സന്യാസം, ബന്ധങ്ങള്‍ എന്തിനുപേക്ഷിക്കണം?
പഞ്ചേന്ദ്രിയങ്ങള്‍ക്ക്, അതായത്‌ ആകാശം, അഗ്നി, ജലം, വായു, ഭൂമി എന്നിവയ്ക്ക് ശക്തമായ ഓര്‍മയുണ്ട്‌. യോഗശാസ്‌ത്രം ഇതെടുത്തു പറയുന്നുണ്ട്‌. ആധുനിക ശാസ്‌ത്രവും ഇതിനോട്‌ യോജിക്കുന്നു. വസ്‌തുക്കളുടെ സാന്ദ്രത കൂടുന്തോറും അവയുടെ ഓര്‍മശക്തിയും വര്‍ദ്ധിച്ച തോതിലാകും.
 
 

 

सद्गुरु

പഞ്ചേന്ദ്രിയങ്ങള്‍ക്ക്, അതായത്‌ ആകാശം, അഗ്നി, ജലം, വായു, ഭൂമി എന്നിവയ്ക്ക് ശക്തമായ ഓര്‍മയുണ്ട്‌. യോഗശാസ്‌ത്രം ഇതെടുത്തു പറയുന്നുണ്ട്‌. ആധുനിക ശാസ്‌ത്രവും ഇതിനോട്‌ യോജിക്കുന്നു. വസ്‌തുക്കളുടെ സാന്ദ്രത കൂടുന്തോറും അവയുടെ ഓര്‍മശക്തിയും വര്‍ദ്ധിച്ച തോതിലാകും.

സദ്ഗുരു : ഞാന്‍ ഒരിടത്തു ചെല്ലുന്നു എന്ന്‍ വിചാരിക്കൂ, പ്രത്യേകിച്ചും ഉയര്‍ന്ന രീതിയില്‍ ഊര്‍ജ്ജം നിലനില്‍ക്കുന്ന ഒരിടത്ത്‌. എനിക്കാരോടും ഒന്നും ചോദിക്കേണ്ടതില്ല, അവിടെയുള്ള ഒരു പാറയില്‍ കൈത്തലം ചേര്‍ത്തു വെക്കുകയേ വേണ്ടു. അറിയാനുള്ളതെല്ലാം ആ നിമിഷം എനിക്കു തെളിഞ്ഞുകിട്ടും. ഒരു വൃക്ഷത്തിന്റെ തായ്‌ത്തടിയിലുള്ള വലയങ്ങള്‍ നിരീക്ഷിച്ച് ആ പ്രദേശത്തിന്റെ പാരിസ്ഥിതിക ചരിത്രം നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നതുപോലെത്തന്നെ. എന്നാല്‍, മരങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്‌ ശിലകളുടെ ഓര്‍മശക്തി.

വസ്‌തുക്കളുടെ സാന്ദ്രത കൂടുന്തോറും അവയുടെ ഓര്‍മശക്തിയും വര്‍ദ്ധിച്ച തോതിലാകും. ജീവനുള്ള വസ്‌തുക്കളേക്കാള്‍ അചേതനമായ വസ്തുക്കളിലാണ്‌ ഈ കഴിവ്‌ കൂടുതല്‍ നിലനില്‍ക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും തെളിയിച്ചിരിക്കുന്നത്‌ അതാണല്ലോ. നിങ്ങളേക്കാള്‍ എത്രയോ മടങ്ങ്‌ ഓര്‍മശക്തിയുണ്ട്‌ നിങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക്‌. യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സ്‌ ഓര്‍മക്കുവേണ്ടിയുള്ളതല്ല, മനസ്സിന്റെ ധര്‍മം മനസ്സിലാക്കുക എന്നുള്ളതാണ്‌. അചേതനവസ്‌തുക്കള്‍ക്ക്‌ ഒന്നും കണ്ടറിയാനാവില്ല. അവയ്ക്ക് ഓര്‍മവെക്കാന്‍ മാത്രമേ കഴിയൂ. ദേവതാവിഗ്രഹങ്ങളും, പൂജക്കായുള്ള പ്രതീകങ്ങളുമൊക്കെ കല്ലില്‍ തീര്‍ക്കാന്‍ അതാണ്‌ കാരണം. അവ അതിശക്തമായ ഓര്‍മയുടെ സ്വരൂപങ്ങളാണ്‌.

