ഈ പാരമ്പര്യത്തെ നമുക്കു കാത്തുസൂക്ഷിക്കാം
വഴി ഏതായാലും ഭാരതീയരെ സംബന്ധിച്ചിടത്തോളം ലക്ഷ്യം ഒന്നു മാത്രമാണ്, പരമമായ സ്വാതന്ത്ര്യം! ഇതിനുവേണ്ടി മാത്രമാണ് നമ്മുടെ സംസ്കാരം നിലകൊള്ളുന്നത്. നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, ഓരോന്നും രൂപപ്പെടുത്തിയിട്ടുള്ളത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണ്.
 
 

सद्गुरु

ഗൃഹസ്ഥനായി ജീവിച്ച് സ്വകര്‍മ്മങ്ങളനുഷ്ഠിച്ച് മുക്തിനേടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാവട്ടെ. അല്ല, ഏകാന്തപഥികനായി മുക്തിപഥത്തിലൂടെ യാത്ര ചെയ്യാനാണോ താല്‍പര്യം, എങ്കില്‍ ആ വഴി പോകാം.

സദ്‌ഗുരു : ഈശാ വിദ്യാലയങ്ങള്‍ ആദ്യമായി സന്ദര്‍ശിക്കുന്നവര്‍ അത്ഭുതം പ്രകടിപ്പിക്കാറുണ്ട്, "കുട്ടികളെ തറയിലാണൊ ഇരുത്തുന്നത്?" ചിലവു കുറക്കാന്‍ വേണ്ടിയുള്ള ഒരുപായമല്ല ഇത്. മേശ, കസേര ,ബെഞ്ചുകള്‍ തുടങ്ങിയവ വാങ്ങിക്കാതെ പണം ലാഭിക്കാമെന്ന ചിന്തയല്ല ഇതിനു പുറകിലുള്ളത്. ചമ്രം പടിഞ്ഞ് താഴെ ഇരിക്കുന്നതുകൊണ്ട് ശരീരത്തിനും മനസ്സിനും വളരെയധികം പ്രയോജനമുണ്ട്. ശാരീരികമായും മാനസികമായുള്ള വളര്‍ച്ചയെ ഇത് സഹായിക്കുന്നു. ഇതുപോലെ ഭാരതീയ സമ്പ്രദായത്തില്‍ നിത്യജീവിതത്തിലെ ഓരോ സംഗതിയും ചിട്ടപ്പെടുത്തിയിരിക്കുന്നത് വളരെയേറെ അറിഞ്ഞും ആലോചിച്ചിട്ടുമാണ്. അതുകൊണ്ടുതന്നെ ഈ പാരമ്പര്യം ഭദ്രമായി സൂക്ഷിക്കേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതുമാണ്.

ഇത്രയും ശാസ്ത്രയുക്തവും യുക്തിസഹവുമായ ഒരു പാരമ്പര്യം വളര്‍ത്തിടെയുക്കാന്‍ ആയിരമായിരം ആണ്ടുകള്‍ വേണ്ടിവന്നു എന്നുംകൂടി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്

സ്വന്തം പാരമ്പര്യത്തോട് വൈകാരികമായൊരു ബന്ധം ഏതൊരു സമൂഹത്തിനും സ്വാഭാവികമായി ഉണ്ടാകും. അതുകൊണ്ടുമാത്രമല്ല നമ്മള്‍ അതിനെ പരിരക്ഷിക്കേണ്ടത്. ശാസ്ത്രീയമായ അടിസ്ഥാനത്തിലാണ് അതിന്‍റെ രൂപകല്‍പന എന്നുകൂടി നമ്മള്‍ ഓര്‍മ്മവെക്കേണ്ടതാണ്. ഇത്രയും ശാസ്ത്രയുക്തവും യുക്തിസഹവുമായ ഒരു പാരമ്പര്യം വളര്‍ത്തിടെയുക്കാന്‍ ആയിരമായിരം ആണ്ടുകള്‍ വേണ്ടിവന്നു എന്നുംകൂടി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മനുഷ്യനെ പരമസ്വാതന്ത്ര്യത്തിലേക്കു നയിക്കുക എന്ന ഏക ലക്ഷ്യത്തോടുകൂടിയ സമഗ്രമായ ഒരു പദ്ധതിയാണ് ഭാരതീയ സംസ്കാരം. നിങ്ങള്‍ ചെയ്യുന്നതെന്തും നിങ്ങളുടെ ബാഹ്യവും ആന്തരികവുമായ സൗഖ്യത്തിനുതകുന്നതാകണം. കായികമായ പ്രവര്‍ത്തികളായാലും നൃത്തസംഗീതാദി കലകളായാലും ലക്ഷ്യം ഒന്നുമാത്രം - വ്യക്തിയുടെ ആത്യന്തികമായ സ്വാതന്ത്ര്യം. ശാസ്ത്രീയ നൃത്തസംഗീതാദികളില്‍ പൂര്‍ണമായും മുഴുകുന്നവര്‍ സ്വാഭാവികമായും ആത്മീയതയിലേക്കു തിരിയുന്നതായി കാണാവുന്നതാണ്. അതല്ലാതെ വേറൊരു വഴിയില്ല എന്നതാണ് സത്യം.

