സമ്മര്‍ദ്ദങ്ങളില്‍ നിന്നും എങ്ങനെ മുക്തി നേടാം
 
 

सद्गुरु

ഓസ്കാര്‍ പുരസ്ക്കാരം നേടിയ സിനിമാ നിര്‍മ്മാതാവ് ശേഖര്‍ കപൂര്‍ ജീവിതത്തിലെ ക്ലേശങ്ങളെയും സമ്മര്‍ദ്ദങ്ങളെയും പറ്റി സദ്ഗുരുവിനോട് ചോദിക്കുന്നു.

ശേഖര്‍ കപൂര്‍::- എന്തായാലും ഞാന്‍ ഇപ്പോള്‍ അങ്ങയുമായി ഒരഭിമുഖത്തിനു ഒരുങ്ങിവന്നിരിക്കുകയാണ്. ആളുകള്‍ സ്വാഭാവികമായും അന്വേഷിക്കും, ജീവിത ക്ലേശങ്ങളെ എങ്ങിനെ ഒഴിവാക്കാമെന്ന് എന്തുകൊണ്ട് ഞാന്‍ സദ്ഗുരുവിനോട്‌ ചോദിച്ചില്ല എന്ന്. അങ്ങയുടെ അഭിപ്രായത്തില്‍ വാസ്തവത്തില്‍ ക്ലേശമെന്നാല്‍ എന്താണ്?

സദ്ഗുരു: :- ഏതാനും വര്‍ഷം മുമ്പ് ഞാന്‍ ആദ്യമായി യു എസ് എ സന്ദര്‍ശിച്ച സമയം. അന്ന് എല്ലാവരും ചര്‍ച്ച ചെയ്തിരുന്നത് ജീവിത ക്ലേശങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ചായിരുന്നു. വാസ്തവത്തില്‍ അവരുടെ പ്രശ്നം എന്താണ് എന്ന് എനിക്ക് പിടികിട്ടിയില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഗൌരവമേറിയതും, നമുക്ക് വിലപ്പെട്ടതുമായ വിഷയങ്ങളാണ് നമ്മള്‍ നോക്കി നടത്തുന്നത്. ഉദാഹരണത്തിന് നമ്മുടെ കുടുംബം, സ്വത്തുക്കള്‍, ബിസിനസ്സ് മുതലായവ. ക്ലേശങ്ങളെ ഇതുപോലെ നോക്കി നടത്തേണ്ട ആവശ്യമെന്താണ്?അമേരിക്കയിലെ ജനങ്ങള്‍ ക്ലേശങ്ങളെയും സമ്മര്‍ദ്ദങ്ങളേയും അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് കാണുന്നത് എന്ന് മനസിലാക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു.

നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടത് നിങ്ങളെ തന്നെയാണ്, അല്ലാതെ നിങ്ങളുടെ പ്രയാസങ്ങളെ അല്ല. അവ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമേയല്ല. അവനവനെ വേണ്ട വിധം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, വാസ്തവത്തില്‍ അതാണ് ക്ലേശമായി അനുഭവപ്പെടുന്നത്. അത് തന്നെയാണ് ഇംഗ്ലീഷില്‍ പറയുമ്പോള്‍ സ്‌ട്രെസ് ആകുന്നത്. ജോലിക്കിടയില്‍ നിങ്ങള്‍ ക്ലേശം അനുഭവിക്കുന്നു. അത് ആ ജോലിയുടെ സ്വഭാവമല്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ശിപായിയും ക്ലേശത്തെ കുറിച്ച് ആവലാതിപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയിലുള്ള ഒട്ടനവധി പേര്‍ക്കും ഇതേ പരാതി പറയാനുണ്ട്.....ജോലി സംബന്ധമായ ക്ലേശങ്ങള്‍, എന്നാല്‍ ജോലിയൊന്നും ഇല്ലാതവര്‍ക്കുമുണ്ട് അതിന്റേതായ ബുദ്ധിമുട്ടുകള്‍. ആട്ടെ, ജോലികൊണ്ട് നിങ്ങള്‍ ആകെ കഷ്ടപ്പെടുകയാണ്, എന്നാല്‍ ഞാന്‍ നിങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടാം. അപ്പോള്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ?