ദേവതാവിഗ്രഹങ്ങളും, പൂജക്കായുള്ള പ്രതീകങ്ങളുമൊക്കെ കല്ലില്‍ തീര്‍ക്കാന്‍ അതാണ്‌ കാരണം. അവ അതിശക്തമായ ഓര്‍മയുടെ സ്വരൂപങ്ങളാണ്‌.

ഒരു കാലത്ത്‌ ഇന്ത്യയില്‍ ഒരു ആചാരമുണ്ടായിരുന്നു. ശിവലിംഗം പ്രതിഷ്‌ഠിച്ചിരിക്കുന്ന ശ്രീ കോവിലിലേക്കു ചെല്ലുന്ന ആള്‍ പൂര്‍ണനഗ്നനായിരിക്കണം. ബ്രിട്ടീഷുകാര്‍ ആധിപത്യമുറപ്പിച്ചതിനുശേഷമാണ്‌ ഈ വക കാര്യങ്ങളില്‍ വിലക്കുവന്നത്‌. ഇപ്പോള്‍ നമ്മള്‍ പല കാര്യങ്ങളിലും അമിതമായ കരുതല്‍ കാട്ടാന്‍ തുടങ്ങിയിരിക്കുന്നു. ദേവപ്രതിഷ്‌ഠയുടെ ചൈതന്യം സ്വന്തം ദേഹത്തിലേക്ക്‌ ആവാഹിക്കാന്‍വേണ്ടിയാണ്‌ നഗ്നനായിവേണം അകത്തേക്കു ചെല്ലാന്‍ എന്ന്‍ പറഞ്ഞിരുന്നത്‌. കുളികഴിഞ്ഞ്‌ നനഞ്ഞ ശരീരത്തോടെ ശിവലിംഗത്തിനു മുമ്പില്‍ നിലത്ത്‌ നീണ്ടു നിവര്‍ന്നു കിടക്കുക. ദേവവിഗ്രഹത്തിന്റെ ഓര്‍മ തന്നിലേക്കു പകര്‍ന്നെടുക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗമാണത്‌. മനസ്സ്‌ മറ്റു പലതും ശ്രദ്ധിക്കുന്നുണ്ടാവും, എന്നാല്‍ ശരീരമാണ്‌ ആ അന്തരീക്ഷത്തിലെ ചൈതന്യം മുഴുവന്‍ തന്നിലേക്ക്‌ ആവാഹിക്കുന്നത്‌.

ധ്യാനലിംഗത്തിന്റെയും, ലിംഗ ഭൈരവിയുടെയും കവാടങ്ങള്‍ക്കു മുമ്പില്‍ ഭക്തന്‍മാര്‍ നമസ്‌കരിച്ചു കിടക്കുന്നതായി കൊത്തിവെച്ചിട്ടുണ്ട്‌. ഇതൊരു ഓര്‍മപ്പെടുത്തലാണ്‌. ദൈവീകശക്തി മനസ്സിനേക്കാള്‍ കൂടുതലായി ശരീരത്തിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഇക്കാലത്ത്‌, നമ്മളെല്ലാവരും വളരെയേറെ പരിഷ്‌കൃതരായിരിക്കുന്നു. വസ്‌ത്രം ധരിക്കാതെ ക്ഷേത്രത്തില്‍ പോകുന്ന കാര്യം ആലോചിക്കാന്‍പോലുമാവില്ല. ഒന്നിനു മീതെ ഒന്നായി വസ്‌ത്രങ്ങളെത്രയാണ്‌ നമ്മള്‍ ധരിക്കുന്നത്‌. ചിലപ്പോള്‍ സംശയം തോന്നും, ഇതിനകത്തൊരു ശരീരമുണ്ടോ എന്ന്‍. പലപ്പോഴും മനുഷ്യര്‍ക്ക്‌ ശരീരബോധമുണ്ടാകുന്നത്‌ കാമമുണരുമ്പോള്‍ മാത്രമാണ്‌.

