सद्गुरु

അന്വേഷി : സദ്‌ഗുരു, ചില സന്ദര്‍ഭങ്ങളില്‍, ഞാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‍ എനിക്ക്‌ തന്നെ അറിയാന്‍ കഴിയുന്നില്ല, പ്രത്യേകിച്ചും ഏറ്റവും കുടുതല്‍ സമചിത്തത പാലിക്കേണ്ട സമയത്ത്. ചിന്തകളും വികാരങ്ങളും കലങ്ങിമറിയുന്നു, പ്രവൃത്തി നിഷ്ക്രിയമാകുന്നു.

സദ്‌ഗുരു : നിങ്ങള്‍ വിചാരങ്ങളുടെയോ വികാരങ്ങളുടെയോ വാദമുഖങ്ങളുടെയോ ഒരു ഭാണ്ഡക്കെട്ടായാണ്‌ ഇവിടെ ഇരിക്കുന്നതെങ്കില്‍ എന്താണ്‌ വേണ്ടതെന്ന്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല. ഒട്ടുമിക്ക ജനങ്ങളും ഇങ്ങിനെയാണ്‌. മനുഷ്യജീവി എന്ന്‍ നിങ്ങള്‍ കരുതുന്നത്‌ വാസ്‌തവത്തില്‍ ഒരു ജീവിയല്ല, അത്‌ എവിടെ നിന്നെങ്കിലും ശേഖരിച്ച ചിന്തകളുടെയും വികാരങ്ങളുടെയും അഭിപ്രായങ്ങളുടെയും ഒക്കെ ഒരു ഭാണ്ഡക്കെട്ടാണ്‌. ഇങ്ങനത്തെ ഒരവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഒരിക്കലും ശാന്തവും നിഷ്പക്ഷവുമായ മനസ്ഥിതിയോടുകൂടി ജീവിതത്തെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അതേസമയം ഒരു പ്രാണന്‍ മാത്രമായാണ്‌ ഉപവിഷ്ടനായിരിക്കുന്നതെങ്കില്‍, എന്താണ്‌ വേണ്ടതെന്ന്‍ എപ്പോഴും നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയും. അതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കേണ്ടതായിപ്പോലും വരികയില്ല. അതറിയാന്‍ വേണ്ടി നിങ്ങള്‍ ഗ്രന്ഥപുസ്തകങ്ങളൊന്നും പഠിക്കേണ്ടതുമില്ല.

വിചാരങ്ങളുടെയും വികാരങ്ങളുടെയും അഭിപ്രായങ്ങളുടെയും മാറാപ്പായിട്ടാണ്‌ ഒരാള്‍ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ഗ്രഹണശക്തി പൂര്‍ണമായും വികൃതമാകും, ഒന്നിനെക്കുറിച്ചും അയാള്‍ക്കു കാര്യവിവരമുണ്ടാകുകയില്ല, അയാള്‍ ജീവിതത്തെക്കുറിച്ച്‌ തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും.

 ഏത്‌ മനുഷ്യജീവിയും വെറും ഒരു പ്രാണന്‍ മാത്രമാണെന്ന സ്ഥിതിയിലാണെങ്കില്‍, അയാള്‍ക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‍ അയാള്‍ നേരത്തെ കണ്ടു മനസ്സിലാക്കിക്കോളും. എന്നാല്‍ വിചാരങ്ങളുടെയും വികാരങ്ങളുടെയും അഭിപ്രായങ്ങളുടെയും മാറാപ്പായിട്ടാണ്‌ ഒരാള്‍ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ഗ്രഹണശക്തി പൂര്‍ണമായും വികൃതമാകും, ഒന്നിനെക്കുറിച്ചും അയാള്‍ക്കു കാര്യവിവരമുണ്ടാകുകയില്ല, അയാള്‍ ജീവിതത്തെക്കുറിച്ച്‌ തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും. ജീവിതത്തില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന അടിസ്ഥാനജ്ഞാനമില്ലാതിരിക്കുമ്പോള്‍, നിങ്ങളുടെ ചിന്തകളും വികാരങ്ങളും അഭിപ്രായങ്ങളുമനുസരിച്ച്‌ ജീവിതത്തെ നിങ്ങള്‍ വഴിതിരിച്ചുവിടും. അത്‌ വലിയ ദുരന്തത്തിലേക്ക്‌ നയിക്കാം. അധികാരശേഷിയുള്ള ആളാണെങ്കില്‍ പിന്നെ ലോകത്തിന്‌ തന്നെ വന്‍ദുരന്തത്തിന്‌ അത്‌ കാരണഹേതുവാകാം. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതുതന്നെയാണ്‌. എല്ലാവരും അഭ്യസ്തവിദ്യരാണ്, അവനവന്റേതായ അഭിപ്രായം പ്രകടിപ്പിക്കാന്‍ കെല്പുള്ളവരുമാണ്. പക്ഷെ സ്വന്തം നിഗമനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അതന്യരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്നങ്ങള്‍ മുളപൊട്ടുന്നു.

