പവിത്രീകരണകര്‍മ്മം എന്നാല്‍ എന്താണ്? (Consecration)

ആരോഗ്യം ഒരുതരത്തിലുള്ള ഊര്‍ജ്ജമാവുമ്പോള്‍ രോഗം മറ്റൊരു തരത്തിലുള്ള ഊര്‍ജം. സമാധാനം, കലഹം, സന്തുഷ്ടി, അസന്തുഷ്ടി, ഇതെല്ലാം ഊര്‍ജ്ജം തന്നെ. ഞാന്‍ സൃഷ്ടിക്കുന്നത്, സമാധാനവും സന്തോഷവും ആനന്ദവും ആരോഗ്യവും നിലനില്‍ക്കുന്ന ഒരു ചുറ്റുപാടാണ്
 

ഇടങ്ങള്‍ പവിത്രീകരിക്കുന്ന അനുഷ്ഠാനം, എന്താണ് അതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത്? ഉദാഹരണത്തിന് സ്പന്ദാഹാള്‍ തുറക്കുന്നതിനു മുന്‍പ് അതിനെ പവിത്രീകരിച്ച കാര്യം.

 

അമ്പേഷി: ഇടങ്ങള്‍ പവിത്രീകരിക്കുന്ന അനുഷ്ഠാനങ്ങളെക്കുറിച്ച് അങ്ങ് ലബണനില്‍ ഒരു സത്സംഗത്തില്‍വച്ച് പറയുകയുണ്ടായി. എന്താണ് അതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത്? ഉദാഹരണത്തിന് സ്പന്ദാഹാള്‍ തുറക്കുന്നതിനു മുന്‍പ് അതിനെ പവിത്രീകരിച്ച കാര്യം. എന്തനുഷ്ഠാനങ്ങളാണ് അങ്ങ് ചെയ്തത്? അവ എന്തിനു വേണ്ടിയായിരുന്നു?

സദ്ഗുരു: അശുദ്ധമാക്കുക എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? എങ്കില്‍ അതിന്‍റെ മറുവശമാണ് പവിത്രീകരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലവിധത്തില്‍ അത് നിര്‍വ്വഹിക്കാം. ഉദ്ദേശവും പ്രയോഗ രീതിയുമനുസരിച്ച് പലവിധത്തില്‍ ഈ പവിത്രീകരണ പ്രക്രിയ നടത്താം. ഇടങ്ങളുടെ പവിത്രീകരണവും അതാതിന്‍റെ ഉദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്നു. ഞാന്‍ ഒരു ഇടം പവിത്രീകരിച്ചു കഴിഞ്ഞാല്‍ അതിനെ അതേ രീതിയില്‍ നിലനിര്‍ത്തുകയാണ് പ്രധാനം. അല്ലെങ്കില്‍ അതുപോലെ നിലനില്‍ക്കുകയില്ല. ആ പവിത്രീകരണ പ്രക്രിയ എപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുവാനായി ഒരു ഉപകരണം ഞാന്‍ സ്ഥാപിക്കുന്നു. സ്പന്ദാഹാള്‍ “ഭാവസ്പന്ദനയ്ക്കും” “സംയമയ്ക്കും” വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോള്‍ അത് ഒരു പ്രത്യേക രീതിയില്‍ പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ തീവ്രമായ ഊര്‍ജപ്രഭാവം, വിരല്‍ ഞൊടിക്കുമ്പോള്‍ സംഭവിക്കുന്നതിനായി ഞാന്‍ അതിനെ ഉപകരണങ്ങള്‍ കൊണ്ട് പവിത്രീകരിക്കും.
<p style="text-align: left; font-size: 20px; line-height: 26px;">

അശുദ്ധമാക്കുക എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? എങ്കില്‍ അതിന്‍റെ മറുവശമാണ് പവിത്രീകരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
</p>

