सद्गुरु

നിങ്ങളുടെ ശബ്ദത്തെക്കാളും നാവിനെക്കാളും അധികം സംസാരിക്കുന്നത് നിങ്ങളുടെ കൈകളാണ്. യോഗയില്‍ മുദ്രാശാസ്ത്രം എന്നൊരു വിഭാഗം തന്നെയുണ്ട്‌. കൈകള്‍ ചില പ്രത്യേക രീതികളില്‍ പിടിച്ച് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി നമുക്ക് മാറ്റങ്ങള്‍ വരുത്താനാകും

വീട്ടിലും, വഴിയിലും, ഉദ്യോഗസ്ഥലത്തും, അങ്ങാടിയിലും നാം പലരെയും കണ്ടുമുട്ടുന്നു. ആ നിമിഷം തന്നെ ആയാളെ കുറിച്ചൊരു അഭിപ്രായവും സ്വാഭാവികമായി നമ്മുടെ മനസ്സ് രൂപീകരിക്കുന്നു. അത് നമ്മുടെ സ്വഭാവമാണ്. ഇയാള്‍ കൊള്ളാം, അയാള്‍ അത്ര നന്നല്ല, ഇയാള്‍ സുന്ദരനാണ്, അയാള്‍ കാഴ്ചയില്‍ മോശം. അങ്ങിനെ പലപല അഭിപ്രായങ്ങള്‍. ഇതൊന്നും തന്നെ ബോധപൂര്‍വം നമ്മള്‍ ആലോചിച്ചുണ്ടാക്കുന്നതല്ല,. നമ്മളറിയാതെ നമ്മുടെ ഉള്ളില്‍ സംഭവിച്ചു പോകുന്നതാണ്. പലപ്പോഴും നമ്മുടെ നിഗമനങ്ങള്‍ തെറ്റാറുണ്ട്. പഴയ ജീവിതാനുഭവങ്ങളെ ആശ്രയിച്ചാണ് മിക്കവാറും നമ്മുടെ അഭിപ്രായങ്ങള്‍ എല്ലാം തന്നെ. വ്യക്തികളെ, കാഴ്ചകളെ, അനുഭവങ്ങളെ അതാതിന്റെ മട്ടില്‍ കാണാന്‍ നമുക്ക് അധികമൊന്നും സാധിക്കാറില്ല. അത് വലിയൊരു ദൌര്‍ബല്യം തന്നെയാണ്.

തല കുനിക്കുക- അതോടെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ മൂര്‍ച്ച കുറയും. നമസ്കാരത്തിന്റെ പൊരുള്‍ നമ്മള്‍ അവരുടെ അന്ത: സത്തയെ മാനിക്കുന്നു എന്നാണ്

നിങ്ങള്‍ ഏതു മേഖലയില്‍, ഏതു തലത്തില്‍ പ്രവൃത്തിക്കുന്ന ആളായാലും, മുമ്പില്‍ വരുന്നവരെ മുന്‍ധാരണകളും വിധികളും ഒന്നും കൂടാതെ വിലയിരുത്തേണ്ടത് വളരെ അധികം ആവശ്യമാണ്‌. ഇന്നലെയോ മിനിഞ്ഞാന്നോ അവര്‍ എങ്ങിനെ ആയിരുന്നു എന്നതിനേക്കാള്‍ മുഖ്യം ഇന്ന് അവര്‍ എങ്ങിനെയാണ് എന്നുള്ളതാണ്. അവരുടെ മുന്നില്‍ തല കുനിക്കുക- അതാണ്‌ ആദ്യം ചെയ്യേണ്ടത്. അതോടെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളുടെ മൂര്‍ച്ച കുറയും. നമസ്കാരത്തിന്റെ പൊരുള്‍ നമ്മള്‍ അവരുടെ അന്ത: സത്തയെ മാനിക്കുന്നു എന്നാണ്.

സൃഷ്ടിക്കപ്പെട്ട ഓരോ വസ്തുവിലും സ്രഷ്ടാവിന്റെ കൈകള്‍ പ്രവൃത്തിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും ഓരോ കോശത്തിലും പ്രപഞ്ച ശില്‍പിയുടെ ഇച്ഛ സ്പുരിച്ചു നില്‍ക്കുന്നു. നമ്മുടെ സംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നത്, ആകാശത്തേക്ക് നോക്കുമ്പോഴും കൈകൂപ്പാനാണ്, ഭൂമിയിലേക്ക്‌ നോക്കുമ്പോഴും തൊഴുവാനാണ്, മുമ്പില്‍ നില്‍ക്കുന്നത് പുരുഷനോ, സ്ത്രീയോ, വൃദ്ധനോ, യുവാവോ, ബാലനോ, മരമോ, മൃഗമോ, എന്തുമായി കൊള്ളട്ടെ ആദരപൂര്‍വ്വം തല കുനിക്കുക, എന്നതാണ് നമ്മുടെ സമ്പ്രദായം. "ഈ ജഗത്തിനെ സൃഷ്ടിച്ചവന്‍ എന്നിലും മറ്റെല്ലാറ്റിലും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ ചൈതന്യത്തെ ഞാനിതാ വണങ്ങുന്നു", ഇതാണ് നമസ്ക്കാരത്തിന്റെ പൊരുള്‍. ഈ അറിവോടുകൂടിയാണ് ഓരോ തവണയും നിങ്ങള്‍ കൈകൂപ്പുന്നത് എങ്കില്‍ അത് നിങ്ങളെ പ്രപഞ്ച ചൈതന്യവുമായി കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു കൊണ്ടിരിക്കും.