അന്വേഷി : ഗുരോ, തുറന്ന സമീപനത്തെ തടസ്സപ്പെടുത്തുന്ന ഒരു തരം യുക്തി, വിദ്യാഭ്യാസം മുദ്രവയ്ക്ക്ന്നതായി കാണുന്നു. സാമ്പത്തിക സമൃദ്ധിയും ആത്മീയ സാധ്യതകളോടുള്ള തുറന്ന സമീപനവും തമ്മില്‍ പരസ്പരവിരുദ്ധമായ ബന്ധമാണുള്ളത്‌, അല്ലെ?

സദ്‌ഗുരു : ഈ ചോദ്യം തന്നെ ഞാന്‍ മറ്റൊരു രീതിയില്‍ ചോദിക്കാം. ചോദിക്കാന്‍ ഉദ്ദേശിച്ച ചോദ്യം ഇതാണ്‌, “വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ക്ക്‌ ആത്മസാക്ഷാത്‌കാരത്തിന്‌ കൂടുതല്‍ സാധ്യതകളുണ്ടോ? അല്ലെങ്കില്‍ സാമ്പത്തികമായി താഴത്തെ തട്ടിലുള്ള ആളുകള്‍ക്ക്‌ ആത്മസാക്ഷാത്‌കാരത്തിന്‌ കൂടുതല്‍ സാധ്യതകളുണ്ടോ?’’ ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ? അടിസ്ഥാനപരമായി വിദ്യാഭ്യാസം എന്ന വാക്കുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ മനസ്സിന്‍റെ സംസ്‌ക്കാരമാണ്‌, പുതിയ അവസരങ്ങളെ നിരന്തരം സ്വാംശീകരിക്കുക.

ഈ പുതിയ അവസരങ്ങള്‍ക്ക് തടസ്സമാവാന്‍ വിദ്യാഭ്യാസത്തിന്‌ കഴിയുമോ? കഴിയും, എന്നുതന്നെയാണ്‌ ഉത്തരം. ഇക്കാര്യത്തില്‍ എന്തും തടസ്സമായിത്തീരാവുന്നതാണ്‌. നിങ്ങളുടെ തടസ്സങ്ങള്‍ നിങ്ങള്‍ പറഞ്ഞു കഴിഞ്ഞു, സമ്പത്തും വിദ്യാഭ്യാസവും. അതു മാത്രമല്ല; അധികാരം, യശസ്സ്‌, പദവി തുടങ്ങി എന്തും ഒരു തടസ്സമാവാം, എന്നാല്‍ എന്തിനെയും ഒരു സന്ദര്‍ഭവും ആക്കിത്തീര്‍ക്കാം. സമ്പത്തും വിദ്യാഭ്യാസവും നിങ്ങളുടെ വഴി തുറക്കുകയാണോ അടയ്ക്കുകയാണോ എന്നതല്ല, നിങ്ങള്‍ അവയുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നതാണ്‌ വിഷയം. വിദ്യാഭ്യാസത്തെയാണ് നിങ്ങള്‍ അവസരങ്ങള്‍ തുറന്നുകിട്ടുന്ന ഇടനാഴിയായി കാണുന്നെങ്കില്‍, ജീവിതത്തിന്‍റെ പലതലങ്ങളിലും അതൊരു ഇടനാഴിയായി കാണാം. നിരവധി വിദൂരസഞ്ചാരപഥങ്ങള്‍ അത്‌ തുറന്നിടുന്നു. സമ്പത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌. പണവും സമ്പത്തുമുണ്ടെങ്കില്‍, അത്‌ നിങ്ങളുടെ ചുറ്റുമുള്ള ലോകത്തും ആന്തരികലോകത്തും, നിരവധി വാതായനങ്ങള്‍ തുറന്നുതരുന്നു.

