നമുക്കൊരു വരമ്പു കെട്ടാം – ‘എനിക്കും’ മനസ്സിനും ഇടയ്ക്ക്
മനുഷ്യന്‍ സ്വയം ക്ലേശിക്കാനും സങ്കടപ്പെടാനും വേണ്ടി ആയിരമായിരം വഴികള്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. ഇതിന്റെയെല്ലാം ഉറവിടം അവന്റെ മനസ്സുതന്നെയാണ്‌. മനസ്സിനപ്പുറത്തേക്ക്‌ കാലെടുത്തുവെയ്ക്കാന്‍ കഴിഞ്ഞാല്‍, ദുഃഖങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരാനാകും, പൂര്‍ണമായ സ്വാതന്ത്ര്യം.
 
 

सद्गुरु

പ്രകൃതിയിലെ മനോഹര ദൃശ്യങ്ങളൊന്നുംതന്നെ കണ്ടാസ്വദിക്കാന്‍ അവര്‍ക്കു നേരമില്ല, അത്രയും തിരക്കാണവര്‍ക്ക്‌. ഒരു നൂറായിരം ജീവിതപ്രശ്‌നങ്ങള്‍ തലയില്‍ തീപിടിച്ചിരിക്കേ എങ്ങനെ പൂവിനോടും പൂമ്പാറ്റയോടും കുശലം പറഞ്ഞു നില്‍ക്കാനാവും?

ആധുനിക യുക്തിശാസ്‌ത്രത്തിന്റെ പിതാവായിട്ടാണ്‌ അരിസ്റ്റോട്ടില്‍ അറിയപ്പെടുന്നത്‌. അദ്ദേഹത്തിന്റെ മേധാശക്തിയെ ആരും ചോദ്യം ചെയ്യുന്നില്ല, എന്നിട്ടുപോലും എന്തിലും ഏതിലും യുക്തി കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇടക്കൊക്കെ പാളിപ്പോവുകയും ചെയ്‌തു. വാസ്‌തവമാണോ എന്ന്‍ തീര്‍ച്ചപറയാന്‍ വയ്യ. എന്നാലും കഴമ്പുള്ള ഒരു കഥ കേട്ടോളു.

ഒരു ദിവസം അരിസ്റ്റോട്ടില്‍ വികാരാധീനനായി കടല്‍ത്തീരത്തു നടക്കുകയായിരുന്നു. അതിമനോഹരമായ സൂര്യാസ്‌തമയവേള, പക്ഷെ അദ്ദേഹത്തിന്‌ അതാസ്വദിക്കാനുള്ള സാവകാശമുണ്ടായിരുന്നില്ല. എന്തോ ഗുരുതരമായ പ്രശ്നം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. എന്തോ കുഴയ്ക്കുന്ന പ്രശ്നം, അതിന്റെ കുരുക്കുകളഴിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്‌. ആ സമയത്ത്‌ കടല്‍തീരത്ത്‌ മറ്റൊരാളും കൂടി ഉണ്ടായിരുന്നു, മാന്യനെന്നു മുഖവും വേഷവും വിളിച്ചു പറയുന്ന ഒരു വ്യക്തി. അയാള്‍ പൂര്‍ണ്ണ ശ്രദ്ധയോടെ തന്റെ കൃത്യനിര്‍വ്വഹണത്തില്‍ മുഴുകിയിരുന്നു. മലയിടിക്കിലുള്ള ആ ചെറിയ കടലോരത്ത് കൂട്ടിലടച്ച സിംഹത്തിനെപ്പോലെ വലംവച്ചു കൊണ്ടിരുന്ന അരിസ്റ്റോട്ടിലിനുപോലും അയാളെ കണ്ടില്ലെന്നു നടിച്ച്‌ കടന്നുപോകാനായില്ല.

അരിസ്റ്റോട്ടില്‍ ഒരു നിമിഷം നിന്ന്‍ മറ്റേയാളെ ശ്രദ്ധിച്ചു. വളരെ ഗൌരവത്തോടെ അയാള്‍ തിരമാലകള്‍ക്കരികിലേക്ക് ചെല്ലുന്നു, തിരിച്ചുവരുന്നു. പിന്നേയും, പിന്നേയും അതുതന്നെ ആവര്‍ത്തിക്കുന്നു. ‘ഇതെന്തു ഭ്രാന്ത്‌’ എന്നു തോന്നി അരിസ്റ്റോട്ടിലിന്‌. നേരെ ചെന്ന് ഇത്തിരി ഗൌരവത്തോടെ ചോദിച്ചു. “താങ്കള്‍ എന്താണ്‌ ചെയ്യുന്നത്‌?”

