സദാചാരമെന്ന കാപട്യം ഉരിഞ്ഞുകളയൂ, മനസ്സാക്ഷി - അതുണര്‍ത്തൂ...

നിങ്ങള്‍ മറ്റുള്ളവരെ നോക്കുന്നു, ഇവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒരു നല്ലയാള്‍തന്നെ എന്നുപറഞ്ഞു നിങ്ങള്‍ സ്വയം സമാധാനിക്കുന്നു. മറ്റുള്ളവരെയെല്ലാം മോശക്കാരാക്കുമ്പോളാണ് നിങ്ങള്‍ നല്ലയാളാവുന്നത്.
 

നിങ്ങള്‍ക്കു ചുറ്റുമുള്ള സകലരേയും നിങ്ങളുടെ ഭാഗമായി ഒരു നിമിഷനേരത്തേക്കെങ്കിലും നിങ്ങള്‍ക്കുള്ളില്‍ - ഒരു ചിന്തയോ ആശയമോ ആയല്ല - യഥാര്‍ത്ഥ അനുഭവമായി അനുഭവപ്പെടുകയാണെങ്കില്‍, സദാചാരസംഹിതകള്‍ പ്രത്യേകിച്ച് പഠിപ്പിച്ച് തരേണ്ട ആവശ്യമുണ്ടോ?

ശങ്കരന്‍ പിള്ള വളരെ നല്ല ഒരു മനുഷ്യനായിരുന്നു. അല്പദിവസത്തെ രോഗബാധയെ തുടര്‍ന്ന് അദ്ദേഹം മരിച്ചു പോയി. വളരെ നല്ല മനുഷ്യനായിരുന്നതു മൂലം സ്വാഭാവികമായും അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ അദ്ദേഹത്തെ സ്വീകരിച്ച് ഇരുത്തിയ ശേഷം അദ്ദേഹത്തിന്‍റെ പുണ്യപാപങ്ങളുടെ പുസ്തകം തുറന്നു. അതില്‍ ഇഹലോകത്തെ ശങ്കരന്‍ പിള്ള ചെയ്ത സകല കാര്യങ്ങളും വിശദമായി രേഖപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. ശങ്കരന്‍ പിള്ളയുടെ പുസ്തകത്തിന്‍റെ ഓരോ താളും മറച്ചു നോക്കിയിട്ടും, സത്കര്‍മ്മങ്ങളല്ലാതെ ഒരു ദുഷ്ചെയ്തി പോലും അവര്‍ക്ക് കണ്ടെത്താനായില്ല. ഇത് മാലാഖമാരെ അല്പം കുഴപ്പത്തിലാക്കി.

അവര്‍ ശങ്കരന്‍ പിള്ളയോട് പറഞ്ഞു, “ഒരു പ്രശ്നമുണ്ട്, സ്വര്‍ഗ്ഗത്തില്‍ പലതരം താമസസൗകര്യങ്ങളുണ്ട്, ഒരു ദുഷ്ചെയ്തി മാത്രമേ ചെയ്തിട്ടുള്ളു എങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും മികച്ച സ്വര്‍ഗ്ഗം ലഭിക്കും, രണ്ട് ദുഷ്ചെയ്തികള്‍ ആണ് ചെയ്തിട്ടുള്ളതെങ്കില്‍, തൊട്ടു താഴെയുള്ള സ്വര്‍ഗ്ഗം, മൂന്നു ദുഷ്ചെയ്തികള്‍ ആണെങ്കില്‍ അതിലും താഴെ. അങ്ങനെ പല തട്ടുകള്‍. പക്ഷേ ഒരു ദുഷ്ചെയ്തി പോലും ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ മേല്‍പറഞ്ഞ ഒരു തട്ടിലും പ്രവേശനം നല്‍കാനാവില്ല. നിങ്ങളെപ്പോലെ നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത ഒരാള്‍ ഇന്നേവരെ ഇവിടെ വന്നിട്ടില്ല, ഒറ്റ തിന്മപോലും ചെയ്തിട്ടില്ലാത്ത ഒരാള്‍. അതുകൊണ്ട് നിങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കൊരു പിടിയുമില്ല.”