ധ്യാനലിംഗക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു പോവുന്നത് ഒട്ടേറെയാളുകള്‍ക്കും സംഭവിക്കുന്ന കാര്യമാണ്. ഇവിടെ മാത്രമല്ല, മറ്റു പല ക്ഷേത്രങ്ങളിലും അവിടുത്തെ ശക്തിപ്രഭാവം കാരണം, അതിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ഊര്‍ജസ്ഥിതിയും ഔന്നത്യത്തിലെത്തും. ആ ഇടങ്ങള്‍ ഏങ്ങനെ പവിത്രീകരിക്കപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. മണ്ണ് പാകപ്പെടുത്തുന്നതു പോലെയൊരു കാര്യമാണത്. നെല്‍ക്കൃഷി ചെയ്യുന്നതിന് അതിനുവേണ്ട രീതിയില്‍ മണ്ണ് പാകപ്പെടുത്തും. ഗോതമ്പിന് മറ്റൊരു രീതി, കാരറ്റിന് വേറൊന്ന്, ഇങ്ങിനെ മാറി മാറി വരും. വിളകള്‍ മാറുമ്പോള്‍ കൃഷിരീതിയും മാറുന്നു. ധ്യാനത്തിനുള്ള ഇടം സൃഷ്ടിക്കുമ്പോള്‍ ഒരുതരത്തില്‍ അതിനെ പവിത്രീകരിക്കും. ഓരോന്നിനും യോജിച്ച രീതിയിലുള്ള ചുറ്റുപാടുകളും ഊര്‍ജവുമാണ് ഞാന്‍ സൃഷ്ടിക്കുന്നത്. ഞാന്‍ പറയാറുള്ളതുപോലെ എല്ലാം ഊര്‍ജമാണ്. ആരോഗ്യം ഒരുതരത്തിലുള്ള ഊര്‍ജ്ജമാവുമ്പോള്‍ രോഗം മറ്റൊരു തരത്തിലുള്ള ഊര്‍ജം. സമാധാനം ഒരുതരത്തിലുള്ള ഊര്‍ജം, കലഹം മറ്റൊരൂര്‍ജം,അതുപോലെ സന്തുഷ്ടിയും, അസന്തുഷ്ടിയും. അതിനാല്‍ ഞാന്‍ സൃഷ്ടിക്കുന്നത്, സമാധാനവും സന്തോഷവും ആനന്ദവും ആരോഗ്യവും നിലനില്‍ക്കുന്ന ഒരു ചുറ്റുപാടാണ്. മറ്റുള്ളവര്‍ക്ക് ആ ഊര്‍ജം ഉപയോഗിക്കാന്‍ സാധിക്കും.

അമ്പേഷി: അത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കുമോ?

സദ്ഗുരു: അത് ആര്‍ക്കെങ്കിലും പഠിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും. എന്നാല്‍ അത് നിങ്ങള്‍ എങ്ങനെ പഠിക്കും? അത് ആത്മനിഷ്ഠമാണ്, ആന്തരികമാണ്. അതുമായി ബന്ധപ്പെട്ട് ബാഹ്യമായ ആചാര രീതികള്‍ പഠിക്കാന്‍ കഴിയും. ഉദാഹരണത്തിന് മനുഷ്യര്‍ പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നി ഉപയോഗിച്ച് അഗ്നിഹോത്ര യജ്ഞം നടത്തുന്നു. യജ്ഞങ്ങളും യാഗങ്ങളും നടത്തി അവര്‍ ഇടം പവിത്രീകരിക്കുന്നു. അതും ഒരു മാര്‍ഗമാണ്, എന്നാല്‍ അത് ബൃഹത്തായ ഒരു രീതിയാണ്, നൂറുശതമാനം കുറ്റമറ്റതല്ലതാനും.

അമ്പേഷി: ഏതെങ്കിലും കാര്യത്തിനുവേണ്ടി, മനുഷ്യരേയും ഇതുപോലെ പവിത്രീകരിക്കാനാവുമോ?