ശാരീരികമായ ഓര്‍മകളെ നമുക്ക്‌ തീര്‍ത്തും തുടച്ചുമാററാനാകും. അതിന്‌ ഏറ്റവും ഉത്തമമായ മാര്‍ഗം കറകളഞ്ഞ ഭക്തിയാണ്‌.

ശാരീരികമായ ഓര്‍മകളെ നമുക്ക്‌ തീര്‍ത്തും തുടച്ചുമാററാനാകും. അതിന്‌ ഏറ്റവും ഉത്തമമായ മാര്‍ഗം കറകളഞ്ഞ ഭക്തിയാണ്‌. ചില പ്രത്യേക സാധനകളിലൂടെയും നമുക്കത്‌ സാധിക്കാം. അങ്ങനെയുള്ള ചില ഭക്തന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവരിലൊരാള്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള കന്യാകുമാരിയില്‍ വന്നെത്തിയ ഒരു സ്‌ത്രീ, അവര്‍ ഏതു നാട്ടുകാരിയാണെന്ന്‍ കൃത്യമായി ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. എന്നാലും മുഖഛായ കണ്ടപ്പോള്‍ തോന്നിയത്‌ നേപ്പാളി ആയിരിക്കണമെന്നാണ്‌. അവര്‍ ആരോടും മിണ്ടിയിരുന്നില്ല. അവിടെയാകെ വെറുതെ ചുറ്റി നടന്നുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഒരു പറ്റം നായ്ക്കളും. നായ്ക്കള്‍ക്കാഹാരം നല്‍കാനായി ഭക്ഷണസാധനങ്ങള്‍ മോഷ്ടിക്കാനും അവര്‍ക്ക്‌ മടിയുണ്ടായിരുന്നില്ല. ആ കാരണം കൊണ്ടുതന്നെ ചിലര്‍ അവര്‍ക്ക്‌ നല്ല തല്ലും കൊടുക്കാറുണ്ട്‌. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ട്‌ തിരമാലകള്‍ക്കു മീതെ അവര്‍ പൊങ്ങിക്കിടക്കുന്നതുകാണാം. കന്യാകുമാരി സമുദ്രതീരത്തുള്ള പട്ടണമാണ്‌. മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥാനം. സമുദ്രത്തില്‍ തിരമാലകളെ അവഗണിച്ച്‌ അവര്‍ ചമ്രം പടിഞ്ഞ്‌ കണ്ണടച്ചിരിക്കുന്നത്‌ ആ പ്രദേശത്തുള്ളവര്‍ക്ക്‌ ഒരു പതിവു കാഴ്‌ചയായിരുന്നു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ അവരെ ആരാധിക്കാന്‍ തുടങ്ങി. എന്നാല്‍ അവര്‍ വരുന്നതു കണ്ടാല്‍ കട ഉടമകള്‍ ആഹാരപദാര്‍ത്ഥങ്ങള്‍ അവരുടെ കണ്ണില്‍ പെടാത്ത വിധം മറച്ചു വെയ്ക്കുമായിരുന്നു. പക്ഷെ അവര്‍ അവരെ ദേഹോപദ്രവം ചെയ്യാതായി. എല്ലാവരുടേയുമുള്ളില്‍ ഒരു ഭയം, അസാധാരണമായ എന്തൊക്കയൊ സിദ്ധികള്‍ അവര്‍ക്കില്ലേ എന്ന ശങ്ക!

ജീവിതം മുഴുവനും അവര്‍ കഴിച്ചുകൂട്ടിയത്‌ ഇങ്ങനെ വെളിയില്‍ ചുറ്റി നടന്നുകൊണ്ടായിരുന്നു. വഴിയോരത്തോ, കടല്‍ത്തീരത്തെ വഴിയിലൊ അവര്‍ കിടന്നുറങ്ങി. കാറ്റും മഴയും വെയിലും കൊണ്ട്‌ ആ മുഖം വികൃതമായിരുന്നു. അമേരിക്കയിലെ ആദിവാസികളുടെ ഛായയായിരുന്നു അവര്‍ക്ക്‌. അവര്‍ക്ക്‌ ഏതാണ്ട്‌ എഴുപതു വയസ്സായ കാലം. അന്ത്യം അടുത്തിരുന്നു. ആയിടക്ക്‌ ദക്ഷിണേന്ത്യയിലെ അതിപ്രശസ്‌തനായ ഒരു സംഗീതജ്ഞന്‍ അവരെ കാണാനിടയായി. അവരുടെ ഭക്തനുമായി. അദ്ദേഹം അവരെ തമിഴ്‌നാട്ടിലെ സേലത്തേക്കു കൂട്ടികൊണ്ടുവന്നു. ചെറിയൊരു വീടുപണിയിച്ച്‌ അവരെ അവിടെ താമസിപ്പിച്ചു. ക്രമേണ ആരാധകരുടെ എണ്ണം കൂടി.

