അറിയാതെയോ ആ നിമിഷങ്ങള്‍ എന്നെ അവരുമായി കൂട്ടിയിണക്കാറുണ്ട്. പങ്കുവെക്കലിനെ കൊടുക്കല്‍ - വാങ്ങലായി ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം പങ്കുവെയ്ക്കല്‍ ഒരു തരത്തിലുള്ള ഒത്തുചേരലായിരുന്നു. രണ്ടു ജീവിതങ്ങള്‍, ഒന്നിന്റെ മീതെ ഒന്നായി, രണ്ടു ഏടുകള്‍ പറ്റിച്ചേരുന്നത് പോലെ. സൌഹൃദങ്ങളെ ഏതെങ്കിലും തരത്തില്‍ ലാഭകരമോ, ഗുണകരമോ ആയ ഒരേര്‍പ്പാടായി കാണാന്‍ എനിക്കാവില്ല. അത്തരമൊരു രീതി കൈക്കൊള്ളുന്നതുകൊണ്ട് ജീവിതം സുഗമവും സുഖകരവുമാകുമെന്നും ഞാന്‍ കരുതുന്നില്ല.

ഇപ്പോഴും ഞാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നു. പലതരത്തിലുള്ള ആളുകളെ കണ്ടുമുട്ടുന്നു. പരിചയപ്പെടുന്നു. അവരുമായി കത്തിലൂടെയോ, ഫോണിലൂടെയോ, നെറ്റ്‌വര്‍ക്ക് മുഖാന്തിരമോ ഞാന്‍ ബന്ധം പുലര്‍ത്താറില്ല, എന്നാലും ഒരുമിച്ചുണ്ടായിരുന്ന ആ ഒരു പിടി നിമിഷങ്ങളില്‍ എന്തോ ഒന്ന് ആഴത്തില്‍ തന്നെ ഞങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അവരില്‍ ധാരാളം പേര്‍ക്ക് അതേ തോന്നലുളവാകുന്നുണ്ട്. എന്നെ സംബന്ധിച്ചത്തോളം ആ പങ്കുവെക്കല്‍ ശാശ്വതമായ ഒന്നാണ്, എന്നാല്‍ അവരില്‍ പലര്‍ക്കും അത് തല്‍ക്കാലത്തേക്ക് മാത്രമുള്ള ഒരു സംതൃപ്തിയാണ്.

പൂക്കളോ, മരമോ, പുഴയോ, ഏതെങ്കിലും സ്ഥലമോ, ആളുകളോ ഒക്കെയായി ബന്ധം സ്ഥാപിക്കാനുള്ള എന്റെ കഴിവ് എനിക്ക് അങ്ങേയറ്റം നിര്‍വൃതി നേടിത്തന്നിട്ടുള്ളതാണ്. എന്റെ കൈയില്‍ അതൊരു താക്കോലാണ്

ഒരു പക്ഷെ സൗഹൃദം എന്ന എന്റെ സങ്കല്പം തീരെ പഴഞ്ചനാകാം. എന്നാല്‍ പൂക്കളോ, മരമോ, പുഴയോ, ഏതെങ്കിലും സ്ഥലമോ, ആളുകളോ ഒക്കെയായി ബന്ധം സ്ഥാപിക്കാനുള്ള എന്റെ കഴിവ് എനിക്ക് അങ്ങേയറ്റം നിര്‍വൃതി നേടിത്തന്നിട്ടുള്ളതാണ്. എന്റെ കൈയില്‍ അതൊരു താക്കോലാണ് - ജീവിതത്തെയും ഈ പ്രകൃതിയെയും ഉള്ളിലേക്ക് കടന്നു ചെന്ന് മനസ്സിലാക്കാന്‍ അതെന്നെ സഹായിക്കുന്നു. സൗഹൃദം എനിക്ക് ലാഭകരമായൊരു കച്ചവടമല്ല, അത് ജീവിതവുമായി പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഒരേടാണ്.

 
 
  0 Comments
 
 
Login / to join the conversation1