പരമ്പരാഗതമായ രോഗങ്ങള്‍... ഒഴിവാക്കാനാകുമൊ ?
തലമുറകളിലൂടെ കൈമാറിവരുന്ന ചില രോഗങ്ങള്‍ ഒഴിവാക്കാനാവില്ല എന്നാണ്‌ പൊതുവേയുള്ള ധാരണ. ‘അച്ഛന് എപ്പോഴും കൂടിയ രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു, അതുപോലെ ഇപ്പോള്‍ മകനും’, സര്‍വ്വസാധാരണമായി കേള്‍ക്കാറുള്ള വാക്കുകള്‍.ശാസ്‌ത്രം പറയുന്നത്‌ പക്ഷെ മറിച്ചാണ്‌.
 
 

सद्गुरु

തലമുറകളിലൂടെ കൈമാറിവരുന്ന ചില രോഗങ്ങള്‍ ഒഴിവാക്കാനാവില്ല എന്നാണ്‌ പൊതുവേയുള്ള ധാരണ. ‘അച്ഛന് എപ്പോഴും കൂടിയ രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു, അതുപോലെ ഇപ്പോള്‍ മകനും’, സര്‍വ്വസാധാരണമായി കേള്‍ക്കാറുള്ള വാക്കുകള്‍.ശാസ്‌ത്രം പറയുന്നത്‌ പക്ഷെ മറിച്ചാണ്‌.

രക്തസമ്മര്‍ദം, പ്രമേഹം, കാന്‍സര്‍, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, മാനസികമാന്ദ്യം, തുടങ്ങിയവ തലമുറകളില്‍നിന്നും തലമുറകളിലേക്കു പകരുന്നു എന്നത്‌ തെറ്റാണെന്നല്ല; എങ്കിലും വ്യക്തിയുടെ ജീവിതശൈലിക്കും സാഹചര്യങ്ങള്‍ക്കും അതില്‍ ഗണ്യമായ പങ്കുണ്ട്‌ എന്നതാണ്‌.

അടുത്ത കാലത്ത്‌ ന്യൂ ഡെല്‍ഹിയില്‍ വെച്ച്‌ സദ്‌ഗുരു ഡോക്‌ടര്‍ സജ്ജീവ്‌ കെ ചൌധ്‌രിയുമായി ഒരു ചര്‍ച്ച നടത്തുകയുണ്ടായി. ഡോക്‌ടര്‍ ചൌധ്‌രി "സൂപ്പര്‍ റെലിഗെയര്‍” ലബോറട്ടറിസിന്റെ മേധാവിയാണ്‌. ചര്‍ച്ചക്കിടയില്‍ ‘പരമ്പരാഗത രോഗങ്ങളും യോഗശാസ്‌ത്രവും’ എന്ന വിഷയത്തെകുറിച്ച്‌ സദ്‌ഗുരു വിശദമായി സംസാരിക്കുകയുണ്ടായി. അതിലെ പ്രസക്ത ഭാഗങ്ങളാണ്‌ താഴെ കൊടുത്തിട്ടുള്ളത്‌.

സദ്‌ഗുരു :  ശരീരത്തിന്റെ സ്വാഭാവികമായ ശരീരഘടന പൂര്‍ണമായ ആരോഗ്യത്തോടു കൂടിയുള്ളതാണ്‌. ജനിതകമായ ചില തകരാറുകള്‍ അല്ലെങ്കില്‍ ഘടകങ്ങള്‍ അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നുവെന്ന്‍ ഡോക്‌ടര്‍മാര്‍ പറയുമായിരിയ്ക്കാം. അതെല്ലാം ഒരു "പൊതുജ്ഞാനം” എന്ന നിലയ്ക്കെടുത്താല്‍ മതി എന്നാണ്‌ എന്റെ പക്ഷം. ഈ വിവരണങ്ങള്‍ പ്രയോജനപ്പെടുത്തി സംഗതികള്‍ കൂടുതല്‍ ഗുണനിലവാരമുള്ളതാക്കാന്‍ നമുക്ക്‌ നിശ്ചയമായും സാധിക്കും. അതല്ലെങ്കില്‍, “എന്തെങ്കിലും ആവട്ടെ” എന്നുകരുതി അതേ നിലയില്‍ തുടര്‍ന്നുകൊണ്ടുപോകാനുമാവും. തീരുമാനം എന്തായാലും അത്‌ വ്യക്തിഗതമാണ്‌. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക്‌ ബന്ധനമോ മോചനമോ തിരഞ്ഞെടുക്കാം. അതിന്‌ വേണ്ടത്‌ ബുദ്ധിപരമായ സമീപനം മാത്രം.

