സദ്ഗുരു: തന്‍റെ ജനനത്തിനു മുൻപുതന്നെ സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കപെട്ട ബാലനായിരുന്നു മാർക്കണ്ഡേയൻ. നൂറു വര്‍ഷം ആയുസ്സുള്ള, ബുദ്ധിയില്ലാത്ത മകനെ വേണമോ, പതിനാറു വയസ്സുവരെ മാത്രം ജീവിക്കുന്ന അതിസമർഥനായ മകനെ വേണമോ എന്നു തിരഞ്ഞെടുക്കുവാനുള്ള സന്ദർഭമായിരുന്നു അദ്ദേഹത്തിന്‍റെ മാതാപിതാക്കൾക്ക് മുൻപിൽ ഉണ്ടായിരുന്നത്.

ബുദ്ധിമതികളായ ആ മാതാപിതാക്കൾ രണ്ടാമത്തെ തരത്തിലുള്ള മകനെയാണ് ആഗ്രഹിച്ചത്. അവർക്കു തിളക്കമാർന്ന വ്യക്തിത്വമുള്ള, അനന്തമായ കഴിവുകളുള്ള ഒരു മകനെ ലഭിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങളും, വർഷങ്ങളും കടന്നു പോകവേ അവർക്കു മകനെ കുറിച്ച് വേവലാതിയായി; മരണ ദിവസം അടുക്കുംതോറും അവർക്കു ഹൃദയ വേദന സഹിക്കവയ്യാതായി.

തങ്ങൾക്കു ലഭിച്ച വരത്തെപ്പറ്റിയും, തങ്ങളുടെ തിരഞ്ഞെടുപ്പിനെപ്പറ്റിയും അവർ മാർക്കണ്ഡേയനെ അറിയിച്ചു. മാർക്കണ്ഡേയൻ അദ്ഭുതകരമായ ബുദ്ധിയും അറിവും ഉള്ള ആളായതിനാൽ അദ്ദേഹത്തിന് ജീവിതത്തിന്‍റെ അർഥം അറിയാമായിരുന്നു. അതുകൊണ്ട് മരണ സമയം അടുത്തപ്പോൾ - മരണത്തിന്‍റെ അധിപനായ യമദേവൻ അദ്ദേഹത്തെ കൊണ്ട് പോകാൻ വന്നപ്പോൾ, മാർക്കണ്ഡേയൻ വളരെ ലളിതമായ ഒരു കാര്യമാണ് ചെയ്തത്. കാലഭൈരവനായി പ്രതിഷ്ഠിച്ചിരുന്ന ഒരു ലിംഗം അവിടെ ഉണ്ടായിരുന്നു. മാർക്കണ്ഡേയൻ ആ ലിംഗം പിടിച്ചുകൊണ്ട് നിന്നു. അദ്ദേഹം ആ ലിംഗത്തെ സ്പര്‍ശിച്ചപ്പോൾ തന്നെ സമയം നിശ്ചലമായി; മരണത്തിനു അദ്ദേഹത്തെ സമീപിക്കുവാൻ കഴിഞ്ഞില്ല. യമനും അവിടെ തന്നെ നിൽക്കേണ്ടി വന്നു.

മാർക്കണ്ഡേയനുള്ളിൽ ഒരു ബോധമണ്ഡലം ഉണർന്നിരുന്നു; അതിനാൽ അദ്ദേഹം കാലത്തിന്, സമയത്തിന്, അതീതനായിത്തീർന്നു . ഐതിഹ്യമനുസരിച്ച് അദ്ദേഹം പതിനഞ്ചു വയസ്സിൽ തന്നെ എന്നെന്നും ജീവിച്ചു; ഒരിക്കലും പതിനാറു വയസ്സാകാതെ. നാം കാലഭൈരവൻ എന്ന് പറയുന്ന ആ ബോധതലവുമായി സമ്പർക്കത്തിലായതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്. സമയം എന്ന വസ്തു ഉള്ളതുകൊണ്ടാണ് മരണം സംഭവിക്കുന്നത്. സമയത്തിനപ്പുറം പോകാവുന്ന ബോധതലമാണ് കാലഭൈരവൻ.

സമയത്തിനതീതമാകുക

ശാരീരികതലത്തിനപ്പുറം പോകുക എന്നത് യോഗയുടെ ഒരു പ്രത്യേക ഗുണമാണ്. ശാരീരികമായ കാര്യങ്ങളുമായി നിങ്ങൾക്കുള്ള അടുപ്പം ഏറ്റവും കുറഞ്ഞിരിക്കുകയാണെങ്കിൽ സമയം നിങ്ങളെ ബാധിക്കുകയില്ല. ശാരീരികതലത്തിൽ നിന്നും വിട്ടുനിന്നാൽ കാലത്തിനു നിങ്ങളിൽ യാതൊരു സ്വാധീനവും ചെലുത്തുവാൻ കഴിയുകയില്ല.

കാലഭൈരവൻ എന്നാൽ കാലത്തെ മറികടന്നവൻ അഥവാ സമയത്തെ ഹനിച്ചവൻ എന്നാണർത്ഥം. സമയം നിങ്ങളുടെ ശാരീരിക ജീവിതത്തിന്‍റെ ഫലമായുണ്ടാകുന്നതാണ്; ശരീരം സമയം മൂലം ഉണ്ടാകുന്നതുമാണ്. ഇപ്രകാരം രണ്ട് വിധത്തിലും സത്യമാകുന്നതിനു കാരണം ഈ ലോകത്തിലെ ഭൗതികമായ വസ്തുക്കളെല്ലാം ചാക്രികമാകുന്നതു കൊണ്ടാണ്. അണു മാത്രമായതായാലും, പ്രപഞ്ചത്തെ മുഴുവൻ ബാധിക്കുന്നതായാലും എല്ലാം ചാക്രികമായിട്ടാണ് സംഭവിക്കുന്നത്. ചാക്രികമായ ചലനമില്ലെങ്കിൽ ഭൗതികത സാധ്യമല്ല.

എന്നാൽ ഭൗതിക ശരീരത്തെ ഒരു പ്രത്യേക തലത്തിലുള്ള സ്വാസ്ഥ്യത്തിലേക്കു കൊണ്ടുവന്നാൽ നിങ്ങള്‍ക്ക് സമയത്തെ നിയന്ത്രിക്കുവാനാകും. നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിനും ഇടയിൽ ഒരു അകലം പാലിക്കുവാൻ കഴിഞ്ഞാൽ, നിങ്ങളുടെ ശരീരത്തെ മാറ്റി നിർത്തുവാൻ കഴിഞ്ഞാൽ, സമയം നിങ്ങളെ സംബന്ധിച്ചേടത്തോളം അപ്രത്യക്ഷമാകും. ഈ അകലം പാലിക്കുന്നേടത്തോളം കാലം നിങ്ങൾ സമയം അനുഭവിക്കുകയില്ല. . അങ്ങനെയായാൽ നിങ്ങൾ കാലഭൈരവനായി.