ജീവിത സാഹചര്യങ്ങളോ തൊഴിലിന്റെ സ്വഭാവമോ ഒന്നുമല്ല നിങ്ങളുടെ ക്ലേശങ്ങള്‍ക്ക്‌ കാരണമാകുന്നത്, അവനവനെ എങ്ങിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്യാമെന്ന് നിങ്ങളിനിയും പഠിച്ചിട്ടില്ല. അതാണ്‌ എല്ലാ പ്രയാസങ്ങളും ഉണ്ടാക്കിത്തീര്‍ക്കുന്നത്.

ഇല്ല. അതിനര്‍ത്ഥം നിങ്ങളുടെ സ്വൈര്യം കെടുത്തുന്നത് നിങ്ങള്‍ ചെയ്യുന്ന ജോലിയല്ല എന്നല്ലേ? ഇതില്‍ നിന്നും മനസിലാക്കേണ്ടത് സ്വന്തം ശരീരത്തെയും, ബുദ്ധിയെയും, മനസിനെയും, വികാരങ്ങളെയും, ഊര്‍ജ്ജത്തെയും, ആന്തരീകമായ രസതന്ത്രത്തെയും വേണ്ടവിധം കൊണ്ടുനടക്കാന്‍ നിങ്ങള്‍ പ്രാപ്തനല്ല എന്നാണ്. നിങ്ങള്‍ ചെയ്യുന്നതൊന്നും ബോധപൂര്‍വമല്ല, എല്ലാം യാദൃശ്ചികമായി അതാതിന്റെ മട്ടില്‍ സംഭവിക്കുന്നു. അതാണ്‌ ക്ലേശങ്ങള്‍ക്കുള്ള പ്രധാന കാരണം. നിങ്ങള്‍ ഒരു കാറോടിക്കാന്‍ ശ്രമിക്കുന്നു. അതിന്റെ വളയം ഒരു വശത്തേക്കു തിരിക്കുമ്പോള്‍ കാര്‍ മറുവശത്തേക്കാണ് തിരിയുന്നതെങ്കിലോ? തീര്‍ച്ചയായും നിങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കും.

ശേഖര്‍ കപൂര്‍ :- ശരിയാണ്.

സദ്ഗുരു::- അതുപോലെയാണ് നിങ്ങള്‍ ഇപ്പോള്‍ ഓടിക്കുന്ന ജീവിതമെന്ന വാഹനവും. അതിനെ നന്നായി മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ആ ധാരണ കൂടാതെ വാഹനമോടിക്കാന്‍ ശ്രമിച്ചാല്‍ നിശ്ചയമായും നിങ്ങള്‍ അപകടത്തില്‍ ചെന്ന് ചാടും. പ്രയാസങ്ങള്‍ അനുഭവിക്കും. ജീവിത സാഹചര്യങ്ങളോ തൊഴിലിന്റെ സ്വഭാവമോ ഒന്നുമല്ല നിങ്ങളുടെ ക്ലേശങ്ങള്‍ക്ക്‌ കാരണമാകുന്നത്, അവനവനെ എങ്ങിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്യാമെന്ന് നിങ്ങളിനിയും പഠിച്ചിട്ടില്ല. അതാണ്‌ എല്ലാ പ്രയാസങ്ങളും ഉണ്ടാക്കിത്തീര്‍ക്കുന്നത്. ചിലര്‍ക്ക് ചില സംഗതികള്‍ വളരെ കഠിനമായി തോന്നിയേക്കാം, എന്നാല്‍ അതേ സാഹചര്യങ്ങളിലൂടെ മറ്റു ചിലര്‍ വളരെ അനായാസമായി കടന്നു പോകുന്നതും നമ്മള്‍ കാണാറില്ലേ?

