സദ്ഗുരു: സസ്യജാലങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകളോടും വികാരങ്ങളോടും വളരെയധികം സംവേദനക്ഷമതയുണ്ട് - പ്രത്യേകിച്ചും ചില തരം സസ്യങ്ങള്‍ക്ക്. പൊതുവേ ആല്‍മരത്തിനും, ആ ഇനം മരങ്ങള്‍ക്കും വളരെയധികം സംവേദനക്ഷമതയുണ്ടെന്നു പറയപ്പെടുന്നു. ഇതു കൊണ്ടു തന്നെ ഭാരതത്തില്‍ ധ്യാനിക്കാന്‍ ഒരു ആല്‍മരത്തിന്‍റെ ചുവടു തന്നെ തിരഞ്ഞെടുക്കുന്നു. കാരണം നിങ്ങള്‍ ആ മരത്തിനടിയില്‍ സാധന ചെയ്യുകയാണെങ്കില്‍, അവിടെ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. അവിടം ഒരു ധ്യാന ഹാള്‍ തന്നെയായി മാറുന്നു.

നിങ്ങള്‍ വേണ്ട രീതിയിലുള്ള ഊര്‍ജ്ജം സൃഷ്ടിക്കുകയാണെങ്കില്‍, സസ്യങ്ങള്‍ അതിനോടു വളരെ സംവേദനക്ഷമത കാണിക്കും. ഞങ്ങള്‍ ധ്യാനലിംഗത്തിന്‍റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ചില സസ്യങ്ങള്‍ അതിനോടു പ്രതികരിക്കുകയും ഈ മുഴുവന്‍ പ്രക്രിയയുമായി യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കാണാനായി. ഇതു തീര്‍ത്തും അവിശ്വസനീയം തന്നെയായിരുന്നു. ഒരുപാടു മരങ്ങളുള്ള ഒരു സ്ഥലത്ത് ധാരാളം പേര്‍ ധ്യാനിക്കുകയാണെങ്കില്‍ ആ ധ്യാനത്തിന്‍റെ ഗുണം നിലനിര്‍ത്താന്‍ വളരെ എളുപ്പമാണ്. കാരണം മരങ്ങളും ചെടികളും ആ ഗുണം വളരെ എളുപ്പത്തില്‍ നിലനിര്‍ത്തുന്നു. ചില മരങ്ങള്‍ ഇന്നും വളരെ ശക്തമാണെന്നു പറയപ്പെടുന്നു.

ഗൌതമബുദ്ധന്‍ നടക്കുമ്പോള്‍ മരങ്ങള്‍ ഋതു മാറി പൂവിട്ടു എന്നു പറയപ്പെടുന്നു. ഒരു പക്ഷെ ഇത് കാവ്യാത്മകമായ ആവിഷ്കാരമായിരിക്കാം. അത് സത്യവുമായിരിക്കാം, കാരണം ഇത് തീര്‍ച്ചയായും സാധ്യമാണ്.

ഇതിനെപ്പറ്റി പല ഇതിഹാസങ്ങളുമുണ്ട്. ഗൌതമബുദ്ധന്‍ നടക്കുമ്പോള്‍ മരങ്ങള്‍ ഋതു മാറി പൂവിട്ടു എന്നു പറയപ്പെടുന്നു. ഒരു പക്ഷെ ഇത് കാവ്യാത്മകമായ ആവിഷ്കാരമായിരിക്കാം. അത് സത്യവുമായിരിക്കാം, കാരണം ഇത് തീര്‍ച്ചയായും സാധ്യമാണ്. കര്‍ണാടകത്തിലെ ബിലിഗിരിരംഗ മലയില്‍ ദൊഡ്ഡസംപംഗി എന്ന പേരിലുള്ള ഒരു മരമുണ്ട്. ഈ സംപംഗി മരം വളരെ വലുതും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പ്രായം ചെന്നതുമാണ്. അഗസ്ത്യമുനി നട്ട ഈ മരത്തിനെ പറ്റി പല കഥകളുമുണ്ട്. സാധാരണയായി ഈ മരത്തിന്‍റെ ജീവിത കാലയളവ്‌ ഏതാനും നൂറ്റാണ്ടുകള്‍ മാത്രമാണ്. എന്നാല്‍ ഈ മരം വളരെയധികം വര്‍ഷം ജീവിച്ചു. ഈ മരം ചുറ്റുപിണഞ്ഞ രീതിയും അത് ഇത്രയും ഭീമാകാരമായതും നോക്കുകയാണെങ്കില്‍ നിങ്ങള്‍ ഇതു പോലൊരു സംപംഗി മരം കാണുകയില്ലെന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും.