പതിനഞ്ച്, പതിനാറു കൊല്ലം മുമ്പ്‌ സേലത്തിനടുത്തുള്ള ഒരു മലയോര വ്യവസായകേന്ദ്രത്തിലേക്ക്‌ ഞാന്‍ പോവുകയുണ്ടായി. അവിടെവെച്ചാണ്‌ ഞാന്‍ ഈ സ്‌ത്രീയെക്കുറിച്ചാദ്യമായി കേട്ടത്‌. മായമ്മ എന്നായിരുന്നു അവരുടെ പേര്‌. അപ്പോഴേക്കും അവര്‍ മരിച്ചുകഴിഞ്ഞിരുന്നു. അതൊരു പൌര്‍ണമി രാത്രിയായിരുന്നു. മായമ്മയുടെ സമാധിസ്ഥലത്ത്‌ വിശേഷാല്‍ പൂജകള്‍ നടക്കുന്ന ദിവസം. ഭാര്യയേയും മകളേയും കൂട്ടി ഞാന്‍ കാറില്‍ അങ്ങോട്ടു തിരിച്ചു. അന്നെന്റെ മകള്‍ക്ക്‌ അഞ്ചാറു വയസ്സു പ്രായമേ ആയിട്ടുള്ളൂ. ആ സന്ധ്യ അവിടെ ചിലവഴിക്കാമെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌. പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണമായ ഒരു കോണ്‍ക്രീറ്റ്‌ തറ. എന്നാല്‍ അവിടെ കാല്‍ വെച്ചതും എനിക്കു മനസ്സിലായി, അതിശക്തമാം വിധം ചൈതന്യവത്തായിരുന്നു ആ ഇടം എന്നത്. ഞാന്‍ ശരിക്കും അത്ഭുതസ്‌തബ്‌ദനായി നിന്നുപോയി. വലിയൊരു സ്‌ഫോടനത്തില്‍ നിന്നുമെന്നപോലെ അസാധാരമായ ഊര്‍ജപ്രവാഹം.

ഞങ്ങള്‍ മണിക്കൂറുകളോളം അവിടെ ഇരുന്നു, എന്‍റെ മകള്‍ പോലും ആടിയാടി അവിടെത്തന്നെയിരുന്നു, ആ ഊര്‍ജപ്രവാഹത്തില്‍ മതിമറന്നിട്ടെന്നപോലെ. സൌജന്യമായി എല്ലാവര്‍ക്കും അവിടെ അത്താഴം നല്‍കിയിരുന്നു. മായമ്മയുടെ ഒരു ഭക്തനാണ്‌ ഞങ്ങള്‍ക്കു ഭക്ഷണം വിളമ്പിത്തന്നത്‌. ഞാന്‍ അയാളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അയാള്‍ക്ക്‌ മായമ്മയുടെ അതേ മുഖം. അദ്ദേഹം ദക്ഷിണേന്ത്യക്കാരനായിരുന്നു, എന്നാലും മുഖഛായ അതേപടി ഒരു നേപ്പാളി സ്‌ത്രീയുടേത്‌. മായമ്മയോട് അയാള്‍ക്ക്‌ ഉണ്ടായിരുന്ന ഭക്തി, ആരാധന ആ മുഖഛായ തന്നെ ക്രമേണ അയാള്‍ക്ക്‌ പകര്‍ന്നുകിട്ടി. ശാരീരികമായി വളരെയധികം അടുത്തുപോയാല്‍, അതിന്‌ അതിന്റേതായ രീതിയില്‍ വിലകൊടുക്കേണ്ടി വരും. അതുകൊണ്ട്‌ എപ്പോഴും കുറച്ചകലം പാലിക്കുകയാണ്‌ ബുദ്ധി.