“ദയവു ചെയ്‌ത്‌ ശല്യപ്പെടുത്തരുത്‌” അയാള്‍ പറഞ്ഞു, "ഞാന്‍ വളരെ പ്രധാനമായ ഒരു പണിയിലേര്‍പ്പെട്ടിരിക്കുകയാണ്‌.” അയാള്‍ പിന്നേയും തന്റെ പണി തുടര്‍ന്നു.

അരിസ്റ്റോട്ടിലിനു കൌതുകമേറി, ഉലാത്തല്‍ നിര്‍ത്തി അവിടെത്തന്നെ നിന്നു നോക്കിക്കൊണ്ടിരുന്നു. ചോദ്യം ആവര്‍ത്തിച്ചു.

വീണ്ടും അതേ മറുപടി , “വളരെ പ്രധാനപ്പെട്ട ഒരു കാര്യം..."

"അതെന്താണ്‌ എന്നാണ്‌ ഞാന്‍ ചോദിച്ചത്‌” അരിസ്റ്റോട്ടില്‍ അക്ഷമനായി.

“ഈ കുഴി കണ്ടോ? ഞാന്‍ കടലിലെ വെള്ളം മുഴുവന്‍ ഈ കുഴിയിലൊഴിച്ച്‌ കടല്‍ വറ്റിക്കാന്‍ പോവുകയാണ്‌,”  കയ്യിലിരുന്ന ചെറിയ തവിയും കാല്‍ച്ചുവട്ടിലെ ഇത്തിരിപോന്ന കുഴിയും അയാള്‍ അരിസ്റ്റോട്ടിലിനു കാണിച്ചുകൊടുത്തു.

“ഈ കുഴി കണ്ടോ? ഞാന്‍ കടലിലെ വെള്ളം മുഴുവന്‍ ഈ കുഴിയിലൊഴിച്ച്‌ കടല്‍ വറ്റിക്കാന്‍ പോവുകയാണ്‌,”  കയ്യിലിരുന്ന ചെറിയ തവിയും കാല്‍ച്ചുവട്ടിലെ ഇത്തിരിപോന്ന കുഴിയും അയാള്‍ അരിസ്റ്റോട്ടിലിനു കാണിച്ചുകൊടുത്തു

അത്യപൂര്‍വമായ സംഭവം, ഹൃദയമുള്ളവര്‍ക്കേ മനസ്സ് തുറന്നു ചിരിക്കാനാവു, ബുദ്ധി മാത്രമുള്ളവര്‍ക്ക്‌ അത്‌ സാദ്ധ്യമല്ല – അരിസ്റ്റോട്ടില്‍ രണ്ടാമത്തെ വകുപ്പില്‍പെട്ടയാളായിരുന്നു. എന്നിട്ടുപോലും അരിസ്റ്റോട്ടില്‍ അതുകേട്ടു പൊട്ടിച്ചിരിച്ചു പോയി. അദ്ദേഹം അയാളോടു പറഞ്ഞു, “നിങ്ങള്‍ കാണിക്കുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ഒരു തവികൊണ്ട്‌ കടല്‍വെള്ളം കോരി ഈ ചെറിയ കുഴിയിലേക്കൊഴിച്ച്‌ കടല്‍വറ്റിക്കാമെന്നോ? നിങ്ങള്‍ക്ക് കിറുക്കുണ്ടോ? സ്‌നേഹിതാ, ഈ പണി മതിയാക്കി വീട്ടിലേക്കു മടങ്ങിക്കോളു. എന്നിട്ടെന്തെങ്കിലും ബുദ്ധിപരമായ ജോലി ചെയ്യു. എനിക്കിത് കണ്ടുകൊണ്ടു നില്‍ക്കാനാകുന്നില്ല. നിങ്ങളെക്കണ്ടാല്‍ ഒരു മാന്യനാണെന്നു തോന്നുന്നു. അതുകൊണ്ട് പറയുകയാണ്‌.”