"ഈ ജഗത്തിനെ സൃഷ്ടിച്ചവന്‍ എന്നിലും മറ്റെല്ലാറ്റിലും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ആ ചൈതന്യത്തെ ഞാനിതാ വണങ്ങുന്നു", ഇതാണ് നമസ്ക്കാരത്തിന്റെ പൊരുള്‍.

നമസ്ക്കാരത്തിനു മറ്റൊരു വശം കൂടിയുണ്ട് ഉള്ളംകൈയ്യിലാണ് നാഡികളുടെ അഗ്രഭാഗങ്ങള്‍ ധാരാളമായുള്ളത്. ആധുനിക വൈദ്യശാസ്ത്രവും ഇത് സമ്മതിച്ചു തരുന്നു. വാസ്തവം പറഞ്ഞാല്‍ നിങ്ങളുടെ ശബ്ദത്തെക്കാളും നാവിനെക്കാളും അധികം സംസാരിക്കുന്നത് നിങ്ങളുടെ കൈകളാണ്. യോഗയില്‍ മുദ്രാശാസ്ത്രം എന്നൊരു വിഭാഗം തന്നെയുണ്ട്‌. കൈകള്‍ ചില പ്രത്യേക രീതികളില്‍ പിടിച്ച് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി നമുക്ക് മാറ്റങ്ങള്‍ വരുത്താനാകും. കൈകള്‍ കൂപ്പി പിടിക്കുന്നതോടെ നിങ്ങളുടെ മനസിലെ വിരുദ്ധ ഭാവങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, തൃഷ്ണകളും, വെറുപ്പുകളും എല്ലാം അവയുടെ തീക്ഷ്ണത കുറഞ്ഞ് ദുര്‍ബലമാകുന്നു. നിങ്ങളുടെ ഉള്ളില്‍ ഏകത്വത്തിന്റെ പ്രകാശം തെളിയുന്നു. എല്ലാ പ്രാണനുകളും ഒന്നായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.

നമസ്ക്കാരം എന്നത്, സാംസ്ക്കാരികമായ ഒരു ചടങ്ങായി മാത്രം കാണരുത്, അതിന്റെ പിന്നില്‍ തനതായ ഒരു ശാസ്ത്രമുണ്ട്. നിങ്ങള്‍ പതിവായി സാധനകള്‍ അനുഷ്ടിക്കുന്നുണ്ട് എങ്കില്‍, കൈകള്‍ കൂപ്പുമ്പോള്‍ ഉള്ളിലെ ഊര്‍ജ്ജത്തിനു പെട്ടെന്നൊരു ഉണര്‍വ് സംഭവിക്കുന്നു. പ്രാണോര്‍ജ്ജത്തിന്റെ ഭാഗത്ത് നിന്നും അതൊരു പകര്‍ന്നു നല്‍കലാണ്. നിങ്ങള്‍ അപ്പുറത്തുള്ളയാളിന് സ്വയം സമര്‍പ്പിക്കുകയാണ്. അങ്ങനെ ആ വ്യക്തിയുടെ സഹകരണം നിങ്ങളുടെ ജീവിതത്തിലേക്ക് ഏറ്റുവാങ്ങുകയാണ്. നിങ്ങള്‍ നല്‍കാന്‍ തയ്യാറാകുമ്പോള്‍ ചുറ്റുമുള്ളതെല്ലാം നിങ്ങള്‍ക്ക്പകരം നല്‍കാന്‍ തയ്യാറാവുന്നു. എല്ലാ ജീവികളുടെയും കാര്യത്തില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ചുറ്റുമുള്ളതെല്ലാം നമ്മെ സഹായിക്കാനും നമ്മളോടു സഹകരിക്കാനും തയ്യാറാവുമ്പോഴേ നമ്മുടെ ജീവിതത്തില്‍ ഉത്കര്‍ഷമുണ്ടാകുന്നുള്ളൂ.

https://www.publicdomainpictures.net