ഒരു ദുഷ്ചെയ്തി പോലും ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ മേല്‍പറഞ്ഞ ഒരു തട്ടിലും പ്രവേശനം നല്‍കാനാവില്ല. നിങ്ങളെപ്പോലെ നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത ഒരാള്‍ ഇന്നേവരെ ഇവിടെ വന്നിട്ടില്ല

“എന്തസംബന്ധമാണിത്?” ശങ്കരന്‍ പിള്ള പറഞ്ഞു. “അത്രയ്ക്ക് നല്ലവനായാണ് ഞാന്‍ ഭൂമിയില്‍ ജീവിച്ചത്. എന്‍റെ അരികില്‍ പോലും വരുന്നത് ആര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. സ്വര്‍ഗ്ഗത്തില്‍ എത്താം എന്ന ഒറ്റ പ്രതീക്ഷയിലാണ് ഞാന്‍ കഷ്ടപ്പെട്ട് നല്ലവനായി കഴിഞ്ഞത്. എന്നിട്ടിപ്പോള്‍ ഇവിടെ ഇങ്ങനൊരു പ്രശ്നമോ?”
തങ്ങള്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയ ശേഷം മാലാഖമാര്‍ ഒരു തീരുമാനത്തിലെത്തി. അവര്‍ ശങ്കരന്‍ പിള്ളയോട് പറഞ്ഞു, “നിങ്ങള്‍ വിഷമിക്കേണ്ട. ഒരു പോംവഴിയുണ്ട്, നിങ്ങള്‍ക്ക് ഒരിക്കല്‍കൂടി ഭൂമിയില്‍ ജീവിക്കാം, മൂന്നുമണിക്കുര്‍ നേരത്തേക്ക് മാത്രം. നിങ്ങളുടെ ശരീരം ഇപ്പോഴും അവിടെ കിടപ്പുണ്ടല്ലോ? അതുകൊണ്ട് വേഗം ചെന്ന് ശരീരത്തില്‍ കയറി ഞങ്ങള്‍ ഇപ്പോള്‍ അനുവദിച്ചു തന്ന മൂന്നുമണിക്കൂര്‍ സമയത്തിനുള്ളില്‍ ഒരു ദുഷ്പ്രവര്‍ത്തി മാത്രം ചെയ്ത് തിരികെ ഇങ്ങോട്ടു വരൂ, ഉള്ളതില്‍ വച്ചേറ്റവും മികച്ച സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ പ്രവേശിപ്പിക്കാം.

സന്തുഷ്ടനായ ശങ്കരന്‍ പിള്ള ഭൂമിയില്‍ വന്ന് വീണ്ടും ശരീരത്തില്‍ കയറി. പതിയെ എഴുന്നേറ്റിരുന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി ഇനിയിപ്പോ എന്തു പാപമാണ് പോയി ചെയ്യുക?

പാപങ്ങളൊന്നും ചെയ്ത് പരിചയമില്ലാത്തതിനാല്‍ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും പിള്ളക്ക് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഒന്നര മണിക്കൂര്‍ കടന്ന് പോയി. ഇനി ഒന്നര മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ. എന്തെങ്കിലും ഒരു പാപം പെട്ടെന്ന് ചെയ്യണം. അപ്പോഴാണ് ശങ്കരന്‍ പിള്ളക്ക് അടുത്ത വീട്ടിലെ ഒരു സ്ത്രീയുടെ കാര്യം ഓര്‍മ്മ വന്നത്. അവര്‍ക്ക് യൗവ്വനം കടന്ന് പോകാന്‍ ഇനി അധികം നാളുകള്‍ ഇല്ലായിരുന്നു. അവള്‍ കടക്കണ്ണുകള്‍കൊണ്ട് ശങ്കരന്‍ പിള്ളയെ ക്ഷണിക്കുക പതിവായിരുന്നു. എന്നാല്‍ മാന്യനായ ശങ്കരന്‍ പിള്ള അതൊക്കെ അവഗണിക്കുകയായിരുന്നു പതിവ്. പക്ഷെ ഇപ്പോളയാള്‍ ചിന്തിച്ചു, ‘വ്യഭിചാരം ഒരു പാപമാണല്ലോ!’

അങ്ങനെ പിള്ള ചെന്ന് ആ സ്ത്രീയുടെ കതകില്‍ മുട്ടി. അവര്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ പറഞ്ഞു, “എനിക്കു നിന്നെ വേണം.”

അയല്‍ക്കാരിക്ക് അത്ഭുതമായി. അവള്‍ ചോദിച്ചു, “നിങ്ങള്‍ മരണശയ്യയില്‍ ആണെന്നാണല്ലോ ഞാന്‍ കേട്ടത്, എന്നിട്ടിപ്പോള്‍?”