തന്റെ കൈയ്യിലിരുന്ന തവി അയാള്‍ വലിച്ചെറിഞ്ഞു, “ശരി, ഞാന്‍ ഈ പണി നിര്‍ത്താം. കാരണം, ഞാനുദ്ദേശിച്ച കാര്യം നടന്നിരിക്കുന്നു.”

അയാളുടെ ഉദ്ദേശ്യം... അതെന്താണെന്ന്‍ അരിസ്റ്റോട്ടിലിനു പിടികിട്ടിയില്ല.

“കടല്‍ വറ്റിയിട്ടില്ല, കുഴി നിറഞ്ഞിട്ടുമില്ല, എന്നിട്ടും നിങ്ങള്‍ പറയുന്നു, ഉദ്ദേശിച്ചകാര്യം നടന്നുവെന്ന്‍!”

മറ്റേയാളുടെ പേര്‌ ഹെറാക്ലിറ്റസ്‌ എന്നായിരുന്നു. അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, “ചെറിയൊരു തവികൊണ്ട്‌ കടല്‍വെള്ളം കോരി ഈ കുഴിയിലൊഴിച്ച്‌ കടല്‍ വറ്റിക്കാനുള്ള എന്റെ ശ്രമം പാഴ്‌വേലയാണെന്ന്‍ നിങ്ങള്‍ പരിഹസിക്കുന്നു. അതുപോലൊരു പാഴ്‌വേലയാണ്‌ നിങ്ങളും ചെയ്യുന്നതെന്ന്‍ കാട്ടിത്തരികയായിരുന്നു എന്റെ ലക്ഷ്യം. ഇതുപോലെ എണ്ണമറ്റ കടലുകള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം, അതിനെ മുഴുവന്‍ തന്റെ തലയാകുന്ന ചെറിയ കുഴിയിലേക്കു പകര്‍ന്നു നിറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. അതിനുള്ള ഉപകരണമോ ഈ മരത്തവിപോലെ നിസ്സാരമായ നിങ്ങളുടെ മനസ്സും. ഇതു കൊണ്ടൊന്നും നിങ്ങള്‍ എവിടെയും എത്താന്‍ പോകുന്നില്ല!”

ബൃഹത്തായ ഈ പ്രപഞ്ചത്തിന്റെ മാറ്റങ്ങള്‍ കണ്ടറിയാന്‍ സാധാരണ മനുഷ്യന്റെ ചിന്തകളെക്കൊണ്ടൊന്നുമാവില്ല. നിങ്ങളുടെ ചിന്തകള്‍ എത്രതന്നെ ശക്തിയുള്ളതായാലും അതിനു പരിമിതികളുണ്ട്‌. ഐന്‍സ്റ്റീന്റെ ബുദ്ധിശക്തി നിങ്ങള്‍ക്കുമുണ്ടാവാം, എന്നാല്‍പോലും അതിന്‌ ഈ പ്രപഞ്ചത്തേക്കാള്‍ കൂടുതല്‍ വലുപ്പമുണ്ടാവാന്‍ തരമില്ല. ജീവിതം എന്നത്‌ യുക്തിക്കും, ചിന്തക്കും, ബുദ്ധിക്കും അതീതമാണ്‌.

ലോകത്തിലുള്ള പലേ വിഷയങ്ങളേയും കുറിച്ച്‌ ചിന്തിച്ച്‌ തലപുകയ്ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ തന്റെ സ്വന്തം ചുറ്റുവട്ടത്തുള്ള ജീവിതം അവരുടെ ചിന്തയ്ക്കു വിഷയമാകില്ല

എങ്ങനെ ജീവിക്കണം എന്ന്‍ തീരുമാനിയ്ക്കേണ്ടത്‌ അവനവന്‍തന്നെയാണ്‌. ഒന്നുകില്‍ ഈ ലോകത്തില്‍ അതിന്റേതായ ചിട്ടവട്ടങ്ങള്‍ക്കനുസരിച്ചു ജീവിയ്ക്കാം, അല്ലെങ്കില്‍ അവനവന്റെ ഇച്ഛയ്ക്കനുസരിച്ചൊരു ലോകത്തെ സങ്കല്‍പത്തില്‍ സൃഷ്‌ടിയ്ക്കാം. ഇന്നു പലരും ജീവിയ്ക്കുന്നത്‌ അവരുടേതായ സാങ്കല്‍പിക ലോകങ്ങളിലാണ്‌. അതാണെങ്കില്‍ ഏതു നേരവും തകര്‍ന്നു പോകാവുന്നതുമാണ്‌. അനിശ്ചിതബോധം മൂലമുണ്ടാകുന്ന ആശങ്കയിലാണ്‌ പലരുടേയും നാളുകള്‍ കഴിഞ്ഞുപോകുന്നത്‌.