സദ്ഗുരു: :- അവനവന്റെ മനസിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴാണ് ക്ലേശങ്ങള്‍ ഉണ്ടാവുന്നത്, അല്ലാതെ ബാഹ്യമായ സാഹചര്യങ്ങളല്ല അതിനു ഹേതുവാകുന്നത്. നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ ആശ്രയിച്ചിരിക്കുന്നത് നമ്മുടെ തന്നെ മനസിനെയാണ്, അല്ലാതെ ജീവിത സാഹചര്യങ്ങളെയല്ല. നല്ല സന്ദര്‍ഭങ്ങള്‍ നമ്മള്‍ തന്നെ ശ്രദ്ധാപൂര്‍വ്വം സൃഷ്ടിച്ചെടുക്കണം. ഒരാള്‍ വളരെ നന്നായി ജീവിക്കുന്നു, അതിനര്‍ത്ഥം അയാള്‍ നമ്മളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നു എന്നല്ല, നിത്യ ജീവിതത്തിന്റെ ഭാഗമായി നമ്മള്‍ എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം തന്നെയാണ് അയാളും ചെയ്യുന്നത്. എന്നിട്ടും അയാളുടെ ജീവിതത്തിനു തനതായ ഒരു മേന്മ! അതെങ്ങിനെ സംഭവിക്കുന്നു?

എല്ലാ സാഹചര്യങ്ങളിലും ജീവിതം സ്വസ്ഥവും സന്തോഷപൂര്‍ണവുമായിരിക്കണം. അതിനുവേണ്ടിയാണ് നമ്മള്‍ ആദ്യമായി പരിശ്രമിക്കേണ്ടത്. ശരിയായ രീതിയിലുള്ള യോഗ പരിശീലനത്തിലൂടെ ഇത് ആര്‍ക്കും സാധിക്കാവുന്നതാണ്, വളരെ സ്വാഭാവികമായി തന്നെ. പ്രണയബദ്ധരാകുന്നവരുടെ ജീവിതത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. അവരുടെ ജീവിത പശ്ചാത്തലത്തില്‍ തന്നെ കാര്യമായ മാറ്റം വരുന്നു. അതുകൊണ്ട് തന്നെ ഓരോ അനുഭവവും വ്യത്യസ്തമായി തീരുന്നു. അതുപോലെ തന്നെ പ്രണയം അവസാനിക്കുമ്പോഴും പശ്ചാത്തലത്തിനു മാറ്റം സംഭവിക്കുന്നു. എല്ലാറ്റിന്റെയും നിറം കെട്ടുപോകുന്നു. ജീവിതം ദു:ഖമയമാകുന്നു. ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് ഇഷ്ടം പോലെ മാറ്റം വരുത്തുക സാദ്ധ്യമല്ല, കാരണം അതിനു നിങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങളുടെയും കൂടി അനുമതി വേണ്ടതുണ്ട്. എന്നാല്‍ അവനവന്റെ മനോഭാവത്തില്‍ മാറ്റം വരുത്താനാകും. അതിനു ആരുടെയും അനുവാദം ആവശ്യമില്ല, ചുറ്റുപാടുകളെ ആശ്രയിക്കേണ്ടതില്ല. സ്വന്തം ഇച്ഛ മാത്രം മതി.

എല്ലാ സാഹചര്യങ്ങളിലും ജീവിതം സ്വസ്ഥവും സന്തോഷപൂര്‍ണവും ആയിരിക്കണം. അതിനുവേണ്ടിയാണ് നമ്മള്‍ ആദ്യമായി പരിശ്രമിക്കേണ്ടത്.

