सद्गुरु

അന്വേഷി: സദ്‌ഗുരോ, എന്‍റെ അറിവില്ലായ്‌മകൊണ്ട് ‌ കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്‌ത ദുഷ്‌ക്കര്‍മങ്ങളുടെ തിക്തഫലങ്ങള്‍ ഞാന്‍ ഈ ജന്മത്തില്‍ അനുഭവിക്കേണ്ടതുണ്ടോ? അതിന്‌ പ്രായശ്ചിത്തമെന്ന നിലയില്‍, സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമോ?

സദ്‌ഗുരു: ശരിയാണ്‌. നിങ്ങളുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യമെങ്കില്‍ സല്‍ക്കര്‍മങ്ങള്‍ അതിന്‌ സഹായിക്കും. സല്‍ക്കര്‍മങ്ങള്‍ എന്നതുകൊണ്ട് ‌ സല്‍പ്രവൃത്തികള്‍ എന്നതിനുപരി, സദ്‌ബുദ്ധിയാല്‍ ചെയ്യുന്ന പ്രവൃത്തി എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. അതിനാലാണ്‌ സ്‌നേഹത്തെക്കുറിച്ച്‌ എല്ലായിടത്തും ഇത്രയധികം വിവക്ഷിക്കപ്പെടുന്നത്‌. സ്‌നേഹം തോന്നുമ്പോള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നു. സല്‍ക്കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നു. നിങ്ങളുടെ സ്‌നേഹം ഇന്ദ്രിയങ്ങള്‍ക്കതീതമായ, തീവ്രമായ ഒരു വികാരമാവുമ്പോള്‍ അത്‌ മോചനത്തിനുള്ള വഴിയാവുന്നു. അല്ലെങ്കില്‍ സ്‌നേഹമെന്നത്‌ സല്‍ക്കര്‍മങ്ങള്‍ ചെയ്യാനുള്ള വെറുമൊരുപാധിയായി മാറുന്നു.

നിങ്ങള്‍ ആളുകളെ നല്ലതെന്നും, ചീത്തയെന്നും വിലയിരുത്തുന്നത്‌ അവരുടെ പ്രവൃത്തി നോക്കിയാണ്‌. ഈ നല്ലവര്‍ എന്ന്‍ വിളിക്കപ്പെടുന്നവര്‍ കര്‍മങ്ങള്‍ ചെയ്യാന്‍ വിമുഖരാണ്‌. അവരെ വിശ്വസിക്കാന്‍ പറ്റാത്തവരാണ്‌. കൌശലക്കാരായ അവര്‍ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല. അവര്‍ക്കറിയാം അവര്‍ പ്രവൃത്തി ചെയ്യുമ്പോള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവരുടെ കള്ളി വെളിച്ചത്താവുമെന്ന്‍. `നല്ലവര്‍’ എന്ന്‍ വിശേഷിപ്പിക്കപ്പെടുന്നവരാണ്‌ ഒട്ടും വിശ്വസിക്കാന്‍ പറ്റാത്തവര്‍. കൌശലക്കാരായ അവര്‍ ശാരീരികമായി ഒരു പ്രവൃത്തിയും ചെയ്യുന്നില്ല, എന്നാല്‍ അതുകൊണ്ട് ‌ കര്‍മബന്ധങ്ങളില്‍ നിന്ന്‍ മുക്തരാവുന്നില്ല. നിങ്ങളുടെ സദ്‌ഗുണംകൊണ്ടോ, പ്രായോഗിക ബുദ്ധികൊണ്ടോ കര്‍മ ബന്ധങ്ങളില്‍പ്പെടാതെ സ്വയം നിയന്ത്രിക്കുകയാണെങ്കില്‍, അത്‌ മനസ്സിലാക്കാം. എന്നാല്‍ ഫലത്തെക്കുറിച്ചുള്ള ഭയത്താല്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ആ കര്‍മം വളരെ വ്യത്യസ്‌തമാണ്‌. `നല്ലവര്‍’ എന്നു വിളിക്കപ്പെടുന്നവരാണ്‌ ലോകത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍. അവര്‍ ഒരിക്കലും ഒന്നും ചെയ്യുന്നില്ല, അതിനാല്‍ പിടിക്കപ്പെടുന്നുമില്ല. അവരാണ്‌ ഏറ്റവും മോശമായ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍. പ്രവൃത്തികൊണ്ടല്ല, ചിന്തകൊണ്ടാണെന്നേയുള്ളു. ഒരു നിസ്സാരകാര്യത്തിനുവേണ്ടിപ്പോലും, ലോകത്തെ മുഴുവന്‍ മനസ്സുകൊണ്ട് ‌ കൊല്ലാന്‍ അവര്‍ തയ്യാറാണ്‌. അവരങ്ങനെയാണ്‌. മനസ്സിനുള്ളില്‍ അസൂയയും പകയും നിറഞ്ഞവരാണ്‌. എന്നാല്‍ ശരീരത്തിന്‍റെ ബലഹീനത കാരണം പ്രവൃത്തിയില്‍കൂടി എന്തെങ്കിലും കാട്ടാനുള്ള ധൈര്യം അവര്‍ക്കില്ല. ചിലപ്പോള്‍ ഇത്‌ ഒരു കൌശലവുമാവാം. അതൊന്നു മാത്രമാണ്‌ അവരെ പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന്‍ മാറ്റിനിര്‍ത്തുന്നത്.

