ഭാരതീയ ശാസ്ത്രീയ സംഗീതം - ശാസ്ത്രവും പ്രസക്തിയും
ലോകത്തിലെ എല്ലാ സമൂഹങ്ങളിലും സംഗീതം അവയുടെ സംസ്കാരത്തിന്‍റെ ഒരു ഭാഗമായി പ്രാചീനകാലം മുതലേ നിലവിലുണ്ട്, പ്രത്യേകിച്ചും ആദ്ധ്യാത്മിക മാര്‍ഗത്തില്‍. അതിലേക്കുള്ള ഒരു ചവിട്ടുപടിയായി സംഗീതത്തെ കണക്കാക്കി വരുന്നു.
 
 

सद्गुरु

പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണതയെ കുറിച്ച് ബോധമുള്ളവര്‍ക്ക് എല്ലാം സംഗീതമയമാണ്. സംഗീതമില്ലാത്തതായി ഇവിടെ ഒന്നുമില്ല.

 

സദ്ഗുരുവും ലോകപ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ജസ്സ് രാജുമായി നടന്ന സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ് താഴെ ചേര്‍ത്തിരിക്കുന്നത്. മേവാടി ഘരാനയുടെ കുലപതിയായ പണ്ഡിറ്റ്ജിയുമായി ഋഷിയും യോഗിയുമായ സദ്ഗുരു ദീര്‍ഘനേരം സംഗീതത്തിന്‍റെ, വിശേഷിച്ചും ശാസ്ത്രീയ സംഗീതത്തിന്‍റെ പല വശങ്ങളും ചര്‍ച്ചചെയ്യുകയുണ്ടായി.

സദ്ഗുരു: മനുഷ്യശരീരം ശിവന്‍റെ ഡമരുവാണെന്ന് യോഗശാസ്ത്രത്തില്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. ഡമരു പ്രതിനിധാനം ചെയ്യുന്നത് ജീവതാളത്തെയാണ്. അതുകൊണ്ടാണ് ശിവന്‍ തന്‍റെ കൈയ്യില്‍ എപ്പോഴും ഒരു ഡമരു പിടിച്ചിട്ടുള്ളത്. അതിവേഗത്തില്‍ ഓടുമ്പോള്‍ അല്ലെങ്കില്‍ വല്ലാതെ ഭയക്കുമ്പോഴോ സന്തോഷിക്കുമ്പോഴോ "ഡും ഡും" എന്നൊരു ശബ്ദം നമ്മുടെ തലക്കകത്ത് മുഴങ്ങികേള്‍ക്കാം. നിങ്ങളുടെ ശരീരത്തിന്‍റെ താളമാണത്. ഹൃദയമിടിപ്പിനു മാത്രമല്ല താളമുള്ളത്. നമ്മുടെ ശരീരത്തിലെ ഓരോ നാഡിക്കും ഞരമ്പിനും അതിന്‍റേതായ താളമുണ്ട്. ഓരോ ചക്രത്തിനും സ്വന്തമായ ഒരു നാദമുണ്ട്. നിങ്ങളുടെ ശബ്ദവും രൂപവും വ്യത്യസ്തമായ രണ്ടു വസ്തുതകളല്ല. ശരീരത്തേയും ശബ്ദത്തേയും സംബന്ധിച്ച് പ്രത്യേകിച്ച് ഒരു ശാസ്ത്രംതന്നെയുണ്ട്. വ്യത്യസ്തമായ ശബ്ദങ്ങളെകുറിച്ചും ഓരോ ശബ്ദവും ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തെകുറിച്ചും അതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ഹൃദയമിടിപ്പിനു മാത്രമല്ല താളമുള്ളത്. നമ്മുടെ ശരീരത്തിലെ ഓരോ നാഡിക്കും ഞരമ്പിനും അതിന്‍റേതായ താളമുണ്ട്