ഒരു ദിവസം ഒരിടത്ത് മൂന്നുപേര്‍ ചേര്‍ന്നിരുന്നു ജോലി എടുത്തുകൊണ്ടിരിക്കെ നാലാമതൊരാള്‍ അവിടെ വന്നുചേര്‍ന്നു. “നിങ്ങള്‍ എന്തു ചെയ്യുകയാണ്?”ഒന്നാമനോട് അയാള്‍ ചോദിച്ചു. “കുരുടനാണോ കാണുന്നില്ലേ?”തല ഉയര്‍ത്തി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു."കല്ലുവെട്ടുകയാണെന്ന് കണ്ടിട്ട് മനസിലായില്ലേ?” അയാള്‍ രണ്ടാമന്റെ അരികില്‍ ചെന്നു, “എന്താണ് ചെയ്യുന്നത്?” “വയറ്റുപിഴപ്പിനൊരു തൊഴില്‍. ദിവസവും ഇവിടെ വരും പറയുന്ന ജോലി ചെയ്യും. തരുന്നത് വാങ്ങും. വിശപ്പ്‌ അടക്കണ്ടേ?”അയാള്‍ മൂന്നാമനെ സമീപിച്ചു, “എന്താണ് ചെയ്യുന്നത്?”അയാള്‍ എഴുന്നേറ്റുനിന്നു ഉത്സാഹത്തോടെ പറഞ്ഞു, “ഞാനോ ഞാനൊരു ക്ഷേത്രം പണിയുകയാണ്.”

അവരെല്ലാവരും ചെയ്തിരുന്നത് ഒരേ ജോലിയായിരുന്നു. കല്ലുവെട്ടല്‍, എന്നാല്‍ ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമായ രീതിയിലായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ അനുഭവങ്ങളും വളരെയേറെ വ്യത്യസ്തമായിരുന്നു.

മനുഷ്യരെല്ലാവരും ഓരോ നിമിഷവും എന്തെങ്കിലും ഒരു പണിയില്‍ ഏര്‍പ്പെട്ടിരിക്കും. എന്നാല്‍ അതിനെ ഓരോരുത്തരും കാണുന്നതെങ്ങിനെ എന്നതിനനുസരിച്ചായിരിക്കും അവരുടെ ജീവിതത്തിന്റെ ഗുണമേന്മ. ജോലി സരളമോ സങ്കീര്‍ണമോ ആകാം, അത് നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല. നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ സന്തോഷത്തിനും സങ്കടത്തിനും നിദാനമാകുന്നത്. ജീവിതത്തില്‍ വ്യത്യസ്തമായ പല സന്ദര്‍ഭങ്ങള്‍ എല്ലാവര്‍ക്കും നേരിടേണ്ടിവരുന്നു. സന്തോഷമായിരിക്കെ പ്രശ്നങ്ങളെ കൂടുതല്‍ സാമര്‍ത്ഥ്യത്തോടെ നമുക്ക് നേരിടാനാകും. മനസ്സ് വിഷമിച്ചിരിക്കെ ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ നമുക്ക് സാധിക്കില്ല. ഉത്സാഹമുള്ളപ്പോള്‍ എത്ര ജോലി ചെയ്യാനും നമുക്ക് മടിയുണ്ടാവില്ല. തളര്‍ന്നിരിക്കുമ്പോഴോ, നിസ്സാര സംഗതിപോലും വലിയൊരു ഭാരമായാണ് തോന്നുക. ഉത്സാഹമുള്ള മനസ്സ് കരുത്തിന്റെ ഉറവിടമാണ്, ഉദാസീനമായ മനസ്സ് എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നു. മനസ്സിനെ ഉത്സാഹഭരിതവും പ്രസാദപൂര്‍ണവുമാക്കാന്‍ യോഗയ്ക്ക് കഴിയും. യോഗ വ്യക്ത്യാധിഷ്ടിതമായ ശാസ്ത്രമാണ്. അത് വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാനായാല്‍ അതുമൂലം ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മനുഷ്യന് ശാന്തിയും സന്തോഷവും പ്രദാനം ചെയ്യുന്ന ശാസ്ത്രമാണ് യോഗ.

 
 
  0 Comments
 
 
Login / to join the conversation1