ഈ സംസ്കാരത്തില്‍ മരങ്ങളെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പരിപാലിക്കുകയും അവയെ ജീവന്‍റേയും അറിവിന്‍റേയും മൂര്‍ത്തിയായി കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ തലങ്ങളൊന്നും തന്നെ സംരക്ഷിക്കപ്പെട്ടിട്ടില്ല. ഇവയെല്ലാം മണ്‍മറഞ്ഞു പോവുകയും ചെയ്തു. എന്നാല്‍ പല കാര്യങ്ങളും അറിയാന്‍ ഒരു മരത്തെ ഭക്തിയോടെ നോക്കിക്കാണുന്ന ശീലം ഇന്നും നിലനില്‍ക്കുന്നു.

പരിസ്ഥിതിയും നിങ്ങളും

ഞാന്‍ യൂറോപ്പിലെ ഒരു ഇക്കൊണോമിക്ക് സമ്മിറ്റില്‍ പങ്കെടുക്കുമ്പോള്‍ പ്രശസ്തനായ ഒരു പ്രൊഫസര്‍ എന്‍റെ അടുത്തു വന്നിട്ടു പറഞ്ഞു, “നിങ്ങളല്ലേ മരങ്ങള്‍ ആ നടുന്ന ആള്‍?”, ഞാന്‍ പറഞ്ഞു,”അല്ല, ഞാന്‍ മരങ്ങള്‍ നടുന്ന ആളല്ല.”, അദ്ദേഹം പറഞ്ഞു,”നിങ്ങള്‍ ലക്ഷക്കണക്കിന് മരങ്ങള്‍ നട്ടില്ലേ?” “ഉവ്വ്, പക്ഷെ ഞാന്‍ മരം നടുന്ന ആളല്ല.” അദ്ദേഹം ചോദിച്ചു, “നിങ്ങളെന്തു ചെയ്യുന്നു?” ഞാന്‍ പറഞ്ഞു, ”എന്‍റെ ജോലി മനുഷ്യരെ പ്രഫുല്ലമാക്കുകയെന്നതാണ്.” മനുഷ്യര്‍ അറിവിന്‍റെയും, അവബോധത്തിന്‍റെയും, പരിസ്ഥിതിയുമായുള്ള നിമഗ്നതയുടെയും ഉയര്‍ന്ന തലങ്ങളിലേക്ക് പ്രഫുല്ലമായാല്‍ പരിസ്ഥിതിയും നമ്മളും രണ്ടു വ്യത്യസ്ത വാക്കുകളല്ല, എല്ലാം നമ്മള്‍ തന്നെയാണ്. വളരെ ലളിതമായി പറയുകയാണെങ്കില്‍ നിങ്ങള്‍ ഉച്ഛ്വസിക്കുന്നത് മരങ്ങള്‍ ശ്വസിക്കുന്നു. മരങ്ങള്‍ ഉച്ഛ്വസിക്കുന്നത് നിങ്ങള്‍ ശ്വസിക്കുന്നു. നിങ്ങള്‍ക്കു ശ്വസിക്കാനുള്ള ഉപകരണത്തിന്‍റെ പകുതി മാത്രമേ നിങ്ങളുടെ നെഞ്ചിലുള്ളൂ. മറ്റേ പകുതി ആ മരത്തില്‍ തൂങ്ങിക്കിടക്കുകയാണ്. നിങ്ങള്‍ മറ്റേ പകുതിയേ നന്നായി നോക്കിയില്ലെങ്കില്‍ ഈ പകുതിയും ഉണ്ടാകില്ല.