ലോകത്തിലുള്ള പലേ വിഷയങ്ങളേയും കുറിച്ച്‌ ചിന്തിച്ച്‌ തലപുകയ്ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ തന്റെ സ്വന്തം ചുറ്റുവട്ടത്തുള്ള ജീവിതം അവരുടെ ചിന്തയ്ക്കു വിഷയമാകില്ല. തൊട്ടുമുമ്പില്‍ നില്‍ക്കുന്നവരെപോലും നോക്കുവാനൊ ഒന്നുചിരിച്ചു ലോഗ്യം പറയാനൊ സമയമില്ലാത്ത കൂട്ടര്‍. പ്രകൃതിയിലെ മനോഹര ദൃശ്യങ്ങളൊന്നുംതന്നെ കണ്ടാസ്വദിക്കാന്‍ അവര്‍ക്കു നേരമില്ല, അത്രയും തിരക്കാണവര്‍ക്ക്‌. ഒരു നൂറായിരം ജീവിതപ്രശ്‌നങ്ങള്‍ തലയില്‍ തീപിടിച്ചിരിക്കേ എങ്ങനെ പൂവിനോടും പൂമ്പാറ്റയോടും കുശലം പറഞ്ഞു നില്‍ക്കാനാവും?

ബുദ്ധന്‍ എന്ന പദം കേള്‍ക്കാത്തവരുണ്ടാകില്ല. ജീവിതത്തിന്റെ എല്ലാ മാനങ്ങള്‍ക്കുമപ്പുറത്തേക്ക്‌, യുക്തിക്കും ബുദ്ധിക്കുമൊക്കെ അപ്പുറത്തേക്കുയര്‍ന്നവന്‍ എന്നാണ്‌ ആ വാക്കിനര്‍ത്ഥം. മനുഷ്യന്‍ സ്വയം ക്ലേശിക്കാനും സങ്കടപ്പെടാനും വേണ്ടി ആയിരമായിരം വഴികള്‍ കണ്ടുപിടിച്ചിട്ടുണ്ട്‌. ഇതിന്റെയെല്ലാം ഉറവിടം അവന്റെ മനസ്സുതന്നെയാണ്‌. മനസ്സിനപ്പുറത്തേക്ക്‌ കാലെടുത്തുവെയ്ക്കാന്‍ കഴിഞ്ഞാല്‍, ദുഃഖങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥ, അതുതന്നെയാണ്‌ പൂര്‍ണമായ സ്വാതന്ത്ര്യം. ആ ഒരവസ്ഥയിലെത്തുമ്പോഴേ, തന്റെ പരിമിതികള്‍ക്കു പുറത്തേക്ക്‌ കടന്ന്‍ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ അറിഞ്ഞാസ്വദിക്കാന്‍ മനുഷ്യനു സാധിക്കൂ. അവനവന്റെ ബുദ്ധിയേയും മനസ്സിനേയും മാറിനിന്നു കാണുന്നവനാണ്‌, കേവലം സാക്ഷിയായി നില്‍ക്കുന്നവനാണ്‌ ബുദ്ധന്‍. യോഗവും ധ്യാനവുമൊക്കെ ലക്ഷ്യമാക്കുന്നത്‌ ഇതാണ്‌. തനിക്കും തന്റെ മനസ്സിനുമിടയില്‍ വ്യക്തമായൊരു അതിര്‍വരമ്പു സൃഷ്‌ടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ ജീവിതം തികച്ചും വ്യത്യസ്‌തമായ ഒരു തലത്തിലായിരിക്കും.

Photo credit : www.youtube.com

 
 
  0 Comments
 
 
Login / to join the conversation1