सद्गुरु

അനന്തമായതിനെ അറിയുന്നതിനെക്കുറിച്ചും മോചനത്തെക്കുറിച്ചും സദ്ഗുരു വിവരിക്കുന്നു

അന്വേഷി: എന്നെ എന്തിനാണ് ലയിപ്പിക്കുന്നത്? എന്‍റെ സ്വത്വം എന്തിന് ഇല്ലാതാക്കണം?

സദ്ഗുരു: നിങ്ങളെ മോചിപ്പിക്കുക എന്നത് എന്‍റെ ഉദ്ദേശമല്ല. എല്ലാം ആ വഴിക്കു നീങ്ങുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് യേശുകൃസ്തുപറഞ്ഞു, 'ദൈവരാജ്യം നിന്‍റെ ഉളളിലാണ്’ എന്ന്. ദൈവരാജ്യം എത്ര വലുതാണെന്ന് എങ്ങിനെ പറയാനാവും? അത് അനന്തമാണ്. പരിധികള്‍ നിലനില്‍ക്കുവോളം അനന്തമായത് സംഭവിക്കുകയില്ല. അപ്പോള്‍ യേശു പറഞ്ഞതിന്‍റെ അര്‍ത്ഥം, നിങ്ങളുടെ പരിമിതികള്‍, അനന്തമായ ദൈവരാജ്യത്തെ അറിയുന്നതിന് നിങ്ങള്‍ക്ക് തടസ്സമാവുന്നു. ഞാന്‍ പിന്‍ ഊരുന്നതും നിങ്ങള്‍ സാധനകള്‍ ചെയ്ത് മഹാസമാധി ആകുന്നതും എല്ലാം ഒന്നുതന്നെ. നിങ്ങള്‍ പരിധികള്‍ ഇല്ലാതാക്കുമ്പോള്‍ നിത്യമായി നിലനില്‍ക്കുന്ന അനന്തത നിങ്ങള്‍ക്ക് വെളിപ്പെടും.

ഇത് ജീവിതത്തിന്‍റെ നിലനില്‍പിനെക്കുറിച്ച് പുതിയ ഒരു വെളിപാടല്ല. അത് എന്നെന്നും അതുതന്നെയായിരുന്നു. എല്ലാ ജീവികളും കാംക്ഷിക്കുന്നത് മോക്ഷം മാത്രമാണ്, ബോധത്തോടും, അല്ലാതെയും ദിവസത്തിനൊടുവില്‍ നിങ്ങള്‍ക്കുറങ്ങണം. അതാണ് മോചനം. നിങ്ങളുടെ ദിവസം എത്ര മനോഹരമായിരുന്നു എന്നത് പ്രശ്നമല്ല. നിങ്ങള്‍ക്ക് ഏതായാലും ഉറങ്ങിയേ തീരു, എല്ലാത്തില്‍ നിന്നും കുറേ സമയത്തെ മോചനം, ശരിയല്ലേ? നിങ്ങളുടെ ജീവിതം എത്രതന്നെ സംഭവബഹുലമായിരുന്നാലും, ഒടുവില്‍ നിങ്ങള്‍ മോചിതരാവണം. ആ മോഹം എന്നും ഉണ്ടായിരിക്കും. ശരീരവുമായുളള ബന്ധം ശക്തമാണെങ്കില്‍ മോചനത്തിനായി കൂടുതല്‍ കാത്തിരിക്കണം. എന്നാല്‍ കുറച്ചെങ്കിലും ഉണര്‍വുണ്ടെന്നാല്‍ മോചനം എളുപ്പമാവും.


നിങ്ങള്‍ പരിധികള്‍ ഇല്ലാതാക്കുമ്പോള്‍ നിത്യമായി നിലനില്‍ക്കുന്ന അനന്തത നിങ്ങള്‍ക്ക് വെളിപ്പെടും.

അന്വേഷി: എങ്ങനെയാണ് അങ്ങ് പിന്‍ ഊരുന്നത്? ഞാനുദ്ദേശിച്ചത് അതിന്‍റെ രീതി എന്താണ് എന്നാണ്?

സദ്ഗുരു: നിങ്ങള്‍ അതറിയേണ്ട ആവശ്യമില്ല. അങ്ങനെയൊരു രീതി നിലനില്‍ക്കുന്നുണ്ട് എന്നു മാത്രം നിങ്ങളറിഞ്ഞാല്‍ മതി. അതിനെപ്പറ്റി സംസാരിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. അതിനാലാണ് ഞാന്‍ നിങ്ങളോട്, ചക്രങ്ങളെ ഉത്തേജിപ്പിക്കുകയും മറ്റുപല വിഡ്ഢിത്തരങ്ങളും കാട്ടുകയും ചെയ്യുന്നവരെ ഒഴിവാക്കാന്‍ പറഞ്ഞത്. പാശ്ചാത്യരാജ്യങ്ങളില്‍ ഇതൊരു വലിയ സംഭവമായിരിക്കുകയാണ്. എന്നാല്‍ അത് അങ്ങനെ ചെയ്യേണ്ട ഒരു കാര്യമല്ല.

