സന്യാസി, പുണ്യപുരുഷന്‍, യോഗി - എന്താണ് വ്യത്യാസം ?

സന്യാസി ആത്മാന്വേഷണ തല്‍പരനായിരിക്കും, ദൈവികമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ സദാ സന്നദ്ധനായിരിക്കും. ആന്തരികമായി ഏറെക്കുറെ സന്തോഷവും സംതൃപ്തിയും കൈവരിച്ചിട്ടുള്ള ഒരാളാണ് പുണ്യാത്മാവ്. ഒരു യോഗി പ്രപഞ്ചവും താനും ഒന്നാണ് എന്ന അവസ്ഥയിലെത്തിയിരിക്കും.
 
 

सद्गुरु

ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ ലക്ഷ്യം സൃഷ്ടി സമഷ്ടിയില്‍ വിലയം പ്രാപിക്കുക എന്നതാണ്. ആത്മീയത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, വ്യക്തി ഈ പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുന്നു എന്നാണ്

സദ്‌ഗുരു: ആന്തരികമായി ഏറെക്കുറെ സന്തോഷവും സംതൃപ്തിയും കൈവരിച്ചിട്ടുള്ള ആളാണ് പുണ്യാത്മാവ് അല്ലെങ്കില്‍ പുണ്യപുരുഷന്‍. അവര്‍ സ്വഭാവ ശുദ്ധിയുള്ളവരായിരിക്കും, അവര്‍ക്ക് ചുറ്റും എപ്പോഴും ശുഭകരമായ ഒരു ഊര്‍ജ്ജവലയമുണ്ടാകും, പക്ഷെ അവര്‍ ഗുരുക്കന്മാരാവില്ല. അവര്‍ നിങ്ങളെ സഹായിക്കും, അനുഗ്രഹിക്കും. അങ്ങിനെയുള്ളവരെ കാണുമ്പോള്‍ നമ്മള്‍ നമസ്കരിക്കുന്നു, അനുഗ്രഹം വാങ്ങുന്നു. അതാണ് നമ്മുടെ പാരമ്പര്യം. ഏതെങ്കിലും പ്രകാരത്തില്‍ ആ അനുഗ്രഹം നിങ്ങളുടെ ജീവിതത്തെ ശുഭകരമാക്കുന്നു, എന്നാല്‍ പരമമായ മാര്‍ഗ്ഗത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനാവില്ല.

യോഗികള്‍ മറ്റൊരു തലത്തിലുള്ളവരാണ്. അവര്‍ അവരുടെ വിദ്യയില്‍ നൈപുണ്യം നേടിയവരാണ്. യോഗവിദ്യയുടെ ഉന്നതതലത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എങ്കില്‍, അവര്‍ അതിന്റെ എല്ലാവശങ്ങളും മനസിലാക്കിയവരായിരിക്കും. കേവലം യോഗ പരിശീലിക്കുക എന്നതല്ല അര്‍ത്ഥമാക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള ഒരു യോഗിയാണ് എങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പ്രപഞ്ചവും താനും ഒന്നാണ് എന്ന അവസ്ഥയിലെത്തിയിരിക്കും, എല്ലാ തത്വങ്ങളും മനസ്സിലാക്കിയവനായിരിക്കും - ജീവിതത്തിന്റെ അകവും പുറവും അറിഞ്ഞവന്‍ - എങ്കിലും ആത്മസാക്ഷാത്ക്കാരം സിദ്ധിച്ചിട്ടുണ്ടാവില്ല. അപ്പോഴപ്പോഴായി ആ അനുഭൂതി നുകര്‍ന്നിട്ടുണ്ടാവാം. പ്രപഞ്ചവുമായി ഒന്ന് ചേരുന്നു എന്ന ഭാവം ചിലപ്പോഴെങ്കിലും കൈവരിച്ചിട്ടുണ്ട് എങ്കില്‍ അദ്ദേഹത്തെ 'അര്‍ദ്ധയോഗി' എന്നുപറയാം.

