സഞ്ജീവ് കപൂര്‍: നമസ്കാരം സദ്ഗുരു. എന്‍റെ ചോദ്യം ഇതാണ്, നാം പാചകം ചെയ്യുമ്പോള്‍, അതു നന്നായി ആസ്വദിക്കണമെങ്കില്‍ നാം നമ്മുടെ സന്തോഷത്തിനു വേണ്ടി പാചകം ചെയ്യണം. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പാചകം ചെയ്യുമ്പോള്‍, അതവരുടെ സന്തോഷത്തിനു വേണ്ടിയായിരിക്കണം. ചില സമയത്ത് ഇവ തമ്മില്‍ സംഘര്‍ഷമുണ്ട്. ഏതാണ് വിജയിക്കേണ്ടത്?

സദ്ഗുരു: ആത്മീയതയുടെ അടിസ്ഥാനപരമായ കാര്യം ഇതാണ്. ഇവിടെ നിങ്ങള്‍ മാത്രം ജീവിച്ചിരിക്കുന്ന പോലെ പുലരുക. നിങ്ങള്‍ മാത്രം. നിങ്ങള്‍ മറ്റുള്ളവരെയെല്ലാം നിങ്ങളായി തന്നെ കാണുകയാണെങ്കില്‍ ഒരു പ്രശനവുമില്ല. ആളുകള്‍ എന്നോടു ചോദിക്കാറുണ്ട്, “ സദ്ഗുരു, അങ്ങ് എല്ലായിടത്തും പോയി പതിനായിരം ആളുകളോടും ഒരു ലക്ഷം ആളുകളോടും എങ്ങനെയാണ് സംസാരിക്കുന്നത്?” എനിക്ക് എന്നോടു തന്നെ സംസാരിക്കുന്ന ഒരു സ്വഭാവമുണ്ടെന്നു കരുതുക, ഞാന്‍ അതു പോലെ തന്നെയാണ് അവരോടു സംസാരിക്കുന്നത്.

ആത്മീയ പ്രക്രിയയെന്നാല്‍, ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനാകുന്നു എന്നതാണ്. താരതമ്യം ചെയ്യലും മാത്സര്യവും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

അവിടെ മറ്റൊരാളില്ല. ഞാന്‍ ചെയ്യുന്നത് വലിയ വാക്ചാതുര്യമോ പ്രഭാഷണമോ അല്ല. എല്ലാവരേയും ഞാന്‍ ഞാനായി കാണുന്നു. അതു കൊണ്ട് ഞാന്‍ എന്നോട് എങ്ങനെ സംസാരിക്കുന്നുവോ, അതു പോലെ തന്നെയാണ് സംസാരിക്കുന്നത്. ആത്മീയ പ്രക്രിയയെന്നാല്‍, ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനാകുന്നു എന്നതാണ്. താരതമ്യം ചെയ്യലും മാത്സര്യവും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. താരതമ്യം ചെയ്യുന്നതില്‍ നിന്നും തുടങ്ങുന്നത് മാത്സര്യത്തിലേക്കെത്തുകയും അതു പിന്നീടു മോശമായ മറ്റെന്തെങ്കിലുമായി മാറുകയും ചെയ്യുന്നു. എവിടെ മാത്സര്യവും താരതമ്യവുമുണ്ടോ അവിടെ ആനന്ദം പോലെ വളരെ സചേതനവും മനോഹരവുമായതു പോലും വൈരൂപ്യമുള്ളതാവുന്നു. ആനന്ദം നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ആനന്ദമെന്നാല്‍ നിങ്ങളുടെ അസ്ഥിത്വം തന്നെ മനോഹരമാണെന്നാണ്.

നിങ്ങള്‍ക്ക് എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനാകുമ്പോള്‍, നിങ്ങളുടെ അസ്ഥിത്വം മനോഹരമാകുകയും നിങ്ങള്‍ സന്തോഷവാനാകുകയും ചെയ്യുന്നു. ഏറ്റവും മികച്ച ദോശയുണ്ടാക്കുന്നത് കൊണ്ടോ, നിങ്ങളേക്കാള്‍ നന്നായി ദോശയുണ്ടാക്കുന്നത് കൊണ്ടോ അല്ല ഞാന്‍ സന്തോഷവാനായിരിക്കുന്നത്. നിങ്ങള്‍ ഉണ്ടാക്കുന്ന വളരെ നല്ല ഭക്ഷണം കഴിച്ചാലും ഞാന്‍ കൂടുതല്‍ സന്തോഷവാനാകില്ല. റസ്റ്റോറന്‍റില്‍ എത്തുന്നതിനു മുന്‍പു തന്നെ ഞാന്‍ വളരെ ആനന്ദത്തോടെയിരിക്കും. നിങ്ങള്‍ നല്ലതെന്തെങ്കിലും ഉണ്ടാക്കി തന്നാല്‍ ഞാന്‍ സന്തോഷത്തോടെ അത് ഭക്ഷിക്കും. നിങ്ങള്‍ മോശം ഭക്ഷണമാണ് ഉണ്ടാക്കുന്നതെങ്കില്‍ ഞാന്‍ സന്തോഷത്തോടെ അതു മാറ്റി വെക്കും. നിങ്ങള്‍ ഭക്ഷണം നന്നായി ഉണ്ടാക്കിയാലോ മോശമായി ഉണ്ടാക്കിയാലോ എന്‍റെ സന്തോഷത്തെ സ്വാധീനിക്കാനാവില്ല. എന്‍റെ സന്തോഷത്തെ കവര്‍ന്നെടുക്കാനുമാവില്ല. മറ്റുള്ളവര്‍ക്ക് നിങ്ങളുടെയുള്ളില്‍ എന്തു സംഭവിക്കുന്നുവെന്ന് തീരുമാനിക്കാനാവാത്ത വിധം നിങ്ങളും, ഈ ലോകത്തിലെ എല്ലാവരും ആകണമെന്നാണ് എന്‍റെ ആഗ്രഹം.