എത്ര നേരിയ ശബ്ദമായാലും അത് ശരീരത്തില്‍ അതിന്‍റേതായ ആഘാതമുളവാക്കുന്നുണ്ട്. ചില ശബ്ദങ്ങള്‍ നിങ്ങളില്‍ സ്നേഹമുണര്‍ത്തുന്നു, മറ്റു ചില ശബ്ദങ്ങള്‍ നിങ്ങളെ ഉത്സാഹഭരിതരാക്കുന്നു. നിങ്ങളെ ഉത്തേജിപ്പിക്കാനും നിങ്ങളിലെ സമരവീര്യത്തെ ജ്വലിപ്പിക്കാനും കഴിയുന്ന ശബ്ദങ്ങളുമുണ്ട്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍തന്നെ. ശബ്ദങ്ങള്‍ നിങ്ങളില്‍ വിവിധ വികാരങ്ങള്‍ ഉളവാക്കുക മാത്രമല്ല ചെയ്യുന്നത്, മൊത്തത്തിലുള്ള രാസഘടനയില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്തുന്നു. നമ്മള്‍ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ശബ്ദങ്ങളും, നമ്മള്‍ സ്വയം ഉണ്ടാക്കുന്ന ശബ്ദങ്ങളും നമ്മുടെ പ്രകൃതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്ന് അതുകൊണ്ടാണ് പറയുന്നത്. ശബ്ദങ്ങള്‍ നിങ്ങളില്‍ വിവിധ വികാരങ്ങള്‍ ഉളവാക്കുക മാത്രമല്ല ചെയ്യുന്നത്, മൊത്തത്തിലുള്ള രാസഘടനയില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്തുന്നു.

സംഗീതം എന്ന് നമ്മള്‍ പറയുന്നത് പൂര്‍ണമായ ലയത്തോടുകൂടിയ ഒരു ശബ്ദ വിന്ന്യാസമാണ്. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും സംഗീതം, അവയുടെ സംസ്കാരത്തിന്‍റെ ഒരു ഭാഗമായി പ്രാചീനകാലം മുതലേ നിലവിലുണ്ട്, പ്രത്യേകിച്ചും ആദ്ധ്യാത്മിക മാര്‍ഗത്തില്‍. അതിലേക്കുള്ള ഒരു ചവിട്ടുപടിയായി സംഗീതത്തെ കണക്കാക്കി വരുന്നു. ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും യഥാര്‍ത്ഥമാണ്. സംഗീതത്തിന്‍റെ സഹായത്തോടെ നമുക്കു സൃഷ്ടിയുടെ പാതയിലുടെ സഞ്ചരിക്കാം, സ്രഷ്ടാവില്‍ ചെന്നെത്തുകയും ചെയ്യാം. നമ്മുടെ പാരമ്പര്യത്തില്‍ ഏതു കലയും സംഗീതമൊ നൃത്തമൊ, ശില്‍പചിത്രകലകളൊ ഏതും മനുഷ്യന്‍റെ വിനോദം മാത്രം മുന്‍നിര്‍ത്തി കൊണ്ടുള്ളതായിരുന്നില്ല. അത് ആദ്ധ്യാത്മികമായ ഒരു സാധനകൂടിയായിരുന്നു.

ശാസ്ത്രീയ സംഗീതത്തില്‍ രാഗവും താളവും, ശ്രുതിയുമൊക്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത് സവിശേഷമായ ഒരു രീതിയിലാണ്. ഓരോ സ്വരത്തിനും ഓരോ ഈണത്തിനും, അവ വേണ്ടതുപോലെ പരിശീലിക്കുകയാണെങ്കില്‍, മനസ്സിനെ ധ്യാനാത്മകമാക്കാനുള്ള കഴിവുണ്ട്. ഗണിതശാസ്ത്രംപോലെ കൃത്യമാണ് ഭാരതീയ സംഗീത ശാസ്ത്രവും. ഓരോ സ്വരത്തിനും രാഗത്തിനും ഇന്ന ഇന്ന ഭാവമുണര്‍ത്താന്‍ ആവുമെന്ന് നിശ്ചയമുണ്ട്. ശബ്ദങ്ങളെ, സ്വരങ്ങളെ യഥാവിധി അറിഞ്ഞ് പാടാന്‍ കഴിയുന്ന ഓരാള്‍ക്ക് മനുഷ്യനിലും അവന്‍റെ ചുറ്റുപാടിലും അവിശ്വസനീയമായ മാറ്റങ്ങള്‍ വരുത്താനാകും. ദീര്‍ഘകാലത്തെ ആത്മസമര്‍പ്പണംകൊണ്ടും, കഠിനാദ്ധ്വാനം കൊണ്ടും അങ്ങനെയുള്ള സിദ്ധികള്‍ നേടിയിട്ടുള്ള എത്രയോ മഹാ സംഗീതജ്ഞര്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്!

