മുന്‍കൈയെടുക്കാം - ജീവിത പരിവര്‍ത്തനത്തിനായി ( തുടര്‍ച്ച....)

ജീവിതത്തിന്റെ അടിത്തറ ഭദ്രമാക്കി സത്യത്തിനുനേരെ മുന്നോട്ടു പോകണമെങ്കില്‍, ആദ്യം വേണ്ടത്‌ അവബോധമാണ്‌. അതില്ല എങ്കില്‍ പിന്നെ വേണ്ടത്‌ ശ്രദ്ധയാണ്‌. സാമാന്യ ഭാഷയില്‍ പറഞ്ഞാല്‍ ശ്രദ്ധ ഭക്തിയാണ്‌
 

എപ്പോഴും ആവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്നഒരുപാടു പേരുണ്ട്, എന്നാല്‍ പരിഹാരങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അവ പ്രാവര്‍ത്തികമാക്കാന്‍ അവരൊട്ടു ശ്രമിക്കുകയുമില്ല.

 

സദ്ഗുരു : ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍, അതുകൊണ്ട് ‌നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ നേട്ടമുണ്ടാവുമെന്നു തോന്നിയാല്‍, ഒരുക്ഷണംപോലും മടിച്ചുനില്‍ക്കരുത്‌. "ഞാന്‍ ഇങ്ങനെയായിപ്പോയി, ഇനി എന്തു ചെയ്യാന്‍,” എന്ന ചിന്താഗതി ഒരിക്കലും ശരിയല്ല. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതാവും അതിന്റെ സാരം, അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്താനായി മിനക്കെടാന്‍ വയ്യ എന്നുമാകാം. എപ്പോഴും ആവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്നഒരുപാടു പേരുണ്ട്, എന്നാല്‍ പരിഹാരങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയുമില്ല. ``ഇനിയെത്രകാലം? എനിക്ക് മാറാനൊന്നും പറ്റില്ല. അതിനുള്ള പ്രായമൊക്കെ കഴിഞ്ഞു. ഇത്ര നാളും കഴിഞ്ഞതുപോലെ ഇനിയും അങ്ങു കഴിയാം”എന്ന് മനസ്സില്‍ കരുതും. ഇത്തരം സത്യസന്ധത ഇല്ലാത്ത മാനസിക വികാരത്തെ വേരോടെ പിഴുതു കളയുക; അതുമാത്രം മതി സത്യം വെളിപ്പെടുത്തിക്കിട്ടാന്‍.

മനുഷ്യന് എന്നും മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും, പ്രജ്ഞയുള്ളത്തോളം കാലം! “

ഇതിനൊന്നും പ്രായം ഒരു വിലങ്ങാവില്ല. നേരെ മറിച്ച്, അനുഭവങ്ങളുടെ മാറാപ്പു കൂടുംതോറും, പ്രത്യേകിച്ച് കയ്പേറിയ അനുഭവങ്ങള്‍; മാറ്റങ്ങളുള്‍ക്കൊള്ളാനുള്ള മനക്കരുത്തിന്റെ വ്യാപ്തിയും കൂടും. മനുഷ്യന് എന്നും മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും, പ്രജ്ഞയുള്ളത്തോളം കാലം! പരിശ്രമമെന്നോണം, എല്ലാ മാസവും ഒന്നാം തീയതി, "ഇതു ഞാന്‍ ചെയ്യുന്നത് ശരിയാംവിധമല്ല" എന്ന് തോന്നുന്ന ഏതെങ്കിലും ഒരു സംഗതിയിലേയ്ക്കു ശ്രദ്ധ തിരിക്കു. അടുത്ത ഒന്നാം തീയതിയാകുമ്പോഴേക്കും ആ ശീലം അല്ലെങ്കില്‍ രീതി പൂര്‍ണമായും തുടച്ചുമാറ്റിയിരിക്കും എന്നൊരു പ്രതിജ്ഞ എടുത്തു നോക്കു. പ്രതിജ്ഞ എടുത്താല്‍ മാത്രം പോര, അതിലേയ്ക്കായി അഘോരമായി പ്രയത്നിക്കുകയും വേണം.

ദൈനംദിന ജീവിതത്തില്‍ കൊണ്ടുവരാവുന്ന ചില സരളമായ തീരുമാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

ഓരോ പ്രാവശ്യവും ഭക്ഷണം കഴിയ്ക്കുതിനുമുമ്പ്‌ അല്‍പനേരം ധ്യാനിച്ചു കൊണ്ട് ഇങ്ങിനെ പറയുക, “എന്റെ ശരീരത്തിന്റെതന്നെ ഭാഗമായിത്തീരാന്‍ പോകുന്ന, എന്റെ മുന്നിലിരിക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥത്തിനോട് എനിയ്ക്ക് അകമഴിഞ്ഞ നന്ദിയുണ്ട്‌.”