യഥാര്‍ത്ഥത്തിലുള്ള ഒരു യോഗിയാണ് എങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പ്രപഞ്ചവും താനും ഒന്നാണ് എന്ന അവസ്ഥയിലെത്തിയിരിക്കും, എല്ലാ തത്വങ്ങളും മനസ്സിലാക്കിയവനായിരിക്കും

ഒരു പ്രവാചകന്‍ (Seer) ആത്മീയമായി ഉന്നതി പ്രാപിച്ചവനാണെന്ന് പറയാന്‍ വയ്യ. മറ്റാരും കാണാത്ത കാര്യങ്ങള്‍ അദ്ദേഹത്തിനു കാണാന്‍ കഴിയുന്നു. അതീന്ത്രിയമായ സിദ്ധികളുള്ളയാള്‍ എന്ന് വിശേഷിപ്പിക്കാം. . അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള ആ വ്യക്തി ഒരേ സമയം പ്രവാചകനും പുണ്യാത്മാവുമാകാം. ഒരു ജ്യോല്‍സ്യനെയും, അതീന്ദ്രിയമായ കഴിവുകള്‍ ഉള്ള ഒരാളെയും ഒരേ ഗണത്തില്‍പ്പെടുത്താന്‍ സാദ്ധ്യമല്ല. സാധാരണക്കാര്‍ക്കൊന്നും കാണാന്‍ സാധിക്കാത്ത സംഗതികള്‍ അവര്‍ക്ക് കാണാനാകുന്നു എന്നത് വാസ്തവം. അങ്ങിനെയുള്ളവര്‍ ഇന്ത്യയില്‍ നിരവധിയുണ്ട്. തമിഴ് നാട്ടില്‍ നാഡി ജ്യോല്‍സ്യം എന്നൊരു സമ്പ്രദായമുണ്ട് - ഉത്തര കര്‍ണ്ണാടകത്തില്‍ ചിലരുടെ കുലത്തൊഴില്‍ തന്നെ ഇതാണ് - മുഖം നോക്കി അവര്‍ നിങ്ങളുടെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും പറഞ്ഞുതരും. ഇങ്ങനെയുള്ള പ്രവചനം തൊഴിലാക്കിയിട്ടുള്ള പല സമൂഹങ്ങളും ഇന്ത്യയിലുണ്ട്. വിശേഷിച്ചും മദ്ധ്യഭാരതത്തിലും ദക്ഷിണഭാരതത്തിലും. ഈ കാലത്ത് ആ പതിവ് ഏതാണ്ട് നാമാവശേഷമായിരിക്കുന്നു, എന്നാലും ചെറിയ ചില ഉള്‍നാടന്‍ പട്ടണങ്ങളില്‍ അങ്ങിനെയുള്ളവരെ കാണാം. അതിരാവിലെ വീട്ടുവാതില്‍ക്കല്‍ വന്നുനിന്ന് അന്നു സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പറയും. പലരും അതില്‍ അതിവിദഗ്ധരാണ്. പണത്തിനു വേണ്ടിയല്ല അവര്‍ പ്രവചനം നടത്തുന്നത്. അവര്‍ വെറുതെ ചുറ്റിനടക്കുന്നു, ശ്രദ്ധയില്‍പ്പെടുന്ന സംഗതികള്‍ ഉറക്കെ വിളിച്ചുപറയുന്നു എന്നുമാത്രം.

മേല്‍പറഞ്ഞവരൊക്കെ വളരെ താഴ്ന്ന ശ്രേണിയിലുള്ള പ്രവാചകരാണ്. അവര്‍ കാണുന്ന കാഴ്ച്ചകള്‍ ബോധപൂര്‍വമല്ല. അങ്ങനെയിരിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് അവിചാരിതമായ ഒരു ദര്‍ശനമുണ്ടാകുന്നു. അതുകൊണ്ട് പറയത്തക്ക മേല്‍ഗതിയൊന്നും അവര്‍ക്കുണ്ടാകുന്നില്ല. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിചെല്ലാനൊ, സത്യം നേരിട്ടറിയാനൊ അവര്‍ക്ക് നിങ്ങളെ സഹായിക്കാനാവില്ല.