ഇപ്പോള്‍ പാരിസ്ഥിതികമായ കാര്യങ്ങള്‍ ഒരു ബാധ്യതയായാണ്‌ നാം കാണുന്നത്. ഇതൊരു ബാധ്യതയല്ല, ഇതു നമ്മുടെ ജീവിതം തന്നെയാണ്.

ഇപ്പോള്‍ പാരിസ്ഥിതികമായ കാര്യങ്ങള്‍ ഒരു ബാധ്യതയായാണ്‌ നാം കാണുന്നത്. ഇതൊരു ബാധ്യതയല്ല, ഇതു നമ്മുടെ ജീവിതം തന്നെയാണ്. നാം മാത്രമാണ് ജീവന്‍, മറ്റൊന്നും ജീവനല്ലെന്ന് നാമെവിടെയോ വെച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതിനു കാരണം നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അനുഭവം മുഴുവന്‍ ശാരീരികമായ തലത്തില്‍ മാത്രമാണ്. ഒരാള്‍ ഞാന്‍ ശരീരം മാത്രമാണെന്നു കരുതുമ്പോള്‍, അയാള്‍ മാത്രമാണ് ജീവനെന്നും മറ്റൊന്നും ജീവനല്ലെന്നും അയാള്‍ കരുതുന്നു. ആത്മീയമായ അവബോധമുണ്ടാകുമ്പോള്‍ സ്വാഭാവികമായി എല്ലാം ജീവനാണെന്ന് ഒരാള്‍ മനസ്സിലാക്കുന്നു. ആരും നിങ്ങളോട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയേണ്ടതില്ല. ആളുകള്‍ ഇന്ന് പാരിസ്ഥിതിക അവബോധത്തെ കുറിച്ച് സംസാരിക്കുന്നത് എല്ലാ ജീവജാലങ്ങളോടുമുള്ള ആത്യന്തികമായ സ്നേഹം കൊണ്ടൊന്നുമല്ല. മറിച്ച് തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. “ഇതു തുടരുകയാണെങ്കില്‍ ഞാനും എന്‍റെ മക്കളും ജീവിച്ചിരിക്കില്ല. ഇതിനെപ്പറ്റി എന്തെങ്കിലും ചെയ്തേ പറ്റൂ”. നിങ്ങളുടെ അതിജീവനം തന്നെ അപകടത്തിലാണെന്ന് ആരോ നിങ്ങളെ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള ജീവികള്‍ക്ക് കരുതല്‍ നല്‍കാനുള്ള വളരെ നിര്‍ഭാഗ്യകരമായ ഒരു വഴിയാണിത്.

നമ്മുടെ ജീവിതം ഒന്നില്‍ നിന്നും വേര്‍പെട്ട് ഇരിക്കുകയല്ല; നമ്മുടെ ജീവിതം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് പുഴുക്കള്‍ എത്ര ആരോഗ്യത്തോടെ ഇരിക്കുന്നുവോ, അത് നാളെ നമ്മള്‍ എത്ര ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നത് നിശ്ചയിക്കും. ആത്മീയതയെന്നാല്‍, അടിസ്ഥാനപരമായി എല്ലാത്തിനേയും ഉള്‍ക്കൊള്ളുകയെന്നതാണ്. എല്ലാത്തിനേയും ഉള്‍ക്കൊള്ളുകയെന്ന അനുഭവമുണ്ടായാല്‍, നമുക്കു ചുറ്റുമുള്ളതിനെ കുറിച്ച് കരുതലുണ്ടാവുന്നത് വളരെ സ്വാഭാവികമാണ്. ഒരാള്‍ അവനവന്‍റെ ഉള്ളിലേക്ക് തിരിയുമ്പോള്‍ ഉള്ളിലും പുറമേയുമുള്ള അസ്തിത്വം വ്യത്യസ്തമല്ലെന്ന് അയാള്‍ മനസ്സിലാക്കുന്നു.