അറിവുകള്‍ പ്രയോജനപ്പെടുത്തി പലേ വൈഷമ്യങ്ങളും നമുക്കൊഴിവാക്കാനാകും എന്ന സത്യം മനസ്സിലുണ്ടായാല്‍ മതി. പ്രമേഹരോഗിയായിരുന്ന മുത്തശ്ശന്റെ ദുശ്ശീലങ്ങള്‍ സ്വന്തം ജീവിതത്തില്‍ പറ്റിപ്പിടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം.

“എന്റെ മുത്തശ്ശന്‌ പ്രമേഹമുണ്ടായിരുന്നു,” അതറിഞ്ഞിരിക്കേണ്ട കാര്യമാണ്. ``അദ്ദേഹത്തിന്റെ ശീലങ്ങളെറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും എനിക്കു നന്നായി അറിയാം, പാരമ്പര്യമായി ആ രോഗം എനിക്കും വന്നേക്കാം.” അതും അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെ. പക്ഷെ ഇത്തരം അറിവുകളെല്ലാം ഒരുതരം ചങ്ങലക്കെട്ടുകളാണെന്ന്‍ കരുതേണ്ട കാര്യമില്ല. അതേ അറിവുകള്‍ പ്രയോജനപ്പെടുത്തി പലേ വൈഷമ്യങ്ങളും നമുക്കൊഴിവാക്കാനാകും എന്ന സത്യം മനസ്സിലുണ്ടായാല്‍ മതി. പ്രമേഹരോഗിയായിരുന്ന മുത്തശ്ശന്റെ ദുശ്ശീലങ്ങള്‍ സ്വന്തം ജീവിതത്തില്‍ പറ്റിപ്പിടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം. അതുപോലെതന്നെ അദ്ദേഹത്തിനുണ്ടായിരുന്ന പ്രതികൂലമായ ജീവിത സാഹചര്യങ്ങളേയും പരമാവധി ഒഴിവാക്കാന്‍ നമുക്കു ശ്രമിയ്ക്കാമല്ലോ.

ഒരാളെ സൂക്ഷ്‌മമായി ഒരു പ്രത്യേക രീതിയില്‍ നിരീക്ഷിച്ചാല്‍ എനിക്കു പറയാനാവും, അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ എന്ത്‌ രോഗമാണ്‌ അയാളെ ബാധിയ്ക്കാന്‍ പോകുന്നതെന്ന്‍. സാധാരണയായി ഞാന്‍ അതു ചെയ്യാറില്ല, അതിലും പ്രധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ വേറെയും ഒരു പിടിയുണ്ടല്ലോ! പതിനഞ്ചുകൊല്ലം കഴിഞ്ഞാല്‍ നിങ്ങളുടെ ആരോഗ്യം ഏതു നിലയിലാവുമെന്നോര്‍ത്ത്‌ എന്‍റെ സമയം ഞാന്‍ വ്യര്‍ത്ഥമാക്കുന്നതില്‍ കാര്യമൊന്നുമില്ലല്ലോ. തല്‍ക്കാലം എന്റെ ശ്രദ്ധ ഈ പതിനഞ്ചുകൊല്ലം നിങ്ങള്‍ ബോധപൂര്‍വ്വം ജീവിക്കാന്‍ പോകുന്നുണ്ടോ ഇല്ലയോ എന്നതിലാണ്‌.

