സനാതന ധര്‍മ്മം – അനശ്വരമായ നിയമത്തിന്‍റെ പാലനം
 
 

സദ്ഗുരു

സനാതന ധര്‍മ്മം എന്നാല്‍ ഒരു മതമോ നിയമസംഹിതയോ അല്ല മറിച്ച്, നമ്മുടെ ആന്തരികതയെ നിയന്ത്രിക്കുന്ന അനശ്വരനിയമമാണ് എന്ന് സദ്ഗുരു വിവരിക്കുന്നു.

സദ്ഗുരു: സനാതന ധര്‍മ്മം എന്നാല്‍ ഇന്ന് സാധാരണ തെറ്റായി ഉപയോഗിക്കുന്നൊരു വാക്കാണ്‌. ധര്‍മ്മം എന്നാല്‍ സദാചാരപരമായ അല്ലെങ്കില്‍ മതപരമായ ഒരു നിയമസംഹിതയല്ല. ധര്‍മ്മം എന്നാല്‍ നിയമം. നമുക്ക് ഭൗതിക ജീവിതത്തില്‍ ഇടപാടുകള്‍ നടത്താന്‍ ചില നിയമങ്ങള്‍ ഉണ്ട്. ഈ നിയമങ്ങള്‍ വ്യവസ്ഥാപിതമോ അല്ലാത്തതോ ആകട്ടെ, നിങ്ങള്‍ ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ഭൗതിക ജീവിതത്തിലെ ഇടപാടുകള്‍ അധിക കാലം നിലനില്‍ക്കില്ല. നിങ്ങള്‍ക്ക് ആരെയെങ്കിലും വഞ്ചിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അത് അധിക കാലം നിലനിര്‍ത്താനാകില്ല. അത് പോലെ തന്നെ നമ്മുടെ വികാരങ്ങള്‍ക്കും ചില നിയമങ്ങളുണ്ട്. അവ നാം പാലിച്ചില്ലെങ്കില്‍ നമ്മുടെ വികാരങ്ങള്‍ നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും വിനാശകരമായേക്കാം.നമ്മുടെ ബുദ്ധി പ്രായോഗിക്കുകയാണെങ്കില്‍ അതിനു ചില നിയമങ്ങള്‍ ഉണ്ട്. അവ നാം പാലിച്ചില്ലെങ്കില്‍ നമ്മുടെ ബുദ്ധി തന്നെ നമുക്ക് പല തരത്തില്‍ വിനാശകരമായേക്കാം.

സനാതന ധര്‍മ്മം - ആന്തരികതയുടെ നിയമം

ഭൗതിക ലോകത്തിലുള്ള നിയമങ്ങളെന്ന പോലെ അനശ്വരമായ നിയമങ്ങളുമുണ്ട്. ഭൗതിക ലോകത്തിലെ നിയമങ്ങള്‍ക്കു നാം ജീവിക്കുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരാം. എന്നാല്‍ അനശ്വരമായ നിയമങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതാണ്. സനാതന ധര്‍മ്മം എന്നാല്‍ അനശ്വരമായ നിയമം. കാര്യവ്യവഹാരങ്ങളുടെ നിയമങ്ങള്‍ അനശ്വരമല്ല. ഏതാണോ ഭൗതികമല്ലാത്തത്, അതിന് മാത്രമേ അനശ്വരമായ നിയമങ്ങള്‍ ഉണ്ടാവുകയുള്ളൂ.


സനാതന ധര്‍മ്മം എന്നാല്‍ അനശ്വരമായ നിയമം. കാര്യവ്യവഹാരങ്ങളുടെ നിയമങ്ങള്‍ അനശ്വരമല്ല. ഏതാണോ ഭൗതികമല്ലാത്തത്, അതിന് മാത്രമേ അനശ്വരമായ നിയമങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ഭൗതിക ലോകത്തെ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ആളുകള്‍ മോശമായ കാര്യങ്ങള്‍ ചെയ്യുകയും അവര്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്നു സ്വയം വിചാരിക്കുകയും ചെയ്യും. ചിലര്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ എഴുതി വെച്ചിട്ടുള്ള നിയമങ്ങളെ അനുസരിച്ച് ഭയാനകമായ കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ന് ലോകത്ത് നടക്കുന്ന പ്രധാനപ്പെട്ട ഒരു ചര്‍ച്ചയാണ്. അവര്‍ പറയുന്നു, ഇതാണ് ഞങ്ങളുടെ നിയമം. ഞങ്ങളുടെ വിശുദ്ധ ഗ്രന്ധത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ മറ്റൊരു കാലത്തിലേതാണ്. നിലവിലുള്ള കാലത്തില്‍ നമുക്ക് കാര്യവ്യവഹാരങ്ങള്‍ക്കായി പുതിയ നിയമങ്ങള്‍ വേണം.