“അതൊന്നുമല്ല കാര്യം, എനിക്കു നിന്നെ വേണം.” ഇതും പറഞ്ഞ് ശങ്കരന്‍ പിള്ള അകത്തേക്ക് കടന്നു. തനിക്ക് പരിചയമില്ലാത്ത കാര്യങ്ങളൊക്കെ പിള്ള സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള ആവേശംമൂലം സാധിച്ചെടുക്കുക തന്നെ ചെയ്തു. പ്രകൃതി അവരിലേക്ക് ആവേശിക്കുകയും കാര്യങ്ങള്‍ മുറപോലെ നടക്കുകയും ചെയ്തു.

അങ്ങനെ ശങ്കരന്‍ പിള്ള വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. അയല്‍ക്കാരിയുടെ വീട്ടില്‍ കിടന്ന് മരിക്കുന്നത് ഇഷ്ടമില്ലാത്തതിനാല്‍, പിള്ള അവിടെ നിന്നും വേഗം ഇറങ്ങിപ്പോകാന്‍ ഒരുങ്ങി.

“എനിക്കു പോകണം, എനിക്കു പോകണം.” എന്ന് പറഞ്ഞ് ശങ്കരന്‍ പിള്ള ധൃതിയില്‍ അവിടെ നിന്നും ഇറങ്ങവേ, പുറകില്‍വന്ന് സ്ത്രീ കൃതാര്‍ത്ഥതയോടെ പറഞ്ഞു. “ശങ്കരന്‍ പിള്ള ചേട്ടാ, നിങ്ങള്‍ക്കറിയാമോ, എത്ര നല്ല ഒരു കാര്യമാണ് നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതെന്ന്?”

അതും സദ്പ്രവൃത്തി !

ഇങ്ങനെയാണ് നിങ്ങള്‍ ഒരു നല്ല വ്യക്തിയാണെന്ന് സ്വയം വിധിയെഴുതുന്നത്. നിങ്ങള്‍ മറ്റുള്ളവരെ നോക്കുന്നു എന്നിട്ട് നിശ്ചയിക്കുന്നു- ഇയാള്‍ ശരിയല്ല, അയാള്‍ ശരിയല്ല, ഇവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒരു നല്ലയാള്‍തന്നെ എന്നുപറഞ്ഞു നിങ്ങള്‍ സ്വയം സമാധാനിക്കുന്നു. മറ്റുള്ളവരെയെല്ലാം മോശക്കാരാക്കുമ്പോളാണ് നിങ്ങള്‍ നല്ലയാളാവുന്നത്. തങ്ങള്‍ വളരെ നല്ലവരാണെന്നു കരുതുന്ന ആളുകള്‍ക്ക് അവരുടെ അഭിപ്രായത്തില്‍ മറ്റുള്ളവരൊന്നും ശരിയല്ല.

ഈ ലോകത്തില്‍ ആരും ശരിയല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്കെന്തോ പ്രശ്നമുണ്ട്. ഇതൊരുതരം ചിത്തഭ്രമം മാത്രമാണ്. ഒരുപക്ഷേ സമൂഹത്തില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ചില സമയത്ത് അത് ആവശ്യമായിരിക്കാം. പക്ഷേ നിങ്ങളുടെ ആത്മീയ പരിണാമത്തിന് അതു ഉതകില്ല. പരിണാമം സംഭവിക്കാന്‍ സദാചാരം സഹായകരമല്ല. ഇപ്പോള്‍ വളരെ കഷ്ടപ്പെട്ടാണ് നിങ്ങളൊരു നല്ല ആളായി കഴിയുന്നത്. നിങ്ങള്‍ക്ക് അവബോധം ഇല്ലാത്തതുകൊണ്ടാണ് സദാചാരമുറകളെ മുറുകെ പിടിക്കേണ്ടി വരുന്നത്. സദാചാരതത്വങ്ങള്‍ നിങ്ങള്‍ പുറമേ നിന്നും ശേഖരിച്ചതാണ് - നിങ്ങളുടെ സമൂഹത്തില്‍നിന്നോ, മതത്തില്‍നിന്നോ, തൊഴിലില്‍നിന്നോ ഒക്കെ.