സാംസ്കാരിക പാരമ്പര്യത്തിന്‍റേതായ ഈ ചരട് നമ്മള്‍ സുദൃഢമായി സൂക്ഷിക്കേണ്ടതുണ്ട്, കാരണം, ഈ സംസ്കാരം നഷ്ടപ്പെട്ടാല്‍ ഭൂമിയില്‍ ആദ്ധ്യാത്മികത എന്നൊന്ന് ഇല്ലാതാവുമെന്നുള്ളത് സ്പഷ്ടമാണ്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ഒരോ പ്രദേശത്തിനുമുണ്ട് തനതായ ഭാഷയും, ആചാരാനുഷ്ഠാനങ്ങളും, വസ്ത്രധാരണ രീതിയും, ഭക്ഷണസമ്പ്രദായങ്ങളും. എന്നാലും സാംസ്കാരിക പാരമ്പര്യത്തിന്‍റേതായ ഒരു ചരട് അവരെ ബന്ധിച്ചു നിര്‍ത്തുന്നതായി കാണാം. അളന്നു തിട്ടപ്പെടുത്താനാവാത്ത ഏതോ ഒന്ന്, എന്നാലും അതവിടെയുണ്ട്. ലോകത്ത് എവിടെച്ചെന്നാലും ഒരിന്ത്യക്കാരനെ ഏതു തിരക്കിലും നമുക്കു തിരിച്ചറിയാം, അയാളുടെ ഇരിപ്പ്, നടപ്പ്, നില്‍പ്, തനതായ ഒരു പ്രത്യേകത എന്തിലും ഏതിലും!

സാംസ്കാരിക പാരമ്പര്യത്തിന്‍റേതായ ഈ ചരട് നമ്മള്‍ സുദൃഢമായി സൂക്ഷിക്കേണ്ടതുണ്ട്, കാരണം, ഈ സംസ്കാരം നഷ്ടപ്പെട്ടാല്‍ ഭൂമിയില്‍ ആദ്ധ്യാത്മികത എന്നൊന്ന് ഇല്ലാതാവുമെന്നുള്ളത് സ്പഷ്ടമാണ്

ഭാരതീയ സംസ്കാരം യാദൃശ്ചികമായി രൂപംകൊണ്ട ഒന്നല്ല. ഭൗതീകമായ സുഖസൗകര്യങ്ങള്‍ ഒരു കാലത്തും അതിന്‍റെ ലക്ഷ്യവുമായിരുന്നില്ല. ആത്മസാക്ഷാത്കാരം സിദ്ധിച്ച മഹാജ്ഞാനികളാണ് ഇതിന്‍റെ പ്രണേതാക്കള്‍. ഓരോ വ്യക്തിയുടേയും ആത്യന്തികമായ സ്വാതന്ത്ര്യമാണ് ഇതിന്‍റെ ലക്ഷ്യം. ആത്മസാക്ഷാത്കാരം സിദ്ധിച്ച ഋഷിവര്യന്‍മാരിലൂടെയാണ് ഈ പാരമ്പര്യം രൂപം പ്രാപിച്ചത്. ആദ്യം മുതല്‍ തന്നെ ശാന്തവും സൗമ്യവുമായ എന്തോ ഒന്ന് ഇതില്‍ ഇഴചേര്‍ന്നിരുന്നു. ദൈവീകതയുടെ പേരില്‍ ഇതിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ദുരുപയോഗപ്പെടുത്തരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അഥവാ വ്യക്തികള്‍ ദുരുപയോഗപ്പെടുത്തിയാല്‍ തന്നേയും അതിന് ദൈവീകമായ പിന്‍തുണ ഉണ്ടായിക്കൂടാ.

ഭാരതീയ സംസ്കാരത്തിന് സഹജമായിട്ടുള്ള സഹിഷ്ണുതയും, സൗമനസ്യവും ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ദൗര്‍ബല്യമായി പുറമേയുള്ളവര്‍ തെറ്റിദ്ധരിച്ചു. അതിനെ അവര്‍ അങ്ങേയറ്റം ചൂഷണം ചെയ്തു. സൗമനസ്യത്തിന്‍റേയും സഹിഷ്ണുതയുടേയും പേരില്‍ ഭാരതത്തിന് സഹിക്കേണ്ടിവന്നത് കനത്ത നാശനഷ്ടങ്ങളായിരുന്നു. ലോകം സൈനിക ശക്തിയില്‍നിന്നും സാമ്പത്തിക ശക്തിയിലേക്കു ദിശമാറി സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതീയ സംസ്കാരം അതിന്‍റെ എല്ലാ വൈഭവങ്ങളോടുംകൂടി പ്രകടമാവാനുള്ള സമയമാണിത്. സാംസ്കാരികമായ ശക്തി വെളിപ്പെടുത്താനുള്ള കാലം.

മനുഷ്യന്‍റെ ആത്യന്തികമായ മുക്തി എന്ന കാതലായ ആ ലക്ഷ്യം, അതിലായിരിക്കണം നമ്മള്‍ ശ്രദ്ധ ഊന്നേണ്ടത്. ആ ലക്ഷ്യം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞാല്‍, അതിനുവേണ്ടി ഓരോരുത്തരും ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ തുടങ്ങിയാല്‍, എല്ലാ പ്രയത്നവും തീര്‍ത്തും ആയാസരഹിതമാകും. പക്ഷെ മാനസികമായും, കായികമായും, ബൗധികമായും എല്ലാവരും അതിനു തയ്യാറാകണമെന്നു മാത്രം. ആ ലക്ഷ്യം പുനഃസ്ഥാപിക്കുക എന്നതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. വേറിട്ട ഒരായിരം വിഷയങ്ങളിലേക്ക് ശ്രദ്ധ പതറിപ്പോകുന്ന കാലമാണിത്. സ്വന്തം മുക്തി എന്ന ലക്ഷ്യത്തില്‍ ശ്രദ്ധ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും അവന്‍റെ തുടര്‍ന്നുള്ള യാത്രയില്‍ പ്രതിബന്ധമാവുന്നില്ല. അതുമാത്രം മതി, അവന് എല്ലാ ശക്തിയും പകര്‍ന്നു നല്‍കാന്‍!

 
 
  0 Comments
 
 
Login / to join the conversation1