`നല്ലവര്‍’ എന്നു വിളിക്കപ്പെടുന്നവരാണ്‌ ലോകത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍. അവര്‍ ഒരിക്കലും ഒന്നും ചെയ്യുന്നില്ല, അതിനാല്‍ പിടിക്കപ്പെടുന്നുമില്ല.

സമര്‍ത്ഥരായ ചിലരുണ്ട്‌; നല്ല സമ്പത്തും വലിയ ബംഗ്ലാവും സുന്ദരിയായ ഭാര്യയും എല്ലാമായി സുഖജീവിതം നയിക്കുന്നവര്‍, എന്നാല്‍ ഓര്‍മിപ്പിക്കാനെന്നവണ്ണം ജീവിതത്തില്‍ ചില വിപരീത മുഹൂര്‍ത്തങ്ങള്‍ വന്നെത്തും. ജീവിതത്തിന്‌ അതിന്‍റെ വഴികളുണ്ട്. ഒരിക്കല്‍ ധനികനായ ഒരു വ്യാപാരി വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍, സഹയാത്രികയായിരുന്ന പ്രെൌഢയായ സ്‌ത്രീയുടെ കയ്യില്‍ അയാള്‍ കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും വലുതും ഭംഗിയുള്ളതുമായ വജ്രമോതിരം കണ്ടു. അത്ഭുതവും ആദരവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു,

``ഹായ്‌! ഭവതിയുടെ കയ്യില്‍ കിടക്കുന്ന മോതിരം എത്ര ഭംഗിയുള്ളതാണ്‌!”

ആ സ്‌ത്രീ മറുപടി പറഞ്ഞു, "ശരിയാണ്‌, ഇതാണ്‌ ഷ്രോഡര്‍ വജ്രം. ഇത്‌ വളരെ ഭംഗിയുള്ളതാണ്‌, എന്നാല്‍ അതിനോടൊപ്പം വലിയ ഒരു ശാപവുമുണ്ട്.” ‌

"എന്ത്‌ ശാപം?” അയാള്‍ ചോദിച്ചു.

"മിസ്‌റ്റര്‍ ഷ്രോഡര്‍” അവര്‍ മറുപടി പറഞ്ഞു.