അന്വേഷി: പാശ്ചാത്യരാജ്യങ്ങളില്‍ പ്രകാശ ശരീരത്തെ ഉത്തേജിപ്പിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങളും ക്ലാസ്സുകളും എല്ലാം ഉണ്ട്. ഇതില്‍ ദാവീദിന്‍റെ നക്ഷത്രത്തെ മനസ്സില്‍ സൃഷ്ടിച്ച് അതിനെ നിലനിര്‍ത്തിയുളള ധ്യാനവും വിവിധ തലങ്ങളിലുളള ഗമനവും മറ്റും ഉള്‍പ്പെടും. അതും അപകടകരങ്ങളാണോ?

സദ്ഗുരു: തീര്‍ച്ചയായും. അവര്‍ പിന്‍തുടരുന്ന രീതികളും, അവരുടെ കഴിവുകളുമനുസരിച്ചായിരിക്കും അതിന്‍റെ ഗൗരവം. അവര്‍ അത് ഒരു തൊഴിലായി കാണുകയാണെങ്കില്‍, അവര്‍ക്ക് അവരുടെ വഴി മുതലെടുക്കപ്പെടാന്‍ തയ്യാറായ വിഡ്ഢികളുളളപ്പോള്‍, മുതലെടുക്കാന്‍ മിടുക്കന്മാരുമുണ്ടാവും. അത് അവരുടെ പ്രശ്നം. ആദ്ധ്യാത്മികത ചൂഷണം ചെയ്യപ്പെടാതിരിക്കുന്നിടത്തോളം കാലം, ലോകത്ത് നടക്കുന്ന എല്ലാ വിഡ്ഢിത്തങ്ങളും ഇല്ലാതാക്കുക എന്‍റെ ചുമതലയായി ഞാന്‍ കാണുന്നില്ല. അത് ശത്രുക്കളെ സൃഷ്ടിക്കാനേ സഹായിക്കൂ. അവരെല്ലാം വ്യവസായ ശക്തികള്‍ മാത്രമാണ്. അത് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. ആദ്ധ്യാത്മികതയുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ല, മാത്രമല്ല ലോകത്തെ എല്ലാ വ്യാവസായികോല്‍പ്പന്നങ്ങളും കൃത്യമായ ചേരുവകളുമായാണോ പുറത്തിറങ്ങുന്നത് എന്നന്വേഷിക്കുക എന്‍റെ ചുമതലയല്ല. (ചിരിക്കുന്നു) അവര്‍ വില്‍ക്കുന്ന പാല്‍പ്പൊടി നല്ലതാണോ, ചീത്തയാണോ എന്ന് ഞാന്‍ അന്വേഷിക്കേണ്ടതില്ല. ഇതും അതുപോലെയാണ്.

അടുത്തകാലത്ത് മനോവൈജ്ഞാനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ തവളകള്‍ക്കുവേണ്ടിയും ഒരു ഹോട്ട് ലൈന്‍ തുറന്നു. ഒരു തവളയില്‍ നിന്ന് അന്വേഷണം വന്നപ്പോള്‍ അവര്‍ പറഞ്ഞു, “നിങ്ങളെക്കുറിച്ച് എല്ലാം അറിയാന്‍ ആഗ്രഹിക്കുന്ന ഒരു സുന്ദരിപ്പെണ്‍കുട്ടിയെ നിങ്ങള്‍ കാണാന്‍ പോവുകയാണ്.” ഇത് കേട്ട തവളപറഞ്ഞു, “അതു ഗംഭീരം, ഞാന്‍ അവളെ പാര്‍ട്ടിയില്‍ വെച്ചാണോ കാണാന്‍ പോവുന്നത്? ''അല്ല', മനോവൈജ്ഞാനികന്‍ മറുപടി പറഞ്ഞു, “അടുത്ത സെമസ്റ്ററില്‍ അവളുടെ ബയോളജി ക്ലാസ്സില്‍ വച്ച്.” ഇങ്ങിനെയാണ് ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോവുന്നവര്‍ക്ക് സംഭവിക്കുന്നത്. എവിടേയോ പോവുകയാണ് എന്ന് നിങ്ങള്‍ക്കു തോന്നും, എന്നാല്‍ എത്തിച്ചേരുന്നത് ഡിസക്ഷന്‍ ടേബിളിലാണ്.