ശാരീരിക ഓര്‍മകള്‍ മുഴുവനായും തുടച്ചുമാറ്റാന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്നതെന്തോ അതുപോലെയായിത്തീരും നിങ്ങളുടെ ശരീരം. നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയിലും പ്രകൃതിയിലും മാറ്റങ്ങള്‍ വരും. സ്വന്തം ജന്മവാസനകള്‍പോലും നിങ്ങളെ വിട്ടൊഴിയും. സന്യാസം സ്വീകരിക്കുന്നതിനു മുമ്പ്‌ ഒരാള്‍ ആദ്യം ചെയ്യേണ്ടത്‌ അച്ഛനമ്മമാര്‍ക്കും പൂര്‍വ്വികന്‍മാര്‍ക്കും വേണ്ടിയുള്ള കര്‍മങ്ങള്‍ ചെയ്യലാണ്‌. സാധാരണ എല്ലാവരും മരിച്ചുപോയവര്‍ക്ക്‌ വേണ്ടിയാണ്‌ കര്‍മങ്ങള്‍ ചെയ്യുക, എന്നാല്‍ സന്യാസത്തിന്‌ ഒരുങ്ങുന്നവര്‍, ജീവിച്ചിരിക്കുന്ന അച്ഛനമ്മമാര്‍ക്കുവേണ്ടിയും കര്‍മം ചെയ്യാറുണ്ട്‌. അവര്‍ വേഗം മരിച്ചു പോകണം എന്ന ഉദ്ദേശ്യമല്ല അതിനു പുറകിലുള്ളത്‌. ഇങ്ങനെ ചെയ്യുന്നതിലൂടെ സന്യാസി സ്വന്തം ശരീരസംബന്ധമായ ഓര്‍മകളെ മുഴുവന്‍ വിട്ടൊഴിയുകയാണ്‌.

ആദ്ധ്യാത്മിക മാര്‍ഗത്തില്‍ അഭിരുചിതോന്നുന്ന ആരും ആദ്യം ചെയ്യുന്നത്‌ അവനവന്‌ വേണ്ടപ്പെട്ട വ്യക്തികളില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, ശ്രദ്ധാപൂര്‍വ്വം വിട്ടുനില്‍ക്കുക എന്നതാണ്‌

പത്തുപതിനാറു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും പറയുന്നതിനോട്‌ കഠിനമായ എതിര്‍പ്പ്‌ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ നിങ്ങളുടെ പ്രായം നാല്‌പത്തിയഞ്ച് എന്ന് കരുതൂ. അറിഞ്ഞോ അറിയാതെയോ പല കാര്യങ്ങളിലും നിങ്ങള്‍ അവരെ അനുകരിക്കുന്നുണ്ട്. അവരെപോലെ സംസാരിക്കുന്നു, പെരുമാറുന്നു. അച്ഛനും അമ്മയും മാത്രമല്ല, നിങ്ങളുടെ പല പൂര്‍വ്വികന്‍മാരും നിങ്ങളിലൂടെ അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. നിങ്ങളുടെ പെരുമാറ്റത്തിന്‌ അവര്‍ തുടക്കമിടുന്നു. അവര്‍തന്നെ അത്‌ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ആദ്ധ്യാത്മ മാര്‍ഗത്തിലേക്ക്‌ ഗൌരവപൂര്‍വ്വം പ്രവേശിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ സ്വന്തം പാരമ്പര്യത്തെ പൂര്‍ണമായും പിന്‍തള്ളേണ്ടതുണ്ടെന്നു പറയുന്നത്‌. എന്നാല്‍ മാത്രമേ പാരമ്പര്യമായി വന്നു ചേര്‍ന്നിട്ടുള്ള ജന്മവാസനകളെ ഒഴിവാക്കാനാകൂ. അതല്ല എങ്കില്‍, അവ നിങ്ങളുടെ ആദ്ധ്യാത്മിക മാര്‍ഗത്തില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കും.