ഈ ഭൂമിയിലുള്ള സകലതും ഇവിടെയുള്ള സകല ജീവികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്‌, വെള്ളവും, വെളിച്ചവും, വായുവും, അന്തരീക്ഷവും, ഇതൊക്കെ എല്ലാവര്‍ക്കും തുല്യമായി അകവാശപ്പെട്ടതാണ്‌. ഓരോ തവണയും ഇതിലേതെങ്കിലുമൊന്ന്‍ നിര്‍ല്ലോപമായി പ്രയോജനപ്പെടുത്തുമ്പോള്‍ ഓര്‍മിക്കുക, ``എല്ലാവര്‍ക്കും പൊതുവായുള്ള ഈ മുതല്‍, ഞാന്‍ ഏറ്റവും മിതമായ വിധത്തിലേ ഉപയോഗിക്കുകയുള്ളു.”

ഭക്ഷണം വിളമ്പുമ്പോള്‍ ഓരോ തവണയും സ്വയം പറയാം, ``അന്നജം ജീവനാണ്‌. ആവശ്യത്തിനു മാത്രമുള്ളതേ ഉപയോഗിക്കുകയുള്ളു, ഒരു വറ്റുപോലും പാഴാക്കില്ല.”

ആലോചിക്കുമ്പോള്‍ ഇതെല്ലാം നിസ്സാര സംഗതികളാണ്‌, എന്നാല്‍ ഇത് സംഭവ്യമാക്കാമെങ്കില്‍ തന്നെ ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ജീവിതത്തിന്‌ തനതായ ഒരു തെളിമ നല്‍കും.

ഏതെങ്കിലുമൊരു പ്രവൃത്തിയില്‍ സ്വയമര്‍പ്പിക്കൂ

ജീവിതത്തിന്റെ അടിത്തറ ഭദ്രമാക്കി സത്യത്തിനുനേരെ മുന്നോട്ടു പോകണമെങ്കില്‍, ആദ്യം വേണ്ടത്‌ അവബോധമാണ്‌. അതല്‍പം പ്രയാസമുള്ള കാര്യമാണ്‌. അതുകൊണ്ടതില്ല എങ്കില്‍ പിന്നെ വേണ്ടത്‌ ശ്രദ്ധയാണ്‌. അവബോധത്തില്‍നിന്നും വിഭിന്നമായതാണ്‌ ശ്രദ്ധ. ശ്രദ്ധ വളര്‍ത്തിയെടുക്കുക എന്നത് കുറച്ചുകൂടി എളുപ്പമാണ്‌. സാമാന്യ ഭാഷയില്‍ പറഞ്ഞാല്‍ ശ്രദ്ധ ഭക്തിയാണ്‌. ഭക്തി വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ, ഭക്തന്‌ സ്വന്തം ഹൃദയമെന്നൊന്ന്‍ ഉണ്ടാവില്ല. അത്‌ ലോകത്തിനു മുഴുവനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നാലും ഭക്തിയുടെ കനല്‍ത്തരികള്‍ ഹൃദയത്തില്‍ സദാ എരിഞ്ഞുകൊണ്ടിരിക്കും. ശ്രദ്ധയുടെ നാളങ്ങള്‍ കെടാതെ സൂക്ഷിക്കുന്നവരുടെ മനസ്സില്‍ പതുക്കെ പതുക്കെ അവബോധവും വികസിച്ചുവരും.

ശ്രദ്ധ വളര്‍ത്തിയെടുക്കുക എന്നത് കുറച്ചുകൂടി എളുപ്പമാണ്‌. സാമാന്യ ഭാഷയില്‍ പറഞ്ഞാല്‍ ശ്രദ്ധ ഭക്തിയാണ്‌.

ശ്രദ്ധ, ഭക്തി, സമര്‍പ്പണം – ഇതെല്ലാം അഹം എന്ന ബോധത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഉപാധികളാണ്‌. ഭക്തിയുടെ ചെറിയൊരു നാളമെങ്കിലും ഉള്ളിലുണ്ടെങ്കില്‍, ശരിയായ സാധനയിലൂടെ ജീവിതത്തെ ഏറ്റവും തെളിവുറ്റതാക്കാന്‍ സാധിക്കും. അതില്ല എങ്കില്‍, എന്തെല്ലാം സാധനകളനുഷ്‌ഠിച്ചാലും ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താനാകുകയില്ല. ഭക്തിയുടെ പിന്‍തുണയില്ലെങ്കില്‍ പ്രത്യേകിച്ചു പറയത്തക്ക ഗുണമൊന്നും നേടാനാവില്ല. ജീവിതത്തിന്റെ അടിസ്ഥാനഘടന സുദൃഢമാണെങ്കില്‍ മാത്രമേ സാധനകളും, അനുഷ്‌ഠാനങ്ങളുമൊക്കെ പ്രയോജനം ചെയ്യുകയുള്ളു.

