നിങ്ങളുടെ മനസ്സിന്‍റെ സ്വഭാവം നിങ്ങൾക്ക് മനസ്സിലാക്കാം, വ്യക്തിത്വത്തിന്‍റെ സങ്കീര്‍ണത മനസ്സിലാക്കാം, ശരീരത്തിന്‍റെ കഴിവുകളും, കഴിവുകേടുകളും മനസ്സിലാക്കാം, എന്നാൽ 'നിങ്ങൾ' ആരാണെന്നു മനസ്സിലാക്കുവാൻ സാധ്യമല്ല. അടിസ്ഥാനപരമായി 'നിങ്ങൾ' എന്ന് പറയുന്നത് നിങ്ങളുടെ സ്വാഭാവിക ഭാവമാണ്. അപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ അറിയുക എന്ന് പറയുന്നതിന്‍റെ അർത്ഥമെന്താണ്? നിങ്ങൾക്ക് സ്വയം മനസ്സിലാക്കുവാൻ സാധിക്കാത്തത്, അതിൽ മനസ്സിലാക്കുവാൻ ഒന്നും തന്നെ ഇല്ല എന്നതുകൊണ്ടാണ്. അത് അനുഭവിക്കുവാൻ മാത്രമേ സാധിക്കുകയുള്ളൂ. 'അറിയുക' എന്നാൽ ഒരു പരിധിക്കു മുകളിൽ ഉയരുക എന്നതാണ്. 'ഇത് എനിക്ക് മനസ്സിലായി' എന്നു പറഞ്ഞാൽ നിങ്ങൾ അതിനു മുകളിൽ എത്തി എന്നാണു ഒരർത്ഥം. നിങ്ങൾ നിങ്ങൾക്ക് മുകളിൽ എങ്ങിനെ ഉയരും? അതുകൊണ്ട് നിങ്ങളുടെ യഥാർത്ഥ സ്വഭാവം അറിയുക എന്ന ഒരു പ്രശ്നം ഒരിക്കലും ഉദിക്കുന്നില്ല.

നിങ്ങളുടെ വ്യക്തിത്വം ഉപേക്ഷിച്ചാൽ നിങ്ങളുടെ യഥാർത്ഥ സ്വത്വം എന്താണോ അതാകാൻ സാധിക്കും.

ഒരു കപട സ്വഭാവമാകുന്നതിനു പകരം, സത്യസന്ധമായ ഒരു സ്വഭാവത്തിനുടമയാകൂ. നിങ്ങളുടെ വ്യക്തിത്വം ഉപേക്ഷിച്ചാൽ നിങ്ങളുടെ യഥാർത്ഥ സ്വത്വം എന്താണോ അതാകാൻ സാധിക്കും. എന്നാൽ അതു മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. നിങ്ങൾ അതു തന്നെ ആയതു കൊണ്ടാണ് അപ്രകാരം സംഭവിക്കുന്നത്. നിങ്ങളിലുള്ള എല്ലാ അനാവശ്യ വസ്തുക്കളും ഉപേക്ഷിച്ചാൽ നിങ്ങൾ അതായി തീരും. ഇപ്പോൾ നിങ്ങൾ ഒരു ഭ്രമാത്മകമായ നാടകത്തിൽ പങ്കെടുക്കുകയാണ്. ആ നാടകം ഉപേക്ഷിക്കൂ. 'ഞാൻ ' എന്ന പേരിൽ നിങ്ങൾ അറിഞ്ഞിരുന്നതെല്ലാം - നിങ്ങളുടെ ശരീരം, മനസ്സ്, വ്യക്തിത്വം, വികാരങ്ങൾ, എല്ലാം - നിങ്ങൾ സമ്പാദിച്ചു കൂട്ടിയതാണ്. നിങ്ങൾ സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ചാൽ ബാക്കിയാകുന്നത് നിങ്ങളുടെ സ്വന്തം സ്വത്വമാണ്.