നിങ്ങളുടെ ശരീരവും മനസ്സും ഇപ്പോള്‍തന്നെ അതിനെച്ചൊല്ലി പിറുപിറുക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. അമ്പതു വയസ്സില്‍ ഹൃദയാഘാതം ഉണ്ടാകാന്‍ പോകുന്ന ഒരാളുടെ ശരീരം മുപ്പതു മുപ്പത്തിയഞ്ചു വയസ്സാകുമ്പോഴേക്കുംതന്നെ അതിനെപറ്റി വ്യാകുലപ്പെടുവാന്‍ തുടങ്ങിയിരിക്കും. നിങ്ങള്ക്ക് തന്നെ അറിയാം, നിങ്ങളുടെ ഭക്ഷണക്രമം ശരിയല്ല, വ്യായാമം തീരെയില്ല, എപ്പോഴും എല്ലാത്തിനെപ്പറ്റിയും ഉല്‍ക്കണ്ഠ എന്നൊക്കെ. ഇതെല്ലാം ഇടയ്ക്ക് വല്ലപ്പോഴും നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്. പക്ഷെ അതിനെ നാളെ നോക്കാം, നാളെ നോക്കാം എന്ന് പറഞ്ഞു നിങ്ങള്‍ നിസ്സാരമായി തള്ളിക്കളയുന്നു.

വേണ്ടവിധം നമ്മുടെ ബുദ്ധിശക്തിയെ വികസിപ്പിക്കുകയാണെങ്കില്‍, ഉപകരണങ്ങളുടെ സഹായം കൂടാതെതന്നെ പല പഠനങ്ങളും നമുക്ക്‌ സ്വയം നടത്താനാവും.

ആധുനികവൈദ്യശാസ്‌ത്രത്തിന്‌ ഒരു വര്‍ഷം മുമ്പേ തന്നെ, ഹൃദയാഘാതത്തിന്‌ സാദ്ധ്യതയുണ്ട്‌ എന്നു പ്രവചിക്കാനുള്ള കഴിവുണ്ട്‌. ഇരുപതു കൊല്ലം മുമ്പ്‌ അവര്‍ക്കിത്‌ സാധിക്കുമായിരുന്നില്ല. ശരീരത്തിന്റെ സവിശേഷതകളും ലക്ഷണങ്ങളും നിരീക്ഷിച്ച്‌ വരാന്‍പോകുന്ന രോഗങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കൂടുതല്‍, കൂടുതല്‍ സംവിധാനങ്ങള്‍ ശാസ്‌ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാലും ഈ നിരീക്ഷണങ്ങളൊക്കെ നടത്തുന്നത്‌ പല തരത്തിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌. ആ വിഷയം എപ്പോഴും ഓര്‍മ വേണം, വെറും ഉപകരണങ്ങളാണ് ഈ നിരീക്ഷണങ്ങളൊക്കെ നടത്തുന്നത് എന്നത്. ഈ ഉപകരണങ്ങളും മനുഷ്യബുദ്ധിയില്‍ നിന്നും ഉത്ഭവിച്ചതു തന്നെയാണ്. വേണ്ടവിധം നമ്മുടെ ബുദ്ധിശക്തിയെ വികസിപ്പിക്കുകയാണെങ്കില്‍, ഉപകരണങ്ങളുടെ സഹായം കൂടാതെതന്നെ പല പഠനങ്ങളും നമുക്ക്‌ സ്വയം നടത്താനാവും.

അതിനു വേണ്ടത് തികഞ്ഞ അര്‍പ്പണബോധവും, സാമാന്യത്തിലധികം തീവ്രമായ ഏകാഗ്രതയുമാണ്‌, എന്നാല്‍ ഈ അര്‍പ്പണബോധം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തികച്ചും ഒരു അസുലഭവസ്‌തുവായി മാറിയിരിക്കുന്നു. മുടങ്ങാതെയുള്ള യോഗയും ധ്യാനവും ഏകാഗ്രത വര്‍ധിപ്പിക്കും, ഗ്രഹണശക്തി കൂട്ടും. സ്വന്തം ഗ്രഹണശക്തിയും ഉള്‍ക്കാഴ്‌ചയും പൂര്‍ണമായും വികസിപ്പിച്ചെടുക്കാന്‍ സാധിച്ചാല്‍, അയാള്‍ക്ക്‌ അനാരോഗ്യം ഒരു പ്രശ്‌നമേ ആവുകയില്ല.

 
 
  0 Comments
 
 
Login / to join the conversation1