സദ്ഗുരു: ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. യോഗയിലേക്കുള്ള തുടക്കം കുറിക്കല്‍ ഒരു പവിത്രീകരണമാണ്. 'ശൂന്യ'ധ്യാനത്തിലേക്കുള്ള തുടക്കം കുറിക്കുമ്പോള്‍ മാത്രമല്ല, അതുപോലെ മറ്റുപല സന്ദര്‍ഭങ്ങളിലും ഞാന്‍ മനുഷ്യരെ പവിത്രീകരിക്കാറുണ്ട്. മോചനത്തിലേക്കുള്ള ശക്തമായ ഉപാസനയായ 'ശൂന്യ'യിലേക്കുള്ള തുടക്കം ഒരു സാധാരണ രീതി മാത്രമാണ്. പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെയുള്ള മറ്റുപല തരത്തിലുള്ള തുടക്കങ്ങളും ഞാന്‍ ജനങ്ങള്‍ക്ക് നല്‍കാറുണ്ട്. നിങ്ങളില്‍നിന്ന് ചിലകാര്യങ്ങള്‍ എടുത്ത് മാറ്റപ്പെട്ടതായി നിങ്ങള്‍ക്കനുഭവപ്പെടും. ആളുകളെ പവിത്രീകരിക്കുക എന്ന പ്രയോഗം ശരിയല്ല. ഞാന്‍ അതിനെ പവിത്രീകരണം എന്നല്ല, ദീക്ഷ നല്‍കല്‍ എന്ന് പറയുന്നതാവും ശരി. ഒരാളുടെ ഉള്ളില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നതിനെ പവിത്രീകരണം എന്ന് വിളിക്കാമെങ്കില്‍ അങ്ങിനെയാവാം.
<p style="text-align: left; font-size: 20px; line-height: 26px;">

ഒരാളുടെ ഉള്ളില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നതിനെ പവിത്രീകരണം എന്ന് വിളിക്കാമെങ്കില്‍ അങ്ങിനെയാവാം
</p>

ഉദാഹരണത്തിന് ഞാന്‍ ബ്രഹ്മചാരികള്‍ക്ക് ദീക്ഷ നല്‍കുമ്പോള്‍ ഇരുപത്തിനാലു മണിക്കുറിനുള്ളില്‍ അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. എത്ര വലിയ മാറ്റങ്ങളാണ് കഴിഞ്ഞ തവണ സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടുവോ? പ്രത്യേക തയ്യാറെടുപ്പുകളോടെ നടത്തപ്പെടുന്ന ശക്തമായ ഒരു ചടങ്ങാണത്. ക്ഷമയോടുകൂടി, വലിയ കുഴപ്പങ്ങളൊന്നുമുണ്ടാക്കാതെ, തൂത്തുവാരുകയോ, വെടിപ്പാക്കുകയോ ഒക്കെ ചെയ്ത് ഒന്നു രണ്ടുകൊല്ലം കഴിച്ചൂകൂട്ടിയാണ് അവര്‍ തയ്യാറാവുക. ഈഷയില്‍ ഞാന്‍ ചെയ്യുന്നതതാണ്. ഞാന്‍ അവരോട് സംസാരിക്കാറുപോലുമില്ല. അവരെ മീറ്റിംഗുകള്‍ക്ക് വിളിക്കുകയോ, അവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയോ ചെയ്യാറില്ല. ഈ ചുറ്റുപാടില്‍ അവര്‍ കഴിയുന്നു, അത്രമാത്രം. എന്നാല്‍ തുടക്കത്തിലേ ശക്തിപ്രഭാവത്താല്‍ അവര്‍ തയ്യാറെടുക്കുന്നു. അപ്പോള്‍ ദീക്ഷ നല്‍കലിന്‍റെ ശക്തിപ്രഭാവം വര്‍ദ്ധിക്കുന്നു, കാരണം അവര്‍ വേണ്ട വിധത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നു.