ശാരീരികമായ ഓര്‍മകള്‍ നിങ്ങളെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ അവയെ കുറെയൊക്കെ കുറച്ചുകൊണ്ടുവരാന്‍ ബോധപൂര്‍വം ശ്രമിക്കുകതന്നെ വേണം. ഈ ജന്മത്തില്‍ത്തന്നെ അവ മുഴുവനായും ഇല്ലാതാക്കുകയും വേണം. എത്രയോ സഹസ്രാബ്‌ദങ്ങളിലെ ഓര്‍മകളാണ്‌ നിങ്ങളുടെ പൂര്‍വ്വികന്മാരില്‍ നിന്നും പാരമ്പര്യമായി പകര്‍ന്നു കിട്ടിയിട്ടുളളത്‌. ഒരിഴജന്തുവിന്റെ തലച്ചോറാണ്‌ നിങ്ങള്‍ക്കുള്ളത്‌. ഇഴഞ്ഞുനീങ്ങുന്ന പാമ്പും പല്ലിയും തേളും അതിലുള്‍പ്പെടുന്നു. തലച്ചോറും മനസ്സും ഒന്നാണെന്ന്‍ ധരിക്കരുത്‌. തലച്ചോറ്‌ എന്നു പറയുന്നത്‌ ശരീരമാണ്‌. ഈ ജീവിതത്തിലെങ്കിലും പൂര്‍വ്വകാല സ്‌മരണകളെ ഒതുക്കി നിര്‍ത്താന്‍ കഴിയണം. അല്ലെങ്കില്‍ അവ നിങ്ങളില്‍ ശാരീരികമായ ആശയകുഴപ്പങ്ങളുണ്ടാക്കും.

ശരീരത്തിന്റെ ഈ ഒരു പ്രവണത തികച്ചും മനസ്സിലാക്കിയിട്ടുള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികന്മാര്‍. അത്‌ കണക്കിലെടുത്തു കൊണ്ടാണവര്‍ ആദ്ധ്യാത്മികമായ മാര്‍ഗം രൂപകല്‌പന ചെയ്‌തിട്ടുള്ളത്‌, ശരീരത്തിന്‌ ഏറ്റവും യോജിച്ച രീതിയില്‍. ആദ്ധ്യാത്മിക മാര്‍ഗത്തില്‍ അഭിരുചിതോന്നുന്ന ആരും ആദ്യം ചെയ്യുന്നത്‌ അവനവന്‌ വേണ്ടപ്പെട്ട വ്യക്തികളില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, ശ്രദ്ധാപൂര്‍വ്വം വിട്ടുനില്‍ക്കുക എന്നതാണ്‌. ലോകത്തിലെവിടേയും ആവര്‍ത്തിച്ചുവരുന്ന ഒരു സാമാന്യ രീതിയാണിത്‌. കാരണം ഭൌതികമായ ബന്ധങ്ങള്‍ സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ.

ചിലര്‍ക്ക്‌ ഭൌതികമായ ബന്ധങ്ങള്‍ കൂടാതെ ജീവിക്കാനാവില്ല എന്നായിരിക്കും സ്ഥിതി. അവരെ ബലമായി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ട്‌ കാര്യമായ പ്രയോജനമുണ്ടാവില്ല. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്‌ചകളാവാം. വേറെ ചിലര്‍ തീരേയും ശരീരബാധ്യകളില്ലാത്തവരായിരിക്കും. ഒരു തരത്തിലുള്ള ബന്ധവും അവരെ വ്യക്തിപരമായി ബാധിക്കുന്നില്ല, തികച്ചും സ്വതന്ത്രര്‍. അങ്ങനെയുള്ളവരെ സംബന്ധിച്ചും കടുംപിടുത്തം ആവശ്യമില്ല. എന്നാല്‍ സാമാന്യമായി പറഞ്ഞാല്‍ സന്യാസി എല്ലാ വ്യക്തിബന്ധങ്ങള്‍ക്കും അതീതനായിരിക്കണം. വളരെ നിര്‍ബന്ധമാണെങ്കില്‍ ഒരേയൊരു വ്യക്തിയുമായി മാത്രം ബന്ധം പുലര്‍ത്താം. കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ ശരീരത്തിന്‌ കൂടുതല്‍ ഭാരമാവുമെന്ന്‍ എപ്പോഴും ഓര്‍മവേണം.

Photo credit to :<https://www.flickr.com/photos/125032164@N04/14124014300>

 
 
  0 Comments
 
 
Login / to join the conversation1