നിങ്ങള്‍ ജീവിതത്തെ തിരിച്ചറിഞ്ഞു തുടങ്ങിയാല്‍, ജീവിതത്തിനോട് പ്രതികരിച്ചു തുടങ്ങിയാല്‍, സദാചാരത്തിന്‍റെ ആവശ്യമേതുമില്ലെന്ന് നിങ്ങള്‍ക്കറിയാനാകും. ഇങ്ങനെ വര്‍ത്തിക്കണം എന്ന് മനസ്സിലായിക്കഴിയുമ്പോള്‍, ഉപദ്രവകരമായി വല്ലതും ചെയ്യാന്‍ നിങ്ങള്‍ കേവലം അപ്രാപ്തരായിത്തീരുന്നു. നിങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതു കൊണ്ടല്ല, നിങ്ങളുടെ പ്രകൃതം തന്നെ ഉപദ്രവകരമായതൊന്നും ചെയ്യാനാവാത്ത വിധത്തിലായിത്തീരുന്നു. അപ്പോള്‍ അനായേസേന നിങ്ങള്‍ ഒരു നന്മ നിറഞ്ഞ വ്യക്തി ആയി മാറുന്നു.

ഒരേ ഊര്‍ജ്ജം ദശലക്ഷകണക്കിനു വിഭിന്ന രൂപങ്ങളില്‍ പ്രകടമാകുന്നതാണ് ഈ പ്രപഞ്ചമെന്ന് ആധുനികശാസ്ത്രം സംശയാതീതമായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളും ഞാനും ഒരേ ഊര്‍ജ്ജമാണ്. നിങ്ങള്‍ പത്ത് വിരലുകളെയും നിങ്ങളുടെ ഭാഗമായി അനുഭവിക്കുന്നതുപോലെ, നിങ്ങള്‍ക്കു ചുറ്റുമുള്ള സകലരേയും നിങ്ങളുടെ ഭാഗമായി ഒരു നിമിഷനേരത്തേക്കെങ്കിലും നിങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടുകയാണെങ്കില്‍ - ഇത് ഒരു ചിന്തയോ ആശയമോ ആയല്ല - യഥാര്‍ത്ഥ അനുഭവമായി, നിങ്ങളുടെ ഒരു ശരീരഭാഗത്തെപ്പോലെ തന്നെ മറ്റുള്ളവരേയും നിങ്ങളുടെ ഭാഗമായി അനുഭവപ്പെടുകയാണെങ്കില്‍, സദാചാരസംഹിതകള്‍ പ്രത്യേകിച്ച് പഠിപ്പിച്ച് തരേണ്ട ആവശ്യമുണ്ടോ? മറ്റൊരാളെ ഉപദ്രവിക്കരുത്, കൊല്ലരുത്, അയാളുടേത് കവര്‍ന്നെടുക്കരുത്, എന്നൊക്കെ പറഞ്ഞുതന്നിട്ടു വേണോ?

യോഗ എന്നാല്‍ അതാണ്. യോഗ എന്ന വാക്ക് ഐക്യം അഥവാ സംയോഗം എന്നതില്‍ നിന്നാണ് വന്നത്. നിങ്ങളുടെ അനുഭവത്തില്‍ സകലരും, സകലതും, സര്‍വ്വവും ഒന്നായി അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങളിലൂടെ ഉള്ള അനുഭവങ്ങള്‍ക്കതീതമായി, മുഴുവന്‍ പ്രപഞ്ചത്തേയും നിങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഒരു ഭാഗമായി തന്നെ അനുഭവപ്പെടാറാകും വിധം നിങ്ങളെ പരിണാമത്തിനു വിധേയരാക്കാനുള്ള രീതിശാസ്ത്രമാണ് യഥാര്‍ത്തത്തില്‍ യോഗ. സകലരേയും തനിക്കുള്ളില്‍ തന്നെയുള്ള ഒരു ഭാഗമായി നിങ്ങള്‍ക്കനുഭവിക്കാനായാല്‍, ഒരു സദാചാരതത്ത്വവും കൂടാതെ, സാഹചര്യത്തിന് ആവശ്യമായതെന്തോ അത് നിങ്ങള്‍ സന്തോഷത്തോടെ ചെയ്യുകതന്നെ ചെയ്യും.

ഇന്നതു ചെയ്യണം, ഇന്നതു ചെയ്തുകൂടാ എന്ന രീതിയിലുള്ള സദാചാര തത്ത്വങ്ങളൊന്നും ഇവിടെ എവിടെയും കല്ലില്‍ കൊത്തിവച്ചിട്ടില്ല.