നിരീശ്വരവാദികളല്ലെങ്കിലും, ``ഭക്തി” എന്ന വാക്കു കേള്‍ക്കുന്നതു പോലും പലര്‍ക്കും ഇഷ്ടമല്ല. അതേ സമയം, ഇനിയൊരു കൂട്ടരുടെ വിചാരം അമ്പലത്തിലോ പള്ളിയിലോ പോയി പ്രാര്‍ത്ഥനയില്‍ മുഴുകുന്നതാണ്‌ ഭക്തിയെന്നതാണ്‌. ഞാന്‍ ഉദ്ദേശിക്കുന്ന ഭക്തി ആ തരത്തിലുള്ളതല്ല. സ്വന്തം പ്രവൃത്തികളില്‍ പൂര്‍ണമായും മനസ്സര്‍പ്പിക്കുക, അതാണ്‌ ഞാന്‍ ഉദ്ദേശിക്കുന്ന ഭക്തി. ഈ സമര്‍പ്പണബുദ്ധി ഇല്ലാതെ ലോകത്തില്‍ ആരെങ്കിലും എന്തെങ്കിലും സാധിച്ചിട്ടുണ്ടോ? ചെയ്യുന്നതെന്തുതന്നെയായാലും, അതില്‍ മനസ്സിരുത്താനാവില്ലെങ്കില്‍ പ്രവൃത്തിയുടെ ഫലവും മേന്മയേറിയാതാകാന്‍ ഇടയില്ല. ലോകത്തില്‍ മഹത്തായ എല്ലാ സംഭവവികാസങ്ങള്‍ക്കു പുറകിലും പല വ്യക്തികളുടേയും ആത്മസമര്‍പ്പണമാണ്‌ സ്പഷ്ടമാകുന്നത്. തങ്ങളുടെ മാര്‍ഗങ്ങളില്‍, മറ്റെല്ലാം മറന്ന്‍ അവര്‍ പൂര്‍ണ്ണ മനസ്സോടെ മുഴുകിയതിന്റെ ഫലം.

ആദ്ധ്യാത്മിക മാര്‍ഗത്തില്‍ മാത്രമേ ശ്രദ്ധയ്ക്ക്‌ പ്രസക്തിയുള്ളു എന്നു ധരിക്കരുത്‌. സാഹിത്യമായാലും, കലയുമായി ബന്ധപ്പെട്ട വിഷയമായാലും, ദൈനം ദിന ജീവിതത്തിലെ വ്യവസ്ഥയായാലും, കാര്യമായി എന്തെങ്കിലും കൈവരിക്കണമെന്നുണ്ടെങ്കില്‍ ആത്മസമര്‍പ്പണം വേണം. ജീവിതത്തില്‍ അര്‍ത്ഥവത്തായി എന്തെങ്കിലും നേടണമെന്നുണ്ടെങ്കില്‍, അതില്‍ മനസ്സുറപ്പിക്കുക. ഉദാത്തമായ ലക്ഷ്യങ്ങളെന്തെങ്കിലും മുന്നിലുണ്ടെങ്കില്‍, മുഴുവന്‍ ശ്രദ്ധയും അതില്‍ പതിപ്പിക്കുക.

ജീവിതം സാര്‍ത്ഥകമാവണമെന്ന്‍ ഹൃദയപൂര്‍വം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത്‌ ശ്രദ്ധയാണ്‌. ശ്രദ്ധയോടെ ചെറിയൊരു പുള്ളിക്കുത്തിടു, ക്രമേണ അത്‌ മഹത്തായൊരു ചിത്രമായിത്തീരും.

ജീവിതം സാര്‍ത്ഥകമാവണമെന്ന്‍ ഹൃദയപൂര്‍വം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത്‌ ശ്രദ്ധയാണ്‌. ശ്രദ്ധയോടെ ചെറിയൊരു പുള്ളിക്കുത്തിടു, ക്രമേണ അത്‌ മഹത്തായൊരു ചിത്രമായിത്തീരും.

സദ്‌ഗുരു രചിച്ച കവിത:

സ്‌നേഹ ശൂന്യമായ മനസ്സിന്റെ കാമാതുരമായ നോട്ടം
അനന്ത പ്രേമത്തില്‍ കുതിര്‍ന്നു കിടക്കുന്ന മനസ്സിന്റെ സ്‌നേഹ സ്‌പര്‍ശം.
അതിരില്ലാത്ത സമുദ്രത്തേക്കാള്‍ വിശാലമാണി-
നിസ്വാര്‍ത്ഥ ഭക്തിയുടെ മൃദുലത.
പ്രേമത്തിന്റെയും സമര്‍പ്പണത്തിന്റേയും ധന്യതയറിയാത്ത
ജീവിതത്തിന്റെ വ്യര്‍ത്ഥത.
ഇതൊക്കെയും ഇതില്‍ കൂടുതലും നിറഞ്ഞതാണ്‌ മനുഷ്യനെന്ന
ഈ ജീവിയുടെ വഴികള്‍
പ്രിയപ്പെട്ട കുഞ്ഞേ,
ഇതില്‍നിന്നും നീ തിരഞ്ഞെടുക്കേണ്ടത്‌
ഭക്തിയുടെ സാഗരമാണ്‌.......
അതായിത്തീരൂ, നീ സ്വയം അതായിത്തീരൂ!