ശാന്തനും, സൌമ്യനും, സമചിത്തതയുള്ളവനുമാണ് സാധു, അഥവാ സന്യാസി. അവനവന്റെതായ കൃത്യവും ദൃഡവുമായ ഒരു സ്വഭാവം നിങ്ങള്‍ വാര്‍ത്തെടുക്കുമ്പോള്‍ പ്രപഞ്ചസ്രഷ്ടാവിന്റെ സ്വഭാവം നിങ്ങള്‍ക്ക് നഷ്ടമാകുന്നു. നിങ്ങള്‍ നിങ്ങളുടെ തനതായ സ്വഭാവം ആവുന്നത്ര ഒതുക്കിനിര്‍ത്താന്‍ പഠിക്കുന്നു, വിനയാന്വീതനാവുന്നു. ഈ പശ്ചാത്തലത്തിലാണ് യേശുകൃസ്തു പറഞ്ഞത്, ''താഴ്മയുള്ളവര്‍ ഭൂമി പൈതൃകമായി നേടുന്നു" എന്ന്‍. വിനയമുണ്ടാകുമ്പോഴേ മഹത്തായതെന്താണെന്ന് മനസിലാക്കാനാവുകയുള്ളു. സ്വയം വലുതാവുമ്പോള്‍ വലിപ്പമെന്താണെന്ന് അറിയാനാവുകയില്ല. അവനവന്റേതായ സ്വഭാവ സവിശേഷതകള്‍ മെനഞ്ഞെടുത്ത് പ്രപഞ്ചസ്രഷ്ടാവില്‍ നിന്ന് സ്വയം അകലേണ്ടതില്ല. എന്റേത് എന്ന ഭാവം ആവുന്നത്ര ഒതുക്കിനിര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്. അതൊരു ആദ്ധ്യാത്മിക സാധനയാണ്‌. സന്യാസി എപ്പോഴും ആത്മാന്വേഷണ തല്‍പരനായിരിക്കും, ദൈവികമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ സദാ സന്നദ്ധനായിരിക്കും.

സന്യാസി എപ്പോഴും ആത്മാന്വേഷണ തല്‍പരനായിരിക്കും, ദൈവികമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ സദാ സന്നദ്ധനായിരിക്കും

ഇനി ആത്മസാക്ഷാത്ക്കാരം ലഭിച്ച വ്യക്തി, അങ്ങിനെയുള്ള ഒരു വ്യക്തി പരിണാമത്തിന്റെ ഉച്ചകോടിയിലെത്തിയിരിക്കും. ഇംഗ്ലീഷില്‍ enlightenment എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം പൂര്‍ണമാകുന്നില്ല. ഈ നില പ്രാപിച്ചവര്‍ക്ക് സാധാരണഗതിയില്‍ ഭൌതിക ശരീരം നിലനിര്‍ത്തി ക്കൊണ്ടുപോകാനാകില്ല, പരിണാമത്തിന്റെ പരമസ്ഥാനത്തെത്തിയവര്‍ക്ക് സ്വന്തം ശരീരം നിലനിര്‍ത്തിക്കൊണ്ടുപോവുക വളരെ പ്രയാസമാണ്. ക്രിയാമാര്‍ഗ്ഗത്തിലൂടെ ആത്മജ്ഞാനം നേടിയവര്‍ മാത്രമേ സാമാന്യമായി പറഞ്ഞാല്‍ ശരീരം നിലനിര്‍ത്താറുള്ളു. ഇതര മാര്‍ഗ്ഗങ്ങളില്‍ക്കൂടി പരമജ്ഞാനം നേടിയവര്‍ക്ക് സ്വശരീരം നിലനിര്‍ത്തിക്കൊണ്ടു പോരണമെങ്കില്‍ അവനവന്റെ ഇച്ഛാശക്തിയെ തന്നെ ആശ്രയിക്കണം, അതല്ലാതെ വേറെ വഴിയില്ല.

വാസ്തവത്തില്‍ 'ഞാന്‍' എന്ന് പറയുന്നതെന്താണ്? ഒരുപിടി ഭക്ഷണത്തിന്റെയും, വിചാരവികാരങ്ങളുടെയും ശേഖരം മാത്രം. “ജീവന്‍"എന്ന് പറയുന്നതോ? ശുദ്ധമായ ഊര്‍ജ്ജം തന്നെ, എന്നാല്‍ ഈ ചൈതന്യത്തിനും സമഷ്ടിയില്‍(aggregate) നിന്നും മാറി വ്യഷ്ടിയായി(individual) പ്രകടമാകാനാകും. ഒരു വ്യക്തിക്ക് വ്യക്തിയായി ജീവിതം നയിക്കണമെങ്കില്‍ വ്യക്തി ചൈതന്യത്തിനു ഊന്നല്‍ നല്‍കണം, ആ നിലയ്ക്ക് അതിനെ പാലിക്കുകയും പോഷിപ്പിക്കുകയും വേണം. സൃഷ്ടി സമഷ്ടിയില്‍ വിലയം പ്രാപിക്കുക - ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ ലക്ഷ്യം അതാണ്‌ - വ്യക്തിയായിരിക്കെതന്നെ സമഷ്ടിഭാവനയില്‍ മനസ്സുറപ്പിക്കുക. അതിനു സാമാന്യത്തിലധികം ഉള്ള അറിവ് വേണം, രണ്ടും ഒരേ നിലയില്‍ കൊണ്ടുപോകാനുള്ള പ്രാഗത്ഭ്യവും വേണം.

 
 
  0 Comments
 
 
Login / to join the conversation1