മനസ്സാക്ഷി - അന്തര്‍ബോധം

സദാചാരസംഹിതകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സംസ്കാരമായിരുന്നില്ല ഭാരതത്തിന്‍റെതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇന്നതു ചെയ്യണം, ഇന്നതു ചെയ്തുകൂടാ എന്ന രീതിയിലുള്ള സദാചാര തത്ത്വങ്ങളൊന്നും ഇവിടെ എവിടെയും കല്ലില്‍ കൊത്തിവച്ചിട്ടില്ല. വലിയ രീതിയില്‍ മാനവികതയെ ഉത്തേജിപ്പിക്കാന്‍ പ്രാപ്തരായ ആളുകളെ സൃഷ്ടിച്ചെടുക്കുന്നതിലാണ് ഈ സംസ്ക്കാരം ഊന്നല്‍ നല്‍കി പോന്നത്. സദാചാരം മാനവികതയുടെ ഒരു അനുകരണം മാത്രമാണ്, സമൂഹത്തിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് സഹായകരമായിരിക്കാം, പക്ഷേ മനുഷ്യന്‍റെ ആന്തരിക പ്രകൃതത്തെ സദാചാരം വിനാശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.

സദാചാരം നിങ്ങളെ കൂടുതല്‍ ബോധമുള്ള ഒരു വ്യക്തിയാക്കാന്‍ ഒരിക്കലും സഹായിക്കുന്നില്ല, പകരം അതു നിങ്ങളില്‍ മനസ്സാക്ഷി എന്ന ഒന്ന് നിര്‍മ്മിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് മനസ്സാക്ഷിക്കുത്ത് തോന്നുന്നത് അഥവാ കുറ്റബോധം തോന്നുന്നത് ഒരു സാമൂഹിക പ്രതിഭാസമാണ്. സമൂഹം സൃഷ്ടിച്ച പ്രമാണങ്ങളും, ചട്ടങ്ങളും നിങ്ങളില്‍ കുത്തി വയ്ക്കപ്പെട്ടതു മൂലം ഉണ്ടായതാണത്. സദാചാരം സമൂഹത്തിന്‍റെതാണ്. അത് ഓരോ വിഭാഗത്തിനും, ഓരോ സമൂഹത്തിനും വ്യത്യസ്തമായിരിക്കും. വ്യത്യസ്ഥ കാലഘട്ടങ്ങളില്‍, വ്യത്യസ്ഥ ദേശങ്ങളില്‍, വിഭിന്നമായ സദാചാര വ്യവസ്ഥകളാണ് ഉണ്ടാവുക. നിങ്ങളുടെ മുത്തശ്ശി അസന്‍മാര്‍ഗ്ഗീകം എന്നു കരുതിയത് നിങ്ങളുടെ ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് നിര്‍ലജ്ജം ചെയ്യാനാകുമായിരിക്കും. അതുകൊണ്ട് സദാചാരം എന്നത് സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് മാറിവരുന്ന ഒന്നാണ്. അസ്തിത്വപരമായി സദാചാരത്തിന് പ്രസക്തിയില്ല. പക്ഷേ മാനവികത അസ്തിത്വപരമായി പ്രസക്തമാണ്. നിങ്ങളുടെ മാനവികതയെ സജീവവും, സചേതനവുമായി നിലനിര്‍ത്തുകയാണെങ്കില്‍ ഇങ്ങനെ പെരുമാറൂ, അങ്ങനെ പെരുമാറൂ എന്നൊക്കെ മറ്റൊരാള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ട സാഹചര്യം ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ക്കുമുന്നില്‍ സമൂഹം അനുശാസിക്കുംവിധം അഭിനയിക്കാന്‍ അഭ്യസിക്കുക മാത്രമാണ് സദാചാരത്തിനെ പിന്‍പറ്റുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്, നിങ്ങള്‍ക്കുള്ളില്‍ എല്ലാ അസംബന്ധങ്ങളും അപ്പോഴും പ്രവൃത്തിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ മാനവികത പ്രോജ്വലമാകുമ്പോള്‍ മാത്രമാണ്, നിങ്ങള്‍ സ്വാഭാവികമായും നന്മനിറഞ്ഞ വ്യക്തിയായി തീരുന്നത്. അല്ലാത്ത പക്ഷം ഒരുപാട് സദാചാരസംഹിതകള്‍ പേറുന്ന ഒരു വ്യാജ മനുഷ്യന്‍ മാത്രമായിരിക്കും നിങ്ങള്‍.

മൊഴിമാറ്റം - അനൂപ് ബാലകൃഷ്ണന്‍