പ്രഗത്ഭരും പ്രശസ്തരുമായ സംഗീതജ്ഞരെ കുറിച്ച് ഒട്ടനവധി കഥകള്‍ ഈ നാട്ടില്‍ പ്രചാരത്തിലുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തനായ ഒരു സംഗീത വിദ്വാനായിരുന്നു താന്‍സെന്‍. അദ്ദേഹം തന്‍റെ സംഗീതാലാപനത്തിലൂടെ ദീപങ്ങളെ ജ്വലിപ്പിച്ചിരുന്നുവെന്ന് പറയുന്നു. ആ കഥ അതിശയോക്തിയായി കാണേണ്ടതില്ല; സത്യമാണെന്നു തന്നെ വിശ്വസിക്കാം. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് അത് സാധിച്ചിരുന്നുവോ ഇല്ലയൊ എന്നത് വിഷയമാക്കേണ്ട, ശബ്ദത്തിന് അങ്ങനെ പലതും ചെയ്യാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ് – വിശ്വസിക്കാന്‍ വിഷമം തോന്നുന്ന കാര്യങ്ങള്‍.

നമ്മുടെ "സംയമ" എന്ന പരിപാടിയെടുക്കാം. "ശിവ" എന്ന്‍ ഒറ്റത്തവണ ഉച്ചരിക്കുമ്പോഴേക്കുംതന്നെ പലരും മറ്റൊരു അനുഭവമണ്ഡലത്തില്‍ ചേരുന്നതായി കാണാം. നിത്യജീവിതത്തിലും, സംഗീതത്തില്‍ തീര്‍ത്തും മുഴുകുകയാണെങ്കില്‍ തീര്‍ച്ചയായും മനസ്സിന്‍റെ മറ്റൊരു ഭാവതലത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരും, സംശയമില്ല. അവിടെ ശാസ്ത്രീയ സംഗീതം, സിനിമാ സംഗീതം, ഗ്രാമ്യ സംഗീതം തുടങ്ങിയ വകഭേദങ്ങളൊന്നുമില്ല. കേള്‍ക്കാന്‍ കാതുണ്ടെങ്കില്‍ അവര്‍ക്ക് എപ്പോഴും ഈ ലോകം മുഴുവനും സംഗീതസാന്ദ്രമാണ്.

ആധുനികശാസ്ത്രം പറയുന്നു, ഈ പ്രപഞ്ചമാകെ ഒരു മഹാസ്പന്ദനമാണ് എന്ന്. സ്പന്ദനം ഉണ്ടെങ്കില്‍ അതിനോടൊപ്പം തീര്‍ച്ചയായും നാദവുമുണ്ടാകും

ആധുനികശാസ്ത്രം പറയുന്നു, ഈ പ്രപഞ്ചമാകെ ഒരു മഹാസ്പന്ദനമാണ് എന്ന്. സ്പന്ദനം ഉണ്ടെങ്കില്‍ അതിനോടൊപ്പം തീര്‍ച്ചയായും നാദവുമുണ്ടാകും. അതുകൊണ്ട് പ്രപഞ്ചം എന്ന്‍ പറയുന്നത് പലവിധ നാദങ്ങളുടെ ഒരു കൂടിച്ചേരലല്ലാതെ എന്താണ്? പ്രത്യേകിച്ചൊരു രീതിയില്‍ ശ്രദ്ധിച്ചാല്‍ ഈ നാദങ്ങളെല്ലാം ചേര്‍ന്ന് ഭയാനകമായ ഒരു ഒച്ചയായി അനുഭവപ്പെടും. എന്നാല്‍ വ്യത്യസ്തമായൊരു കോണിലൂടെ കാതോര്‍ത്താല്‍ അത് മധുരസംഗീതമായും അനുഭവപ്പെടും നാദത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അത് പേടിപ്പെടുത്തുന്ന ഒരൊച്ചയായി തോന്നും, എന്നാല്‍ നാദത്തെ അതിന്‍റെ സമഗ്രതയില്‍ അനുഭവിക്കാന്‍ കഴിയുന്നവരുടെ കാതില്‍ അതതിഹൃദ്യമായൊരു സംഗീതമായിരിക്കും. സംഗീതമല്ലാതെ മറ്റൊന്നും തന്നെ അയാള്‍ കേള്‍ക്കുകയില്ല.

പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണതയെ കുറിച്ച് ബോധമുള്ളവര്‍ക്ക് എല്ലാം സംഗീതമയമാണ്. സംഗീതമില്ലാത്തതായി ഇവിടെ ഒന്നുമില്ല.

 
 
 
 
  0 Comments
 
 
Login / to join the conversation1