വഴിയിലെ നിയമങ്ങള്‍

ഒരു ദിവസം ശങ്കരന്‍ പിള്ള തന്‍റെ മകനെ കാണാന്‍ കാലിഫോര്‍ണിയയിലേക്ക് പോയി. മകന്‍ ഇഷ്ടമല്ലാത്ത വിവാഹം കഴിച്ചതിനാല്‍ ശങ്കരന്‍പിള്ളയും മകനും ഒരുപാട് കാലമായി തമ്മില്‍ കാണാതെ പിണങ്ങി നടക്കുകയായിരുന്നു. എന്നാല്‍ മകന് ഒരു കുട്ടി പിറന്നപ്പോള്‍ ശങ്കരന്‍ പിള്ള പേരമകനെ കാണാനായി പോയി. അവിടെ തന്‍റെ മകന്‍റെ പുതുപുത്തന്‍ സ്പോര്‍ട്സ് കാര്‍ കണ്ടപ്പോള്‍ ശങ്കരന്‍ പിള്ള പറഞ്ഞു, “ഇതെനിക്ക് ഓടിക്കണം”. അയാള്‍ കാര്‍ അതിവേഗത്തില്‍ ഓടിച്ചു പോയി. അയാളുടെ മരുമകള്‍ തന്‍റെ അമ്മായിയച്ഛന്‍റെ കാര്യത്തില്‍ ചിന്താകുലയായി ട്രാഫിക്‌ വാര്‍ത്തകള്‍ നോക്കാന്‍ തുടങ്ങി. പെട്ടന്നൊരു കാര്യം കണ്ടു അവര്‍ ഉടനടി ശങ്കരന്‍ പിള്ളയെ ഫോണില്‍ വിളിച്ചു. അവര്‍ പറഞ്ഞു, “ഒരു ഭ്രാന്തന്‍ റോഡിന്‍റെ തെറ്റായ വശത്ത് കൂടി അതിവേഗത്തില്‍ വണ്ടിയോടിച്ചു വരുന്നുണ്ട്. സൂക്ഷിക്കണേ”. അപ്പോള്‍ ശങ്കരന്‍ പിള്ള പറഞ്ഞു, “ഒരു ഭ്രാന്തനോ? ഇവിടെ നൂറുകണക്കിന് ഭ്രാന്തന്മാര്‍ തെറ്റായ വശത്ത് കൂടി ഓടിക്കുകയാണ്”.


സനാതന ധര്‍മ്മം ഒരു മതമല്ല. മറിച്ചു അത് നമ്മുടെ ആന്തരികതയെ നിയന്ത്രിക്കുന്ന നിയമമാണ്. നിങ്ങളതിനോട് ഐക്യപ്പെട്ടാല്‍ നിങ്ങളൊരു വഴി കണ്ടെത്തും. നിങ്ങളതിനോട് ഐക്യപ്പെട്ടില്ലെങ്കില്‍ നിങ്ങളെന്തിനോടെങ്കിലും കൂട്ടിമുട്ടും.

നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍ റോഡിന്‍റെ ഇടതു വശത്ത് കൂടി വണ്ടിയോടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്തിച്ചേരാന്‍ നല്ല സാധ്യതയുണ്ട്. എന്നാല്‍ റോഡിന്‍റെ വലതു വശം ചേര്‍ന്ന് വണ്ടിയോടിക്കുകയാണെങ്കില്‍ നിങ്ങള്‍ എവിടെയെത്തുമെന്ന് നമുക്കറിയാം. അത് കൊണ്ട് കാര്യവ്യവഹാരങ്ങളുടെ നിയമങ്ങള്‍ കാലാനുസരണം മാറണം. എന്നാല്‍ ആന്തരികതയ്ക്ക് അനശ്വരമായ സനാതന ധര്‍മ്മമാണ് ഉള്ളത്. അത് മാറുകയില്ല. ഒരു പാട് പേര്‍ സനാതന ധര്‍മ്മം എന്നാല്‍ ഒരു മതമാണെന്ന് ധരിച്ചു വെച്ചിരിക്കുന്നു. സനാതന ധര്‍മ്മം ഒരു മതമല്ല. മറിച്ചു അത് നമ്മുടെ ആന്തരികതയെ നിയന്ത്രിക്കുന്ന നിയമമാണ്. നിങ്ങളതിനോട് ഐക്യപ്പെട്ടാല്‍ നിങ്ങളൊരു വഴി കണ്ടെത്തും. നിങ്ങളതിനോട് ഐക്യപ്പെട്ടില്ലെങ്കില്‍ നിങ്ങളെന്തിനോടെങ്കിലും കൂട്ടിമുട്ടും.

അനശ്വരമായ നിയമം നിങ്ങള്‍ക്ക് ആരില്‍ നിന്നെങ്കിലും പഠിക്കാവുന്ന ഒന്നല്ല. നിങ്ങള്‍ ഉള്ളിലോട്ടു നോക്കി നിങ്ങളുടെ ആന്തിരികതയെ അറിയുകയാണെങ്കില്‍ നിങ്ങള്‍ സ്വാഭാവികമായും അനശ്വരമായ സനാതന ധര്‍മ്മത്തെ പാലിക്കുന്നു. സനാതന ധര്‍മ്മം എന്നാല്‍ കല്‍പനകളോ നിയമ സംഹിതകളോ അല്ല. അത് പ്രപഞ്ച നിയമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കലാണ്. പ്രപഞ്ച നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ല. അവ അവിടെയുണ്ട്. അതിനോട് ഐക്യപ്പെട്ടില്ലെങ്കില്‍ നിങ്ങളില്‍ സംഘര്‍ഷമുണ്ടാവും. അതിനോട് നിങ്ങള്‍ ഐക്യപ്പെട്ടാല്‍ നിങ്ങളുടെ ജീവിതം അനായാസമായി മുന്നോട്ടു പോകും.

 
 
  0 Comments
 
 
Login / to join the conversation1