സമ്പത്തും വിദ്യാഭ്യാസവും നിങ്ങളുടെ വഴി തുറക്കുകയാണോ അടയ്ക്കുകയാണോ എന്നതല്ല, നിങ്ങള്‍ അവയുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നതാണ്‌ വിഷയം.

ഉദാഹരണത്തിന്, ധ്യാനത്തിനു മാത്രമായി ഒരു ദിവസം വീട്ടില്‍ ഇരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന്‍ വിചാരിക്കുക, അന്ന്‍ ജോലിക്കുപോകാതെ ആ ആഗ്രഹം വേണമെങ്കില്‍ പൂര്‍ത്തീകരിക്കാം, നിങ്ങള്‍ക്കതിന്‌ കഴിയും. എന്നാല്‍ ഓരോ നേരത്തെ ഭക്ഷണത്തിനും വേണ്ടി ജോലി ചെയ്യേണ്ട ചുറ്റുപാടിലാണ്‌ നിങ്ങളെങ്കില്‍, അതിന്‌ സാധിക്കുമോ? നിങ്ങള്‍ ധ്യാനത്തിലിരിക്കാന്‍ ആഗ്രഹിച്ചാലും, വിശപ്പ്‌ നിങ്ങളെ ജോലി സ്ഥലത്ത്‌ എത്തിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ പണമുണ്ട്, അതുകൊണ്ടിതുപോലത്തെ ആഗ്രഹങ്ങളൊക്കെ നിറവേറ്റാന്‍ കഴിയും; അങ്ങനെ നോക്കുമ്പോള്‍ അതൊരു സാധ്യത തന്നെയല്ലേ?

ഇനി വിദ്യാഭ്യാസവും സമ്പത്തും ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക്‌ ഏതെങ്കിലും രീതിയിലുളള തടസ്സമായിത്തീരുമോ എന്ന ചോദ്യം? നിര്‍ഭാഗ്യവശാല്‍ നിരവധി ഇടങ്ങളില്‍ അങ്ങിനെ സംഭവിച്ചിട്ടുണ്ട്‌. പണമോ വിദ്യാഭ്യാസമോ ഇതിന്‌ കുറ്റക്കാരാകുന്നില്ല; നിങ്ങള്‍ അവയുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നതാണിവിടുത്തെ പ്രശ്‌നം. നിങ്ങള്‍ അവയെ ഒരു മാര്‍ഗമായാണ്‌ കാണുന്നതെങ്കില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ ആരാണ്‌ എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അവബോധം നിങ്ങളുടെ വിദ്യാഭ്യാസത്തിലും ബാങ്ക്‌ ബാലന്‍സിലും അധിഷ്‌ഠിതമാണെങ്കില്‍, അതു പ്രശ്‌നം തന്നെയാണ്‌.

ഈ ഒരു ചുറ്റുപാടില്‍, വിദ്യാഭ്യാസവും സമ്പത്തും തടസ്സമായിത്തീരുന്നു. ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കു മാത്രമല്ല, ശാരീരികവും മാനസികവുമായ അഭ്യുന്നതിക്കും അത്‌ തടസ്സമായിത്തീരുന്നു. അവയെ മാര്‍ഗമായാണ്‌ കാണുന്നതെങ്കില്‍, ബന്ധപ്പെടാനുള്ള ഉപകരണങ്ങള്‍ മാത്രമായാണ്‌ കരുതുന്നതെങ്കില്‍, അവ ഒരു തരത്തിലും നിങ്ങള്‍ക്ക്‌ തടസ്സമാവില്ല, പ്രയോജനകരമാവുക മാത്രമേ ഉള്ളൂ, കാരണം അവ കൂടുതല്‍ അവസരങ്ങള്‍ പ്രാപ്യമാക്കും. കൂടുതല്‍ സാധ്യതകള്‍ തുറന്നിടും. പല രീതിയിലും നിങ്ങളുടെ ജീവിതം കൂടുതല്‍ സ്വതന്ത്രമാവുകയും ചെയ്യും. അതിനാല്‍ അവ സ്വയം തടസ്സങ്ങളായിത്തീരുന്നില്ല, അതേ സമയം, നിങ്ങള്‍ക്ക് വേണമെങ്കില്‍ അവയെല്ലാം തടസ്സമായി മാറ്റാന്‍ കഴിയുമെന്നു മാത്രം.