ഇന്ന്, ഈ ഭൂമിയിലുള്ള സകല പ്രശ്നങ്ങളേയും പരിഹരിക്കുവാനാവശ്യമായ സാങ്കേതിക വിദ്യയും, വിഭവങ്ങളും, ശേഷിയും നമ്മൾക്കുണ്ട്. മനുഷ്യ ചരിത്രത്തിൽ, ഇന്നത്തെപ്പോലെ മുൻപൊരിക്കലും മനുഷ്യർ ഇത്രയധികം പ്രാപ്‌തരായിരുന്നിട്ടില്ല. ഇല്ലാത്തതായിട്ടുള്ള ഒരേയൊരു കാര്യം, എല്ലാം ഉൾക്കൊള്ളുന്ന അന്തര്‍ബോധം മാത്രമാണ്.
ഈ ഗ്രഹത്തിന്‍റെ സംരക്ഷണവും പരിപാലനവും, നമ്മൾക്ക് വേണ്ടി നമ്മൾ ആഗ്രഹിക്കുന്ന ഒരു നല്ല ജീവിതവും, രണ്ട് വ്യതസ്തത കാര്യങ്ങളല്ല കാരണം നല്ല ഗ്രഹമില്ലാതെ നല്ലൊരു ജീവിതമില്ല. ഇപ്പോൾ, പാരിസ്ഥിപ്രശ്നങ്ങളെ, നിറവേറ്റപ്പെടേണ്ട ഏതോ തരം കടമകളായാണ് നമ്മൾ കാണുന്നത്. അത് നമ്മുടെ കടമയല്ല, മറിച്ച് നമ്മുടെ ജീവനാണ്. നമ്മൾ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്ന പ്രാണവായുവും അത് തന്നെയാണ്.
ഇത് ആളുകൾ മനസ്സിലാക്കുകയും അനുഭവിച്ചറിയുകയും ചെയ്യാത്തിടത്തോളം, സാര്‍ത്ഥകവും സാരവുമായ എന്തെങ്കിലും അവർ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രവര്‍ത്തിയുടെ അടിസ്ഥാനത്തില്‍ ലോകത്തിന്‍റെ മുഴുവൻ പ്രജ്ഞയേയും ഉയർത്തിയെടുക്കുക എന്നത്, ഒരു ദീർഘകാലാടിസ്ഥാനമായ പരിപാടിയാണ്, എങ്കിലും, നേതൃത്വം- ഉത്തരവാദിത്വവും, അധികാരവും പേറുന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ-അവരുടെയുള്ളിൽ ഇത്‌ അനുഭവിച്ചറിയുകയും ശരിക്കും മനസ്സിലാക്കുകയും ചെയ്താൽ, നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു വലിയ മാറ്റം കൊണ്ടുവരാനാകും. ഭൂമിയിലെ കുറച്ച് പ്രധാനപ്പെട്ട വ്യക്തികളുടെ അന്തർബോധത്തെ- അവർ ചിന്തിക്കുകയും, ഗ്രഹിക്കുകയും ജീവിതത്തെ അനുഭവിച്ചറിയുകയും ചെയ്യുന്ന രീതിയെ– ചെറിയ രീതിയിലെങ്കിലും രൂപാന്തപപ്പെടുത്തുവാൻ കഴിയുകയും, ആവശ്യമായുള്ള ഏകാഗ്രതയും, വിഭവങ്ങളുടെ മുതൽമുടക്കും ശരിയായ ദിശയിലേക്ക് നിക്ഷേപിക്കാന്‍ കഴിയുകയും ചെയ്താൽ, ബാക്കിയെല്ലാം ഭൂമി മാതാവിന് സ്വയം പരിഹരിക്കുവാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.


നമ്മൾ അവൾക്ക് ഒരു അവസരം മാത്രം കൊടുത്താൽ മതിയാകും, അവൾ എല്ലാം, പരിപൂര്‍ണമായ സമൃദ്ധിയിലേക്കും, സൗന്ദര്യത്തിലേക്കും മടക്കി കൊണ്ടുവരും. മഹത്തായതൊന്നും നമ്മൾ ചെയ്യേണ്ടതില്ല, നമ്മൾ ഈ ഭൂമിയെ ശരിയാക്കേണ്ടതില്ല. നമ്മൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ, നമ്മുടെ ഇടപെടലുകൾ കഴിയുന്നത്ര കുറക്കുകയും, നമ്മളുണ്ടാക്കുന്ന നഷ്ടങ്ങൾ ചുരുക്കുകയും ചെയ്താൽ മാത്രം മതി, ബാക്കിയെല്ലാം സ്വതേ സംഭവിച്ചുകൊള്ളും.


ഒരു തലമുറ എന്ന നിലയിൽ എല്ലാ അർത്ഥത്തിലും നമ്മൾ ഒരു ദുരന്തമായി മാറരുതെന്നാണ് എന്‍റെ ആഗ്രഹം. നമ്മുടെ ജീവിതത്തിൽ, നമ്മൾക്ക് ചെയ്യാൻ കഴിവില്ലാത്തത് നമ്മൾ ചെയ്യുന്നില്ലെങ്കിൽ, ഒരു പ്രശ്നമൊന്നുമില്ല. പക്ഷെ നമ്മൾക്ക് ചെയ്യാൻ കഴിവുള്ളത് നമ്മൾ ചെയ്യുന്നില്ലെങ്കിൽ, നമ്മൾ ഒരു ദുരന്തം തന്നെയാണ്.