അതാണ്‌ ഞാന്‍ പറഞ്ഞത്‌, എല്ലാം ശരിയെന്ന്‍ കരുതുമ്പോഴും എന്തെങ്കിലും ഒന്ന്‍ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും, കുത്തിക്കൊണ്ടിരിക്കും. അതെപ്പോഴും അങ്ങിനെയാണ്‌. അല്ലെങ്കില്‍ നിങ്ങള്‍ ജീവിതം മറക്കും. ദൈവമാകാന്‍ ശ്രമിക്കും. നിങ്ങള്‍ നിങ്ങളുടെ പരിമിതികള്‍ മറന്നാല്‍ ഇങ്ങിനെ എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കും. അതാണ്‌ നിങ്ങളുടെ കര്‍മം. കെട്ടുപാടാണെങ്കിലും, അത്‌ നിങ്ങളുടെ അന്തിമ മോചനത്തെക്കുറിച്ചുള്ള ഒരോര്‍മപ്പെടുത്തലാണ്‌. ഉണര്‍വോടെയിരുന്നില്ലെങ്കില്‍ നിങ്ങളതില്‍ കുരുങ്ങിപ്പോവും. ഉണര്‍വോടെയിരുന്നാല്‍ അത്‌ നിങ്ങളുടെ മോചനത്തിനുള്ള പാതയായിത്തീരുന്നു. മോചനത്തിനുളള വഴി തെളിയും, അല്ലെങ്കില്‍ കൂടുതല്‍ കുരുക്ക്‌ മുറുകും. അവനവന്‍റെ പോരായ്‌മകള്‍ അറിയുന്ന ഒരുവന്‍റെ ജീവിതത്തില്‍ അസാധാരണമായി എന്തെങ്കിലും സംഭവിച്ചാലും അത്‌ അയാളെ വലുതായി അലട്ടുന്നില്ല, ബാധിക്കുന്നില്ല. ഒരാള്‍ക്ക്‌ തന്‍റെ കുഞ്ഞിനെ നഷ്‌ടപ്പെട്ടു എന്ന്‍ വിചാരിക്കുക. തല്‍ക്കാലത്തേക്ക്‌ വികാരാധീനരാവുമെങ്കിലും ഇക്കൂട്ടര്‍ കുറച്ചുകഴിയുമ്പോള്‍ സമചിത്തത കൈവരിക്കും. എന്നാല്‍ മറ്റു ചിലരാവട്ടെ തന്‍റെ കുഞ്ഞ്‌ മരിച്ചിട്ട്‌ പത്തുകൊല്ലം കഴിഞ്ഞാലും അതുo പറഞ്ഞ്‌ കരഞ്ഞുകൊണ്ടിരിക്കും. അതിന്‍റെ ചിന്തപോലും കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക്‌ അവരെ നയിക്കും; ഇതാണ്‌ കര്‍മം.

ജീവിതത്തില്‍ എന്ത്‌ സംഭവിക്കുന്നു എന്നത്‌ പ്രശ്‌നമല്ല, കര്‍മത്തിന്‍റെ മുനയൊടിക്കാന്‍ കഴിയും

ജീവിതത്തില്‍ എന്ത്‌ സംഭവിക്കുന്നു എന്നത്‌ പ്രശ്‌നമല്ല, കര്‍മത്തിന്‍റെ മുനയൊടിക്കാന്‍ കഴിയും. ആദ്ധ്യാത്മിക പാതയിലൂടെ അല്ല നിങ്ങള്‍ സഞ്ചരിക്കുന്നതെങ്കില്‍, പെട്ടെന്ന്‍ എല്ലാം മാറ്റിയെടുക്കുവാന്‍ കഴിയില്ല, എന്നാല്‍ നിങ്ങളുടെ സഞ്ചാരം ആദ്ധ്യാത്മിക പാതയിലൂടെ അല്ലാത്തപ്പോള്‍പോലും, വേണ്ടത്ര വിവേകബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ കാഠിന്യം തീര്‍ച്ചയായും കുറയ്ക്കാന്‍ സാധിക്കും. ചില കാര്യങ്ങള്‍ തീര്‍ച്ചയായും സംഭവിക്കുമെങ്കിലും, മറ്റുള്ളതിന്‍റെ മുനയൊടിക്കാന്‍ സാധിക്കും. എന്നാല്‍ പൂര്‍ണ ബോധത്തോടെ ആത്മീയപാതയില്‍ സഞ്ചരിക്കുന്ന ആള്‍ക്ക്‌ തീര്‍ച്ചയായും ഇതെല്ലാം ഉപേക്ഷിക്കാന്‍ കഴിയും. നിങ്ങള്‍ക്കതിനുള്ള ഉള്‍പ്രേരണയുണ്ടെങ്കില്‍, അത്‌ ചെയ്യാനുള്ള സ്വഭാവവൈശിഷ്‌ട്യമുണ്ടെങ്കില്‍, ഈ ഈഷായോഗ പരിപാടി കഴിയുമ്പോള്‍ എല്ലാ ഭാരവും ഇവിടെ ഇറക്കിവച്ചിട്ട്‌ പോകാന്‍ കഴിയും. അതിനുള്ള അവസരം ഇവിടെയുണ്ട്. ആരെങ്കിലും ആ സാധ്യത ഉപയോഗപ്പെടുത്തിയാലും ഇല്ലെങ്കിലും ആ സാധ്യത എല്ലായ്‌പ്പോഴും നിങ്ങള്‍ക്കായി തുറന്നിരിക്കുന്നു.

hhttps://upload.wikimedia.org/wikipedia/commons/9/9f/Vrubel_Demon.jpg